തൃക്കരുവ

മൂന്നുവശവും പ്രകൃതി സൌന്ദര്യവും അലയടിച്ചുയരുന്ന അഷ്ടമുടിക്കായലും, കായലിന്റെ വിരിമാറിലൂടെ ഒഴുകിവരുന്ന കുളിര്‍കാറ്റില്‍ നൃത്തം ചവിട്ടുന്ന കല്പ വൃക്ഷങ്ങളും വയലേലകളും കൊണ്ട് ധന്യമായ ഒരു ഗ്രാമപ്രദേശമാണ് തൃക്കരുവ. കൊല്ലം ജില്ലയിലെ  ചിറ്റുമല ബ്ളോക്കില്‍പ്പെട്ട  ഈ ഗ്രാമത്തില്‍ അഷ്ടമുടി, വടക്കേക്കര, നടുവിലശ്ശേരി, ഇഞ്ചവിള, സ്റ്റേഡിയം, കാഞ്ഞിരംകുഴി, ഞാറയ്ക്കല്‍ , വന്മള, കാഞ്ഞാവെളി, മധുരശ്ശേരില്‍, സാമ്പ്രാണിക്കോടി, ഫ്രണ്ട്സ്, പ്രാക്കുളം, തെക്കേച്ചേരി, മണലിക്കട, ഹൈസ്കൂള്‍  എന്നിങ്ങനെ പതിനാറ് വാര്‍ഡുകളാണുള്ളത്. അഷ്ടമുടിക്കായലിന്റെ തീരത്ത് കൊല്ലം നഗരത്തിനു   വടക്കുപടിഞ്ഞാറായി മൂന്നുവശവും  കായലിനാല്‍ ചുറ്റപ്പെട്ട് തൃക്കരുവ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിന്റെ ഭൂപ്രകൃതിയെയും ജനജീവിതത്തെയും, സംസ്കാരത്തെയും അഷ്ടമുടിക്കായല്‍ വളരെയേറെ സ്വാധീനിക്കുന്നുണ്ട്. കായല്‍ പ്രദേശങ്ങളും താഴ്വരകളും തീരസമതലവും  ഉയര്‍ന്ന പ്രദേശങ്ങളും ചരിവ് ഭാഗങ്ങളും ഉള്‍പ്പെട്ടതാണ് തൃക്കരുവാ ഗ്രാമപഞ്ചായത്ത്. തൃക്കരുവ പഞ്ചായത്തിന് ഐതിഹ്യങ്ങളും ചരിത്ര സത്യങ്ങളും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു സാംസ്കാരിക ചരിത്രമാണുള്ളത്. ചിരപുരാതനമായ  ഭാരത സംസ്കാരത്തിന്റെയും ഏ.ഡി ഒന്നാം നൂറ്റാണ്ടു മുതല്‍ പതിനഞ്ചാം  നൂറ്റാണ്ടു വരെ കേരളത്തിലെ  മലഞ്ചരക്കുകള്‍ വാങ്ങാന്‍ വേണ്ടി  അഷ്ടമുടിക്കായലില്‍  നങ്കൂരമടിച്ചിരുന്ന ഗ്രീക്കുകാര്‍, റോമാക്കാര്‍, അറബികള്‍, ചൈനാക്കാര്‍ തുടങ്ങിയ വിദേശീയരുടെ  സാംസ്കാരിക  പാരമ്പര്യങ്ങളുടേയും അന്തര്‍ദ്ധാരകളോടു കൂടിയ  ഒരു സമ്മിശ്ര്ര സംസ്കാരമാണ് ഇവിടെ എന്നു പറയാം. അഷ്ടമുടിക്കായലിന്റെ തീരത്ത് ഇന്ന് സര്‍വ്വസാധാരണമായി  കാണുന്ന ചീനവലകള്‍ ഇതിന്റെ ഒരു പ്രത്യക്ഷോദാഹരമാണ്. ഏ.ഡി ഒന്നാം നൂറ്റാണ്ടു മുതല്‍ 13-ാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിലെ കൊല്ലം തുറമുഖം നീണ്ടകരയും, അതിന്റെ പ്രാന്തപ്രദേശങ്ങളായ പ്രാക്കുളം, അഷ്ടമുടി, കല്ലട എന്നീ പ്രദേശങ്ങളുമായിരുന്നുവെന്നതിന് ചരിത്ര രേഖകളുണ്ട്. ഏ.ഡി 851-ല്‍ കേരളം സന്ദര്‍ശിച്ച സുലൈമാന്‍ എന്ന അറബി സഞ്ചാരി, അഷ്ടമുടിക്കായലില്‍ ധാരാളം ചൈനീസ് കപ്പലുകള്‍ നങ്കൂരമിട്ടു കിടക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ‘കൊല്ലത്തിന്റെ  ചരിത്രം’  എന്ന ഗ്രന്ഥത്തില്‍ ഗ്രന്ഥകാരന്‍  ഭാസ്കരനുണ്ണിയുടെ പരാമര്‍ശം ഇങ്ങനെയാണ് “അഷ്ടമുടിക്കായലിന്റെ തീരത്ത് തൃക്കരുവ വില്ലേജിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള മുനമ്പിന്റെ പേര് ‘ചാമ്പ്രാണിക്കോടി’യെന്നാണ്.” ചൈനക്കാരുടെ ചെറിയ ചമ്പ്രാണിക്കപ്പലുകള്‍  അടുത്തിരുന്നതുകൊണ്ടായിരിക്കണം ചാമ്പ്രാണിക്കോടിക്ക് ആ പേരുണ്ടായത്. തൃക്കരുവാ ഭദ്രകാളീ ക്ഷേത്രത്തിന്റെ  ഉടമകളായിരുന്ന കുറ്റിയഴികത്തു കുടുംബക്കാര്‍ പട്ടു നിര്‍മ്മാണ വ്യവസായം നടത്തിയിരുന്നതായും, പട്ടുവസ്ത്രങ്ങള്‍ കയറ്റി അയച്ചിരുന്നതായും പറയപ്പെടുന്നു.