പഞ്ചായത്തിലൂടെ

പത്തനംതിട്ട ജില്ലയിലെ കോയിപ്രം ബ്ളോക്കില്‍ തോട്ടപ്പുഴശ്ശേരി വില്ലേജ്പരിധിയില്‍ വരുന്ന ഒരു പഞ്ചായത്താണ് തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 1446 ഹെക്ടറാണ്. പഞ്ചായത്തിലെ അതിരുകള്‍ വടക്ക് എഴുമറ്റൂര്‍ പഞ്ചായത്ത്, കിഴക്ക് അയിരൂര്‍ പഞ്ചായത്ത്, തെക്ക് പമ്പാനദി, പടിഞ്ഞാറ് കോയിപ്രം പഞ്ചായത്ത് എന്നിവയാണ്. വാര്‍ഡുകളുടെ എണ്ണം 13 ആണ്. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പമ്പാനദിയുടെ വരദാനമാണ്. ഭക്തി സാന്ദ്രമായ വഞ്ചിപ്പാട്ടുകളും മാരാമണ്‍ കണ്‍വന്‍ഷന്‍ ഗാനങ്ങളും മുഖരിതമാക്കുന്ന ഈ പഞ്ചായത്തിലെ കുറിയന്നൂര്‍, മാരാമണ്‍, ചിറയിറമ്പ്, നെടുംപ്രയാര്‍, തോട്ടപ്പുഴശ്ശേരി എന്നീ എല്ലാ പ്രദേശങ്ങളേയും പമ്പാനദിയുടെ കുഞ്ഞോളങ്ങള്‍ തഴുകി അനുഗ്രഹിച്ചു കടന്നുപോകുന്നു. സൂര്യോദയവും അസ്തമനവും മനോഹരമായി ദര്‍ശിക്കാവുന്ന ഇവിടുത്തെ ഉയര്‍ന്ന സ്ഥലമാണ് പ്രസിദ്ധമായ ചരല്‍കുന്ന്. ചരല്‍കുന്നിന് കിഴക്ക് പ്രകൃതിയാല്‍ അനുഗ്രഹിതമായ പൊന്‍മല ഉയര്‍ന്നു നില്ക്കുന്നു. പമ്പയുടെ തീരത്ത് പ്രമാടത്തു പാറയിലെ ഗുഹാ ക്ഷേത്രവും തൂക്കായ പാറയില്‍ കയറുന്നതിനു നിര്‍മ്മിച്ചിരിക്കുന്ന ചവിട്ട് പടികളും അത്ഭുതകരമാണ്. ലങ്കായുദ്ധകാലത്ത് ശ്രീരാമ ലക്ഷ്മണന്മാരും മറ്റും ഇവിടെ പാര്‍ത്തിരുന്നു എന്നതാണ് ഐതിഹ്യം. ഈ ഗ്രാമത്തിലെ മറ്റൊരു മനോഹര സ്ഥലമാണ് “അരുവിക്കുഴി”. വളരെ ആഴത്തിലേക്ക് ചിന്നിച്ചിതറി ചാടുന്ന ഇവിടുത്തെ  വെള്ളച്ചാട്ടം കണ്ണിനും കാതിനും കുളിര്‍മ്മ ഏകുന്നു. 22 ഓളം ക്രൈസ്തവ ദേവാലയങ്ങളും, 8-ഓളം ഹൈന്ദവ ക്ഷേത്രങ്ങളും, ഒരു ഗുരുമന്ദിരവും ഈ ഗ്രാമത്തില്‍ തോളുരുമ്മി നില്‍ക്കുന്നു. 130 വര്‍ഷങ്ങള്‍ക്കു മുന്‍പ് പിന്നോക്ക ജാതിക്കാരനായ മൈക്കുഴി തപസ്വി ഓമല്‍ നിര്‍മ്മിച്ചു പ്രതിഷ്ഠ നടത്തിയ മൈലാടുംപാറ മഹാദേവക്ഷേത്രം ഈ ഗ്രാമത്തിന്റെ പുരോഗമന ചിന്തയുടെ പ്രതീകമാണ്. ലോക പ്രശസ്തമായ മാരാമണ്‍ “കണ്‍വെന്‍ഷന്‍” തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലാണ് നടക്കുന്നത്.