ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

അതിപുരാതനവും ചരിത്ര പ്രസിദ്ധവുമായ ക്ഷേത്രങ്ങളും ക്രിസ്തീയ ദേവാലയങ്ങളും തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലുണ്ട്. പുണ്യനദിയായ പമ്പയില്‍ തുടങ്ങി പമ്പയില്‍ത്തന്നെ അവസാനിക്കുന്ന ഈ പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗത്തായാണ് പമ്പാ, മണിമല, വരട്ടാര്‍ സംഗമം. ഈ നദികളുടെ സാമീപ്യം കൊണ്ട് ഫലഭൂയിഷ്ഠമാണ് ഇവിടുത്തെ മണ്ണ്. പഞ്ചപാണ്ഡവന്മാരില്‍ നകുലന്‍ പ്രതിഷ്ഠിച്ച വൈഷ്ണവ ക്ഷേത്രമാണ് തിരുവന്‍വണ്ടൂരിലുള്ളതെന്ന് വിശ്വസിക്കപ്പെടുന്നു. പ്രശസ്തമായ കൂനന്‍കുരിശ് സത്യത്തിന് നേതൃത്വം നല്‍കിയ ഇട്ടിത്തൊമ്മന്‍ കത്തനാര്‍ ചരിത്ര പ്രസിദ്ധമായ കല്ലിശ്ശേരി വലിയ പള്ളി ഇടവകാംഗവും അവിടെ കബറടങ്ങിയ ദിവ്യദേഹവുമാണ്. സാംസ്കാരിക കേരളത്തിലെ ഉജ്ജ്വല നക്ഷത്രമായിരുന്ന ശ്രീനാരായണ ഗുരുദേവന്റെ പാദസ്പര്‍ശം കൊണ്ട് ധന്യമായ ഗ്രാമമാണിത്. 1904-ലാണ് ശ്രീനാരായണ ഗുരുദേവന്‍ ഇവിടം സന്ദര്‍ശിച്ചത്. തിരുവന്‍വണ്ടൂരിന്റെ പൂര്‍വ്വനാമം തിരുപാണ്ഡവയൂര്‍ ആയിരുന്നുവത്രെ (അവലംബം ശ്രീഗോശാലകൃഷ്ണ സ്മരണിക 1985). പാണ്ഡവരുടെ പേരില്‍ പ്രദേശത്തുള്ള പല സ്ഥലനാമങ്ങളും ഇത് ശരിവയ്ക്കുന്നുമുണ്ട്. ഏഴാം നൂറ്റാണ്ടില്‍ തമിഴ് ഭക്തകവിയായിരുന്ന നമ്മാഴ്വാര്‍ ഇവിടം സന്ദര്‍ശിക്കുകയും ദേവനെക്കുറിച്ച് സ്തുതിഗീതങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. പാണ്ഡവ ക്ഷേത്രങ്ങളായ തൃച്ചിച്ചാറ്റ്, തിരുവാറന്‍മുള, തൃപ്പുലിയൂര്‍ , തൃക്കൊടിത്താനം എന്നിവയാണ് തിരുവന്‍വണ്ടൂരിനെ കൂടാതെയുള്ള മറ്റ് സ്ഥലനാമങ്ങള്‍. തിരുവന്‍വണ്ടൂര്‍ എന്നാല്‍ മഹാവിഷ്ണു വന്ന സ്ഥലം എന്നും പറയപ്പെടുന്നു. പഞ്ചപാണ്ഡവര്‍ വനവാസകാലത്തു പാര്‍ത്തിരുന്നുവെന്നു വിശ്വസിക്കുന്ന നാടാണ് വനവാതുക്കര. വനവാസക്കരയാണ് പിന്നീട് വനവാതുക്കരയായതെന്ന് ഐതിഹ്യം. യഥാര്‍ത്ഥത്തില്‍ കല്ലിശ്ശേരിയെന്നുള്ള സ്ഥലം ഉണ്ടായിരുന്നില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. കല്ലിശ്ശേരി ഒരു പുരയിടത്തിന്റെ പേരായിരുന്നു. എ.ഡി 1580-ല്‍ അവിടെ പള്ളി പണിതപ്പോള്‍ കല്ലിശ്ശേരി പള്ളിയായും തുടര്‍ന്ന് ആ സ്ഥലം കല്ലിശ്ശേരിയായും അറിയപ്പെട്ടു തുടങ്ങി. ദേശീയ സമര രംഗത്തും സാമൂഹ്യ രംഗത്തും നിരവധി പ്രശസ്ത വ്യക്തികളെ സംഭാവന ചെയ്ത നാടാണ് തിരുവന്‍വണ്ടൂര്‍. 1918-ലെ ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്ന സാമൂഹിക പരിഷ്കര്‍ത്താവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ചാക്കോ കല്ലിശ്ശേരി ഈ പഞ്ചായത്തു നിവാസിയായിരുന്നു. ചെങ്ങന്നൂര്‍ മില്‍സ് മൈതാനത്തു നടന്ന സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ലഹളിയില്‍ മൂന്നാം പ്രതിയുമായിരുന്നു.