ചരിത്രം

ദേശീയ തലത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ചരിത്രമാണ് തിരുവാങ്കുളത്തിനുള്ളത്. സ്വാതന്ത്ര്യലബ്ധിയോടെ നാട്ടുരാജ്യങ്ങള്‍ സമന്വയിപ്പിച്ച് ഇന്ത്യാരാജ്യം രൂപീകരിക്കുന്നതിനു വേണ്ടി ആദ്യമാദ്യം കിരീടം ഒഴിഞ്ഞ രാജാക്കന്‍മാരില്‍ മുന്‍പന്തിയില്‍ തന്നെയായിരുന്നു തിരുവാങ്കുളം ഉള്‍പ്പെടുന്ന കൊച്ചി രാജ്യം. കൊച്ചി രാജ്യത്തിന്റെ ആസ്ഥാനമന്ദിരം സുപ്രസിദ്ധമായ ഹില്‍പ്പാലസ് ആയിരുന്നു. ഇരുമ്പനം തൃക്കത്ര ശിവക്ഷേത്രം, വെട്ടിക്കാവ് ഭഗവതി ക്ഷേത്രം, മകളിയം ശ്രീരാമക്ഷേത്രം, പാഴൂര്‍മറ്റം മാരിയമ്മന്‍ കോവില്‍, ചിത്രപ്പുഴ മാരിയമ്മന്‍ കോവില്‍, പെരുന്നിനാകുളം ശിവക്ഷേത്രം, ശ്രീകൃഷ്ണ ക്ഷേത്രം തിരുവാങ്കുളം ശിവക്ഷേത്രം, തിരുവാങ്കുളം മാരിയമ്മന്‍ കോവില്‍, വയല്‍ത്തൂര്‍ ഭദ്രാക്ഷേത്രം, കുന്നത്തുകുളങ്ങര കാവ് തുടങ്ങിയ ഹിന്ദു ദേവാലയങ്ങളും, കരിങ്ങാച്ചിറ പള്ളി, ഇരുമ്പനം സെന്റ് സെബാസ്റ്റ്യന്‍ പള്ളി, ഇരുമ്പനം ഉണ്ണി മിശിഹാ പള്ളി, മര്‍ത്തോമ്മാപള്ളി, തിരുവാങ്കുളം കത്തോലിക്കാ പള്ളി തുടങ്ങിയ ക്രിസ്ത്യന്‍ ആരാധനാലയങ്ങളും അവയുമായി ബന്ധപ്പെട്ട വായ്മൊഴി ഐതീഹ്യങ്ങളും പഞ്ചായത്തിന്റെ സാംസ്കാരിക സൌഹാര്‍ദ്ദത്തിന് മുതല്‍ കൂട്ടാണ്. ശിവന്റെ തൃക്കാല്‍ത്തറ തൃക്കത്രയായും പെരുനാഭികുളം പെരുന്നിനാകുളമായും, തിരുവയറന്‍കുളം തിരുവാങ്കുളമായും, കരിങ്ങാലി കൊണ്ടുള്ള ചിറ കരിങ്ങാച്ചിറയായും, ഹിഡുംബ വനം ഇരുമ്പനമായും, ചാത്രപ്പുഴ ചിത്രപ്പുഴയായും മാറിയതായി സ്ഥലനാമോത്പത്തിയുമായി ബന്ധപ്പെട്ട വായ്മൊഴികള്‍ സൂചിപ്പിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങള്‍ വരെ ശൈശവ വിവാഹം പോലുള്ള അനാചാരങ്ങള്‍ ഇവിടെ നിലനിന്നിരുന്നു. പഞ്ചായത്തിന്റെ കിഴക്കേ ഓരം ചേര്‍ന്നാഴുകുന്ന ചിത്രപ്പുഴ കൊച്ചി തിരുവിതാംകൂര്‍ രാജ്യങ്ങളുടെ അതിര്‍ത്തികൂടിയായിരുന്നു. ദേവസ്വങ്ങളുടെയും മനകളുടെയും വകയായിരുന്ന ഭൂമി പാട്ടം, വെറും പാട്ടം, കുത്തക പാട്ടം, കാണം, വാക്കാല്‍ കാണം, വാരം തുടങ്ങിയ വ്യവസ്ഥകളില്‍ കുടിയാന്മാരാണ് കൃഷി നടത്തിയിരുന്നത്. നെല്ല്, തെങ്ങ്, കവുങ്ങ് തുടങ്ങിയവയില്‍ നിന്നുള്ള ഉല്‍പാദനത്തിന്റെ നല്ലൊരു പങ്ക് പാട്ടമായി കൊടുക്കേണ്ടിയിരുന്നു. ഭൂപരിഷ്കരണത്തോടുകൂടി ജന്മിത്വം അവസാനിക്കുകയാണുണ്ടായത്. പാടശേഖരങ്ങളില്‍ നെല്ലാണ് പ്രധാനമായും കൃഷിചെയ്തിരുന്നത്. തിരുവാങ്കുളം പ്രദേശത്ത് മേല്‍ കണ്ടങ്ങളില്‍ കരിമ്പും കൃഷി ചെയ്തിരുന്നതായി കാണുന്നു. കൃഷി ചെയ്യുന്നതിനുള്ള ജലസേചനത്തിന് 4-മുതല്‍ 16-വരെയും ഇലകളുള്ള ചക്രങ്ങളും പത്തായങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. കൂടാതെ തേക്കുകൊട്ട, തിലാവ്, കാളത്തേക്ക് എന്നിവ വഴിയും ജലസേചനം നടത്തിയിരുന്നു. കൃഷി നിലം ഒഴുകുന്നതിന് കാള, പോത്ത് എന്നീ മൃഗങ്ങളെ ഉപയോഗിച്ചിരുന്നു. ഞാറു നടുമ്പോള്‍ ഞാറ്റു പാട്ടും കൊയ്യുമ്പോള്‍ കൊയ്ത്തു പാട്ടും ചക്രം ചവിട്ടുമ്പോഴും വെള്ളം തേവുമ്പോഴും തേക്കുപാട്ടും നടത്തിയിരുന്നത് ഗ്രാമത്തിന്റെ മുഖമുദ്രയായിരുന്നു. തിരുവാങ്കുളം ഗ്രാമപഞ്ചായത്തിന്റെ ചരിത്രം കര്‍ഷകരുടെയും, കര്‍ഷക തൊഴിലാളികളുടെയും, കലയും, സാംസ്കാരവും കാത്തുസൂക്ഷിച്ച നാട്ടുരാജാക്കന്‍മാരുടെയും, നാട്ടുരാജാക്കന്‍മാരുടെ പടയാളികളായും, കാര്യസ്ഥന്‍മാരായും ഭൂമിയുടെയും സ്വത്തിന്റെയും മേല്‍നോട്ടവും സുരക്ഷയും കാത്ത കരനായകന്‍മാരുടെയും സംഭാവനകളായി ഇഴചേര്‍ന്നു കിടക്കുന്നു. എ.ഡി.722-ല്‍ ക്രിസ്തു സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് കരിങ്ങാച്ചിറ പള്ളി സ്ഥാപിതമായി. പള്ളിയുടെ പടിഞ്ഞാറു ഭാഗത്തു കൂടി ഒഴുകുന്ന പുഴയ്ക്ക് ഇരു കരകളെയും ബന്ധിപ്പിച്ചുകൊണ്ട് കരിങ്ങാലി കൊണ്ട് ഒരു ചിറയുണ്ടായിരുന്നു. ആയതിനാല്‍ ഈ പ്രദേശത്തിനു കരിങ്ങാലിചിറ എന്ന പേരുണ്ടായി, കാലക്രമത്തില്‍ കരിങ്ങാലിച്ചിറ കരിങ്ങാച്ചിറയായി മാറി. കരിങ്ങാച്ചിറ പള്ളിയില്‍ വൃശ്ചികം 20-ന് ‘തമുക്ക്’ പെരിന്നാളിനും മേടം 24-ന് നേര്‍ച്ചപ്പെരുന്നാളിനും ജാതിമതഭേദമെന്യേ എല്ലാവരും പങ്കെടുക്കുന്നു ഉത്സവങ്ങളും പെരുന്നാളുകളും ജനകീയ സമിതികള്‍ വഴി നടത്തപ്പെടുന്ന രീതിയാണ് നിലവിലുള്ളത്.