ജില്ലയിലൂടെ

നേപ്പിയര്‍ മ്യൂസിയം 

 

കേരളത്തിന്റെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്നതും, സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരം ഉള്‍പ്പെടുന്നതുമായ ജില്ലാ പഞ്ചായത്താണ് തിരുവനന്തപുരം. പാറശ്ശാല, പെരുങ്കടവിള, അതിയന്നൂര്‍ , നേമം, വെള്ളനാട്, നെടുമങ്ങാട്,  കഴക്കൂട്ടം, ചിറയിന്‍കീഴ്, വര്‍ക്കല, കിളിമാനൂര്‍ , വാമനപുരം എന്നീ ബ്ലോക്കുപഞ്ചായത്തുകള്‍ ഈ ജില്ലാ പഞ്ചായത്ത് പരിധിയില്‍  സ്ഥിതി ചെയ്യുന്നു. 73 ഗ്രാമപഞ്ചായത്തുകള്‍ മേല്‍പ്പറഞ്ഞ 11 ബ്ലോക്കുകളിലായി തിരുവനന്തപുരം ജില്ലയിലുണ്ട്. നെയ്യാറ്റിന്‍കര, നെടുമങ്ങാട്, തിരുവനന്തപുരം, ചിറയിന്‍കീഴ് എന്നിങ്ങനെ നാലു താലൂക്കുകളിലായി ഈ ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. 1960.25 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള തിരുവനന്തപുരം ജില്ലാപഞ്ചായത്തില്‍ ആകെ 26 ഡിവിഷനുകളുണ്ട്. വിശ്വപ്രസിദ്ധമായ തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രമാണ് തിരുവനന്തപുരം എന്ന സ്ഥലനാമത്തിന്റെ ഉറവിടം. അനന്തപത്മനാഭന്‍ അഥവാ മഹാവിഷ്ണു പള്ളിയുറങ്ങുന്ന പുരം ആണ്, ആദ്യകാലത്ത് തിരു(ശ്രീ)അനന്തപുരമെന്നും കാലാന്തരത്തില്‍ ശബ്ദഭേദം സംഭവിച്ച് തിരുവനന്തപുരം എന്നും വിളിക്കപ്പെട്ടത്. ചരിത്രപ്രസിദ്ധമായ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ ആസ്ഥാനവും തിരുവനന്തപുരമായിരുന്നു. സ്വതന്ത്രഭാരതത്തില്‍ 1956 നവംബര്‍ 1-ന് ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം പിറവി എടുത്തു. അതുവരെ നാട്ടുരാജ്യങ്ങളായിരുന്ന തിരു-കൊച്ചിയെയും, മലബാറിനേയും ഒന്നിച്ചു ചേര്‍ത്തുകൊണ്ട് നിലവില്‍ വന്ന കേരളസംസ്ഥാനത്തിന്റെ തലസ്ഥാനജില്ലയാകുവാനുള്ള ഭാഗ്യം ലഭിച്ചത് തിരുവനന്തപുരത്തിനായിരുന്നു.