ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ തിരുവമ്പാടി പഞ്ചായത്തിലെ ചെറുപ്ര, മരക്കാട്ടുപുറം അതിനോട് ചേര്‍ന്ന് താഴെ തിരുവമ്പാടി എന്നീ ദേശങ്ങളില്‍ ജനവാസമുണ്ടായിരുന്നു. 1931-ലെ റവന്യു സെറ്റില്‍മെന്റ് രേഖ പ്രകാരം ഇവിടുത്തെ ആകെ ജനസംഖ്യ 531 ആയിരുന്നു (ഹിന്ദു 482, മുസ്ളീം 49). ടിപ്പുവിന്റെ പടയോട്ടക്കാലത്ത് വയനാട്ടില്‍ നിന്ന് താമരശ്ശേരി വഴി കടന്ന് വന്ന പട്ടാളക്കാര്‍ തിരുവമ്പാടിയിലൂടെ കടന്നുപോയതായിട്ടാണ് പഴമക്കാര്‍ പറയുന്നത്. നശിപ്പിക്കപ്പെട്ട പല അമ്പലങ്ങളുടെയും അവശിഷ്ടങ്ങള്‍ ഇതിന് തെളിവാണ്. അതുകൊണ്ടു തന്നെ ഈ പ്രദേശം 19-ാം നൂറ്റാണ്ടിലും ജനവാസമുള്ളതായിരുന്നുവെന്ന് മനസ്സിലാവുന്നു. ശത്രുക്കളെ പേടിച്ച് ഒളിവില്‍ പോയ പഴശ്ശിരാജ ആനക്കാംപൊയിലില്‍  തേന്‍പാറയിലുള്ള ഗുഹകളില്‍ ഒളിച്ചു താമസിച്ചതായി പറയപ്പെടുന്നു. തിരുവമ്പാടിയില്‍ നിലവിലുണ്ടായിരുന്ന ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധപ്പെട്ടായിരിക്കാം തിരുവമ്പാടി എന്ന പേര് വന്നത്. വളരെ പ്രാചീന കാലം മുതല്‍ ഈ പേര് നിലവിലുണ്ട്. കോട്ടയം രാജസ്വരൂപത്തിന്റെ ആധിപത്യത്തിലായിരുന്നു ഈ പ്രദേശം നിലനിന്നിരുന്നത്. രാജസ്വരൂപം രൂപീകരിച്ച തളികളില്‍പ്പെടാത്ത സ്ഥലമായിരുന്നതിനാല്‍ സ്ഥലം നോക്കി നടത്തുന്നതിന് വേണ്ടി രൂപീകരിച്ച നാട്ടുകൂട്ടത്തിന്റെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന മണ്ണിലേടത്തുകാര്‍ക്ക് നായര്‍  സ്ഥാനം രാജാവ് കല്പിച്ചു നല്കി, കൈവശാവകാശം വിട്ടു കൊടുത്തു. മണ്ണിലേടത്ത് നാട്ടുകൂട്ടത്തിന്റെ സേനാധിപതിമാരായിരുന്നു കല്പകശ്ശേരി നായന്മാര്‍. ഇവര്‍ ക്രമേണ ഈ പ്രദേശത്തിന്റെ വലിയൊരു ഭാഗത്തിന്റെ ജന്മിമാരായി. ഈ നാട്ടുകൂട്ടത്തിന്റെ അവസാനത്തെ അധിപനായിരുന്നു മണ്ണിലേടത്ത് വലിയ രാമനുണ്ണി നായര്‍ (1940 കളില്‍). ആദ്യകാലത്ത് ജനവാസമുണ്ടായിരുന്ന പ്രദേശങ്ങളിലെ പ്രധാന വിളകള്‍ നെല്ല്, കവുങ്ങ്, തെങ്ങ്, പന എന്നിവയായിരുന്നു. വനത്തില്‍ നിന്ന് ഏലം, കുന്തിരിക്കം, മെഴുക്, പന്തം, കോലരക്ക്, കാട്ടുകുരുമുളക്, നാര്, മുള, ഈറ്റ, ചന്ദനം എന്നിവ സുലഭമായി ലഭിക്കുമായിരുന്നു. അന്നത്തെ ആദിവാസികളും പട്ടികജാതിക്കാരും ഇവയെല്ലാം ശേഖരിച്ച് മുക്കം അങ്ങാടിയില്‍ എത്തിക്കുമായിരുന്നു. ഇതിന് പ്രതിഫലമായി അവര്‍ക്ക് ലഭിച്ചിരുന്നത് വെറ്റില, പുകയില, അടയ്ക്കാ തുടങ്ങിയവയായിരുന്നു. മലബാര്‍ കലാപ കാലത്ത് പട്ടാളക്കാര്‍ ചാത്തമംഗലത്തുകാരന്‍ അപ്പുനായര്‍ എന്നയാളെ വെടിവെച്ചു കൊന്നതിനെത്തുടര്‍ന്നാണ് നായരുകൊല്ലി എന്ന പേര് ആ സ്ഥലത്തിനു വന്നത്. മറിച്ച് നായരെ കാട്ടാന ചവിട്ടിക്കൊന്നതുകൊണ്ടാണ് നായരുക്കൊല്ലി എന്ന പേരു വന്നത് എന്ന വിശ്വാസവും നിലവിലുണ്ട്. അക്കാലത്ത് ജീവരക്ഷാര്‍ത്ഥം വനത്തിലേക്ക് ഓടിപ്പോയ ആളുകളെ പിന്തുടര്‍ന്ന് പട്ടാളക്കാര്‍ ഇന്നത്തെ അത്തിപ്പാറ വരെ പോയതായി പറയപ്പെടുന്നു. ഇന്നത്തെ വില്ലേജ് ഓഫീസിന് മുന്‍പിലുള്ള പാറയില്‍വെച്ച് ചാമുണ്ഡി എന്ന ഒരു ആദിവാസിയെ  പട്ടാളം വെടിവെച്ചുകൊന്നതിന്റെ ഫലമായി ആ പാറ ചാമുണ്ഡിപാറ എന്ന പേരില്‍ ദീര്‍ഘകാലം അറിയപ്പെട്ടിരുന്നു. ഹൈന്ദവരുടെ പ്രധാനപ്പെട്ട ആരാധനാലയം തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രവും, കല്പകശ്ശേരിക്കാരുടെ വക മുതിയോട്ടുമ്മല്‍ ക്ഷേത്രവുമായിരുന്നു. ഹരിജനങ്ങള്‍ക്ക് തേറുപറമ്പത്ത് പേനക്കാവില്‍ തിറ ഉത്സവം സംഘടിപ്പിക്കുവാന്‍ പ്രത്യേകം സ്ഥലമുണ്ടായിരുന്നു. ഉത്സവത്തില്‍ പങ്കെടുക്കാന്‍  ചെല്ലുന്നവര്‍ ജന്മിമാരെ കണ്ട് കാഴ്ച നല്‍കുകയും തിരിച്ച് അവര്‍ക്ക് വസ്ത്രം നല്‍കുകയും ചെയ്യുന്ന പതിവ്  നിലവിലുണ്ടായിരുന്നു. ഈ പ്രദേശത്തെ മുഴുവന്‍ ആളുകളും പങ്കെടുക്കുന്ന പ്രധാന ആഘോഷമായിരുന്നു മുക്കം പഞ്ചായത്തില്‍പ്പെട്ട വട്ടോളിപ്പറമ്പ് എന്ന സ്ഥലത്ത് നടത്തിയിരുന്ന വട്ടോളിപാട്ട്. എല്ലാ വര്‍ഷത്തിലേയും മീന മാസത്തിലെ ആദ്യ ഞായറാഴ്ച തുടങ്ങി ഏഴ് ദിവസമാണ് പാട്ട് നടത്തിയിരുന്നത്. മണ്ണിലേടത്ത് കുടുംബക്കാരായിരുന്നു ഇത് സംഘടിപ്പിച്ചിരുന്നത്. തിരുവമ്പാടി പ്രദേശത്ത് ആദ്യമായി കച്ചവടം ആരംഭിച്ചത് ചെറുവാടി സ്വദേശിയായ കുട്ട്യസന്‍ എന്നയാളായിരുന്നു. ചികില്‍സക്ക് നാട്ടുവൈദ്യന്‍മാരെയായിരുന്നു ആശ്രയിച്ചിരുന്നത്. ഇവരില്‍ പ്രമുഖര്‍ കോരു വൈദ്യര്‍, ഇമ്പിച്ചിവൈദ്യര്‍ എന്നിവരായിരുന്നു. ആനക്കും ഇവര്‍ ചികിത്സിച്ചിരുന്നു. അന്നത്തെ പോലീസ് സ്റ്റേഷന്‍ താമരശ്ശേരിയിലായിരുന്നു.

കുടിയേറ്റ ചരിത്രം

തദ്ദേശവാസികളായവര്‍ക്ക് ജന്മിമാര്‍ ഭൂമി നല്‍കിയിരുന്നതു പാട്ട വ്യവസ്ഥയിലായിരുന്നു. പാട്ടം ഉല്പന്നമായും, പണമായും നല്‍കുന്ന രീതി നിലവിലുണ്ടായിരുന്നു. ഈ വ്യവസ്ഥ വച്ച് കൊണ്ടാണ് കാണാധാരം ചെയ്തു ഭൂമി കൊടുത്തിരുന്നത്. വിശേഷാവസരങ്ങളിലാണ് കുടിയാന്മാര്‍ ജന്മിമാര്‍ക്ക് പാട്ടം ഉള്‍പ്പെടെയുള്ള കണ്ടു കാഴ്ചകള്‍ നല്‍കിയിരുന്നത്. അരി, പപ്പടം തുടങ്ങിയ സാധനങ്ങള്‍ ജന്മിമാര്‍ തിരിച്ചു നല്‍കിയിരുന്നു. പാട്ടക്കുടിശ്ശിക വരുത്തുന്നവരെ കൃഷിഭൂമിയില്‍ നിന്നും ഒഴിവാക്കി പുതിയ വനഭൂമി കൃഷിക്കായി ഏല്‍പ്പിച്ച് കൊടുക്കുകയും ചെയ്തിരുന്നു. പുതിയ വനഭൂമിയുടെ വില 5 രൂപ മുതല്‍ 50 വരെയായിരുന്നു. ജന്മിമാരുടെ നടവന്‍മാരായിരുന്നു പാട്ടം പിരിക്കുന്നതിന് ചുമതലപ്പെട്ടവര്‍. 1920-കളുടെ ആദ്യം മുതല്‍ ഇട ജന്മിമാരിലേക്ക് ഭൂമി കൈമാറ്റം തുടങ്ങി. രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ മേഖലയില്‍ ഉണ്ടായ കൊടും ദാരിദ്യ്രവും, സാമ്പത്തികമാന്ദ്യവുമാണ് മലബാര്‍ മേഖലയിലേക്കുള്ള വന്‍തോതിലുള്ള കുടിയേറ്റത്തിലേക്ക് കര്‍ഷകരെ നയിച്ചത്. യുദ്ധത്തിന്റെ ദുരിതങ്ങള്‍ മൂലം പനം കുറുക്ക് പോലും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ നെല്‍കൃഷി ചെയ്യാനുള്ള അഭിനിവേശവുമായിട്ടാണ് കര്‍ഷകര്‍ കുടിയേറ്റം ആരംഭിച്ചത്. ചട്ടയും, അടുക്കിട്ട മുണ്ടും ഉടുത്ത്, കുണുക്കിട്ട ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് തദ്ദേശ്യരില്‍ അദ്ഭുതം ഉള്ളവാക്കിയിരുന്നു. തിരുവമ്പാടിയുടെ ചരിത്രത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നത് മദ്ധ്യതിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റത്തോടു കൂടിയാണ്. 1944 മുതലാണ് കുടിയേറ്റക്കാര്‍ സ്ഥിരമായി താമസം തുടങ്ങിയത്. കുടിയേറ്റക്കാര്‍ കൃഷിയിറക്കുകയും താമസിക്കുകയും ചെയ്തത് വന്‍ മരങ്ങളുടെയും മുളങ്കൂട്ടങ്ങളുടെയും മുകളില്‍ ഏറുമാടം കെട്ടിയാണ് ചില കുടിയേറ്റക്കാര്‍ തദ്ദേശവാസികളോടൊപ്പം താമസിച്ചാണ് കൃഷി ചെയ്തിരുന്നത്. അക്കാലത്ത് ഇവിടെയും സമീപപ്രദേശങ്ങളിലുമുണ്ടായിരുന്ന പട്ടികജാതിക്കാരും തിയ്യരുമായിരുന്നു പ്രധാന കര്‍ഷകത്തൊഴിലാളികള്‍.

വിദ്യാഭ്യാസചരിത്രം

വിദ്യാഭ്യാസ മേഖലയില്‍ തിരുവമ്പാടിയുടെ ചരിത്രം ആരംഭിക്കുന്നത് ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ്. അക്കാലത്ത് ഇന്നത്തെ തിരുവമ്പാടി പഞ്ചായത്തിന്റെ 1,2 വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന ചെറുപ്ര, മരയ്ക്കാട്ടുപുറം, താഴെ തിരുവമ്പാടി എന്നിവിടങ്ങളില്‍ 600 ഓളം ആളുകള്‍ ഉണ്ടായിരുന്നതായി പഴയകാല രേഖകള്‍ സൂചിപ്പിക്കുന്നു. ആദ്യകാലത്ത്  ആശാന്‍ കളരിയില്‍ ചില നായര്‍ തറവാടുകളെ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസം നല്‍കിയിരുന്നതായി പറയപ്പെടുന്നു. കല്പകശ്ശേരി ജന്മിമാര്‍ സ്ഥാപിച്ച നന്ദാനശ്ശേരി സ്കൂളായിരുന്നു ആദ്യ വിദ്യാലയം. 1920-കളില്‍ ഈ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. 4-ാം തരം വരെ പഠിക്കുന്നതിനുള്ള സൌകര്യം ഈ സ്കൂളില്‍ ഉണ്ടായിരുന്നു.  മദ്രാസ് ഗവണ്‍മെന്റില്‍ നിന്നും ഈ സ്കൂളിന്റെ നടത്തിപ്പിനായി സഹായങ്ങള്‍ ലഭിച്ചിരുന്നതായി പറയപ്പെടുന്നു. തിരുവമ്പാടി പഞ്ചായത്തിന്റെ വിദ്യാഭ്യാസമേഖലയിലെ പുരോഗതിക്ക് തുടക്കം കുറിച്ചത് തിരുവിതാംകൂറില്‍ നിന്നും 1940-കളില്‍ ഉണ്ടായ കുടിയേറ്റത്തോടെയാണ്. ഇക്കാര്യത്തില്‍ ക്രൈസ്തവ പുരോഹിതന്മാരും ശ്രീനാരായണ പ്രസ്ഥാനവുമെല്ലാം അതിന്റേതായ പങ്ക് വഹിച്ചിട്ടുണ്ട്. 1947-ല്‍ തിരുവമ്പാടി എല്‍.പി.സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തുടങ്ങിയ വിദ്യാലയം 1957-ല്‍ തൊണ്ടിമ്മല്‍ ആരംഭിച്ച എല്‍.പി സ്കൂള്‍ ആയിരുന്നു. ഹൈസ്കൂള്‍ മേഖലയില്‍ ആദ്യമായി തുടങ്ങിയത് 1955-ല്‍ തിരുവമ്പാടിയില്‍ ആരംഭിച്ച സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂളായിരുന്നു. ഈ സ്കൂളുകളിലെല്ലാം അക്കാലത്ത് അധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നത് കൂടുതലും തൃശൂര്‍ ജില്ലയില്‍ നിന്നുള്ളവരായിരുന്നു. കുടിയേറ്റക്കാരുടെ ഇടയില്‍  അധ്യാപകരായി ജോലി ചെയ്യുന്നതിന് മതിയായ വിദ്യാഭ്യാസം ഉള്ളവരുടെ അഭാവത്തില്‍ മാനേജ്മെന്റ് ഇവരെ ഇവിടെ വരുത്തുകയാണുണ്ടായത്.

ഗതാഗതചരിത്രം

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഇന്നത്തെ തിരുവമ്പാടിയുടെ ഒന്നും രണ്ടും വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് ജനവാസമുണ്ടായിരുന്നു. എന്നാല്‍ ഇരുവഞ്ഞിപ്പുഴയാല്‍ മനോഹരമായ  അരഞ്ഞാണം തീര്‍ന്നിട്ടുള്ള ഈ പ്രദേശത്തു നിന്നും പുറംലോകവുമായി ബന്ധപ്പെടുവാനുതകുന്ന ഗതാഗതമാര്‍ഗ്ഗം ജലഗതാഗതം മാത്രമായിരുന്നു. നായരുകൊല്ലി- മുക്കം റോഡും, ഗെയ്റ്റുംപടി അഗസ്ത്യന്‍മൂഴി റോഡും ഈ പഞ്ചായത്തിലെ പൌരാണിക റോഡുകളില്‍പ്പെടുന്നതായി കണക്കാക്കപ്പെടുന്നു. തോട്ടത്തില്‍കടവ് പാലത്തിന്റെ നിര്‍മ്മാണം തിരുവമ്പാടിയുടെ വളര്‍ച്ചയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ്. ആദ്യകാല കുടിയേറ്റക്കാര്‍ക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമായിരുന്നത് കോഴിക്കോട് പട്ടണത്തില്‍ നിന്നായിരുന്നു. കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് മുക്കത്ത് എത്തി അവിടെ നിന്നും സി.ഡബ്ല്യു.എം.എസ് കമ്പനി വകയായി ഉണ്ടായിരുന്ന 2 ബസുകളില്‍ കയറിയാണ് നാട്ടുകാര്‍ കോഴിക്കോട് എത്തിയിരുന്നത്. നാട്ടുകാര്‍ കൂട്ടായി നടത്തിയ പരിശ്രമങ്ങളുടെ ഫലമായി തിരുവമ്പാടി-മുക്കം റോഡ് നിര്‍മ്മിച്ചു. തിരുവമ്പാടി-പുല്ലൂരാംപാറ റോഡിലുള്ള കറ്റിയാട് കലുങ്കും, കാളിയമ്പുഴ പാലം, ഇരുമ്പകം പാലം, വഴിക്കടവ് പാലം എന്നിവയും നാട്ടുകാര്‍ ശ്രമദാനമായി നിര്‍മ്മിച്ചതാണ്. 1969-ല്‍ തോട്ടത്തില്‍കടവ് വരെയുള്ള റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് അവിടെ നിന്നും കോഴിക്കോട് ബസ് സര്‍വ്വീസ് ആരംഭിച്ചു.

സാംസ്ക്കാരിക ചരിത്രം

കര്‍ഷകരുടെയും കര്‍ഷകതൊഴിലാളികളുടെയും ഇടയിലേക്ക് ആശയസ്പര്‍ശ മായെത്തിയവരില്‍ പ്രമുഖനായിരുന്നു മൊന്തനാരിയച്ചന്‍ ഫാ.ഗോണ്‍സാലീസ്. ആശാന്‍ കൊച്ചു മുഹമ്മദ്, കെ.സി.സെയ്തു മുഹമ്മദ്, ചക്കൂങ്കല്‍ ബേബി തുടങ്ങിയവര്‍ ഈ ഗ്രാമത്തിലെ നാടക പ്രസ്ഥാനത്തിലെ പ്രമുഖരില്‍ ചിലര്‍ മാത്രമാണ്. പ്രബല ആര്‍ട്സ് തിരുവമ്പാടി, അനശ്വര തിയേറ്റേഴ്സ് പുല്ലുരാംപാറ എന്നിവ നാടകരംഗത്ത് അതികായകന്‍മാരായിരുന്നു. എന്നാല്‍ പുരാണ നാടകങ്ങള്‍, ബാലെ, നാടോടി നൃത്തം, ഭരതനാട്യം എന്നിവയില്‍ പരിശീലനം നല്‍കുകയും പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യുന്ന തിരുവമ്പാടി നാട്യകലാലയം ഈ നാടിന്റെ കലാവിദ്യാലയമാണ്. ഇലഞ്ഞിക്കല്‍ ദേവീക്ഷേത്രത്തിലെ ഉത്സവമാണ് ഈ ഗ്രാമത്തിലെ ഉത്സവങ്ങളുടെ മഹോത്സവമായി ഗണിക്കപ്പെടുന്നത്. കാവടിയാട്ടവും വാദ്യമേളങ്ങളുമായി ആമ്പലപ്പാറ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്രയില്‍  നാനാജാതി മതസ്ഥര്‍ പങ്കെടുക്കുന്നു. തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് ഒരു തിലകക്കുറിയായി പരിലസിക്കുന്നത് 1959-ല്‍ സ്ഥാപിക്കപ്പെട്ട തിരുവമ്പാടി പൊതുവായനശാലയാണ്. ആദ്യകാല കുടിയേറ്റ ചരിത്രത്തെക്കുറിച്ച് പുറംലോകത്തിന് ലിഖിതമായ രേഖകള്‍ നല്‍കിയവര്‍ കുടിയേറ്റ ചരിത്ര ഖണ്ഡകാവ്യമെഴുതിയ അരഞ്ഞാണിയില്‍ ഔസേപ്പ്, ആക്കാട്ടുമുണ്ടേല്‍ മൈക്കള്‍ മാസ്റ്റര്‍, ജോസഫ് കുറവിലങ്ങാട് തുടങ്ങിയവരാണ്.