തിരുവമ്പാടി

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കില്‍ കൊടുവള്ളി ബ്ളോക്ക് തിരുവമ്പാടി വില്ലേജ് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് തിരുവമ്പാടി ഗ്രാമപഞ്ചായത്ത്. 83.96  ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കോടഞ്ചേരി, മേപ്പാടി (വയനാട്), മുപ്പൈനാട് (വയനാട്) പഞ്ചായത്തുകളും,  കിഴക്ക് കൂടരഞ്ഞി, ചുങ്കത്തറ (മലപ്പുറം), മുപ്പൈനാട് (വയനാട്) പഞ്ചായത്തുകളും, പടിഞ്ഞാറ്-കോടഞ്ചേരി, മുക്കം പഞ്ചായത്തുകളും, തെക്ക്-കാരശ്ശേരി, മുക്കം, കൂടരഞ്ഞി പഞ്ചായത്തുകളുമാണ്. കോഴിക്കോട് ജില്ലയുടെ വടക്കു കിഴക്ക് ഭാഗത്ത് വയനാടന്‍ മലകളുടെ തെക്കു പടിഞ്ഞാറ് ഭാഗത്തായി സമുദ്രനിരപ്പില്‍ നിന്നും സുമാര്‍ 300 അടി മുതല്‍ 1500 അടി വരെ  ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഭൂപ്രദേശമാണ് തിരുവമ്പാടി ഗ്രാമപഞ്ചായത്ത്. ജില്ലാ ആസ്ഥാനമായ കോഴിക്കോട്ടു നിന്നും 35 കി.മീറ്റര്‍ അകലെ കിഴക്കു മാറിയാണ് ഈ പ്രദേശം. ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ കോഴിക്കോടും, വിമാനത്താവളം കരിപ്പൂരുമാണ്. കീഴ്ക്കാംതൂക്കായ കുന്നിന്‍ പ്രദേശങ്ങളും  താഴ്വരകളും ചെറു സമതല പ്രദേശങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. കോഴിക്കോട് ജില്ലയിലെ പ്രമുഖ കുടിയേറ്റ മേഖലയായ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 1-1-1962-ല്‍ രൂപീകൃതമായി. ഇന്നത്തെ കൂടരഞ്ഞി പഞ്ചായത്തുകൂടി ഉള്‍പ്പെട്ടതായിരുന്നു ആദ്യകാല തിരുവമ്പാടി പഞ്ചായത്ത്. 1-1-1962 മുതല്‍ 31-12-1963 വരെ സ്പെഷ്യല്‍ ഓഫീസറായിരുന്നു പഞ്ചായത്തിന്റെ ഭരണം നിര്‍വ്വഹിച്ചത്. 1-1-1964-ന് എം.റ്റി.മാണി മുട്ടത്തു കുന്നേല്‍ പ്രസിഡന്റായുള്ള ആദ്യത്തെ തെരഞ്ഞെടുക്കപ്പട്ട ഭരണസമിതി നിലവില്‍ വന്നു. തിരുവമ്പാടിയിലെ പ്രാചീന ഭൂമി സംബന്ധമായ രേഖകള്‍ക്ക് ആധാരം മാക് മൈക്കളിന്റെ നേതൃത്വത്തില്‍ 1905-ല്‍ നടത്തിയ സര്‍വ്വേ റിക്കാര്‍ഡുകളാണ്. ഇവ ഇന്നും കോഴിക്കോട് റീജിയണല്‍  ആര്‍ക്കൈവ്സില്‍ ലഭ്യമാണ്. അന്നത്തെ തിരുവമ്പാടി വില്ലേജില്‍ ഇന്നത്തെ കൂടരഞ്ഞി, കോടഞ്ചരി, നെല്ലിപ്പൊയില്‍ വില്ലേജുകള്‍ കൂടി ഉള്‍പ്പെട്ടിരുന്നു. ഇന്നത്തെ തിരുവമ്പാടി റവന്യു വില്ലേജാണ് തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തന പരിധി. ഈ പ്രദേശത്തുകാര്‍ ആദ്യമായി പങ്കെടുത്ത തെരഞ്ഞെടുപ്പ് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിലേക്കുള്ളതായിരുന്നു. നികുതി അടയ്ക്കുന്നവര്‍ക്ക് മാത്രമേ അന്ന് വോട്ടവകാശമുണ്ടായിരുന്നുള്ളൂ. ഒരു  കാലഘട്ടത്തില്‍ പഞ്ചായത്തിന്റെ ഭൂരിഭാഗവും വനപ്രദേശമായിരുന്നു. ആ കാലഘട്ടത്തില്‍ വന്‍തോതില്‍ സുഗന്ധദ്രവ്യങ്ങളുടെ കയറ്റുമതി ഈ പ്രദേശവുമായി ബന്ധപ്പെട്ട് നടന്നിരുന്നു. ഇന്നത്തെ തിരുവമ്പാടി ടൌണ്‍ പ്രദേശം നായരുകൊല്ലി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കോഴിക്കോട് ജില്ലയിലെ തന്നെ മനോഹരമായ ഒരു പുല്‍മൈതാനം തിരുവമ്പാടി ഹൈസ്കൂളിനുണ്ട്. അതുപോലെ തന്നെ പുല്ലുരാംപാറ, പുന്നക്കല്‍ എന്നീ സ്ഥലങ്ങളിലുള്ള ഹൈസ്കൂളുകള്‍ക്ക് മൈതാനങ്ങളുണ്ട്.