പൊതുവിവരങ്ങള്‍

പഞ്ചായത്തിന്‍റെ പേര്

തിരുവമ്പാടി ഗ്രാമപഞ്ചായത്ത്

വില്ലേജ്

തിരുവമ്പാടി

ബ്ലോക്ക്

കൊടുവള്ളി

ജില്ല

കോഴിക്കോട്

താലൂക്ക്

താമരശ്ശേരി

ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍

ആനക്കാംപൊയില്‍, തിരുവമ്പാടി

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍

തിരുവമ്പാടി, കോടഞ്ചേരി

അസംബ്ലി മണ്ഡലം

തിരുവമ്പാടി

പാര്‍ലമെന്‍റ് മണ്ഡലം

വയനാട്

വിസ്തീര്‍ണ്ണം

83.96 ച. കി. മീ

വാര്‍ഡുകളുടെ എണ്ണം

17

ജനസംഖ്യ

28820

പുരുഷന്‍മാരുടെ എണ്ണം

13988

സ്ത്രീകളുടെ എണ്ണം

14832

പട്ടികജാതി ജനസംഖ്യ

1673

പുരുഷന്‍മാരുടെ എണ്ണം

876

സ്ത്രീകളുടെ എണ്ണം

897

പട്ടികവര്‍ഗ്ഗ ജനസംഖ്യ

365

പുരുഷന്‍മാരുടെ എണ്ണം

154

സ്ത്രീകളുടെ എണ്ണം

211

അതിരുകള്‍

വടക്ക് വയനാട് ജില്ല

തെക്ക് മുക്കം ഗ്രാമപഞ്ചായത്ത്, കാരശ്ശേരി ഗ്രാമപഞ്ചായത്ത്

കിഴക്ക് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്

പടിഞ്ഞാറ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത്

ഭൂപ്രകൃതിയും വിഭവങ്ങളും

കോഴിക്കോട് ജില്ലയുടെ വടക്ക് കിഴക്ക് ഭാഗത്ത് വയനാടന്‍ മലകളുടെ തെക്ക പടിഞ്ഞാറ് ഭാഗത്തായി സമുദ്ര നിരപ്പില്‍ നിന്നും സുമാര്‍ 300 അടി മുതല്‍ 1500 അടി വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഭൂപ്രദേശമാണ് തിരുവമ്പാടി ഗ്രാമപഞ്ചായത്ത്. ജില്ലാ ആസ്ഥാനമായ കോഴിക്കോട്ടു നിന്നും 35 കി. മീറ്റര്‍ കിഴക്കു മാറിയാണ് ഈ പ്രദേശം. ഏറ്റവും അടുത്ത റെയില്‍വെ സ്റ്റേഷന്‍ കോഴിക്കോടും, വിമാനത്താവളം കരിപ്പൂരുമാണ്. കിഴക്കാംതൂക്കായ കുന്നിന്‍ പ്രദേശങ്ങളും താഴ്വരകളും ചെറു സമതല പ്രദേശങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. വെള്ളരിമല, കൊടക്കാട്ടുപാറ, കടോത്തിമല, പൊന്നാംങ്കയം, മേല്‍മല, ഓളിക്കല്‍മല, വടക്കേ നമ്പിപ്പറ്റ മലവാരം, ചവലപ്പാറ മല, മുണ്ടമല തുടങ്ങിയ മലവാരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം. മുരട്ടക്കുന്ന്, മുതിയോട്ടുമ്മല്‍, പാണ്ടിക്കോടു കുന്ന്, ചെറുശ്ശേരിക്കുന്ന്, തേന്‍ പാറക്കുന്ന് തുടങ്ങി നിരവധി കുന്നിന്‍ പ്രദേശങ്ങളും ഇവിടെ ഉള്‍പ്പെടുന്നു. കരിയാത്തന്‍ പാറയും, പാമ്പിഴഞ്ഞപാറയും വലിയ പാറക്കെട്ടുകളാണ്. മുത്തപ്പന്‍പുഴ, കളരിക്കല്‍, ആനക്കാംപൊയില്‍, മാവാതുക്കല്‍, പുല്ലൂരാംപാറ, പൊന്നാങ്കയം, കാളിയാമ്പുഴ, പുന്നക്കല്‍, പാമ്പിഴഞ്ഞപാറ, ചവലപ്പാറ, കക്കുണ്ട്, അത്തിപ്പാറ, ഇരുമ്പകം, ഇലഞ്ഞിക്കല്‍, പാലക്കടവ്, താഴെ തിരുവമ്പാടി, മരക്കാട്ടുപുറം, ചെരുപ്ര, മറിയപ്പുറം തുടങ്ങിയവ പ്രധാന സ്ഥലനാമങ്ങളാണ്. 900 ഏക്കര്‍ വനഭൂമി ഉള്‍പ്പെടെ പഞ്ചായത്തിന്‍റെ ആകെ വിസ്തീര്‍ണ്ണം 20739.44 ഏക്കറാണ്. 992.40 ഏക്കര്‍ പുറമ്പോക്ക് ഭൂമിയും ഇതില്‍പ്പെടുന്നു.

വളരെക്കുറഞ്ഞ സമതല പ്രദേശങ്ങള്‍ ഈ പഞ്ചായത്തിന്‍റെ പ്രത്യേകതയാണ്. വയനാട് മലകളുടെ തെക്ക് പടിഞ്ഞാറ് ഭാഗമായത് കൊണ്ടും ധാരാളം മഴ ലഭിക്കുന്നത് കൊണ്ടും പുഴകളും ഒട്ടനവധി തോടുകളും നീര്‍ച്ചാലുകളും ഈ പഞ്ചായത്തിന്‍റെ സവിശേഷതയാണ്. വനനശീകരണത്തിന്‍റെ ഭാഗമായി രേഖ പ്രകാരമുള്ള നലവിലുള്ള വനത്തിന്‍റെ അളവില്‍ സാരമായ കുറവുണ്ടായിട്ടുണ്ട്. കൃഷിയിടങ്ങളിലെ പാഴ്മരങ്ങള്‍ പൂര്‍ണ്ണമായും മുറിച്ചു നീക്കപ്പെട്ടതിനെ തുടര്‍ന്ന് ജൈവവള സമ്പത്ത് കുറയുകയും മണ്ണൊലിപ്പ് വര്‍ദ്ധിക്കുകയും ചെയ്തു. റബ്ബര്‍, തെങ്ങ്, കവുങ്ങ് എന്നിവയാണ് പ്രധാനപ്പെട്ട വിളകള്‍. ഭക്ഷ്യ വിളകളുടെ ഉല്‍പ്പാദനം തുലോം കുറവാണ്. കുടുംബങ്ങളുടെ എണ്ണം വര്‍ഷം തോറും വര്‍ദ്ധിച്ചു വരുന്നതിന്‍റെ ഫലമായി കൃഷി ഭൂമി ചെറു തുണ്ടുകളായി മാറിക്കൊണ്ടിരിക്കുകയാണ്. ചെമ്മണ്ണ് കലര്‍ന്ന പശിമണ്ണാണ് ഇവിടെ കാണപ്പെടുന്നത്.

കാലാവസ്ഥ

ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് കൂടുതല്‍ കൂടുതല്‍ മഴ ലഭിക്കുന്നത്. നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ തണുപ്പ് അനുഭവപ്പെടുന്നു. ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങള്‍ താരതമ്യേന ഉഷ്ണകാലമാണ്. ഇടവപ്പാതി മഴയാണ് കൂടുതല്‍ ലഭിക്കുന്നത്. ധാരാളം മഴ ലഭിക്കുന്ന പ്രദേശമാണെങ്കിലും മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ വരള്‍ച്ച അനുഭവപ്പെടാറുണ്ട്. ഈ സമയത്ത് പഞ്ചായത്തിന്‍റെ ചില ഭാഗങ്ങളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടാറുണ്ട്. ധാരാളം മഴ ലഭിക്കുന്നുണ്ടെങ്കില്‍പോലും നീരൊഴുക്കുകളും വേനല്‍ക്കാലത്ത് വറ്റിവരണ്ട് പോവുന്നു. പഞ്ചായത്തിന്‍റെ അതിര്‍ത്തിയിലുള്ള ഇരവഞ്ഞിപുഴയില്‍ മാത്രമാണ് ഇടമുറിയാറുണ്ടങ്കിലും എല്ലാക്കാലത്തും ജലം ലഭിക്കുന്നത്. സ്ഥായിയായി ജലം ലഭിക്കുന്ന പൊതുകുളങ്ങള്‍ ഒന്നും തന്നെയില്ല.

മണ്ണ്, ഭൂവിനിയോഗം

ചെമ്മണ്ണ് കലര്‍ന്ന പശിമരാശി മണ്ണാണ് ഈ പഞ്ചായത്തില്‍ കൂടുതലുള്ളത്. എന്നാല്‍ ചില ഭാഗങ്ങളില്‍ കളിമണ്ണിന്‍റെ അംശം കൂടുതലുള്ള പശിമരാശി മണ്ണും കണ്ടു വരുന്നു. പൊതുവെ ഫലപുഷ്ടിയുള്ള മണ്ണാണ് ഉള്ളതെങ്കിലും മണ്ണൊലിപ്പ് മൂലം പല ഭാഗങ്ങളിലും ഫലപുഷ്ടി നഷ്ടപ്പെട്ടിട്ടുണ്ട്. നീര്‍വാര്‍ച്ച കൂടുതലുള്ള പ്രദേശമാണെങ്കിലും രണ്ടാം വാര്‍ഡിലെ മാളുവമ്മ തോടിന്‍റെ സൈഡിലുള്ള വയലുകളില്‍‌ നീര്‍ക്കെട്ട് നിലവിലുണ്ട്.

ജൈവസമ്പത്ത്

ഏത് കാലാവസ്ഥയിലും പച്ചപ്പ് നിലനില്‍ക്കുന്ന പ്രദേശങ്ങളാണ് ഇവിടെയുള്ളത് റബ്ബര്‍ കൃഷിയുടെ വ്യാപനത്തോടുകൂടി ജൈവസമ്പത്തിന് കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. സങ്കര ഇനത്തില്‍പ്പെട്ട കാലികളെ വളര്‍ത്തുന്നതില്‍ കൃഷിക്കാര്‍ പൊതുവെ താല്‍പ്പര്യമുള്ളവരാണ്. ആടു വളര്‍ത്തല്‍ പൊതുവെ ലാഭകരമായ കൃഷിയാണെങ്കിലും ഈ പഞ്ചായത്തില്‍ പൊതുവെ കുറവാണ്. മുന്‍ കാലങ്ങളില്‍ കൃഷിക്കായി ജൈവവളം ആശ്രയിച്ചിരുന്നുവെങ്കില്‍ നാണ്യവിളകളുടെ കൃഷി വ്യാപിച്ചതോടു കൂടി ജൈവ വളങ്ങളുടെ ലഭ്യത കുറയുകയും രാസവളങ്ങളുടെ അമിത ഉപയോഗം കാണപ്പെടുകയും ചെയ്യുന്നു. തിരുവമ്പാടി പഞ്ചായത്തിന്‍റെ കാര്‍‍ഷിക മേഖലയില്‍ ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമാണ്.