ചരിത്രം

സാമൂഹ്യചരിത്രം

കിഴക്കന്‍ മേഖലയിലെ വന്‍കിടജന്മിയും ഭൂവുടമയുമായിരുന്ന നടവത്തുമനയുടെ പേരുമായി ബന്ധപ്പെട്ടാണ് പുന്നപ്പാല അംശത്തിന്റെ ആസ്ഥാനമായിരുന്ന ചടാങ്ങാംകുളം നടുവത്തായി മാറിയത്. പുന്നപ്പാല എന്ന സ്ഥലനാമത്തെപ്പറ്റിയും ഇവിടെ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രവുമായി ബന്ധപ്പെടുത്തിയും ജനങ്ങളുടെയിടയില്‍ പ്രചരിച്ചിട്ടുള്ളൊരു കഥ ഇങ്ങനെയാണ്. ഒരു കാലത്ത് കൊടും വനമായിരുന്ന ഈ ഭാഗത്ത് ഒരു ഹരിജന്‍സ്ത്രീ തന്റെ അരിവാള്‍ ഒരു കല്ലില്‍ മൂര്‍ച്ച കൂട്ടിയ സമയം കല്ലില്‍ നിന്നും രക്തമൊഴുകിയെന്നും സ്ത്രീ അക്കാര്യം ജന്മി കുടുംബത്തെ അറിയിച്ചുവെന്നും പരിശോധനയ്ക്കു ശേഷം ദേവസാന്നിധ്യം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അവിടെ ക്ഷേത്രം പണിതുവെന്നുമാണ് കഥ. അരിവാള്‍ മൂര്‍ച്ചകൂട്ടിയ കല്ല് പുന്ന, പാല എന്നിങ്ങനെ രണ്ടു വൃക്ഷങ്ങള്‍ക്കിടയിലായിരുന്നതിനാല്‍ ക്രമേണ അവിടെ രൂപം കൊണ്ട ക്ഷേത്രത്തിന് പുന്നപാല ശിവക്ഷേത്രം എന്ന പേരുണ്ടായി. കേരളത്തില്‍ കാടും, പടലും പിടിച്ചുകിടന്നിരുന്ന അക്കാലത്തെ പല പ്രദേശങ്ങളിലും ക്ഷേത്രങ്ങള്‍ സ്ഥാപിക്കുന്നതിനും ഒപ്പം വാസയോഗ്യമായ ജനവാസകേന്ദ്രങ്ങളാക്കി മാറ്റുന്നതിനും ഇത്തരത്തില്‍ ദീപ്തിദര്‍ശന കഥകളും, വേരുവെട്ടിയപ്പോഴും കല്ലു വെട്ടിയപ്പോഴും രക്തം കണ്ട കഥകളും കേരളത്തിലുടനീളം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സവര്‍ണ്ണര്‍ ക്ഷേത്രം നിര്‍മ്മിക്കുന്ന കാലത്ത് കാടുവെട്ടിത്തെളിക്കല്‍, കല്ലൊരുക്കല്‍ തുടങ്ങിയ കഠിനജോലികള്‍ ചെയ്യുന്നതിനു കീഴാളരെ ആവശ്യമായിരുന്നതുകൊണ്ട് അവരെ കഥാപാത്രങ്ങളാക്കിക്കൊണ്ടാണ് പലപ്പോഴും ഇത്തരം കഥകള്‍ മെനഞ്ഞിരുന്നത്. എന്നാല്‍ ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കിക്കഴിഞ്ഞാലുടന്‍ അവര്‍ക്കവിടെ പ്രവേശനം നിഷേധിച്ചുകൊണ്ട് ആട്ടിയകറ്റുകയാണ് ചെയ്തിരുന്നത്. പടിഞ്ഞാറന്‍ മേഖലയിലെ തിരുവാലി പ്രദേശത്തെപ്പറിയും ഇത്തരത്തിലൊരു കഥയുണ്ട്. വാനരരാജാവായ ബാലിയാണ് ഈ ക്ഷേത്രത്തിലെ ശിവലിംഗം പ്രതിഷ്ഠിച്ചതെന്നും അങ്ങനെ ബാലിയോടുള്ള ആദരസൂചകമായി തിരു-ബാലി എന്ന പേരുണ്ടാവുകയും ക്രമേണ അത് തിരുവാലി ആവുകയും ചെയ്തുവെന്നാണ് ആ കഥ. ദേശീയസ്വാതന്ത്ര്യസമരത്തില്‍ ഈ ഗ്രാമത്തിനും എളിയ പങ്കു വഹിക്കുവാന്‍ സാധിച്ചിട്ടുണ്ട് എന്നുള്ളത് അഭിമാനകരമാണ്. 1930-32 കാലഘട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കടപ്പുറത്ത് നടന്ന ഉപ്പു സത്യാഗ്രഹത്തിലും, നിയമലംഘന പ്രസ്ഥാനത്തിലും പങ്കെടുത്ത വ്യക്തിയായിരുന്നു ഈ നാട്ടുകാരനായ കറുത്തേടത്ത് രാമപണിക്കര്‍. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായി ഇദ്ദേഹം കല്ലച്ചില്‍ അച്ചടിച്ച പത്രം കാളികാവു മുതല്‍ കരിക്കാടു വരെ ആരുമറിയാതെ രാത്രിയില്‍ ഒട്ടിച്ചതുള്‍പ്പെടെ ഈ രാജ്യസ്നേഹിയുടെ നിരവധി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ എടുത്തുകാട്ടാനുണ്ട്. ഒളിപ്രവര്‍ത്തനത്തിനിടയില്‍ ഇദ്ദേഹത്തെ ബ്രിട്ടീഷ് പോലീസ് പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഏറെക്കാലം നരകയാതന അനുഭവിച്ച് ജീവിച്ച ശേഷമാണ് ഈ സ്വാതന്ത്ര്യസമര സേനാനി അന്ത്യശ്വാസം വലിച്ചത്. ഖിലാഫത്ത് സമരക്കാലത്ത് നമ്പൂതിരിമനകളെ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കുവാന്‍ കാവല്‍ക്കാരായി പ്രവര്‍ത്തിച്ചത് വടക്കെത്തൊടി ചേക്കമ്മദും കൂട്ടുകാരുമായിരുന്നു. തിരുവാലിയുടെ സംസ്കാരത്തിലും പാരമ്പര്യത്തിലും ജാതിമതസ്പര്‍ദ്ദകള്‍ക്കു നിശ്ശേഷം സ്ഥാനമില്ലെന്ന് ഈ സംഭവം സൂചിപ്പിക്കുന്നു. ലഹളക്കാലത്ത് ഇന്നത്തെ കോഴിപ്പറമ്പിന്റെ തെക്കുഭാഗത്തുള്ള പടുപ്പന്‍കുന്ന്, പൂരാണിക്കാട് ഭാഗങ്ങളില്‍ ഇഗ്ളീഷ്പട്ടാളം ഗറില്ലാമുറ പരിശീലിക്കുന്നതിന് എത്തിയിരുന്നു. സാമുദായിക പരിഷ്കരണത്തിന്റെ ഭാഗമായി നമ്പൂതിരിമാര്‍ക്കിടയില്‍ പുന്നപ്പാലാ പ്രദേശത്ത് രൂപം  കൊണ്ട വിപ്ളവമാണ് പഞ്ചായത്തിലെ ഇതരഭാഗങ്ങളിലെ പുരോഗമന ആശയങ്ങള്‍ക്ക് വിത്തുപാകിയതെന്ന് പറയാം. നമ്പൂതിരി സമുദായത്തില്‍പ്പെട്ട ചിലര്‍ ദേശീയ സമരങ്ങളുടെ ഫലമായി പുരോഗമനാശയങ്ങളില്‍ ആകൃഷ്ടരായിത്തുടങ്ങി. സമുദായത്തില്‍ അന്നു നിലവിലിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ മറ്റു പല ദിക്കില്‍ നിന്നും പ്രതിഷേധശബ്ദങ്ങളും പ്രവര്‍ത്തനങ്ങളും ഉയര്‍ന്നു വന്നു. പുന്നപ്പാലയില്‍ പഷ്ണിപ്പുര എന്ന സ്ഥലത്ത് മാമ്പയില്‍ രാമന്‍നായര്‍ എന്നാരാള്‍ നടത്തിവന്നിരുന്ന കുടിപ്പള്ളിക്കൂടമായിരുന്നു ഈ പഞ്ചായത്തിലെ വിദ്യാഭ്യാസരംഗത്തിനു നാന്ദി കുറിച്ചത്. ഇതിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. പില്‍ക്കാലത്ത് തിരുവാലി, ചടങ്ങാംകുളം, പുന്നപാല, എറിയാട് എന്നീ സ്ക്കൂളുകള്‍ നിലവില്‍ വന്നു. ആയൂര്‍വേദ പാരമ്പര്യചികിത്സാരംഗത്തും ഒരു നൂറ്റാണ്ടിന്റെ പൈതൃകം ഈ ഗ്രാമത്തിനവകാശപ്പെടാം. തായംകോട് വൈദ്യന്മാര്‍ എന്നറിയപ്പെട്ടിരുന്ന നെല്ലിക്കാട്ടുതൊടി വേല സമുദായ കുടുംബത്തിലെ പിന്‍തലമുറക്കാര്‍ ഇന്നും പല താവഴിയായി ഈ പഞ്ചായത്തില്‍ താമസിച്ചുവരുന്നു. സഹകരണരംഗത്ത് വനിതകള്‍ക്കു പങ്കാളിത്തമുണ്ടായിരുന്നുവെന്നതിന്റെ ഉദാഹരണമായിരുന്നു അറുപതുകളുടെ ആദ്യം വണ്ടൂര്‍ എന്‍.ഇ.എസ് ബ്ളോക്ക്, ഖാദിബോര്‍ഡ് എന്നിവയുടെ സഹായത്തോടുകൂടി പുന്നപ്പാലയില്‍ പ്രവര്‍ത്തിച്ചു വരുന്ന കൈത്തറി സൊസൈറ്റിയില്‍ കുറെ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചത്.

സാംസ്കാരികചരിത്രം

ക്ഷേത്രങ്ങള്‍ കേന്ദ്രമാക്കി ഉത്സവങ്ങളും കഥകളി, കൂത്ത്, കൂടിയാട്ടം, ഓട്ടംതുള്ളല്‍ എന്നീ കലാരൂപങ്ങളും അരങ്ങേറിയിരുന്നു. കാളിക്ഷേത്രം കേന്ദ്രമാക്കി തിരുവാലി-പന്നിക്കോട് അധികാരിയുടെ വകയായി പാറക്കല്‍ പാടത്ത് “വെള്ളാട്ടും”, “തിറയും” നടന്നിരുന്നു. അതുപോലെ മറ്റൊരു “വെള്ളാട്ടും തിറയും” തിരുവാലി കുന്നിക്കല്‍ കുമാരന്‍ എന്നയാളുടെ വകയായി അവരുടെ വീടിനു മുന്നിലുള്ള പാടത്തും നടക്കാറുണ്ടായിരുന്നു. മുണ്ടമലയ്ക്കു മുകളിലുള്ള മൂന്ന് ക്ഷേത്രങ്ങളില്‍ താലപ്പൊലിയും നടത്തിയിരുന്നതായി പറയപ്പെടുന്നു. സ്വകാര്യവ്യക്തികളുടെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഇന്നും പാട്ടുല്‍സവങ്ങളും (വേട്ടക്കൊരു മകന്‍ പാട്ട്, ഭഗവതി പാട്ട്) താലപ്പൊലികളും നടന്നുവരുന്നുണ്ട്. തിരുവാതിരക്കളി പരിപോഷിപ്പിക്കുന്നതിനു നടുവത്ത് ശ്രീനിലയം ദേവകി ടീച്ചര്‍ വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണ്. തായംകോട് പ്രദേശത്ത് വസിച്ചിരുന്ന പുലിക്കോട് ഹൈദര്‍ സാഹിബ്, മാപ്പിള കവി എന്ന നിലയില്‍ വളരെ പ്രശസ്തനായിരുന്നു. കോല്‍ക്കളി, ദഫ്മുട്ട് എന്നിവയും ഈ പ്രദേശത്ത് പ്രചാരം സിദ്ധിച്ച കലാരൂപങ്ങളായിരുന്നു. തായംകോട് പ്രദേശത്ത് പരിചമുട്ടുകളിയില്‍ പിരശീലനം കൊടുത്തിരുന്ന വ്യക്തിയാണ് തലശ്ശേരിയന്‍ ആശാരി. ഹരിജന്‍ വിഭാഗങ്ങള്‍ താമസിക്കുന്ന കോളനികളില്‍ വൃശ്ചികമാസം ഒന്നാം തീയതി രാത്രി കാലങ്ങളില്‍ ചവിട്ടുകളി, കോല്‍ക്കളി മുതലായവ അറങ്ങേറിയിരുന്നു. ഞാറുനടീല്‍ വേളകളില്‍ അടിസ്ഥാന വര്‍ഗ്ഗം ഗതികേടുകൊണ്ട് തന്റെ ജന്മിയെ പുകഴ്ത്തിക്കൊണ്ടു പാടിയിരുന്നതാണെങ്കില്‍പോലും തനിമയും, ശ്രവണമധുരവും, ഇമ്പമാര്‍ന്നതുമായ നാടന്‍പാട്ടുകള്‍ ഇവിടുത്തെ സംസ്കാരത്തിന്റെ സവിശേഷഘടകമായിരുന്നു. “വെള്ളരിനാടകങ്ങള്‍” പുന്നപ്പാല, തിരുവാലി, നടുവത്ത് ഭാഗങ്ങളില്‍ അരങ്ങേറിയിരുന്നു. അനുഷ്ഠാന കലാരൂപങ്ങളായ പുതംകളി, കാളകളി എന്നിവ ഇപ്പോഴും അങ്ങിങ്ങായി കണ്ടുവരുന്നു. മറ്റൊരു അനുഷ്ഠാന കലയായ നാഗത്താന്‍ പാട്ട് ചില തറവാടുകളില്‍ ഇന്നും നടന്നുവരുന്നു. പഞ്ചായത്തിന്റെ പുറത്തുനിന്നു വരുന്ന പുള്ളുവ പാട്ടുകാരായിരുന്നു മുന്‍കാലങ്ങളില്‍ നാട്ടിന്‍പുറങ്ങളിലെ കുട്ടികള്‍ക്കായി “നാവുര്” പാടിയിരുന്നത്. നമ്പൂതിരി സമുദായത്തില്‍പ്പെട്ട ചിലര്‍ ദേശീയ സമരങ്ങളുടെ ഫലമായി പുരോഗമനാശയങ്ങളില്‍ ആകൃഷ്ടരായിത്തുടങ്ങി. സമുദായത്തില്‍ അന്നു നിലവിലിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ മറ്റു പല ദിക്കില്‍ നിന്നും പ്രതിഷേധശബ്ദങ്ങളും പ്രവര്‍ത്തനങ്ങളും ഉയര്‍ന്നു വന്നു. പാതിരിശ്ശേരി മന കേന്ദ്രമാക്കി ആരംഭിച്ച വായനശാല, കലാസമിതി തുടങ്ങിയവ സാംസ്കാരികരംഗത്ത് ഉണര്‍വ്വേകി. കായികവിനോദമായ ഇന്നത്തെ സര്‍ക്കസ് കലയുടെ ആദ്യരൂപമായ കരണംമറിച്ചിലുകളും, വളയങ്ങളിലൂടെയുള്ള മെയ്യഭ്യാസവും പ്രകടമാക്കി കാണികളെ രസിപ്പിച്ചിരുന്ന കലാകാരന്മാരായിരുന്നു മുസ്ളീം സമുദായത്തില്‍ നിന്നുള്ള കാട്ടുമുണ്ട ഗുരുക്കന്മാര്‍. ഈ പഞ്ചായത്തില്‍ വായനാശീലം വളര്‍ത്തുന്നതിന് തുടക്കം കുറിച്ചത് 1950-ല്‍ പാതിരിശ്ശേരിമന മുറ്റത്താണ്. അതാണ് പില്‍ക്കാലത്ത് ജനതാ ഗ്രന്ഥാലയം ആന്റ് വായനശാല എന്ന സ്ഥാപനമായി ഉയര്‍ന്നത്. ഈ വായനശാല കേന്ദ്രമാക്കി കലാസാംസ്കാരിക പ്രവര്‍ത്തനം പുന്നപ്പാല മേഖലയില്‍ വ്യാപിപ്പിക്കുന്നതില്‍ യശഃശരീരരായ അപ്പുമാസ്റ്റര്‍, അപ്പുണ്ണിമാസ്റ്റര്‍ എന്നിവര്‍ മുന്‍പന്തിയില്‍ നിന്നിരുന്നു. 1960-കളോടെ നടുവത്തും, പത്തിരിയാലിയിലും എറിയാടും മൂന്ന് വായനശാലകള്‍ കൂടി വന്നതോടെ ഈ പഞ്ചായത്തിലെ സാംസ്കാരികരംഗം കൂടുതല്‍ സജീവമായി.