ചരിത്രം

ഭരണ ചരിത്രം

തിരുപുറം വില്ലേജിന്റെ പരിധിയിലാണ് തിരുപുറം പഞ്ചായത്ത് ഇപ്പോഴും. പൂവാര്‍ പഞ്ചായത്തും തിരുപുറം വില്ലേജിന്റെ പരിധിയിലാണ്. 1952-ലാണ് ആദ്യമായി പഞ്ചായത്ത് രൂപീകരിച്ചതും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവില്‍ വന്നതും. 1952-ലെ ഭരണ സമിതിയുടെ പ്രസിഡണ്ട് കുഞ്ഞുമൂസകുഞ്ഞ് ആയിരുന്നു. തിരുപുറം പഞ്ചായത്തിലെ മുടന്താണിയിലുളള എം.പത്മനാഭന്‍ നാടാരുടെ വക കെട്ടിടത്തിലാണ് പഞ്ചായത്തോഫീസ് ആദ്യം പ്രവര്‍ത്തിച്ചിരുന്നത്. അതിനുശേഷം പഴയകട കൃഷ്ണന്‍കുട്ടി നായരുടെ വക കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തിച്ചു. പിന്നീട് 1965 ജനുവരി 31 ന് ഇന്നു കാണുന്ന പഞ്ചായത്തോഫീസ് ഉദ്ഘാടനം ചെയ്തു. 1969 സെപ്തംബര്‍ 25-ാം തീയതി തിരുപുറം പഞ്ചായത്ത് തിരുപുറം, പൂവാര്‍ എന്നീ പഞ്ചായത്തുകളായി വിഭജിക്കപ്പെട്ടു. ഇന്നു കാണുന്ന വിധത്തിലുളള പഞ്ചായത്ത് പ്രത്യേകമായി രൂപീകരിക്കപ്പെട്ടത് അന്നാണ്. നിലവിലുണ്ടായിരുന്ന 12 മെമ്പര്‍മാരില്‍ 8 പേര്‍ പൂവാര്‍ പഞ്ചായത്തിലേക്കും ബാക്കി വന്ന 4 പേര്‍ തിരുപുറം പഞ്ചായത്തിലും നിലനിന്നു. 1975 നവംബര്‍ 29-ാം തീയതി മുതല്‍ ഗവണ്‍മെന്റ് നോമിനേറ്റ ചെയ്ത ആറ് പുതിയ മെമ്പര്‍മാരെക്കൂടി പഞ്ചായത്തുകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. 20-10-84 മുതല്‍ 5-2-1988 വരെ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി നിലവിലില്ലായിരുന്നു. ഈ സമയത്ത് താലൂക്ക് പഞ്ചായത്തോഫീസറാണ് കമ്മിറ്റിയുടെ ചുമതല വഹിച്ചിരുന്നത്.

സംസ്ക്കാരിക ചരിത്ര പശ്ചാത്തലം

മത മൈത്രിയുടെയും സംസ്കാര സമ്പന്നതയുടെയും ഈറ്റില്ലമാണ് ഈ ഗ്രാമം. തിരുവിതാംകൂറിന്റെ യുവരാജാവായിരുന്ന മാര്‍ത്താണ്ഡ വര്‍മ്മ എട്ടുവീട്ടില്‍ പിളളമാരുടെ കൈയ്യില്‍ പെടാതെ ഒളിച്ചു താമസിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ പ്രധാനമാണ് തിരുപുറം ഗ്രാമത്തിനടുത്ത പൂവാര്‍. മാര്‍ത്താണ്ഡ വര്‍മ്മയുടെയും, രാജാ കേശവദാസിന്റേയും, സാനിധ്യം ഒരുപോലെ അനുഭവിച്ചതാണ് നെയ്യാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം. സംഹാരത്തിന്റെ പ്രതീകമായ ശിവന്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശമാണ് തിരുപുറം. ഭദ്രകാളിയുടെയും, അയ്യപ്പന്റെയും, ശ്രീകൃഷ്ണന്റെയും പ്രത്ഷ്ഠകളുള്ള ക്ഷേത്രങ്ങളും ഇവിടെയുണ്ട്. തിരുപുറം ശ്രീമഹാദേവര്‍ക്ഷേത്രം, ഇരുവൈക്കോണം മുടിപ്പുര, കുമിളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം തിരുപുറം കോക്സ്മെമ്മോറിയല്‍ ദേവാലയം, വട്ടവിള സെന്റ് ജോസ് ദേവാലയം, പത്തനാവിള സാന്റ് ജോസ് ദേവാലയം മുതലായ ക്ഷേത്രങ്ങളും ക്രിസ്ത്രീയ ദേവാലയങ്ങളുമാണ് ഈ ഗ്രാമത്തിലെ പ്രധാന ആരാധനാ കേന്ദ്രങ്ങള്‍. ഈ ദേവാലയങ്ങളോട് അനുബന്ധിച്ച് നടത്തുന്ന സ്കൂളുകളും, ആര്‍ട്ട്സ് ക്ളബ്ബുകളും സാംസ്ക്കാരിക കേന്ദ്രങ്ങളും, സാംസ്കാരിക വളര്‍ച്ചയ്ക്ക് സഹായകമാകുന്നുണ്ട്. പഞ്ചായത്തിലെ പ്രധാനപ്പെട്ട ഉത്സവങ്ങളായ ശ്രീമഹാദേവര്‍ക്ഷേത്രത്തിലെ ആറാട്ടും, മുടിപ്പുരയിലെ തുക്കമഹോത്സവവും, തിരുകുടുംബ ദേവലായത്തിലെ സപ്രപ്രദിക്ഷണവും സെന്റ് ജേക്കബ് ചര്‍ച്ചിലെ തിരുനാളുമെല്ലാം പഞ്ചായത്തിലെ ജനങ്ങള്‍ ജാതിമത ഭേദമെന്യേ ആഘോഷിക്കാറുണ്ട്. പഞ്ചായത്തില്‍ സാംബവര്‍, പുലയര്‍, വേടര്‍, പരവര്‍, മണ്ണാന്‍, തണ്ടാന്‍ തുടങ്ങിയ പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങളുണ്ട്. പഞ്ചായത്തില്‍ ദര്‍പ്പനിന്നകോളനി, തിരുപുറം ഹരിജന്‍കോളനി, ഇരുവൈക്കോണം കോളനി, നെടിയവിള പറയന്‍വിള കോളനി, നുളളിയോട് തോട്ടം കോളനി, അരുമാനൂര്‍ ലക്ഷംവീട് കോളനി, കാരയ്ക്കാവിള കോളനി, പത്തനാവിള കോളനി, മാന്‍കുളം കോളനി തുടങ്ങിയ 9 കോളനികളുണ്ട്. വിദ്യാഭ്യാസ മേഖലയിലെ ശ്രദ്ധേയമായ വസ്തുത പഞ്ചായത്തിലെ ഇടത്തരക്കാരായ ആളുകള്‍പോലും തങ്ങളുടെ കുട്ടികളെ നഗരത്തിലെ കോണ്‍വെന്റ് സ്കൂളുകളില്‍ വിദ്യാഭ്യാസം ചെയ്യിക്കുവാന്‍ വ്യഗ്രത കാട്ടുന്നു എന്നതാണ്. ഉപരിപഠനത്തിന് പ്രധാനമായും നഗരങ്ങളിലെ കോളേജുകളേയും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെയുമാണ് ആശ്രയിക്കുന്നത്.

പ്രമുഖ വ്യക്തിത്വങ്ങള്‍

തിരുപുറം പഞ്ചായത്തിന്റെ രാഷ്ട്രീയ-സാമൂഹ്യചരിത്രം പരിശോധിച്ചാല്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ പ്രമുഖമായ ഒരു സ്ഥാനം ഈ നാടിനുണ്ട്. നെയ്യാറ്റിന്‍കര താലൂക്കിലെ പ്രധാനപ്പെട്ട പല സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും ജന്മം നല്‍കിയ ഭൂമിയാണിത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരില്‍ രണ്ടു പ്രമുഖ വ്യക്തികളായിരുന്നു തിരു-കൊച്ചി നിയമസഭയില്‍ അംഗമായിരുന്ന അഡ്വ:കുഞ്ഞന്‍നാടാരും നിരവധി വര്‍ഷം തിരുപുറം പഞ്ചായത്ത് അംഗമായിരുന്ന കെ.പി.നാടാരും. അതുപോലെ തന്നെ തിരു-കൊച്ചി നിയമ സഭയില്‍ അംഗമായിരുന്ന കെ.എം.ശങ്കരന്‍നാടാരും ഈ പ്രദേശത്തുനിന്ന് ചരിത്രത്തില്‍ സ്ഥാനം നേടിയ വ്യക്തിയായിരുന്നു. സര്‍ക്കാര്‍ സേവനത്തിനിടയില്‍ 1952-ല്‍ ചരമം പ്രാപിച്ച് പോലീസ് സബ്ഇന്‍സ്പെക്ടറായിരുന്ന വേലായുധന്‍നാടാരും ഈ പഞ്ചായത്തിലാണ് ജനിച്ചത്. കിസ്തീയ മഹത്ഗാനങ്ങള്‍ രചിച്ച് പ്രശസ്തനായ മോശവത്സലം ശാസ്ത്രിയാരുടെ ജന്മം കൊണ്ടും ധന്യമായ ഭൂമിയാണ് ഈ ഗ്രാമം.