ചരിത്രം

1940 വരെ പഞ്ചായത്തില്‍ സവര്‍ണ്ണ ഭൂവുടമകളും അവരുടെ ആശ്രിതരായ പട്ടികവര്‍ഗ്ഗക്കാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. നെല്‍കൃഷിയായിരുന്നു പ്രധാന ജീവനോപാധി. വയലുകള്‍ ദേവസ്വം വകയും കരഭൂമികള്‍ റവന്യൂവിന്റെ അധീനതയിലും ആയിരുന്നു. പഞ്ചായത്തില്‍ വിദേശികളാരംഭിച്ച കാപ്പിത്തോട്ടങ്ങള്‍ മറ്റുളളവര്‍ക്ക് പിന്നീട് മാതൃകയായി. ആദ്യ കാലങ്ങളില്‍ അടിമ വേല സമ്പ്രദായമായിരുന്നു നിലവിലുണ്ടായിരുന്നത്.1941-ല്‍ ആണ് തിരുവിതാംകൂറില്‍ നിന്നും കുടിയേറ്റം ആരംഭിച്ചത്. കുടിയേറ്റ കര്‍ഷകരുടെ വരവോടു കൂടി കരയിലും കൃഷികള്‍ ആരംഭിച്ചു. നരനിരങ്ങി, ബ്രഹ്മഗിരി മലകളാല്‍ ചുറ്റപ്പെട്ടതും ചെറിയ കുന്നുകളും പാടങ്ങളും നിറഞ്ഞതുമായ ഭൂപ്രദേശമാണ് തിരുനെല്ലി പഞ്ചായത്ത്. വയനാട്ടിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടെ മഴ കുറവാണ്. പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും വിവിധ കൃഷികള്‍ക്ക് അനുയോജ്യമായ ഫലഭൂയിഷ്ഠമണ്ണാണ് ഉള്ളത്. മൊത്തം വിസ്തീര്‍ണ്ണത്തിന്റെ 72% ഭാഗവും വനങ്ങളാണ്. ഈ വനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വയനാട് വന്യജീവിസങ്കേതത്തിന്റെ ഭാഗമാണ്. പഞ്ചായത്തിലെ ജനസംഖയുടെ 33% പട്ടിക വര്‍ഗ്ഗക്കാരായിരുന്നു.അടിമ വ്യവസ്ഥയില്‍ തൊഴില്‍ ചെയ്തിരുന്ന തൊഴിലാളികള്‍ ഇന്നത്തെ അവസ്ഥയിലേക്ക് പുരോഗമിച്ചതില്‍ ഇവിടുത്തെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്ക് പങ്കുണ്ട്. 1946-ല്‍ വയലില്‍ നെല്ലിനു കാവല്‍ കിടക്കുന്നതിനു കമ്പിളി ആവശ്യപ്പെട്ടുകൊണ്ട് നടത്തിയതാണ് ആദ്യത്തെ അവകാശ സമരം.കാര്‍ഷിക മേഖലയായിരുന്ന ഈ പഞ്ചായത്തിലെ കൃഷിഭൂമികള്‍ ആദ്യകാലത്ത് ജന്മിമാരുടേയും ദേവസ്വത്തിന്റേയും റവന്യൂവിന്റേയും കൈകളിലായിരുന്നു. ഭൂപരിഷ്കരണനടപടികളിലൂടെയാണ് ചെറുകിട കര്‍ഷകരുടെ കൈകളില്‍ കൃഷിഭൂമി എത്തിച്ചേര്‍ന്നത്. ഇന്നും കരഭൂമിയില്‍ വലിയൊരു ഭാഗം വന്‍കിട എസ്റേറ്റായി നിലകൊള്ളുന്നു. കേവലം നെല്‍കൃഷിയില്‍ ഒതുങ്ങി നിന്നിരുന്ന കാര്‍ഷികമേഖല 1941-ല്‍ ആരംഭിച്ച കുടിയേറ്റക്കാരുടെ വരവോടുകൂടി നാണ്യവിളയിലേക്കും വ്യാപിച്ചു. അതോടുകൂടി കാര്‍ഷികമേഖലയിലെ കുതിച്ചു കയറ്റത്തിന് സാദ്ധ്യതയേറി. കാര്‍ഷിക മേഖലയിലെ പ്രോല്‍സാഹനത്തിന് എന്‍.ഇ.എസ്സ് ബ്ളോക്ക്, കൃഷി വകുപ്പ് എന്നിവയുടെ പ്രവര്‍ത്തനം സഹായകമായിട്ടുണ്ട്. പണ്ടുകാലങ്ങളില്‍ കര്‍ഷകരുടെ സാമ്പത്തികാവശ്യം നിറവേറ്റിയിരുന്നത് മറ്റുപ്രദേശങ്ങളിലെ പോലെതന്ന ഈ പഞ്ചായത്തിലും സ്വകാര്യ പണമിടപാടുകാരായിരുന്നു. അതില്‍ നിന്നും മോചനം സാധ്യമായത് ഐക്യനാണയ സംഘമായി പ്രവര്‍ത്തനം ആരംഭിച്ച ഇന്നത്തെ തിരുനെല്ലി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആവിര്‍ഭാവത്തോടെയാണ്. കൂടാതെ 1976-ല്‍ പ്രവര്‍ത്തനം തുടങ്ങിയ നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കും കാര്‍ഷിക വായ്പാമേഖലയില്‍ സഹായകമായി വര്‍ത്തിക്കുന്നു.ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് സെര്‍വന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍, തിരുനെല്ലിയില്‍ ആരംഭിച്ച ഇപ്പോഴത്തെ എസ്.എ.എല്‍.പി സ്കൂള്‍ ആണ് ഈ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം. തുടര്‍ന്ന് 1932-ല്‍ തൃശ്ശിലേരിയില്‍ ത്രിനേത്രന്‍ ഹിന്ദു ബോയ്സ് സ്കൂളും 1942-ല്‍ കാട്ടിക്കുളത്ത് സി എസ് ഐ സഭയുടെ ആഭമുഖ്യത്തില്‍ ഒരു സ്കൂളും സ്ഥാപിതമായി. ഈ രണ്ടു വിദ്യാലയങ്ങളും പിന്നീട് മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് ഏറ്റെടുക്കുകയും ചെയ്തു. ഇവ രണ്ടും ഇപ്പോള്‍ സര്‍ക്കാര്‍ ഹൈസ്കൂളുകളാണ്.ദേശീയതലം വരെ ഖ്യാതി നേടിയ കായിക പ്രതിഭകളുള്ള ഒരു ഗ്രാമമായിരുന്നു ഒരിക്കല്‍ തിരുനെല്ലി. വയനാട് ജില്ല രൂപികരിക്കപ്പെട്ടതിനുശേഷം തുടര്‍ച്ചയായി ആറു വര്‍ഷത്തോളം കാലം സ്കൂള്‍ കായിക മേളയില്‍ ചാമ്പ്യന്മാരായിരുന്നു തൃശ്ശിലേരി ഗവണ്‍മെന്റു ഹൈസ്കൂള്‍ സംസ്ഥാനതലത്തിലോ ദേശീയ തലത്തില്‍ തന്നെയോ പ്രസിദ്ധമായ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങള്‍, ബാവലി മഖാം, ക്രിസ്തീയ ദേവാലയങ്ങള്‍ എന്നിവ തിരുനെല്ലിയുടെ ചരിത്രവുമായും സംസ്കാരവുമായും ഇഴുകി ചേര്‍ന്നിരിക്കുന്നു.