തിരുനെല്ലി

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കില്‍ മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന തിരുനെല്ലി, തൃശ്ശിലേരി എന്നീ റവന്യൂ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് തിരുനെല്ലി ഗ്രാമപഞ്ചായത്ത്. 1937 മെയ് 14-ന് മദിരാശി സര്‍ക്കാരിന്റെ പഞ്ചായത്ത് മാനുവല്‍ പ്രകാരം തിരുനെല്ലി പഞ്ചായത്ത് രൂപീകൃതമായി.പഞ്ചായത്തിന്റ്െ വിസ്തീര്‍ണ്ണം 201.6 ച.കി.മീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കര്‍ണ്ണാടകം, തെക്ക് മാനന്തവാടി പഞ്ചായത്ത്, കിഴക്ക് കര്‍ണ്ണാടകം, പുല്‍പ്പള്ളി പഞ്ചായത്ത്, പടിഞ്ഞാറ് മാനന്തവാടി പഞ്ചായത്ത് എന്നിവയാണ്. ഇരുന്നൂറിലേറെ ചതുരശ്ര കി.മീ. വിസ്തീര്‍ണ്ണമുള്ള തിരുനെല്ലി ഗ്രാമപഞ്ചായത്ത് സുന്ദരമായ ഭൂപ്രകൃതി കൊണ്ട് അനുഗ്രഹീതമാണ്. ഉണ്ണിയച്ചി ചരിത്രത്തിലും ബ്രഹ്മപുരാണത്തിലും പ്രതിപാദിക്കപ്പെടുന്ന ഈ ഗ്രാമം ചരിത്രാതീത കാലം മുതല്‍ക്കു തന്നെ വളരെയേറെ പ്രാധാന്യമര്‍ഹിച്ചിരുന്നു. “തിരുഗ്രാമം” തിരുനെല്ലിയായതും ‘തിരിച്ചരുളി” തൃശ്ശിലേരി യായതുമൊക്കെ മിത്തുകളായി കണക്കാക്കാം.വിപ്ളവത്തിന്റെ തീജ്വാലകള്‍ ആവാഹിച്ചെടുത്ത് സ്വന്തം ജീവിതം തന്നെ തീജ്വാലയില്‍ ഹോമിച്ച വര്‍ഗ്ഗീസിന്റെ രാഷ്ട്രീയ സംസ്കാരവുമായി ഈ ഗ്രാമം ബന്ധപ്പെട്ടു കിടക്കുന്നു. സുപ്രസിദ്ധ നോവലിസ്റ്റ് പി.വത്സല നെല്ല്, ആഗ്നേയം, കൂമന്‍കൊല്ലി തുടങ്ങിയ സൃഷ്ടികളിലൂടെ ഈ ഗ്രാമത്തെ അനശ്വരമാക്കിയിരിക്കുന്നു. തെക്കന്‍ കാശി എന്നറിയപ്പെടുന്ന തിരുനെല്ലിക്ഷേത്രവും പ്രസിദ്ധമായ തൃശ്ശിലേരി ക്ഷേത്രവും ഈ പഞ്ചായത്തിലാണ്. പുരാതനമായ ബാവലി മഖാമും അവിടത്തെ നേര്‍ച്ചയും പ്രസിദ്ധമാണ്. നാഗര്‍ഹോള നാഷണല്‍ പാര്‍ക്ക് ഈ പഞ്ചായത്തിന്റെ അതിര്‍ത്തിയിലാണ്. അപൂര്‍വ്വ സസ്യങ്ങളുടേയും, ഔഷധ സസ്യങ്ങളുടേയും ശേഖരമാണ് ഈ പഞ്ചായത്തിലെ വനങ്ങള്‍. ജനങ്ങളുടെ പ്രധാന തൊഴില്‍ കൃഷിയാണ്. രണ്ട് അന്തര്‍ സംസ്ഥാന റോഡുകള്‍ പഞ്ചായത്ത് തലസ്ഥാനമായ കാട്ടുകുളത്തു കൂടി കടന്നുപോകുന്നു.