തിരുമിറ്റക്കോട്

പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കില്‍ തൃത്താല ബ്ളോക്കിലാണ് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തിരുമിറ്റക്കോട് ഒന്ന്, തിരുമിറ്റക്കോട് രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 32.31 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് തൃത്താല പഞ്ചായത്തും ഭാരതപ്പുഴയും, കിഴക്കുഭാഗത്ത് വരവൂര്‍, ദേശമംഗലം പഞ്ചായത്തുകളും, തെക്കുഭാഗത്ത് കടങ്ങോട്,വരവൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് നാഗലശ്ശേരി പഞ്ചായത്തുമാണ്. കേരളപ്പിറവിക്കു മുമ്പ് പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറില്‍പ്പെട്ട പ്രദേശമായിരുന്നു തിരുമിറ്റക്കോട്. നിളയോടു ചേര്‍ന്നുകിടക്കുന്ന തിരുമിറ്റക്കോട് വള്ളുവനാടിന്റെ മുഴുവന്‍ ഗ്രാമഭംഗിയും ആവാഹിച്ചെടുത്തിട്ടുണ്ട്. പഴയ പൊന്നാനി താലൂക്കില്‍, തൃത്താല ഫര്‍ക്കയില്‍ പെരിങ്കനൂര്‍, ചാഴിയാട്ടിരി എന്നീ അംശങ്ങളുമായി അതിര്‍വരമ്പിട്ടുകൊണ്ട്, കുന്നുകളും സമതലങ്ങളുമൊക്കെ നിറഞ്ഞ പ്രകൃതിരമണീയമായ തിരുമിറ്റക്കോട് ഗ്രാമം, കോഴിക്കോട് സാമൂതിരിയുടെ മേല്‍ക്കൊയ്മയ്ക്കു കീഴിലായിരുന്നു എന്ന് പറയപ്പെടുന്നു. കടങ്ങോട് കാടിനും, തലപ്പിള്ളി താലൂക്കിനും, ഭാരതപ്പുഴയ്ക്കുമിടയിലായി കിടക്കുന്ന തിരുമിറ്റക്കോട് പ്രദേശം ഒട്ടനവധി ക്ഷേത്രങ്ങളും, മനകളുമൊക്കെ നിറഞ്ഞതായിരുന്നു. തെക്കന്‍കാശി എന്നറിയപ്പെടുന്നതും, പുരാണപ്രസിദ്ധവും, നയനമനോഹരമായ ശില്പചാതുരി നിറഞ്ഞതുമായ തിരുമിറ്റക്കോട് അഞ്ചുമൂര്‍ത്തിക്ഷേത്രം നിരവധി ഭക്തരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. സ്മാര്‍ത്തവിചാരത്തിലൂടെ മലയാളിയുടെ മനസാക്ഷിയ്ക്കും കപടധാര്‍മ്മികതയ്ക്കും മുമ്പില്‍ ചോദ്യചിഹ്നമുയര്‍ത്തിയ താത്രിക്കുട്ടിയുടെ സ്മരണകളിരമ്പുന്ന ഇല്ലപ്പറമ്പുകള്‍ സ്ഥിതിചെയ്യുന്നതും ഇവിടെയടുത്തു തന്നയാണ്. ഭൂപ്രകൃതി അനുസരിച്ച് തിരുമിറ്റക്കോട് പഞ്ചായത്തിനെ കുന്നിന്‍പ്രദേശങ്ങള്‍, താഴ്വാരങ്ങള്‍, സമതലങ്ങള്‍ എന്നിങ്ങനെ പ്രധാനമായി മൂന്നായി തരം തിരിക്കാം. ഒട്ടേറെ കുന്നുകളും അവയുടെ താഴ്വാരങ്ങളും, സമതലങ്ങളും ചേര്‍ന്നതാണ് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് എന്നു മൊത്തത്തില്‍ വിലയിരുത്താം. കടങ്ങോടുകാടും മലകളും പഞ്ചായത്തിന്റെ തെക്കേ അതിരിന് അതിര്‍വരമ്പിടുന്നു. മേലേപുരകുന്ന്, മലയകം കല്ലുവക്കുന്ന്, കോമളാര്‍കാട്, ചേമ്പ്രകുന്ന്, എറാന്‍കുന്ന്, മാമ്പഴകുന്ന്, എടപ്പറ്റകുന്ന്, പിണ്ടാലികുന്ന്, തോരകുന്ന്, തൂക്കാരംകുന്ന്, പാലംപറ്റക്കുന്ന്, ചെര്‍ള്ളാച്ചിക്കുന്ന്, ഓടുപാറക്കുന്ന്, കടെങ്കരക്കുന്ന് എന്നിവയാണ് പ്രധാനകുന്നുകള്‍. തെക്കന്‍ മേഖലയിലേയും, വടക്കുകിഴക്കന്‍ മേഖലയിലേയും കുന്നുകളില്‍ കരിങ്കല്ല് ധാരാളമായി ഉണ്ട്.