പഞ്ചായത്തിലൂടെ

തേഞ്ഞിപ്പലം - 2010

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കില്‍ തിരൂരങ്ങാടി ബ്ളോക്കിലാണ് തേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1964ലാണ് ആദ്യത്തെ പഞ്ചായത്ത് ബോര്‍ഡ് നിലവില്‍ വന്നത്. 17.32 ച.കി.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിനെ 17 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ചേലേമ്പ്ര, പള്ളിക്കല്‍ പഞ്ചായത്തുകള്‍, കിഴക്ക് പള്ളിക്കല്‍, കണ്ണമംഗലം പഞ്ചായത്തുകള്‍, തെക്ക് മൂന്നിയൂര്‍, എ.ആര്‍.നഗര്‍ പഞ്ചായത്തുകള്‍ പടിഞ്ഞാറ് വള്ളിക്കുന്ന് , ചേലേമ്പ്ര പഞ്ചായത്തുകള്‍ എന്നിവയാണ്. തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ മൊത്തം ജനസംഖ്യ 48612 ആണ്. ഇതില്‍ 24503 പേര്‍ സ്ത്രീകളും 24109 പേര്‍ പുരുഷന്‍മാരുമാണ്. മൊത്തം ജനതയുടെ സാക്ഷരത നിരക്ക് 72% ആണ്. ഭൂപ്രകൃതി അനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന പഞ്ചായത്താണ് തേഞ്ഞിപ്പലം താരതമേന്യേ ഏകരൂപകമായ കാലാവസ്ഥയുള്ള ഈ പ്രദേശത്തെ പ്രധാന കൃഷി തെങ്ങാണ്. ആര്യന്‍, പാന്തകുട്ടാന്‍, വെള്ളരി, മുണ്ട എന്നീ പ്രാദേശീക നെല്ലിനങ്ങള്‍ നെല്‍കൃഷിക്കാര്‍ ഉപയോഗിച്ചുവരുന്നു. രണ്ടാം വിളയുടെ കാലത്ത് വെണ്ട, പാവല്‍, മത്തന്‍, വെള്ളരി, കുമ്പളം, പടവലം, ചിരങ്ങ, പാവയ്ക്ക, പയറുവര്‍ഗ്ഗം എന്നിവ കൃഷിചെയ്യുന്നു. വാഴ, മരച്ചീനി, മാവ്, പ്ളാവ്, കശുവണ്ടി, കവുങ്ങ് എന്നിവ കൂടാതെ കരിമുണ്ട, പന്നിയൂര്‍ എന്നീ കരുമുളക് വിത്തിനങ്ങളും പഞ്ചായത്തില്‍ കൃഷി ചെയ്യുന്നുണ്ട്. പഞ്ചായത്തിന്റെ അതിര്‍ത്തി കൂടിയായ കടലുണ്ടിപ്പുഴയാണ് പഞ്ചായത്തിലൂടെ ഒഴുകുന്ന പ്രധാനപുഴ. ഉപരിതല ജലസ്രോതസ്സായ 15-ഓളം കുളങ്ങളും പഞ്ചായത്തിലുണ്ട്. കാക്കഞ്ചരി ബ്യൂട്ടിസ്പോട്ടാണ് പഞ്ചായത്തിലെ പ്രധാന കുന്ന്. സ്വകാര്യ കിണറുകളെ കൂടാതെ 67 പൊതുകിണറുകളും 160 പൊതുകുടിവെള്ള ടാപ്പുകളും പഞ്ചായത്തില്‍ ശുദ്ധജലവിതരണത്തിന് ഉപയോഗിക്കുന്നു. പഞ്ചായത്തിലെ വീഥികള്‍ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നതിനായി 400 തെരുവുവിളക്കുകള്‍ അങ്ങിങ്ങായി സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയുടെ 0.02% വനപ്രദേശമാണ്. (യുണിവേഴ്സിറ്റി വനം). യൂണിവേഴ്സിറ്റി ബ്യൂട്ടിസ്പോട്ടാണ് പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം. യൂണിവേഴ്സിറ്റി പാര്‍ക്കാണ് പഞ്ചായത്തിലെ പ്രധാന പാര്‍ക്ക്. കരിപ്പൂര്‍ വിമാനത്താവളമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളം. വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന് ഏറ്റവും അടുത്തുളള റെയില്‍വേ സ്റ്റേഷന്‍. ബേപ്പൂര്‍ തുറമുഖമാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്തുള്ള തുറമുഖം. രാമനാട്ടുകര ബസ് സ്റ്റാന്‍ഡാണ് പഞ്ചായത്തിന്റെ റോഡുഗതാഗതം കേന്ദീകരിച്ചിരിക്കുന്ന പ്രധാന സ്ഥലം. കടലുണ്ടിപ്പുഴ മുതല്‍ മണ്ണട്ടാംപാറ വരെ മുമ്പ് ബോട്ട് സര്‍വ്വീസ് ഉണ്ടായിരുന്നു എന്നതൊഴികെ നിലവില്‍ ജലഗതാഗതം പഞ്ചായത്തില്‍ ഇല്ല എന്നു തന്നെ പറയാം. ദേശീയപാതയായ എന്‍.എച്ച് 17 പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത് കൂടാതെ ചെറുതും വലുതുമായ 60 ഓളം റോഡുകള്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്നു. എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും നിരവധി ചെറുകിട, ഇടത്തരം വ്യവസായ യൂണിറ്റുകള്‍ പഞ്ചായത്തിലുണ്ട്. ആലുങ്ങള്‍ പപ്പടം, വി.കെ പപ്പടം, ജനത പപ്പടം, കോഹിനൂര്‍ പപ്പടം എന്നിങ്ങനെ നിരവധി ചെറുകിട പപ്പട നിര്‍മ്മാണ യൂണിറ്റുകള്‍ പഞ്ചായത്തില്‍ അങ്ങിങ്ങായി പ്രവര്‍ത്തക്കുന്നു. ദീപ്തി കയര്‍ കമ്പനി, ഓക്സിജന്‍ കമ്പനി തുടങ്ങി നിരവധി ഇടത്തരം വ്യവസായ യൂണിറ്റുകളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ പഞ്ചായത്തിലെ ചേളാരിയില്‍ ഒരു പെട്രോള്‍പമ്പും താഴെ ചേളാരിയില്‍ ഒരു ഗ്യാസ് ഏജന്‍സിയും പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 7 റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന മാവേലി സ്റ്റോറും, യൂണിവേഴ്സിറ്റി ബാങ്കിന് സമീപം പ്രവര്‍ത്തിക്കുന്ന നീതി സ്റ്റോറും പൊതുവിതരണ രംഗത്തെ മറ്റു സംവിധാനങ്ങളാണ്. ചേളാരി, ൂണിവേഴ്സിറ്റി എന്നിവയാണ് പഞ്ചായത്തിലെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങള്‍ യൂണിവേഴ്സിറ്റി മത്സ്യമാര്‍ക്കറ്റ് പഞ്ചായത്തിലെ പ്രധാനപ്പെട്ട മാര്‍ക്കറ്റാണ്. ഹിന്ദു, മുസ്ളീം, ക്രിസ്ത്യന്‍ മതവിഭാഗക്കാര്‍ സൌഹാര്‍ദ്ദത്തോടെ കഴിയുന്ന തേഞ്ഞിപ്പാലം പഞ്ചായത്തില്‍ നിരവധി ആരാധനാലയങ്ങളുണ്ട്. 13 ക്ഷേത്രങ്ങളും, 21 മുസ്ളീം പള്ളികളും പഞ്ചായത്തില്‍ അങ്ങിങ്ങായി നിലകൊള്ളുന്നു. കോഹിനൂര്‍ ചര്‍ച്ചാണ് പഞ്ചായത്തിലെ പ്രധാന ക്രൈസ്തവ ദേവാലയം. കോഹിനൂര്‍ അയ്യപ്പന്‍വിളക്ക്, പറമ്പത്ത്കാവ് പാട്ട് ഉത്സവം, കോഹിനൂര്‍ പള്ളിപ്പെരുന്നാള്‍ എന്നിങ്ങനെ നിരവധി ആഘോഷങ്ങള്‍ വിവിധ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട പഞ്ചായത്തില്‍ നടത്തിവരുന്നു. പൊതുപ്രവര്‍ത്തകരായ പി.എം.കമ്മൂഹളി, റ്റി.പി.അബുസാഹിബ്, അലിക്കുട്ടി ഹാളി എന്നിവര്‍ ഈ പഞ്ചായത്തിന്റെ അഭിമാനങ്ങള്‍ ആയിരുന്നു. ആലുങ്ങള്‍ ബ്രദേഴ്സ്, ഒരുമ്മ, യുണൈറ്റഡ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങള്‍ കലാ-കായിക-സാംസ്കാരിക രംഗത്തിന് പ്രോത്സാഹനമായി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യപരിപാലന രംഗത്ത്െ സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ പഞ്ചായത്തിലുണ്ട്. പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രം യുണിവേഴ്സിറ്റിയില്‍ സ്ഥിതിചെയ്യുന്നു. ഇതിന്റെ ഉപകേന്ദ്രങ്ങള്‍ കടക്കാട്ടുപാറ, ആലുങ്ങല്‍, ചെനക്കല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ ചെനക്കലങ്ങാടിയില്‍ ഒരു ആയൂര്‍വേദ ആശുപത്രി പ്രവര്‍ത്തിക്കുന്നു. ഡോക്ടേഴ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, തുളസി ആയൂര്‍വേദ ഹോസ്പിറ്റല്‍, പ്രശാന്തി ഹോസ്പിറ്റല്‍ എന്നിവ പഞ്ചായത്തിലെ ആരോഗ്യപരിപാലന രംഗത്തെ മറ്റ് സ്ഥാപനങ്ങള്‍ ആണ്. യുണിവേഴ്സിറ്റിയിലെ ആംബുലന്‍സ് സേവനവും പഞ്ചായത്തില്‍ ലഭ്യമാണ്. മൃഗസംരക്ഷ വകുപ്പിന് കീഴില്‍ ഒരു മൃഗാശുപത്രി പഞ്ചായത്തിലെ ചേളാരിയില്‍ പ്രവര്‍ത്തിക്കുന്നു. 1915ല്‍ പഞ്ചായത്തിലെ കൊയപ്പയില്‍ ജി.എം.എല്‍.പി.എസ് പ്രവര്‍ത്തനമാരംഭിച്ചതോടെയാണ് ആധുനിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തില്‍ തുടക്കം കുറിച്ചത്. കൊയപ്പ പ്രദേശത്ത് ഒരു എഴുത്തുപള്ളിയായിട്ടായിരുന്നു ഈ സ്ക്കുളിന്റെ തുടക്കം. 2010-ല്‍ എത്തിനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ 5 സ്ക്കുളുകളും, സ്വകാര്യമേഖലയില്‍ 6 സ്ക്കുളുകളും പ്രവര്‍ത്തിക്കുന്നു. കൂടാതെ ഉന്നത വിദ്യാഭ്യാസരംഗത്ത് 5 കോളേജുകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലബാറിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ കോഴിക്കോട് സര്‍വകലാശാല ഈ പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്. ദേശസാല്‍കൃത ബാങ്കുകളായ സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെയും ഫെഡറല്‍ ബാങ്കിന്റെയും ഓരോ ശാഖകള്‍ ചേളാരിയിലും എസ്.ബി.റ്റിയുടെ ഒരു ശാഖ യൂണിവേഴ്സിറ്റിയിലും പ്രവര്‍ത്തിക്കുന്നു. കൂടാതെ പഞ്ചായത്തിലെ കോഹിനൂരില്‍ തേഞ്ഞിപ്പാലം അര്‍ബന്‍ ബാങ്കും, ചേളാരിയില്‍ തേഞ്ഞിപ്പാലം സര്‍വ്വീസ് സഹകരണ ബാങ്കും പ്രവര്‍ത്തിക്കുന്നുണ്ട്. കടക്കാട്ടുപാറയിലെ യൂണിവേഴ്സിറ്റി ലൈബ്രറി പഞ്ചായത്തിലെ പ്രധാന വായനശാലയാണ്. പഞ്ചായത്തില്‍ രണ്ട് കല്യാണമണ്ഡപങ്ങളും ഒരു കമ്മ്യൂണിറ്റി ഹാളും ഉണ്ട്. പഞ്ചായത്തില്‍ നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൃഷിഭവനും, വില്ലേജ് ഓഫീസും പാണമ്പ്രയില്‍ സ്ഥിതി ചെയ്യുന്നു. ചെനക്കലങ്ങാടി ടെലിഫോണ്‍ എക്സ്ചേഞ്ചിന്റെ കീഴിലാണ് പഞ്ചായത്തിലെ ടെലിഫോണ്‍ ശൃംഖല പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തിലെ യുണിവേഴ്സിറ്റി, പാണമ്പ്ര, ചെനക്കലങ്ങാടി എന്നിവിടങ്ങളിലായി 3 തപാല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. തേഞ്ഞിപ്പാലം പഞ്ചായത്ത് ഓഫീസാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സര്‍ക്കാര്‍ ഓഫീസ്.