ചരിത്രം
സാമൂഹ്യചരിത്രം
അമ്മിക്കാടന് മലകളുടെ താഴ്വാരത്തിലുണ്ടായിരുന്ന കാടുനിറഞ്ഞ പ്രദേശം, താഴെക്കോടോ താഴെക്കോടയോ ആയതാവാം ഈ സ്ഥലനാമമെന്ന് അനുമാനിക്കപ്പെടുന്നു. പഴംപുരാണങ്ങളില്‍ ഏറെ പറയാറുള്ള ഭീമനാടും, അരക്കുപറമ്പും, കുന്തിപ്പുഴയും, ആലിപ്പറമ്പും, പെരുംതല്ല് നടന്ന പെരിന്തല്‍മണ്ണയും, വെട്ടത്ത് ഊരും, തച്ച നെട്ട് കര എന്ന തച്ചനാട്ടുകരയും ഈ പഞ്ചായത്തിന്റെ സമീപപ്രദേശങ്ങളാണ്. വിശ്വാസത്തിലും ആചാരനുഷ്ഠാനങ്ങളിലും വൈവിധ്യം പുലര്‍ത്തുമ്പോള്‍ തന്നെ, വള്ളുവനാടന്‍ സംസ്കാരത്തിന്റെ നേരവകാശികളുമാണ് ഇവിടുത്തെ ജനത. “ആളച്ചാര്” എന്നു വിളിക്കപ്പെടുന്ന ഗോത്രവര്‍ഗ്ഗമാണ് ഇവിടുത്തെ ആദിമനിവാസികള്‍. പഴയ കാലത്ത് അവര്‍ണ്ണവിഭാഗങ്ങള്‍ അതാതു ജന്മിമാരുടെ മേല്‍വിലാസത്തില്‍ തന്നെയായിരുന്നു അറിയപ്പെട്ടത്. അധ്വാനിക്കാതെ ജീവിച്ച സവര്ണ്ണജന്മിമാരെ, തീറ്റിപ്പോറ്റിയിരുന്ന ചെറുമക്കള്‍ അറക്കല്‍ നായന്മാരുടെ ആശ്രിതരായിട്ടായിരുന്നു ഇവിടേക്ക് ആദ്യമെത്തിപ്പെട്ടത്. തുടിപ്പാട്ടിലൂടെ നാടുണര്‍ത്തിയ പാണനെന്നും, കൈവേലയുടെ കരവിരുത് കാണിക്കുന്ന പറയനെന്നും, കാരിരുമ്പിന്റെ മഹത്വം പാടുന്ന കരുവാനെന്നുമൊക്കെ ഈ സാധുക്കളെ ആധുനിക സവര്‍ണ്ണചരിത്രകാരന്മാര്‍ പ്രീണനവിശേഷണങ്ങളില് തളച്ചിടാറുണ്ടെങ്കിലും ഫ്യൂഡല്‍ ജന്മിമാരുടെ ആവശ്യങ്ങളുടെ ഉപകരണങ്ങള്‍ മാത്രമായിരുന്നു ഇവിടെയും എവിടെയും അടിസ്ഥാനവര്‍ഗ്ഗം. പഴയകാലത്ത് താഴെക്കോട് ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും പാട്ടകുടിയാന്‍മാരായിരുന്നു. അതിനാല്‍ തന്നെ കൃഷിഭൂമി കൃഷിക്കാരനു കിട്ടുന്നതിനുവേണ്ടി നടന്ന പോരാട്ടങ്ങളില്‍ നിന്ന് വേറിട്ടു നില്ക്കുവാന് അവര്‍ക്കു കഴിയുമായിരുന്നില്ല. മിച്ചഭൂമി സമരത്തിലും താഴേക്കോട് പഞ്ചായത്തില്‍ ശക്തമായ മുന്നേറ്റങ്ങളുണ്ടായിട്ടുണ്ട്. കോഴിക്കോടിനെയും, പാലക്കാടിനെയും ബന്ധിപ്പിക്കുന്ന, നൂറ്റാണ്ടു പഴക്കമുള്ള റോഡ്, താഴെക്കോട് ഗ്രാമത്തിന്റെ വളര്‍ച്ചയിലെ നാഴികക്കല്ലാണ്. തൊട്ടുകൂടാത്തവരും, തീണ്ടിക്കൂടാത്തവരും, കെട്ടില്ലാത്തവരും, തമ്മിലുണ്ണാത്തവരുമായ ജാതിക്കോമരങ്ങള്‍ പുലര്‍ത്തിയിരുന്ന അയിത്തത്തെ ചോദ്യം ചെയ്തുകൊണ്ട്, താണ ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം നല്കുന്നതിനു നടന്ന ക്ഷേത്രപ്രവേശന പ്രക്ഷോഭത്തിന് അരക്കുപറമ്പിലെ ഉല്പ്പതിഷ്ണുക്കള് നേതൃത്വം കൊടുത്തത് പ്രത്യേകം പ്രസ്താവ്യമാണ്. 1930-കളില്‍, ആയിരായി എസ്റ്റേറ്റ് സ്ഥാപിക്കുന്നതിനായി തിരുവിതാംകൂറില്‍ നിന്നത്തിയ ക്രിസ്ത്യാനികുടുംബം പഞ്ചായത്തിലെ കുടിയേറ്റത്തിന് തുടക്കം കുറിച്ചു. മുസ്ളീങ്ങളുടെ വ്യാപാര തന്ത്രവും, ക്രിസ്ത്യാനികളുടെ കാര്ഷികതന്ത്രവും കൈകോര്‍ത്തപ്പോള്‍, ഈ ഗ്രാമം വികസനത്തിലേക്കുള്ള പടവുകള്‍ കയറിത്തുടങ്ങി. താഴെക്കോട് പഞ്ചായത്തിന്റെ പലഭാഗങ്ങളിലും കാണുന്ന “അയിരു മട”കള്‍, നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഈ പ്രദേശത്തു നടന്ന ഇരുമ്പുഖനനത്തിന്റെ ബാക്കിപത്രമാണ്. നഷ്ടപ്രതാപം പേറുന്ന പുവ്വത്താണി വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രമുഖ കച്ചവടകേന്ദ്രമായിരുന്നു. പെരിന്തല്‍മണ്ണക്കും മണ്ണാര്‍ക്കാടിനും ഇടയില്‍ പുവ്വത്താണിയില് തിങ്കളാഴ്ച ദിവസം നടന്നിരുന്ന ആഴ്ച ചന്ത പ്രസിദ്ധമായിരുന്നു. കരിങ്കല്ലത്താണി എന്ന സ്ഥലനാമത്തില്‍ നിന്നു തന്നെ അറിയാം പഴയ കാലത്ത് കരിങ്കല്ലുകൊണ്ടുള്ള അത്താണി സ്ഥാപിച്ചിരുന്ന സ്ഥലമായിരുന്നു അതെന്ന്. ഈ അത്താണി സ്ഥാപിച്ചത് കൊല്ലവര്‍ഷം 1055 മകരം 22 പനമണ്ണ കയറട്ട കിഴക്കേതില്‍ പറങ്ങോടന് നായര്‍ എന്ന വ്യക്തിയായിരുന്നുവത്രെ. പുന്നമണ്ണകുന്നത്ത് സ്ഥാപിക്കപ്പെട്ട സ്ക്കൂളാണ് പ്രദേശത്തെ ആദ്യവിദ്യാഭ്യാസകേന്ദ്രം. താലൂക്ക് ബോര്‍ഡ് നിലവില്‍ വന്നപ്പോള്‍ നായാട്ടുതൊടി എല്‍.പി.സ്ക്കൂളായി ഈ വിദ്യാലയം പരിവര്‍ത്തനം ചെയ്യപ്പെട്ടു. ഇന്നത്തെ തലമുറ കണ്ടിട്ടില്ലാത്ത, പഴയകാലത്ത് കോഴിക്കോട് - പാലക്കാട് റോഡിലൂടെ ഓടിയിരുന്ന കരിവണ്ടി ഏറെ കൌതുക ജനകമായിരുന്നു. 1982-ല്‍ ജനങ്ങളുടെ കൂട്ടായ്മയുടെ ഫലമായി ഒന്നകാല്‍ ലക്ഷം രൂപ സമാഹരിച്ച് ഡിബഞ്ചര്‍ പദ്ധതിയില്‍ പണമടച്ചിട്ടാണ് താഴെക്കോട് പഞ്ചായത്തില്‍ ആദ്യമായി വൈദ്യുതി ലഭിക്കുന്നത്. താഴെക്കോട് പഞ്ചായത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് കരിങ്കല്ലത്താണിയിലാണ് സ്ഥാപിക്കപ്പെട്ടത്. 1962-ല്‍ നിലവില്‍ വരുമ്പോള്‍ മൂന്നാം ഗ്രേഡ് ആയിരുന്ന താഴെക്കോട് പഞ്ചായത്ത്, 1983-ല്‍ ഒന്നാം ഗ്രേഡിലേക്കുയര്ന്നു. 1980-1981, 1981-1982 വര്‍ഷങ്ങളില്‍ ജില്ലയിലെ ഏറ്റവും നല്ല പഞ്ചായത്തിനുള്ള ട്രോഫി ലഭിച്ചു. 1983-1984 വര്‍ഷത്തില്‍ ഗ്രാമോത്സവ പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ ഈ പഞ്ചായത്ത് ജില്ലയിലെ സ്വാശ്രയ പഞ്ചായത്തുകളില്‍ ഒന്നാണ്.
സാംസ്കാരികചരിത്രം
വട്ടപ്പറമ്പ് മഹല്ല് ജുമാമസ്ജിദ് ആണ് പഞ്ചായത്തു പ്രദേശത്തെ ആദ്യ മുസ്ളീംപള്ളി. ഇവിടെനിന്നും 950 വര്‍ഷം മുമ്പ് രേഖപ്പെടുത്തപ്പെട്ട ചെമ്പുതകിടുകള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഈ പ്രദേശത്തെ ഏറ്റവും പ്രാചീനമായ ഹൈന്ദവ ആരാധനാലയം അരക്കുപറമ്പിലെ ശ്രീതിരുനാരായണപുരം ശിവക്ഷേത്രമാണ്. താഴെക്കോട് പഞ്ചായത്തിലെ ജനാധിവാസത്തിനു സഹസ്രാബ്ദം പഴക്കമുണ്ടെന്നതിന് തെളിവാണിത്. നേര്‍ച്ചയും, താലപ്പൊലിയും, പെരുന്നാളും, ഓണവും, വായനശാലാ വാര്‍ഷികങ്ങളുമെല്ലാം പഞ്ചായത്തില്‍ സമുചിതം കൊണ്ടാടാറുണ്ട്. ഇവയില്‍ എടുത്തു പറയാവുന്ന ആഘോഷങ്ങള്‍ കമ്മുസ്സൂഫിജാറത്തിലുള്ള ആണ്ടു നേര്‍ച്ചയും, മാട്ടറക്കല്‍ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന താലപ്പൊലി മഹോത്സവവും, വെള്ളപ്പാറ ക്രിസ്ത്യന്‍ പള്ളി തിരുനാളുമാണ്. ശൈവാരാധനയുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങള്‍ വച്ചുപുലര്‍ത്തുന്ന, കുടുംബപരദേവതകളെ പ്രതിഷ്ഠിച്ചിട്ടുള്ള മണ്ഡപപുരകള്‍ ചില ഹൈന്ദവവീടുകളിലുണ്ട്. ഭൂതവുംതിറയും, മുടിയാട്ടം, കോല്‍ക്കളി, ചവിട്ടുകളി, അയ്യപ്പന്‍വിളക്ക്, കാക്കരശ്ശിനാടകം തുടങ്ങിയ പഴയ അനുഷ്ഠാനകലാരൂപങ്ങള്‍ ഇന്നും അന്യംനിന്നുപോകാതെ സംരക്ഷിക്കപ്പെടുന്നുണ്ട്. മാപ്പിളപ്പാട്ടിന്റെ തനിമ കലര്‍ന്ന കഥാപ്രസംഗങ്ങള്‍ അവതരിപ്പിക്കപ്പെടുന്നതും വിരളമല്ല. 1970-കളുടെ പകുതി വരെ കൃഷിയെ മാത്രം ആശ്രയിച്ചിരുന്ന ഇവിടുത്തെ ജനവിഭാഗങ്ങളില്‍ നല്ലൊരുപങ്കും ഇന്ന് ഗള്ഫുമേഖലയിലാണ് തൊഴിലെടുക്കുന്നത്. സാമ്പത്തികരംഗത്ത് ഗള്‍ഫ് പണത്തിന്റെ സ്വാധീനം വിദ്യാഭ്യാസ ആരോഗ്യരംഗങ്ങളില്‍ വന്‍ പുരോഗതി ഉണ്ടാക്കിയിട്ടുണ്ട്. പഞ്ചായത്തില്‍ 12 വായനശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എഴുതാനറിയില്ലെങ്കിലും ഹിന്ദി, ഉറുദു, അറബിക്, ഇംഗ്ളീഷ് തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്ന ധാരാളം ആളുകള്‍ ഈ പഞ്ചായത്തിലുണ്ട്. അന്യസംസ്ഥാനങ്ങളിലെ തൊഴില്‍മേഖലയില്‍ പണിചെയ്യുന്നതും, പട്ടാളസേവനവും, വിദേശജോലിയുമാണ് ജനങ്ങള്‍ക്കിടയില്‍ വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളുടെ സ്വാധീനം കടന്നെത്താന്‍ സഹായിച്ചത്. പഞ്ചായത്തില്‍ ഗ്രാന്റ് വാങ്ങുന്ന മൂന്ന് വായനശാലകളുണ്ട്. ഇവ കേരള ഗ്രന്ഥശാലാ സംഘത്തോട് അഫിലീയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്നു.