പഞ്ചായത്തിലൂടെ

താഴെക്കോട്  - 2010

1962 ലാണ് താഴെക്കോട് ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവില്‍ വന്നത്. പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ വടക്ക് വെട്ടത്തൂര്‍, അലനല്ലൂര്‍(പാലക്കാട് ജില്ല) ഗ്രാമപഞ്ചായത്തുകള്‍, തെക്ക് ആലിപ്പറമ്പ്, തച്ചനാട്ടുകര(പാലക്കാട് ജില്ല)  ഗ്രാമപഞ്ചായത്തുകള്‍, കിഴക്ക് പാലക്കാട് ജില്ലയിലെ കോട്ടോപ്പാടം, തച്ചനാട്ടുകര ഗ്രാമപഞ്ചായത്തുകള്‍, പടിഞ്ഞാറ് പെരിന്തല്‍മണ്ണ നഗരസഭ എന്നിവയാണ്. 45.03 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ മൊത്ത ജനസംഖ്യയായ 37500 ല്‍ 19492 പേര്‍ സ്ത്രീകളും 18008 പേര്‍ പുരുഷന്‍മാരുമാണ്. 85 ശതമാനമാണ് ഇവിടുത്തെ സാക്ഷരതാ നിരക്ക്. ഭൂപ്രകൃതിയില്‍ ഇടനാട് വിഭാഗത്തില്‍ വരുന്ന താഴെക്കോട് ഗ്രാമപഞ്ചായത്തിലെ പ്രധാന കൃഷിവിളകള്‍ നെല്ല്, വാഴ, മരച്ചീനി, തെങ്ങ്, റബ്ബര്‍, കുരുമുളക്, അടക്ക എന്നിവയാണ്. 83 കുളങ്ങളും 65 പൊതുകിണറുകളുമാണ് പഞ്ചായത്തിന്റെ ജലസ്രോതസ്സ്. കൊടികുത്തിമല, അമ്മിനിക്കാടന്‍ മലനിരകള്‍ എന്നിവയാണ് പഞ്ചായത്തിലെ പ്രധാനമലകള്‍. ശുദ്ധജല വിതരണത്തിനായി 52 പൊതുകുടിവെള്ള ടാപ്പുകളുണ്ട്. പഞ്ചായത്തിന്റെ വീഥികളെ രാത്രികാലങ്ങളില്‍ പ്രകാശപൂരിതമാക്കുവാന്‍ 430 തെരുവ് വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളം, അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന്‍, പെരിന്തല്‍മണ്ണ ബസ് സ്റ്റാന്റ് എന്നിവയെയാണ് ഇവിടുത്തെ ജനങ്ങള്‍ പ്രധാനമായും യാത്രക്കായി ആശ്രയിക്കുന്നത്. പഞ്ചായത്തിന് ഏറ്റവും അടുത്തുള്ള ജലഗതാഗതകേന്ദ്രം ബേപ്പൂരാണ്. എന്‍.എച്ച് 213, കോഴിക്കോട്-പാലക്കാട് ദേശീയപാത പഞ്ചായത്തിലൂടെ കടന്നുപോകുന്നു. അങ്ങാടിതോട് പാലം, ബിഡാത്തിത്തോട് പാലം എന്നിവ പഞ്ചായത്തിലെ പ്രധാന പാലങ്ങളാണ്. ന്യൂട്രിമിക്സ് യൂണിറ്റ്, കറിപൌഡര്‍ നിര്‍മ്മാണം, റബ്ബര്‍പാല്‍ സംസ്കരണം, ബീഡി നിര്‍മ്മാണം എന്നിവയാണ് ഇവിടുത്തെ വ്യവസായങ്ങള്‍. പഞ്ചായത്തിലെ ഏക പെട്രോള്‍ പമ്പ് ഹിന്ദുസ്ഥാന്‍ പെട്രോളിയമാണ്. നീതി ഗ്യാസിന്റെ ഒരു ഗ്യാസ് ഏജന്‍സിയും ഇവിടുണ്ട്. പൊതുവിതരണ സംവിധാനത്തിന്‍ കീഴില്‍ 12 റേഷന്‍കടകളും ഒരു മാവേലിസ്റ്റോറും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിന്റെ വാണിജ്യമേഖല താഴേക്കോട്, കരിങ്കല്ലത്താണി, വില്ലേജ്പടി എന്നിവിടങ്ങളിലെ ഷോപ്പിംഗ് കോംപ്ളക്സുകള്‍ കേന്ദ്രീകരിച്ച് സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ സാംസ്കാരികമേഖലയില്‍ 8 മുസ്ളീം ആരാധനാലയങ്ങളും നാല് ക്ഷേത്രങ്ങളും രണ്ട് ക്രിസ്ത്യന്‍ ദേവാലയങ്ങളും സ്ഥിതി ചെയ്യുന്നു. കാപ്പുമുഖം താലപ്പൊലി മഹോത്സവം, നീര്‍പ്പുത്തൂര്‍ ശിവക്ഷേത്ര മഹോത്സവം എന്നിവ പ്രധാന ഉത്സവങ്ങളാണ്. കലാ-കായിക-സാംസ്കാരിക രംഗത്ത് പ്രോത്സാഹനം നല്‍കുവാനായി ഏഴ് സ്ഥാപനങ്ങള്‍ ഇവിടുണ്ട്. ഗ്രാമപഞ്ചായത്തിന്റെ ആരോഗ്യപരിപാലനരംഗത്ത് കരുത്ത് പകര്‍ന്ന് കരിങ്കല്ലത്താണി പ്രാഥമിക ആരോഗ്യകേന്ദ്രം ഉള്‍പ്പെടെ അലോപ്പതി, ആയുര്‍വ്വേദ, ഹോമിയോ വിഭാഗങ്ങളിലായി പത്ത് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നു. പാണമ്പി ഇ.എം.എസ് ആശുപത്രി ആംബുലന്‍സ് സൌകര്യം ലഭ്യമാക്കുന്നുണ്ട്. മൃഗാരോഗ്യസംരക്ഷണത്തിനായി കാപ്പുപറമ്പില്‍ സര്‍ക്കാര്‍ മൃഗാശുപത്രി പ്രവര്‍ത്തിക്കുന്നു. ഗ്രാമപഞ്ചായത്തിന്റെ വിദ്യാഭ്യാസരംഗത്ത് പുത്തന്‍ പ്രതിഭകളെ വാര്‍ത്തെടുക്കുവാനായി സര്‍ക്കാര്‍ മേഖലയില്‍ 12 സ്കൂളുകളും സ്വകാര്യമേഖലയില്‍ നാല് സ്കൂളുകളും സ്ഥാപിതമാണ്. ഇവിടുത്തെ ബാങ്കിംഗ് മേഖലയില്‍ ഫെഡറല്‍ ബാങ്കും സഹകരണമേഖലയിലെ ആറു ബാങ്കുകളും ഒരു സ്വകാര്യബാങ്കും പ്രവര്‍ത്തിക്കുന്നു. ജനങ്ങളുടെ വായനാശീലം വളര്‍ത്തുവാനായി നാല് വായനാശാലകളും ഇവിടെയുണ്ട്. പഞ്ചായത്തിലെ ഏക കമ്മ്യൂണിറ്റി ഹാള്‍ കരിങ്കല്ലത്താണിയില്‍ സ്ഥിതി ചെയ്യുന്നു. ഷാലിമാര്‍, സ്വാഗത് എന്നിവയാണ് പഞ്ചായത്തിലെ രണ്ടു കല്ല്യാണമണ്ഡപങ്ങള്‍. ഇവിടുത്തെ വൈദ്യുതി ബോര്‍ഡ് ഓഫീസ്, കൃഷിഭവന്‍, മൃഗാശുപത്രി എന്നിവ കാപ്പുപറമ്പില്‍ സ്ഥിതി ചെയ്യുന്നു.