താഴെക്കോട്
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍, പെരിന്തല്‍മണ്ണ ബ്ളോക്കിലാണ് താഴെക്കോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. താഴെക്കോട്, അരക്കുപറമ്പ് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന താഴെക്കോട് ഗ്രാമപഞ്ചായത്തിനു 45.03 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് വെട്ടത്തൂര്‍ പഞ്ചായത്തും, പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയും, പാലക്കാട് ജില്ലയിലെ അലനല്ലൂര്‍ പഞ്ചായത്തും, കിഴക്കുഭാഗത്ത് പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര, അലനല്ലൂര്‍, കോട്ടോപ്പാടം പഞ്ചായത്തുകളും, തെക്കുഭാഗത്ത് ആലിപ്പറമ്പ് പഞ്ചായത്തും, പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയുമാണ്. അമ്മിക്കാടന് മലകളുടെ താഴ്വാരത്തിലുണ്ടായിരുന്ന കാടുനിറഞ്ഞ പ്രദേശം, താഴെക്കോടോ താഴെക്കോടയോ ആയതാവാം ഈ സ്ഥലനാമമെന്ന് അനുമാനിക്കപ്പെടുന്നു. മലപ്പുറം ജില്ലയുടെ കിഴക്കേ അതിര്‍ത്തിയില്‍ അമ്മിനിക്കാടന്‍ മലനിരയുടെ മടിത്തട്ടില്‍ കിടക്കുന്ന ഭൂപ്രദേശമാണ് താഴെക്കോട് പഞ്ചായത്ത്. പഞ്ചായത്തിന്റെ വടക്കുഭാഗത്ത് തെക്കും ഉയരം കൂടിയ മലനിരകളും ഉയര്‍ന്ന കുന്നുകളുമാണ്. അവയ്ക്കിടയില്‍ അനേകം ചെറുകുന്നുകളും ഇടസ്ഥലങ്ങളില്‍ ചെറു വിസ്തൃതിയിലുള്ള താഴ്വരകളും കാണാം. പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ പടിഞ്ഞാറിനെ അപേക്ഷിച്ച ഉയര്‍ന്നതാണ്. ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ കുന്നിന്‍മണ്ട, കുത്തനെയുള്ള ചെരിവ്, ഉയര്‍ന്ന സമതലം, ചെറിയ ചെരിവ്, സമതലം, താഴ്വര എന്നിങ്ങനെ ആറ് മേഖലകളായി തരം തിരിക്കാം. ഏറ്റവും ഉയരം കൂടിയ പ്രദേശം സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കൊടികുത്തി മലയാണ്. ഉത്കൃഷ്ടമായ സാംസ്കാരികപാരമ്പര്യം കൈമുതലായുള്ള ഒരു ഗ്രാമമാണ് താഴെക്കോട്. മലപ്പുറം പാലക്കാട് ജില്ലകളുടെ അതിര്‍ത്തിയിലാണ് ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.