ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

തിരുപുറൈന്‍, ആര്‍ എന്നിങ്ങനെ രണ്ടു വാക്കുകള്‍ ലോപിച്ചുകൂടിയാണ് തൃപ്രയാര്‍ എന്ന സ്ഥലനാമമുണ്ടായത്. പൊറൈയന്‍ എന്നത് ചേരരാജാക്കന്മാരുടെ ബിരുദമാണ്. തൃപ്രയാറ്റപ്പന്റെ ക്ഷേത്ര ഊരായ്മസ്ഥാനം ചേലൂര്, പുന്നപ്പിള്ളി, ജ്ഞാനപ്പിള്ളി എന്നിങ്ങനെ മൂന്ന് നമ്പൂതിരി ഇല്ലങ്ങള്‍ക്കായിരുന്നു. ഈ മൂന്ന് ഇല്ലങ്ങളും ഇന്ന് സ്ഥിതിചെയ്യുന്നത് താന്ന്യം ഗ്രാമപഞ്ചായത്തിനുള്ളിലാണ്. ഈ മൂന്ന് മനകള്‍ക്കും അവരുടെ ഊരായ്മസ്ഥാനം അവര്‍ തമ്മിലുള്ള മത്സരത്തിന്റെ ഫലമായി നഷ്ടപ്പെടുകയും, തുടര്‍ന്ന് ക്ഷേത്രഭരണം കൊച്ചിരാജാവ് ഏറ്റെടുക്കുകയും ചെയ്തുവെന്നാണ് ചരിത്രം. താന്ന്യം ഗ്രാമപഞ്ചായത്തിന്റെ നാലുവശങ്ങളിലേക്കും നീണ്ടുകിടക്കുന്ന തൃപ്രയാര്‍ കാണം ഭൂമിയിലാണ് തൃപ്രയാര്‍ തേവരുടെ സഞ്ചാരപാതകള്‍. ആറാട്ടുപുഴപൂരത്തിന് പുറപ്പെടുന്ന തേവര്‍ സ്വന്തം ഭൂമിയില്‍ കൂടി മാത്രമാണ് സഞ്ചരിക്കാറുള്ളത്. തൃപ്രയാര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാവിഗ്രഹലക്ഷണം വിഷ്ണുവിന്റേതാണ്. എന്നാല്‍ ആറാട്ടുപുഴ പൂരത്തിന് എഴുന്നള്ളുന്നത് തേവരാണ്, അതായത് ശാസ്താവ്. ആര്യസംസ്കാരത്തിന്റെയും ദ്രാവിഡ സംസ്ക്കാരത്തിന്റെയും വേരുകള്‍ ഈ സവിശേഷതകളില്‍ കണ്ടെത്താം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാണ ഒരു പ്രദേശമായിരുന്നു ഇവിടം. ജന്മിത്തം അതിന്റെ സകല തിന്മകളോടും കൂടി ഇവിടെയും നിലനിന്നിരുന്നു. കുടികിടപ്പുകാരന്റെ ഭാഗത്തുനിന്ന് കാണുന്ന നിസാര തെറ്റുകള്‍ക്ക് കടുത്ത ശിക്ഷ നല്‍കുകയും, പ്രത്യേകകാരണമൊന്നുമില്ലാതെ ഭൂമിയില്‍നിന്ന് പുറത്താക്കുകയും ചെയ്യുന്ന ജന്മിമാര്‍ അക്കാലത്തുണ്ടായിരുന്നു. ഭൂപരിഷ്കരണം നടപ്പാക്കും വരെ ഇതായിരുന്നു സ്ഥിതി. അവര്‍ണ്ണര്‍ക്ക് കിട്ടിയ ജോലി പോലും ചെയ്യാന്‍ സവര്‍ണ്ണര്‍ അനുവദിച്ചിരുന്നില്ല. 1936 മുതല്‍ ഇവിടെ വിദ്യാര്‍ത്ഥിപ്രസ്ഥാനം സജീവമായി ദേശീയസ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്നു. കൊച്ചി പ്രജാമണ്ഡലത്തിന്റെ  പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. 1942-43 കാലത്ത് കാശ്മീരില്‍ വച്ച് നെഹ്രുവിന്റെ നേരെ ആക്രമണമുണ്ടായപ്പോള്‍ സ്വാതന്ത്ര്യസമരത്തില്‍ നേരിട്ട് പങ്കെടുക്കാത്തവര്‍പോലും പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കാന്‍ മുതിര്‍ന്നിട്ടുണ്ട്. സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ ഇന്നാട്ടുകാര്‍ പലരും അംഗങ്ങളായിരുന്നു. പഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്ന സര്‍ക്കാര്‍ പ്രൈമറി വിദ്യാലയ(ജി.എല്‍.പി.എസ്സ്)ത്തിന് 106 വര്‍ഷത്തെ പഴക്കമുണ്ട്. സോമശേഖരക്ഷേത്രപരിസരത്ത് ആരംഭിച്ച സംസ്കൃത വിദ്യാലയമാണ് പില്‍ക്കാലത്ത് മോഡല്‍ ജി.എല്‍.പി.എസ്സ് എന്നപേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഇന്ന് അമ്പലസ്കൂള്‍ എന്ന് അറിയപ്പെടുന്നതും ഈ വിദ്യാലയമാണ്. അന്ന് ചേര്‍പ്പിലും തൃശുരിലുമുള്ള ഹൈസ്കൂളുകളില്‍ പോയി പഠനം നടത്തിയ അപുര്‍വ്വം പേര്‍ ഈ നാട്ടില്‍ വിദ്യാഭ്യാസത്തിന്റെ പ്രകാശം എത്തിക്കാന്‍ സഹായിച്ചിട്ടുണ്ട്. പിന്നോക്കക്കാരില്‍ ആദ്യം ബിരുദം നേടിയത് തണ്ടാശ്ശേരി ശങ്കരന്‍മാസ്റ്ററും എ.ആര്‍.രാമനുമാണ്. ഇവര്‍ രണ്ടുപേരുമായിരുന്നു പഞ്ചായത്തിലെ ആദ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍. അയിത്തം തുടങ്ങിയ അനാചാരങ്ങള്‍ കൊടികുത്തിവാണ അക്കാലത്ത് അതിനെതിരെ പ്രതികരിക്കാനും ചില അവസരങ്ങളില്‍ കായികമായിത്തന്നെ നേരിടാനും ആത്മബലം കാണിച്ച തൊപ്പിയില്‍ ബാഹുലേയന്‍, തൊപ്പിയില്‍ ശങ്കരന്‍, കാരയില്‍ കുഞ്ഞിമാമ എന്നിവര്‍ സ്മരിക്കപ്പെടേണ്ടവരാണ്.കാരാട്ടുപറമ്പില്‍ കൃഷ്ണന്‍ ശ്രീനാരായണ പ്രസ്ഥാനത്തിന് ജനങ്ങള്‍ക്കിടയില്‍ പ്രചാരം കൊടുക്കാന്‍ നേതൃത്വം നല്‍കിയ വ്യക്തിയാണ്.പില്‍ക്കാലത്ത് നടന്ന കുടികിടപ്പുസമരത്തിന് ആവേശം പകര്‍ന്നത് ഈ നാടിന്റെ മേല്‍പ്പറഞ്ഞ സമരപശ്ചാത്തലമായിരുന്നു.അന്ന് ജന്മിയുടെ ഭൂമിയില്‍ കുടില്‍ വച്ചു താമസിക്കുന്നവര്‍ ഭൂമിസംരക്ഷണവും വിളസംരക്ഷണവും ഒരുപോലെ മേല്‍നോട്ടം വഹിച്ചുകൊള്ളണമെന്നായിരുന്നു അലിഖിത നിയമം. ഈ പണി ചെയ്യുന്നതിന് കുടികിടപ്പുകാരന് കിട്ടിയിരുന്നത് നാലോ അഞ്ചാ നാളികേരം മാത്രമായിരുന്നു. അതുതന്നെ കൊടുക്കുന്നത് ജന്മിയുടെ സന്മനസ്സുകൊണ്ടാണെന്ന് വിചാരിക്കാന്‍ പ്രേരിപ്പിക്കപ്പെട്ടവരായിരുന്നു എല്ലാ ദരിദ്രരും. പിന്നീട് ചില ജന്മിമാര്‍ കുടിയാന്മാര്‍ക്ക് ഓരോ കെട്ടുതെങ്ങ് നല്‍കാന്‍ നിര്‍ബ്ബന്ധിതരായി. നീണ്ടുനിന്ന സമരത്തിന്റെ ഫലമായിരുന്നു അത്. ജന്മം, കാണം, പാട്ടം എന്നിങ്ങനെയായിരുന്നു ഭൂമിയിലെ അവകാശം. 1970 ജനുവരി ഒന്നിന് കുടികിടപ്പുകാര്‍ അവരുടെ പുരയിടത്തിനുചുറ്റും 10 സെന്റ് ഭൂമി വളച്ചുകെട്ടിക്കൊണ്ടാണ് സമരമാരംഭിച്ചത്. ഭൂവുടമകളാകട്ടെ തൊഴിലാളികള്‍ ഭൂമി കൈയേറി എന്നു പറഞ്ഞ് കേസു കൊടുക്കാനിടയായി. കേസ് നടത്തി അവകാശം സ്ഥാപിച്ചത് കര്‍ഷകത്തൊഴിലാളിയൂണിയന്റെ ചരിത്രത്തിലെ ഉജ്ജ്വലമുഹൂര്‍ത്തമായി കണക്കാക്കപ്പെടുന്നു. നൂറുകണക്കിന് കുടികിടപ്പുകാര്‍ക്ക് ഇതുമൂലം സ്വന്തമായി ഭൂമി ലഭിക്കുകയുണ്ടായി. പണ്ടുമുതല്‍ തന്നെ നാടന്‍ ചികിത്സാരീതിയും ആയുര്‍വേദവുമായിരുന്നു നാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്നത്. അന്തിക്കാട് ഒരു അലോപ്പതി ആസ്പത്രി ഉണ്ടായിരുന്നു. ഇന്നത്തെ ആയൂര്‍വ്വേദ സര്‍ക്കാര്‍ ആശുപത്രി താന്ന്യം പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗത്തായാണ് സ്ഥാപിച്ചത്. 1910-1915 കാലഘട്ടത്തില്‍ ലഘുവായ വസ്ത്രധാരണമായിരുന്നു നിലവിലുണ്ടായിരുന്നത്. പുരുഷനും സ്ത്രീക്കും ഒരുപോലെ മേല്‍വസ്ത്രമുണ്ടായിരുന്നില്ല. പുരുഷന്മാര്‍ സിലോണില്‍ പോയപ്പോഴാണ് ഷര്‍ട്ട് ധരിക്കുന്ന സമ്പ്രദായം നാട്ടിലും പ്രചാരത്തിലാവാന്‍ തുടങ്ങിയത്. ഷര്‍ട്ടും ജാക്കറ്റും ധരിക്കാത്ത വധുവരന്‍മാരെ കണ്ട പഴമക്കാര്‍ നാട്ടിലുണ്ട്. ക്രിസ്ത്രീയ മതവിഭാഗത്തിലെ സ്ത്രീകള്‍ മേല്‍വസ്ത്രം ധരിച്ചുകഴിഞ്ഞതിനുശേഷമാണ് മറ്റുള്ളവര്‍ ധരിച്ചുതുടങ്ങിയതത്രെ. അന്ന് മിക്കവാറും വീടുകള്‍ ഓലമേഞ്ഞതായിരുന്നു. 100 കൊല്ലം മുമ്പുവരെ പകുതിവരെ മാത്രം മണ്ണുകൊണ്ടുനിര്‍മ്മിച്ച വീടുകളാണ് ഉണ്ടായിരുന്നത്. ഭൂരിഭാഗം വീടുകളും ഓലമറച്ചതായിരുന്നു. ഓലമേഞ്ഞ ഇരുനില വീടുകള്‍ വളരെ അപൂര്‍വ്വമായി ഉണ്ടായിരുന്നു. താന്ന്യം പഞ്ചായത്തിലുള്ളവര്‍ ആദ്യം കണ്ട കാര്‍ ഡോഃ കുഞ്ഞന്‍മേനോന്റേതാണ്. ഒരു ബസ് മാത്രമായിരുന്നു ഓടിത്തുടങ്ങിയത്. ആദ്യം പെട്രോളായിരുന്നു ഇന്ധനമെങ്കിലും രണ്ടാംലോകമഹായുദ്ധം വന്നപ്പോള്‍ കരികൊണ്ടാണ് ബസ്സ് ഓടിച്ചിരുന്നത്. കാളവണ്ടികളും റിക്ഷാവണ്ടികളുമായിരുന്നു അന്നത്തെ യാത്രാവാഹനം. പണ്ട് രണ്ടുതരം പോസ്റ്റല്‍ സര്‍വ്വീസ് ഉണ്ടായിരുന്നു. അഞ്ചലാപ്പീസും-പോസ്റ്റാഫീസും. അഞ്ചലാപ്പീസ് കൊച്ചിരാജ്യത്തിന്റെയും തപാലാപ്പീസ് ഇന്ത്യാ ഗവര്‍ണ്‍മെന്റിന്റേതുമായിരുന്നു. അഞ്ചല്‍ശിപായിമാര്‍ തലയിലാണ് മെയില്‍ കൊണ്ടുവന്നിരുന്നത്. താന്ന്യംചന്തയുടെ സമീപത്തായിരുന്നു അന്നത്തെ തപാലാപ്പീസ്. നാട്ടിലെ മുഖ്യവിശേഷം പെരിങ്ങോട്ടുകര സോമശേഖരക്ഷേത്രത്തിലെ ഉത്സവമാണ്. കുറ്റിക്കാട്ട്, ഞാറ്റുവെട്ടി ക്ഷേത്രങ്ങളില്‍ പണ്ടുമുതലേ ആനയുള്ള ഉത്സവം ഉണ്ടായിരുന്നു. ആശാരിക്ഷേത്രം, തിരുവാണിക്കാവ്, നാരായണംകുളങ്ങര, ആമലത്തുക്കുളങ്ങര, ആനേശ്വരം എന്നിവയും പുരാതനക്ഷേത്രങ്ങളാണ്. ഇവയിലും പുരങ്ങളും വേലയാഘോഷങ്ങളും നടത്തിയിരുന്നു. വടക്കുംമുറിയിലെ കാഞ്ഞിരചുവട് ക്ഷേത്രം പട്ടികജാതിക്കാരുടെ പുരാതന ക്ഷേത്രമാണ്. പ്രാചീനകലകളായ കളംപാട്ട്, നന്തുണിപാട്ട്, ദാരികന്‍പാട്ട്, തുയിലുണര്‍ത്തുപാട്ട്, ഉടുക്കുകൊട്ടുപാട്ട് എന്നിവയില്‍ പ്രാവീണ്യമുണ്ടായിരുന്ന ധാരാളം കലാകാരന്മാര്‍ ഇവിടെ ഉണഅടായിരുന്നു. 906-ല്‍ സ്ഥാപിതമായ പെരിങ്ങോട്ടുകരിയിലെ ദേവാലയമാണ് പഞ്ചായത്തിലെ ആദ്യത്തെ ക്രിസ്ത്യന്‍ ദേവാലയം. താന്ന്യം ഹൈസ്കൂളിന് വടക്കുവശത്ത് സ്ഥിതിചെയ്യുന്ന മുസ്ളീംപള്ളിക്ക് 200 വര്‍ഷത്തിലധികം പഴക്കമുണ്ട്. കിഴുപ്പിള്ളിക്കര, പൈനൂര്‍ പ്രദേശങ്ങളിലും മുസ്ളീം ദേവാലയങ്ങള്‍ നിലവിലുണ്ട്.