താന്ന്യം

തൃശ്ശൂര്‍ ജില്ലയിലെ തൃശ്ശൂര്‍ താലൂക്കില്‍ അന്തിക്കാട് ബ്ളോക്കിലാണ് താന്ന്യം ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. കിഴക്കുംമുറി, വടക്കുംമുറി, കിഴുപ്പിള്ളിക്കര, താന്ന്യം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന തന്ന്യം പഞ്ചായത്തിന് 17.53 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 18 വാര്‍ഡുകളുള്ള താന്ന്യം പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് അന്തിക്കാട് പഞ്ചായത്തും, കിഴക്കുഭാഗത്ത് ചാഴൂര്‍ പഞ്ചായത്തും, തെക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ കനോലി കനാലുമാണ്. തൃപ്രയാര്‍ പുഴയോരം ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് താന്ന്യം. മണലി, കുറുമാലി പുഴകള്‍ അടിലക്കുഴിയില്‍ സംഗമിച്ച് കരുവന്നൂര്‍ പുഴയായി പരിണമിച്ചൊഴുകി, താന്ന്യം ഗ്രാമപഞ്ചായത്തിന്റെ കിഴക്കേ അതിര്‍ത്തിയായ കിഴുപ്പിള്ളിക്കര ഗ്രാമത്തെ തഴുകി തെക്കോട്ടൊഴുകി എടത്തിരുത്തി, കാട്ടൂര്‍ എന്നീ പഞ്ചായത്തുകളെ സ്പര്‍ശിച്ച്, താന്ന്യം, വടക്കുംമുറി ഗ്രാമങ്ങളിലൂടെ തൃപ്രയാര്‍പുഴയെന്ന ഖ്യാതിനേടി ഒഴുകുന്നു (ഈ പുഴ കനോലികനാല്‍ എന്നും വിളിക്കപ്പെടുന്നു). താന്ന്യം പഞ്ചായത്ത് നിലവില്‍വന്നത് 1953 ഒക്ടോബര്‍ 2-നാണ്. അന്ന് പഞ്ചായത്തില്‍ ഒരു ദ്വയാംഗമണ്ഡലമുള്‍പ്പെടെ 8 വാര്‍ഡുകളാണുണ്ടായിരുന്നത്. തിരുപുറൈന്‍, ആര്‍ എന്നിങ്ങനെ രണ്ടു വാക്കുകള്‍ ലോപിച്ചുകൂടിയാണ് തൃപ്രയാര്‍ എന്ന സ്ഥലനാമമുണ്ടായത്. പൊറൈയന്‍ എന്നത് ചേരരാജാക്കന്മാരുടെ ബിരുദമാണ്.