ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം
പൌരാണികകാലം മുതല്‍ പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്ന തളിപ്പറമ്പ്, ഏഴിമല ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന മൂഷകരാജവംശത്തിന്റെ അധീനതയിലായിരുന്നു. പ്രാചീനകേരളത്തിലെ ബ്രാഹ്മണ കുടിയേറ്റത്തെ തുടര്‍ന്ന് നിലവില്‍ വന്ന അറുപത്തിനാല് ഗ്രാമങ്ങളില്‍ വടക്കേയറ്റത്തെ ഗ്രാമമായിരുന്ന പെരിഞ്ചല്ലൂര്‍ ആണ് ഇന്ന് തളിപ്പറമ്പ് എന്നറിയപ്പെടുന്ന പ്രദേശമെന്ന് ചരിത്രകാരന്മാര്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരുകാലത്ത് വടക്കന്‍ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായിരുന്ന തളിപ്പറമ്പ് സ്വാതന്ത്ര്യസമരകാലഘട്ടത്തിലും ശ്രദ്ധേയമായ ഒട്ടേറെ സമരങ്ങളുടെ പ്രഭവകേന്ദ്രമായിരുന്നു. ഒട്ടേറെ സ്വാതന്ത്ര്യസമരയോദ്ധാക്കളെ സമ്മാനിച്ച ഈ പ്രദേശം നിരവധി സ്വാതന്ത്ര്യസമര കര്‍ഷക പോരാട്ടങ്ങളുടെ തട്ടകമായിരുന്നു. ഭൂമിശാസ്ത്രപരമായി നോക്കിയാല്‍, കേരളത്തിന്റെ ഒരു യഥാര്‍ത്ഥ പരിച്ഛേദമാണ്, മലനാടും ഇടനാടും തീരപ്രദേശവും അടങ്ങുന്ന ഈ ബ്ളോക്ക് പ്രദേശമെന്ന് പറയാം. അതുകൊണ്ടുതന്നെ കേരളത്തിലെ ഇതര ബ്ളോക്കുകളില്‍ നിന്ന് വ്യത്യസ്തമായ ഭൂമിശാസ്ത്ര വൈവിധ്യവും, ജൈവ വൈവിധ്യവും തളിപ്പറമ്പ് ബ്ളോക്കിനുണ്ട്. അനൌപചാരിക വിദ്യാകേന്ദ്രങ്ങളായിരുന്ന കുടിപ്പള്ളിക്കൂടങ്ങളിലൂടെയാണ് ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആദ്യകാലത്ത് നടന്നുവന്നത്. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ തന്നെ ഇവിടുത്തെ വിവിധ ഗ്രാമങ്ങളില്‍ എഴുത്താശാന്മാരും ഗുരുക്കന്മാരും കുട്ടികളെ വിദ്യ അഭ്യസിപ്പിച്ചിരുന്നു. 1890-കളില്‍ ഏകാധ്യാപകവിദ്യാലയങ്ങളും പള്ളിക്കൂടങ്ങളും സ്ഥാപിതമാവാന്‍ തുടങ്ങി. സാമൂഹ്യപരിഷ്കര്‍ത്താക്കളായ വ്യക്തികള്‍ എഴുത്താശാന്മാരും ഗുരുക്കന്മാരുമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായി മുന്നാട്ടു വരാന്‍ തുടങ്ങിയതോടെ, അനൌപചാരിക പഠനകേന്ദ്രങ്ങള്‍ അങ്ങിങ്ങായി ഉയര്‍ന്നുപൊങ്ങി. ചിലയിടങ്ങളില്‍ ജന്മിമാരും ഇതിനുവേണ്ടി മുന്‍കൈ എടുത്തതായി പറയപ്പെടുന്നു. ദേശീയപ്രസ്ഥാനം ശക്തിയാര്‍ജ്ജിച്ചതോടെ സ്വാതന്ത്ര്യസമരസേനാനികളും സംഘടനകളും കൂടുതല്‍ അനൌപചാരിക വിദ്യാഭ്യാസകേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ചിലയിടങ്ങളില്‍ തൊഴിലാളികളെ സാക്ഷരരാക്കാന്‍ “രാവെഴുത്തുശാലകള്‍” എന്നറിയപ്പെട്ടിരുന്ന നിശാപാഠശാലകള്‍ ഉയര്‍ന്നുവന്നു. 1950-കളില്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ കൂടുതല്‍ വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെടുകയും നിലവിലുള്ള പല അനൌപചാരിക വിദ്യാഭ്യാസകേന്ദ്രങ്ങളും അംഗീകൃത വിദ്യാലയങ്ങളായി മാറുകയും ചെയ്തു. മലയോര മേഖലകളില്‍ കുടിയേറ്റം വ്യാപകമായതോടെ പള്ളികളും തുടര്‍ന്ന്  പള്ളിക്കൂടങ്ങളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. പ്രാരംഭകാലത്ത് മിക്ക വിദ്യാലയങ്ങളും താഴ്ന്ന ജാതിക്കാരെ പ്രവേശിപ്പിച്ചിരുന്നില്ല. ചിലയിടങ്ങളില്‍ താഴ്ന്ന ജാതിയില്‍ പെട്ടവര്‍ക്ക് മാത്രമായി ആദിദ്രാവിഡവിദ്യാലയങ്ങളും വെല്‍ഫേര്‍ സ്കൂളുകളും പ്രവര്‍ത്തിച്ചിരുന്നു. പൂര്‍വ്വികര്‍ ആദ്യകാലത്ത് യാത്ര ചെയ്തിരുന്നത് നാടന്‍ തോണി ഉപയോഗിച്ചായിരുന്നു. പശ്ചിമഘട്ട മലനിരകളില്‍ നിന്ന് ഉത്ഭവിച്ച് അറബിക്കടലില്‍ അവസാനിക്കുന്ന പുഴകളാല്‍ സമ്പുഷ്ടമായ തളിപ്പറമ്പ് ബ്ളോക്ക് പഞ്ചായത്ത് പഴയകാലത്ത് ജലഗതാഗതത്തെ പ്രധാനമായും  ആശ്രയിച്ചിരുന്നു. കാര്‍ഷിക ഗ്രാമങ്ങളില്‍ നിന്നും വിവിധ തരം പരമ്പരാഗത കുടില്‍ വ്യവസായ ഉല്‍പന്നങ്ങള്‍ വിപണത്തിനായി മറ്റു പ്രദേശങ്ങളിലേക്ക് തലച്ചുമടായും കടത്തുതോണി വഴിയും ബോട്ട് വഴിയുമാണ് കൊണ്ടുപോയിരുന്നത്. ചപ്പാരപ്പടവ്, പരിയാരം, പട്ടുവം, ചെറുകുന്ന്, കല്ല്യാശ്ശേരി, പാപ്പിനിശ്ശേരി, ആന്തൂര്‍ പഞ്ചായത്തുകളിലെ കൂവേരി, കുപ്പം, പട്ടുവം, ചെറുകുന്ന്, താവം, പറശ്ശിനിക്കടവ്, ചെങ്ങളായി, മുനമ്പം എന്നീ പ്രദേശങ്ങളെ  ബന്ധിപ്പിച്ചുകൊണ്ട് നിരവധി യാത്രബോട്ടുകള്‍ സര്‍വ്വീസ് നടത്തിയിരുന്നു. റോഡ് ഗതാഗതം സാര്‍വ്വത്രികമായതിനെ തുടര്‍ന്ന് ബോട്ട് യാത്ര കുറഞ്ഞുവരികയും ഇപ്പോള്‍ ടൂറിസം ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ വകയായി പറശ്ശിനിക്കടവ് മുതല്‍ മാട്ടൂല്‍ വരെ മാത്രമായി ചുരുങ്ങുകയും ചെയ്തിരിക്കുകയാണ്. ആദ്യകാലങ്ങളില്‍ ചെറുപ്പക്കാര്‍ ഏറ്റി നടക്കുന്ന മഞ്ചല്‍, സഞ്ചാരാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും ഉന്നത വ്യക്തികളേയും രോഗികളേയുമാണ് മഞ്ചലില്‍ ഏറ്റിക്കൊണ്ടുപോയിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഉദ്യോഗസ്ഥന്‍മാര്‍ ഔദ്യോഗികാവശ്യങ്ങള്‍ക്ക് കുതിരപ്പുറത്തായിരുന്നു യാത്ര ചെയ്തിരുന്നത്. മലയോര മേഖലകളിലേക്ക് പ്രധാനമായും തലച്ചുമടായിട്ടായിരുന്നു സാധനങ്ങള്‍ കൊണ്ടുപോയിരുന്നത്. പിന്നീട് കൂപ്പിലേക്കുളള വഴിയില്‍ വാന്‍ സര്‍വ്വീസ് മാത്രമാണുണ്ടായിരുന്നത്. വേതാളം എന്ന പരിഹാസപ്പേരില്‍ വിളിക്കപ്പെട്ടിരുന്ന അടച്ചുകെട്ടിയ വാനിലായിരുന്നു ആളുകളും സാധനങ്ങളും ഇടകലര്‍ന്ന് കൊണ്ടുപോയിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് നിലവില്‍ വന്ന ഷൊര്‍ണ്ണൂര്‍-മംഗലാപുരം റെയില്‍പാത തളിപ്പറമ്പ് ബ്ളോക്കിലൂടെ കടന്നുപോകുന്നുണ്ട്. പാപ്പിനിശ്ശേരിയിലും കണ്ണപുരത്തും റെയില്‍വേ സ്റ്റേഷനുകള്‍ ഉണ്ട്. മലയോര പഞ്ചായത്തുകളില്‍ താമസിക്കുന്ന ജനങ്ങളില്‍ 75-80 ഉം ശതമാനം തെക്കന്‍ തിരുവിതാംകൂറില്‍ നിന്ന് കുടിയേറി പാര്‍ത്തവരാണ്. കുടിയേറ്റകാലത്ത് ആലക്കോട്, ഉദയഗിരി, ചപ്പാരപ്പടവ്, നടുവില്‍, ചെങ്ങളായി എന്നീ ഗ്രാമങ്ങളിലെ സാധാരണ ജനങ്ങള്‍ വനത്തില്‍ നിന്ന് ലഭിച്ചിരുന്ന ഓടപ്പായ (ഈറഇല), കാട്ടുപുല്ല്, മുള എന്നിവ കൊണ്ട് നിര്‍മ്മിച്ച കുടിലുകളിലാണ് താമസിച്ചിരുന്നത്. ഒരുകാലത്ത് നാടന്‍ കലകളും നാടന്‍പാട്ടുകളും ഏറെ പ്രചാരത്തിലുണ്ടായിരുന്ന പ്രദേശമാണിത്. തെയ്യങ്ങളും, കോല്‍ക്കളിയും, പൂരക്കളിയും വെള്ളരിനാടകങ്ങളും പരിരക്ഷിക്കാന്‍ പുതിയ തലമുറയ്ക്ക് സാധിക്കുന്നില്ല. മുസ്ളീം സമുദായത്തിനിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന മാപ്പിളപ്പാട്ടും ഒപ്പനയും ദഫ്മുട്ടും ഇന്നും പൂര്‍ണ്ണമായും വേരറ്റുപോയിട്ടില്ല. തിരൂവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ വരവോടെ പരിച്ചമുട്ടുകളി, മാര്‍ഗ്ഗംകളി, ഓണപ്പാട്ട് എന്നീ കലാരൂപങ്ങള്‍ക്കും ഇവിടെ പ്രചാരം ലഭിച്ചു. ഗന്ധര്‍വന്‍പാട്ട്, കളംപാട്ട്, മലയന്‍പാട്ട് തുടങ്ങിയ അനുഷ്ഠാനങ്ങള്‍, മാന്ത്രവാദം, ഉളുക്കുപിടിക്കല്‍, ഗുരുസിയൊഴിക്കല്‍ തുടങ്ങിയ ചികിത്സാരീതികള്‍, ആടിവേടന്‍, കോതാമൂരിയാട്ടം, എഴുന്നള്ളിപ്പുകള്‍ എന്നീ ആചാരങ്ങള്‍ തുടങ്ങിയവയെല്ലാം ആധുനികതയുടെ കുത്തൊഴുക്കില്‍ അതിവേഗം മാഞ്ഞുപോകുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ജനങ്ങളുടെ ഒത്തുചേരലിന് കളമൊരുക്കുന്ന വേളകളാണ് ഇവിടുത്തെ ഉത്സവാഘോഷങ്ങളെല്ലാം. പുരാതന ക്ഷേത്രങ്ങളായ തളിപ്പറമ്പ് ശിവക്ഷേത്രം, ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം, തൃച്ഛംബരം ശ്രീകൃഷ്ണക്ഷേത്രം, അരങ്ങം ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിലെ ഉല്‍സവങ്ങള്‍ ഉത്തര മലബാറിലാകെ പ്രശസ്തമാണ്. പാപ്പിനിശ്ശേരി കാട്ടിലപ്പള്ളി ആണ്ടുനേര്‍ച്ചയില്‍ ഹിന്ദുക്കളും മുസ്ളീങ്ങളും ഒരുപോലെ പങ്കെടുക്കുന്നു. മലബാറിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ പറശ്ശിനിക്കടവ് ആയിരങ്ങളെ ആകര്‍ഷിക്കുന്ന കേന്ദ്രമാണ്. ബ്ളോക്കിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന പള്ളിപ്പെരുന്നാളുകളും, ഉറൂസുകളും ക്രിസ്ത്യന്‍ മൂസ്ളിം സമൂഹങ്ങളുടെ സംഗമവേദിയാണ്. ദേശീയ പ്രസ്ഥാനം ശക്തി പ്രാപിച്ചതോടെ സാംസ്കാരിക പ്രവര്‍ത്തനത്തിന് പുതിയൊരു ദിശാബോധം കൈവന്നതായി കാണാം, ജനകീയ സാംസ്കാരിക സമിതികള്‍, വായനശാലകള്‍, സാക്ഷരതാ കേന്ദ്രങ്ങള്‍ തുടങ്ങിയവ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഊര്‍ജ്ജദായക കേന്ദ്രങ്ങളായി മാറി. കല്യാശ്ശേരിയിലെ ശ്രീഹര്‍ഷന്‍ വായനശാല മുതലായ ഗ്രന്ഥശാലകള്‍ ദേശീയ പ്രസ്ഥാനത്തിന്റെ സൃഷ്ടിയാണ്. ബ്ളോക്കിന്റെ മുഖ്യ സാമ്പത്തിക മേഖല കൃഷിയാണ്. കുറുമാത്തൂര്‍, ആന്തൂര്‍, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്ന്, പട്ടുവം, നാറാത്ത്, പരിയാരം, കല്യാശ്ശേരി എന്നിവിടങ്ങളില്‍ നെല്‍കൃഷി വ്യാപകമായുണ്ട്. പാപ്പിനിശ്ശേരി, ചെറുകുന്ന്, കണ്ണപുരം, പട്ടുവം, ആന്തൂര്‍, കുറുമാത്തൂര്‍, ആലക്കോട്, ഉദയഗിരി, നടുവില്‍ എന്നീ പ്രദേശങ്ങളില്‍ തെങ്ങുകൃഷി വ്യാപകമായി നടത്തിവരുന്നു. ഉദയഗിരി, ആലക്കോട്, നടുവില്‍, ചപ്പാരപ്പടവ്, ചെങ്ങളായി, കുറുമാത്തൂര്‍ പരിയാരം എന്നീ പഞ്ചായത്തുകളില്‍ റബ്ബര്‍ കൃഷി ചെയ്തുവരുന്നു. ബ്ളോക്കിലെ മറ്റു പ്രദേശങ്ങളിലേക്കും റബ്ബര്‍കൃഷി വ്യാപിച്ചുവരുന്നുണ്ട്. കൂടാതെ കവുങ്ങ്, കുരുമുളക്, കശുമാവ്, വാഴ, പച്ചക്കറി തുടങ്ങിയവയും കാര്‍ഷിക സമ്പദ്ഘടനയില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നു. പ്രസിദ്ധമായ പന്നിയൂര്‍ കുരുമുളക് ഗവേഷണകേന്ദ്രം, ജില്ലാ കൃഷിത്തോട്ടം എന്നിവ ഈ ബ്ളോക്കിലാണ്. ഗവേഷണ വികസനവുമായി ബന്ധപ്പെട്ട ഇ.ടി.സി, ആര്‍.എ.ടി.ടി.സി എന്നീ സ്ഥാപനങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു. പ്ളാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴില്‍ ചപ്പാരപ്പടവ്, ആലക്കോട്, ഉദയഗിരി എന്നീ പ്രദേശങ്ങളില്‍ കറപ്പ, റബ്ബര്‍, ഏലം, കാപ്പി, കശുമാവ് എന്നീ തോട്ടങ്ങളുണ്ട്. 1920-കളില്‍ പാപ്പിനിശ്ശേരിയില്‍ ആരംഭിച്ച ബലിയപട്ടം ടയില്‍ വര്‍ക്സ്, വൈസ്റ്റേണ്‍ ഇന്ത്യാ കോട്ടന്‍സ്, പ്ളൈവുഡ്സ് കമ്പനി തുടങ്ങിയവ, ആധുനിക വ്യവസായത്തിന് തുടക്കം കുറിച്ച സംരംഭങ്ങളാണ്. നിരവധി തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നു. വളപട്ടണം മുതല്‍ ഏമ്പേറ്റ് വരെ എന്‍.എച്ച്-17 ഈ ബ്ളോക്കിലൂടെ കടന്നുപോകുന്നു.