തളിപ്പറമ്പ്

കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കിലാണ് തളിപ്പറമ്പ് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പട്ടുവം, ചെറുകുന്ന്, കല്യാശ്ശേരി, കണ്ണപുരം, പാപ്പിനിശ്ശേരി, ചെങ്ങളായി, കുറുമാത്തൂര്‍, പരിയാരം, നാറാത്ത്, ചപ്പാരപ്പടവ്, നടുവില്‍, ഉദയഗിരി എന്നീ 13 ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് തളിപ്പറമ്പ് ബ്ളോക്ക് പഞ്ചായത്ത്. നാറാത്ത്, പട്ടുവം, ചെറുകുന്ന്, കല്ല്യാശ്ശേരി, കണ്ണപുരം, പാപ്പിനിശ്ശേരി, ചൂഴാളി, ചുഴലി, കുറ്റിയേരി, കണ്ണാടിപറമ്പ്, കൂവേരി, വെള്ളാട്, നടുവില്‍, ചെങ്ങലഴി, കുരുമാത്തൂര്‍, പരിയാരം, തിമിരി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന തളിപ്പറമ്പ് ബ്ളോക്ക് പഞ്ചായത്തിന് 555.17 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും, 16 വാര്‍ഡുകളുമുണ്ട്. തളിപ്പറമ്പ് മുനിസിപ്പാലിറ്റി മധ്യഭാഗത്ത് നിലകൊള്ളുന്നതിനാല്‍, വേര്‍തിരിക്കപ്പെട്ട രണ്ടു ഭൂഭാഗങ്ങളായാണ് തളിപ്പറമ്പ് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വടക്കുഭാഗത്ത് പയ്യന്നൂര്‍ ബ്ളോക്കും, കര്‍ണ്ണാടക സംസ്ഥാനവും, കിഴക്കുഭാഗത്ത് കര്‍ണ്ണാടക സംസ്ഥാനവും, ഇരിക്കൂര്‍ ബ്ളോക്കും, തെക്കുഭാഗത്ത് കണ്ണൂര്‍ ബ്ളോക്കും, പടിഞ്ഞാറുഭാഗത്ത് കണ്ണൂര്‍, പയ്യന്നൂര്‍ ബ്ളോക്കുകളും, അറബിക്കടലും മധ്യഭാഗത്ത് ബ്ളോക്കിനെ വടക്കും തെക്കുമായി രണ്ടു ഭൂവിഭാഗങ്ങളായി വേര്‍തിരിച്ചുകൊണ്ട് തളിപ്പറമ്പ് മുനിസിപ്പാലിറ്റിയുമാണ് തളിപ്പറമ്പ് ബ്ളോക്ക് പഞ്ചായത്തിന്റെ അതിരുകള്‍. കണ്ണൂര്‍ ജില്ലയുടെ വടക്കുകിഴക്ക് ദിശയില്‍ സ്ഥിതി ചെയ്യുന്ന തളിപ്പറമ്പ് ബ്ളോക്ക് കേരളത്തിന്റെ മൂന്ന് പ്രധാന ഭൂപ്രകൃതിമേഖലകളായ മലനാട്, ഇടനാട്, തീരപ്രദേശം എന്നീ മൂന്ന് മേഖലകളിലുമായി വ്യാപിച്ചുകിടക്കുന്നു. പടിഞ്ഞാറ് അറബിക്കടല്‍ മുതല്‍ കിഴക്കേയറ്റം കര്‍ണ്ണാടകസംസ്ഥാനത്തെ സ്പര്‍ശിച്ചുകൊണ്ട് സഹ്യപര്‍വ്വതം വരേയും വിസ്തൃതമായി കിടക്കുന്നതും ഭൂമിശാസ്ത്രപരവും ജൈവപരവുമായ വൈവിധ്യം പ്രകടമാക്കുന്നതുമായ പ്രദേശമാണ് തളിപ്പറമ്പ് ബ്ളോക്ക്. സമുദ്രനിരപ്പില്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളും, സമുദ്രനിരപ്പില്‍ നിന്ന് 1350 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളും ഈ ബ്ളോക്കിലുണ്ട്. ബ്ളോക്കിലെ എല്ലാ ഗ്രാമങ്ങളിലും കുന്നുകളും, ചെരിവുപ്രദേശങ്ങളുമുണ്ട്. ഭൂപ്രകൃതിയനുസരിച്ച് ബ്ളോക്കുപ്രദേശത്തിനെ ചതുപ്പുനിലങ്ങള്‍, പുഴയോര സമതലങ്ങള്‍, വയലുകള്‍, ചരിവുകള്‍, കുന്നിന്‍ മേല്‍ത്തട്ടുകള്‍ എന്നിങ്ങനെ തരം തിരിക്കാം. എക്കല്‍ മണ്ണ്, ചരല്‍ കലര്‍ന്ന ചുവന്ന മണ്ണ്, പശിമരാശി മണ്ണ്, ചെങ്കല്‍ പാറ, കരിങ്കല്‍ പാറ എന്നിവയാണ് ഇവിടെ കാണപ്പടുന്ന പ്രധാന മണ്ണിനങ്ങള്‍. ഈ ചെരിവുകളില്‍ മിക്കവയിലും ചരല്‍ കലര്‍ന്ന ചുവന്ന മണ്ണ് അടങ്ങിയിരിക്കുന്നു. വളപട്ടണം പുഴ, കുറ്റിക്കോല്‍ പുഴ, കുപ്പം പുഴ എന്നിവയാണ് ഈ ബ്ളോക്കുപ്രദേശത്തുകൂടി ഒഴുകുന്ന പ്രധാന ജലസ്രോതസ്സുകള്‍. 1955-ല്‍ തളിപ്പറമ്പ് ബ്ളോക്ക് രൂപീകൃതമായി. അന്നത്തെ 23 റവന്യൂവില്ലേജുകള്‍ ഉള്‍പ്പെടുന്നതായിരുന്നു ഈ ബ്ളോക്ക്. കേരളത്തിലെ ഏറ്റവും വലിയ വികസന ബ്ളോക്കാണ് തളിപ്പറമ്പ് വികസന ബ്ളോക്ക്.