ചരിത്രം

ഈ പഞ്ചായത്തിലെ ജനജീവിതം എ.ഡി 10-ാം നൂറ്റാണ്ടിനു ശേഷമാണ് ആരംഭിച്ചിട്ടുള്ളതെന്ന് കണക്കാക്കുന്നു. 14-ാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തില്‍ രചിച്ച ഉണ്ണുനീലി സന്ദേശത്തില്‍ ഉത്തര സന്ദേശ ശ്ലോകത്തില്‍ കടുത്തുരുത്തി, കോതനല്ലൂര്‍ പ്രദേശങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. കണ്ടല്‍ക്കാടുകള്‍ വളര്‍ന്ന തുരുത്ത് കണ്ടന്‍തുരുത്ത്, ചേന്തിമുറിച്ചതുപോലുള്ള ചേന്തുരുത്ത്, വന്‍കരയോട് തൊട്ടടുത്ത സ്ഥലം തോട്ടകം, ഉള്ളില്‍ അലകള്‍ തിരതല്ലുന്ന പ്രദേശം ഉല്ലല, തലയോളം, ആഴമുള്ള പ്രദേശം തലയാഴം, തലം(അറ്റം) വരെ കോത പോലെ വര(ചാല്‍) ഉള്ള പ്രദേശം കൊതവാ എന്നീ സ്ഥലനാമങ്ങളുടെ തെളിവുകള്‍വെച്ച് തലയാഴം പ്രദേശങ്ങള്‍ ദ്വീപുകളായിരുന്നുവെന്ന് കരുതുന്നു. ഈ പ്രദേശത്തിന്റെ മണ്ണിന്റെ നിറവും ഗുണവും സ്വഭാവവും അറിയുന്നതിന് ഏതാനും അടി കുഴിച്ചാല്‍ ലഭിക്കുന്ന ശംഖ്, കക്ക, മറ്റു കടല്‍ജീവികളുടെ അസ്ഥിപഞ്ജരങ്ങള്‍ എന്നിവയും ഈ പ്രദേശം കടലില്‍ നിന്ന് കരയായി ഉരുത്തിരിഞ്ഞിട്ട് അധികം കാലമായില്ല എന്ന് തെളിയിക്കുന്നു. വലിയ കാടുകളും ചെറിയ കാടുകളും ഉണ്ടായിരുന്നതിനെ സൂചിപ്പിക്കുന്ന സ്ഥലനാമങ്ങള്‍ ആണ് കൂവം പ്രദേശത്തെ “വനം”, മാരാംവീടിനടുത്തുള്ള ചെറുകാട് എന്നിവ. കൃഷിയും മല്‍സ്യബന്ധനവും മണ്‍പാത്രനിര്‍മ്മാണവും ജനതയുടെ മുഖ്യ ജീവനോപാധികളായിരുന്നു. മനോഹരങ്ങളായ വെങ്കലപാത്രങ്ങള്‍ നിര്‍മ്മിക്കുന്നവരും ഉണ്ടായിരുന്നു. കാലക്രമത്തില്‍ ഈ ഗ്രാമം വടക്കുംകൂര്‍ വംശത്തിന്റെ ആധിപത്യത്തിന്‍ കീഴിലായി. ജന്മിത്വത്തിന്റെ ആവിര്‍ഭാവവും ഏകദേശം ഈ കാലഘട്ടത്തില്‍ തന്നെയായിരുന്നു. മാരാമറ്റത്തുമന, കരിരുനാംപള്ളി ദേവസ്വം, തിരുമല ദേവസ്വം, തൃപ്പോക്കുടം ദേവസ്വം എന്നിവരായിരുന്നു ഗ്രാമത്തിലെ ഭൂമിയുടെ ഉടമകള്‍. ജന്മിമാരുടെ വാസസ്ഥലത്തിനടുത്ത് വാസ്തുശില്പ വൈദഗ്ദ്ധ്യമാര്‍ന്ന ക്ഷേത്രങ്ങളും അവയോടനുബന്ധിച്ച് കലാപരിപോഷണവും ആഘോഷങ്ങളും ഉടലെടുക്കുകയും ചെയ്തു. തലയാഴം തൃപ്പക്കുടം മഹാദേവക്ഷേത്രം, ഉല്ലല പുതിയകാവ് ദേവീക്ഷേത്രം തോട്ടകം ഗന്ധര്‍വ്വന്‍ ക്ഷേത്രം തുടങ്ങിയവയും ധാരാളം കുടുംബക്ഷേത്രങ്ങളും ഈ പ്രദേശത്തുണ്ട്. തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളി, കൊതവറ സെന്റ് സേവ്യേഴ്സ് പള്ളി, ഉല്ലല റോസ്പുരം പള്ളി, തോട്ടകം തലയാഴം സി.എസ്.ഐ പള്ളി, ബ്രദര്‍ അസംബ്ളി നെട്ടത്തില്‍ പെന്തക്കോസ്തുമന്ദിരം എന്നിവ ഇവിടുത്തെ പ്രധാന ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ ആണ്. നാഗാരാധനയാണ് പ്രധാനമായ ആരാധന. സര്‍പ്പക്കാടുകളും കുളങ്ങളും ഏറ്റവും കൂടുതലുള്ള പഞ്ചായത്താണ് ഇത്. കാടുകള്‍ കുറഞ്ഞുവെങ്കിലും സര്‍പ്പപ്പാട്ടും സര്‍പ്പക്കുളവും ഇന്നും നിലനില്‍ക്കുന്നു. മീനം, മേടം മാസങ്ങളില്‍ നടന്നുവരുന്ന ഉദയംപൂജ എന്ന ആരാധന രീതികളും ഈ പഞ്ചായത്തിലെ പ്രത്യേകതകളാണ്. ഇവിടേയും ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് ആശാന്‍ കളരികളില്‍ നിന്നായിരുന്നു. പഞ്ചായത്തില്‍ സാര്‍വ്വത്രികമായി കളരികള്‍ പ്രവര്‍ത്തിച്ചിരുന്നു. ആദ്യത്തെ സ്കൂളുകള്‍ പ്രവര്‍ത്തനം നിലച്ചുപോയ കൂവം മാനേജുമെന്റ് സ്ക്കൂള്‍, തോട്ടകം, കൊതവറ, ഉല്ലല എന്നീ സ്ഥലങ്ങളിലെ സര്‍ക്കാര്‍ പ്രൈമറി സ്ക്കൂളുകള്‍ എന്നിവ ആണ്. 1981-ല്‍ കൊതവറയില്‍ (സെന്റ് സേവ്യേഴ്സ് കോളേജ്) ഒരു കോളേജ് വന്നതോടെ സര്‍വ്വകലാശാല വിദ്യാഭ്യാസത്തിനുള്ള സൌകര്യവും ഇവിടത്തുകാര്‍ക്ക് ലഭിച്ചു. സംസ്കൃതഭാഷ പഠന കേന്ദ്രങ്ങളും ആയുര്‍വേദ പഠനവും നാട്ടുഭാഷാ വിദ്യാലയങ്ങളും മുന്‍കാലം മുതല്‍ ഇവിടെ നിലനിന്നിരുന്നു. ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ തന്നെ ഉല്ലല കൂവത്തോട്ടകം, കൊതവറ എന്നീ കരകളില്‍ ഗവണ്‍മെന്റിന്റേയും മാനേജുമെന്റിന്റേയും ഉടമസ്ഥതകളില്‍ നാട്ടുഭാഷാവിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. സംസ്കൃത പണ്ഡിതനും ആയുര്‍വേദാചാര്യനുമായിരുന്ന ഡോ.എസ്.കെ.വാര്യര്‍ ഈ ഗ്രാമത്തിലെ ശ്രേഷ്ഠനായ വൈദ്യനായിരുന്നു. സാമൂഹികാചാരങ്ങളായ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും തീഷ്ണമായി നിലനിന്നിരുന്ന വൈക്കത്തിന്റെ ഭാഗമായ “തലയാഴത്തും അതിന്റെ വേലിയേറ്റവുമുണ്ടായിരുന്നു”. വൈക്കം സത്യാഗ്രഹത്തോടും ഉല്ലല ക്ഷേത്രസ്ഥാപനത്തോടും ബന്ധപ്പെട്ടുള്ള ശ്രീനാരായണ ഗുരുവിന്റെ വരവും ദേശീയ രാഷ്ട്രീയ നേതാവായ മഹാത്മജിയുടെ ആഗമനവും സാമൂഹ്യ രാഷ്ട്രീയ നേതാക്കളായ മന്നത്ത് പത്മനാഭന്റേയും, ടി.കെ.മാധവന്റേയും, പി.കൃഷ്ണപിള്ളയുടേയും പ്രവര്‍ത്തനങ്ങളും തലയാഴത്തെ ജനങ്ങളിലും സാമൂഹ്യ രാഷ്ട്രീയ ബോധം വളര്‍ത്താന്‍ സഹായകമായി. 1947-1948 കാലഘട്ടത്തിലെ “ഉല്ലല കേസ്സ്” എന്നറിയപ്പെട്ട ദാമോദരന്‍ വെട്ടുകേസ് ഈ ഗ്രാമവാസികള്‍ക്ക് കൊടിയ മര്‍ദ്ദനത്തെ നേരിടാനിടയാക്കിയ സംഭവമായിരുന്നു. പ്രസ്തുത കേസ് കേരള ചരിത്രത്തിലെ ഒരു പ്രധാന ഭാഗമാണ്.