തലയാഴം

rice-thalayazham

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ വൈക്കം ബ്ളോക്കില്‍ തലയാഴം വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് തലയാഴം ഗ്രാമപഞ്ചായത്ത്. 22.41 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് വൈക്കം മുനിസിപ്പാലിറ്റി, ഉദയനാപുരം, കല്ലറ പഞ്ചായത്തുകള്‍, തെക്ക് വെച്ചൂര്‍ പഞ്ചായത്ത്, കിഴക്ക് കല്ലറ പഞ്ചായത്ത്, പടിഞ്ഞാറ് വൈക്കം മുനിസിപ്പാലിറ്റി, ടി.വി.പുരം പഞ്ചായത്ത്, ആലപ്പുഴ ജില്ലയിലെ തണ്ണീര്‍മുക്കം പഞ്ചായത്ത് എന്നിവയാണ്. പഞ്ചായത്തിന്റെ വടക്കും പടിഞ്ഞാറുമായി ഏകദേശം 9 കിലോമീറ്ററോളം ദൂരം കരിയാറും കിഴക്കുഭാഗത്ത് ഏതാണ്ട് അത്രയും തന്നെ നീളത്തില്‍ കെ.വി. കനാലും, തെക്ക് പടിഞ്ഞാറ് 3 കിലോമീറ്ററോളം വേമ്പനാട്ട് കായലുമാണ് ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍. തീരസമതലങ്ങളും ഉയര്‍ന്ന നിരപ്പാര്‍ന്ന പ്രദേശങ്ങളും ചതുപ്പു നിലങ്ങളും കരിനിലങ്ങളും ഉള്‍പ്പെട്ട ഭൂപ്രദേശമാണ് തലയാഴം പഞ്ചായത്ത്. 1953-ല്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യപഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നു. അതിനു മുമ്പ് 1943-മുതല്‍ വില്ലേജ് കമ്മിറ്റിയും നിലവില്‍ വന്നു. പഞ്ചായത്തുകളുടെ പരിമിതമായ അധികാര പരിധിക്കുള്ളില്‍ നിന്നു കൊണ്ട് സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വികസനാവശ്യങ്ങള്‍ നടത്തുന്നതിനും വിവിധ കാലഘട്ടങ്ങളിലെ പഞ്ചായത്ത് ഭരണസമിതികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള 24 കലാസാംസ്കാരിക സമിതികളാണ് ഈ പഞ്ചായത്തില്‍ ഉള്ളത്. പ്രശസ്തരായ പല കലാകാരന്‍മാര്‍ക്കും ഈ ഗ്രാമം ജന്മം നല്‍കിയിട്ടുണ്ട്. നാടകലോകത്ത് പ്രശ്തരായ പറവൂര്‍ ഗോപാലപിള്ള, ടി.ആര്‍.സുകുമാരന്‍ നായര്‍, എന്‍.എന്‍.പിള്ള, വൈക്കം സുകുമാരന്‍ നായര്‍, വൈക്കം സുകുമാരിയമ്മ, കഥകളി ആചാര്യനായിരുന്ന വെച്ചൂര്‍ രാമന്‍പിള്ള, തോട്ടകം ഗോപാലപിള്ള, വൈക്കം സഹോദരന്‍മാര്‍ എന്നറിയപ്പെടുന്ന തങ്കപ്പന്‍ നായര്‍, പുരുഷോത്തമന്‍ നായര്‍ ഉടുക്ക് പാട്ടില്‍ പ്രശസ്തരായ നാരായണന്‍ ആശാന്‍, ചെണ്ടമേളവിദ്വാന്‍ കേശവന്‍ ആശാന്‍, ചവിട്ടുകളിക്ക് പേരുകേട്ട പള്ളിയാട് കൃഷ്ണന്‍ ആശാന്‍, കോലുകളിയില്‍ പേരുകേട്ട കുഞ്ഞന്‍ ആശാന്‍, തിരുവാതിരകളില്‍ പ്രശസ്തയായ ചിന്നമ്മ ആശാട്ടി, മൃദംഗവിദ്വാന്‍ ആര്‍.രാമന്‍നായര്‍, തീയ്യോട്ട് കലയില്‍ പുതുമനയില്‍ ശശിധര ശര്‍മ്മ എന്നിവര്‍ ജനിച്ചു വളര്‍ന്നത് ഈ പഞ്ചായത്തിലാണ്.