ചരിത്രം

ചില പഴമക്കാരുടെ അഭിപ്രായത്തില്‍ ഈ ദേശം “തലൈവര്‍ വാഴും ഊര്” ആയിരുന്നു. അത് പില്‍ക്കാലത്ത് തലവൂര്‍ ആയി മാറി എന്നാണ്. പഴയകാലഘട്ടത്തില്‍ തലവൂര്‍ കരപ്രമാണിമാരുടേയും ജന്മിമാരുടേയും മല്ലന്‍മാരുടേയും നാടായിരുന്നു. തലൈവര്‍ എന്നാല്‍ നേതാവ് എന്നര്‍ത്ഥം, ഊര് എന്നാല്‍ ദേശം. നാട്ടിലെ പല പ്രശ്നങ്ങളും പരിഹരിക്കുന്നതില്‍ മിടുക്കന്‍മാരും പൊതുസമ്മതരും ആയ വ്യക്തികള്‍ തലവൂരിലുണ്ടായിരുന്നു. അതായിരിക്കാം സ്ഥലനാമം തലൈവര്‍ വാഴും ഊരായത്. ഊരുകളുടെ തല യായിരുന്നു തലവൂര്‍ എന്നാണ് മറ്റൊരു അഭിപ്രായം. ചിരപുരാതനമായ തലവൂര്‍ ദേവീ ക്ഷേത്രം ആറുക്കരക്കാരുടെ വകയാണ്. ആറുകരകളുടേയും കേന്ദ്രമാണ് തലവൂര്‍. കരകളുടെ (ദേശങ്ങളുടെ) കേന്ദ്രമായതിനാല്‍ തലവൂര്‍ എന്ന പേരുണ്ടായി എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. പുരാതന കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക ചരിത്രത്തില്‍ നിന്നും വ്യത്യസ്തമായ ഒരു ചരിത്രം തലവൂരിനില്ല. ജന്മിമാരുടേയും നാട്ടുപ്രമാണിമാരുടേയും മല്ലന്മാരുടേയും ഒക്കെ കാലമായിരുന്നു പഴയകാലഘട്ടം. ആയിരപ്പറ നിലവും അതിനൊപ്പം പുരയിടവും ആനകളുമൊക്കെയുള്ള ധനാഢ്യ കുടുംബങ്ങള്‍ ഈ ദേശത്തുണ്ടായിരുന്നു. തലവൂര്‍ ദേശത്ത് മിച്ചഭൂമി ഉണ്ടായിരുന്നതായി അറിവില്ല. തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്നു തലവൂര്‍. തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ അച്ചന്‍ കോവിലില്‍ ക്ഷേത്രദര്‍ശനത്തിന് എഴുന്നള്ളിയിരുന്നത് തലവൂര്‍ വഴിയാണ് എന്ന് പറയപ്പെടുന്നു. ഈ പഞ്ചായത്തിന്റെ ഹൃദയഭാഗത്തു കൂടി കടന്നുപോകുന്ന പുരാതനമായ കിഴക്കെത്തെരുവ്-പത്തനാപുരം റോഡ് രാജപാതയായിരുന്നു. വെട്ടുവഴി എന്നായിരുന്നു ഈ പാതയുടെ പഴയ പേര് (രാജാക്കന്‍മാര്‍ക്കു വേണ്ടി വെട്ടിയുണ്ടാക്കിയ വഴി). ഈ പാതയുടെ വശങ്ങളില്‍ ചോലവൃക്ഷങ്ങളും ചുമടുതാങ്ങികളും കളത്തട്ടുകളുമൊക്കെ ഉണ്ടായിരുന്നു. വേലുത്തമ്പിയെ പിടികൂടുവാന്‍ വേണ്ടി അദ്ദേഹത്തെ പിന്‍തുടര്‍ന്ന ബ്രിട്ടീഷ് പട്ടാളം വെട്ടിയ വഴിയാണ് ഇത് എന്ന അഭിപ്രായവും നിലവിലുണ്ട്. പഴമയുടെ പ്രതീകമായി രണ്ട് കളിത്തട്ടുകള്‍ ഇപ്പോഴും നിലവിലുണ്ട്. ഒന്ന് കുരായിലും മറ്റൊന്ന് പാണ്ടിത്തിട്ടയിലും. ഇവയുടെ ചരിത്രം രണ്ട് കുടുംബങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കുരാ പൊരുന്നിലഴികത്ത് കുടുംബവകയാണ് കുരായിലുള്ള കളത്തട്ട് എന്നും പാണ്ടിത്തിട്ട തുണ്ടില്‍ കുടുംബവകയാണ് പാണ്ടിത്തിട്ട കളത്തട്ട് എന്നും പഴമക്കാര്‍ പറയുന്നു. രാജഭരണകാലത്ത് മഹാരാജാവ് സ്ഥാപിച്ചവയാണ് ഇവയെന്ന് മറ്റൊരു അഭിപ്രായവും നിലവിലുണ്ട്. ഈ കളത്തട്ടുകള്‍ കൂടാതെ തലവൂര്‍ ദേവീ ക്ഷേത്ര സന്നിധിയിലും തത്തമംഗലം ക്ഷേത്രത്തിലും അതത് ക്ഷേത്രവക കളത്തട്ടുകളും നിലവിലുണ്ട്. അതിപുരാതനവും പ്രസിദ്ധവുമായ തലവൂര്‍പൂരം കൊണ്ടാടുന്നത് ഈ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന തൃക്കൊന്നമര്‍കോട് ദേവീ ക്ഷേത്രത്തിലാണ്. കുംഭമാസത്തിലെ പൂരം നാളില്‍ കൊണ്ടാടുന്ന പൂര മഹോത്സവത്തിലെ ഒരു പ്രധാന ഇനമായിരുന്നു വെടിക്കെട്ട്. തലവൂര്‍ പൂരത്തിന് വെടിക്കെട്ട് (കമ്പം) കാണുവാന്‍ വിദൂരദേശങ്ങളില്‍ നിന്നു പോലും ജനങ്ങള്‍ എത്തിയിരുന്നു. കേരളത്തിലെ ആദ്യത്തേതും ഇന്ന് നിലവിലുള്ള ഏക മീറ്റര്‍ഗേജ് പാതയുമായ കൊല്ലം -ചെങ്കോട്ട റെയില്‍പാത കടന്നുപോകുന്നത് തലവൂര്‍ പഞ്ചായത്തിലൂടെയാണ്. ബ്രിട്ടീഷ് കോളനി വാഴ്ചയുടെ പ്രതീകമെങ്കിലും തലവൂരിന്റെ പുരോഗതിയില്‍ ഈ റെയില്‍ പാത ഒരു കണ്ണിയായിരുന്നു. ബ്രിട്ടീഷ് വാണിജ്യങ്ങള്‍ക്കുവേണ്ടി നിര്‍മ്മിച്ച ഈ റെയില്‍ പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ബംഗാളികളായിരുന്നു. 1904-ല്‍ കമ്മിഷന്‍ ചെയ്ത ഈ റെയില്‍പാത പില്‍ക്കാലത്ത് റെയില്‍വേ ഹാര്‍ട്ട് സ്റ്റേഷന്‍ കുരായില്‍ ആരംഭിച്ചു. റെയില്‍വേ സ്റ്റേഷന്റേ പേര് ‘കുരി’ എന്നാണ് റെയില്‍വേ രേഖകളില്‍. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് വിരുദ്ധ പ്രകടനങ്ങളും പൊതുയോഗങ്ങളും തലവൂരില്‍ നടന്നിട്ടുണ്ട്. വന്ദ്യവയോധികനായ കൈപ്പള്ളിയില്‍ കേശവപിള്ള സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. ഇന്ത്യന്‍ ദേശീയ വിമോചന പോരാട്ടത്തിന്റെ കാലഘട്ടത്തില്‍ തന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും തലൂവരില്‍ വേരോട്ടമുണ്ടായി. സ.എം.എന്‍ ഗോവിന്ദന്‍ നായര്‍ തലവൂരില്‍ ഒളിവില്‍ കഴിയുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. തലവൂരിലെ ആദ്യത്തെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനമാണ് നടുത്തേരി യു.പി.എസ്.  സ്ഥാപനത്തിന്റെ പുരോഗതിക്ക് വേണ്ടി അഭിവന്ദ്യനായ തുണ്ടില്‍ ശങ്കരപിള്ള സാറിന്റെ സേവനങ്ങള്‍ ചിരസ്മരണീയമാണ്. ക്രിസ്ത്രീയ മിഷനറിമാരുടെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുടെ ഫലമായി ഒരു സ്കൂള്‍ ഇപ്പോഴത്തെ സി.എസ്.ഐ പള്ളിവക സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്നു. പിന്നോക്ക വിഭാഗത്തില്‍പ്പെട്ട കുട്ടികളെ അക്ഷരാഭ്യാസം ചെയ്യുന്നതില്‍ പ്രധാന പങ്കു വഹിച്ച ഈ വിദ്യാലയത്തിന്റെ പ്രവര്‍ത്തനം പീലിയാശാന്റെ സേവനങ്ങളുമായി ബന്ധപ്പെട്ടിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സെക്കന്ററി വിദ്യാഭ്യാസത്തിനുവേണ്ടി തലവൂരിലെ വിദ്യാര്‍ത്ഥികള്‍ വെട്ടിക്കലവ, കൊട്ടാരക്കര, പത്തനാപുരം എന്നിവിടങ്ങളിലുള്ള വിദ്യാലയങ്ങളെയാണ് ആശ്രയിച്ചിരുന്നത്. വിദ്യാഭ്യാസ രംഗത്തുണ്ടായ പുരോഗതി എടുത്തു കാണിക്കുന്ന രീതിയില്‍ 12 എല്‍.പി സ്കൂളുകളും 2 ഹൈ സ്കൂളുകളും തലവൂരിലുണ്ട്. നിരവധി ഗ്രന്ഥശാലകള്‍ തലവൂരിന്റെ വിവിധ പ്രദേശങ്ങളില്‍ ആരംഭിക്കുകയുണ്ടായി. അവയില്‍ ചിലതാണ് നടുന്തേരി സന്മാര്‍ഗ്ഗസന്ദായിനി ഗ്രന്ഥശാല, വടകോട് വിജ്ഞാനപോഷിണി ഗ്രന്ഥശാല, പാണ്ടിത്തിട്ട പബ്ളിക് ലൈബ്രറി, പിടവൂര്‍ ജവഹര്‍ മെമ്മോറിയല്‍ പബ്ളിക് ലൈബ്രറി, പനമ്പറ്റ ഗോപാലവിലാസം പബ്ളിക് ലൈബ്രറി എന്നിവ. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ച് കലാപരിപാടികള്‍ പഴയകാലം മുതല്‍ക്കുതന്നെ സംഘടിപ്പിച്ചിരുന്ന ക്രിസ്ത്യന്‍ പള്ളികളുടെ പശ്ചാത്തലത്തില്‍ വളര്‍ന്ന ചവിട്ടുനാടകമെന്ന കലാരൂപവും തലവൂരില്‍ നിലനിന്നിരുന്നു. തലവൂരിലെ പുരാതന ക്ഷേത്രങ്ങളാണ് തൃക്കൊന്നമര്‍ ദേവീക്ഷേത്രം, കുരാ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കമുകുംചേരി തിരുവിളാങ്ങോനപ്പന്‍ ക്ഷേത്രം, പാണ്ടിത്തിട്ട ഗുരുസികാമന്‍ ക്ഷേത്രം, പിടവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്നിവ. ഈ ദേശത്തെ ആദ്യത്തെ ക്രിസ്ത്യന്‍ ദേവാലയം തലവൂര്‍ മാര്‍ത്തോമ്മാ പള്ളിയാണ്. സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് വലിയ പള്ളിയും റിംഗല്‍ ടോബി മെമ്മോറിയല്‍ സി.എസ്.ഐ പള്ളിയും പാണ്ടിത്തിട്ട റോമന്‍ കത്തോലിക്കാ പള്ളിയും പഴയകാലത്തുള്ള പള്ളികളുടെ ഗണത്തില്‍പ്പെടുന്നു. പരമ്പരാഗതമായി കാര്‍ഷിക സമ്പദ് വ്യവസ്ഥയാണ് തലവൂരിന്റേത്. തെങ്ങും നെല്ലുമായിരുന്നു ഇവിടെ പ്രധാന കാര്‍ഷിക വിളകള്‍. പഴയ കാലത്ത് തലവൂര്‍ ഒരു നെല്ലറയായിരുന്നു. എന്നാല്‍ പരമ്പരാഗത കാര്‍ഷിക വിളകള്‍ ഇന്ന് റബ്ബറിനും മരച്ചീനിക്കും വഴി മാറിയിരിക്കുന്നു. തലവൂരിലെ പ്രധാന മാര്‍ക്കറ്റായിരുന്ന നടുത്തേരി ചന്ത ഇന്നും നിലവിലുണ്ടെങ്കിലും ഈ ചന്തയുടെ പഴയ പ്രതാപം നഷ്ടപ്പെട്ടിരിക്കുന്നു. കാര്‍ഷിക വിഭവങ്ങളാലും കന്നുകാലികളായും കാര്‍ഷിക ആയുധങ്ങളായും ഒരു കാലത്ത് സമ്പന്നമായിരുന്ന ഈ ചന്ത ഇന്ന് നാമമാത്രമായി മാറിയിരിക്കുന്നു. തലവൂര്‍ നിവാസികള്‍ക്ക് അന്നും ഇന്നും ആശ്രയമായിട്ടുള്ള പ്രധാന മാര്‍ക്കറ്റുകള്‍ കാട്ടാരക്കര, പറക്കോട്, കലയപുരം, പുനലൂര്‍, പത്തനാപുരം എന്നിവയാണ്. വ്യാവസായിക രംഗത്ത് തലവൂര്‍ വളരെ പിന്നോക്കമായിരിക്കുന്നു. എന്നാല്‍ ഇന്ന് ഇഷ്ടിക, ഓട്, കശുവണ്ടി തുടങ്ങിയ വ്യവസായങ്ങള്‍ പഞ്ചായത്തിന്റെ സമ്പദ്ഘടനയെ പരിപോഷിപ്പിക്കുന്നു.