തലവൂര്‍

കൊല്ലം ജില്ലയില്‍ പത്തനാപുരം ബ്ളോക്കില്‍പ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് തലവൂര്‍. കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്തുനിന്നും പടിഞ്ഞാറോട്ട് ഒഴുകി അഷ്ടമുടിക്കായലില്‍ പതിക്കുന്ന കല്ലടയാറ് പഞ്ചായത്തിന്റെ കിഴക്കു വടക്കായി ഒഴുകുന്നു. ഏകദേശം ഒന്‍പതര കിലോമീറ്ററാണ് പഞ്ചായത്തിലെ കല്ലടയാറിന്റെ ദൈര്‍ഘ്യം. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ ഇടനാട്ടില്‍പ്പെടുത്തിയിരിക്കുന്നു. വടക്കു പത്തനാപുരം പഞ്ചായത്തും, കിഴക്കു വിളക്കുടി പഞ്ചായത്തും, തെക്ക് മേലില പഞ്ചായത്തും, പടിഞ്ഞാറ് മൈലം പഞ്ചായത്തും, വടക്കു പടിഞ്ഞാറ് പട്ടാഴി പഞ്ചായത്തും തലവൂര്‍ ഗ്രാമപഞ്ചായത്തിന്റെ അതിരുകളാണ്. പഴമക്കാരുടെ അഭിപ്രായത്തില്‍ ഈ ദേശം “തലൈവര്‍ വാഴും ഊര്” ആയിരുന്നു. തലൈവര്‍‍ എന്നാല്‍ നേതാവ് എന്നര്‍ത്ഥം, ഊര് എന്നാല്‍ ദേശം. നാട്ടിലെ പല പ്രശ്നങ്ങളും പരിഹരിക്കുന്നതില്‍ മിടുക്കന്‍മാരും പൊതുസമ്മതരും ആയ വ്യക്തികള്‍ തലവൂരിലുണ്ടായിരുന്നിരിക്കാം. അതിപുരാതനവും പ്രസിദ്ധവുമായ തലവൂര്‍പൂരം കൊണ്ടാടുന്നത് ഈ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന തൃക്കൊന്നമര്‍കോട് ദേവീ ക്ഷേത്രത്തിലാണ്. 1952-ല്‍ തലവൂര്‍ പഞ്ചായത്ത് രൂപീകൃതമാകുന്നതിന് മുമ്പ് തഹസീല്‍ദാര്‍ തെരഞ്ഞെടുക്കുന്ന വില്ലേജുകളായിരുന്നു പ്രദേശത്തിന്റെ ഭരണം നടത്തിയിരുന്നത്. ചെറുകോട് കുട്ടന്‍പിള്ളയായിരുന്നു അവസാനത്തെ വില്ലേജ് യൂണിയന്റെ പ്രസിഡന്റ്. ആദ്യത്തെ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് ഇ.കെ.കേശവപിള്ളയായിരുന്നു. ആദ്യത്തെ പഞ്ചായത്ത് കമ്മിറ്റിയില്‍ 8 അംഗങ്ങള്‍ (രണ്ട് നോമിനേറ്റഡ്) ഉള്‍പ്പെട്ടിരുന്നു. തലവൂര്‍ പഞ്ചായത്തില്‍ തലവൂര്‍, പിടവൂര്‍ എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്നു.