പഞ്ചായത്തിലൂടെ

ഭൂപ്രകൃതി

പശ്ചിമഘട്ടത്തില്‍ നിന്നും പടിഞ്ഞാറോട്ട് ഒഴുകി വേമ്പനാട്ട് കായലില്‍ പതിക്കുന്ന പമ്പയാറും മണിമലയാറും വേമ്പനാട്ടു കായലിന്റെ തെക്കുകിഴക്കേ മൂലയില്‍ നൂറ്റാണ്ടുകളായി നിക്ഷേപിച്ച എക്കല്‍ അടിഞ്ഞുണ്ടായ പ്രദേശമാണ് തലവടി പഞ്ചായത്ത് എന്നും കരുതുന്നുണ്ട്. പമ്പയാറും മണിമലയാറും ഒന്നായി ചേര്‍ന്ന് ഈ പഞ്ചായത്തിന്റെ മദ്ധ്യത്തിലൂടെയും അതിരുകളിലൂടെയും ഒഴുകുന്നു. പത്തില്‍ കൂടുതല്‍ മീറ്റര്‍ താഴത്തേക്ക് കുഴിക്കുമ്പോള്‍ കക്കയുടെ അവശിഷ്ടം ഭൂമിയ്ക്കടിയില്‍ ഉള്ളത് ചരിത്രാതീത കാലത്ത് ഈ ഗ്രാമം വെളളം കയറി കിടന്ന കായലിന്റെ ഭാഗമാണെന്ന് വ്യക്തമായി തെളിയിക്കുന്നു. പാടശേഖരങ്ങളും പാടശേഖരങ്ങളില്‍ നിന്നും മനുഷ്യന്‍ ഉയര്‍ത്തിയ കരഭൂമികളും ആറുകളും കൈത്തോടുകളും മാത്രമേ ഈ പഞ്ചായത്തില്‍ ഉള്ളു. ഈ പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളും പുഴകളാലും തോടുകളാലും വേര്‍തിരിക്കപ്പെട്ട പ്രദേശമാണ്. വലിയ വെള്ളപ്പൊക്ക കാലത്ത് ഗ്രാമം മുഴുവന്‍ വെള്ളത്തിനടിയിലാകുന്ന ഭൂപ്രകൃതിയാണ് പഞ്ചായത്തിനുള്ളത്. കുട്ടനാട് താലൂക്കില്‍പെട്ട അതിവിസ്തൃതമായ ഒരു ഗ്രാമമാണ് തലവടി. ഈ ഗ്രാമത്തെ പമ്പാ, മണിമല എന്നീ നദികളുടെ കൈവഴികള്‍ ചേര്‍ന്ന് രണ്ട് അര്‍ദ്ധ ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. നദിയുടെ തെക്കന്‍ മേഖല ഉള്‍ക്കൊള്ളുന്ന പ്രദേശത്തെ തെക്കന്‍ തലവടിയെന്നും വടക്കന്‍ മേഖല ഉള്‍ക്കൊള്ളുന്ന പ്രദേശത്തെ വടക്കന്‍ തലവടിയെന്നും അറിയപ്പെടുന്നു. ഈ ഗ്രാമത്തിലെ മുഖ്യകൃഷികള്‍ നെല്ലും തെങ്ങുമാണ്. തെക്കേ തലവടി താരതമ്യേന ഉയര്‍ന്ന പ്രദേശമാണ്. എങ്കിലും വെള്ളപ്പൊക്കക്കെടുതികള്‍ ഇരുപ്രദേശത്തും ഒരുപോലെ ബാധിക്കുന്നു. തലവടി ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ മുഖ്യ തൊഴില്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടിട്ടുള്ളതാണെങ്കിലും ഒരു ന്യൂനപക്ഷം ജനങ്ങള്‍ ഉപജീവനത്തിനായി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാറുണ്ട്.

വിദ്യാഭ്യാസം

ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കിന്റെ കിഴക്കേ അറ്റത്ത് പത്തനംതിട്ട ജില്ലയുടെ അതിര്‍ത്തിയുമായി ചേര്‍ന്ന് കിടക്കുന്ന തലവടി ഗ്രാമം സാക്ഷരതയിലും വിദ്യാസമ്പന്നരുടെ ലഭ്യതയിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന പ്രദേശങ്ങളിലൊന്നാണ്. 19-ാം നൂറ്റാണ്ടിന്റെ ആദ്യ കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ സംസ്ഥാനത്ത് സി എം എസ് മിഷനറിമാര്‍ വിദ്യാലയങ്ങള്‍ സ്ഥാപിച്ച കാലയളവില്‍ തന്നെ തലവടിയിലും റവ. തോമസ് നോര്‍ട്ടന്റെ നേതൃത്വത്തില്‍ 1839-ല്‍ കുന്തിരിക്കല്‍ എന്ന സ്ഥലത്ത് ഒരു പ്രൈമറി വിദ്യാലയം സ്ഥാപിക്കപ്പെട്ടു. 1904 മുതല്‍ 1908 വരെ ആനപ്രമ്പാല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ തെക്കുവശത്ത് ആറ്റരികിലായി ദേവസ്വം ഹെസ്കൂള്‍ എന്നപേരില്‍ ഒരു ഇംഗ്ളീഷ് ഹൈസ്കൂള്‍ ഉണ്ടായിരുന്നു. തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ നിന്നും ഡിഗ്രി എടുത്ത                        വി.എം.കൃഷ്ണയ്യര്‍ ബി എ ആയിരുന്നു സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റര്‍. ജനസാന്ദ്രതയിലും സംസ്കാരത്തിലും വിദ്യാഭ്യാസത്തിലും കുട്ടനാടിന്റെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് ഏറ്റവും മുന്‍പന്തിയിലാണ് തലവടി. അനേകം പ്രൈമറി സ്കൂളുകള്‍ക്കു പുറമേ അഞ്ചു ഹൈസ്കൂളുകളും വനിതകള്‍ക്ക് മാത്രമായി ഒരു ക്രാഫ്റ്റ് ട്രെയിനിംഗ് സ്കൂളും ഇന്ന് പ്രവര്‍ത്തന രംഗത്തുണ്ട്. ക്രിസ്തീയ  സമുദായവും ക്രിസ്തീയ സഭകളും ഈ പഞ്ചായത്തിലെ വിദ്യാഭ്യാസ മേഖലയെ മുന്‍പന്തിയില്‍ എത്തിച്ചിരിക്കുകയാണ്. അഞ്ച് ഹൈസ്കൂളുകളില്‍ ഒരെണ്ണം മാത്രമാണ് ഗവണ്‍മെന്റ് ഉടമയിലുളളത്. മറ്റു നാലെണ്ണവും ക്രിസ്ത്യന്‍ മാനേജുമെന്റിലുള്ളതാണ്. വിശ്വസാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ ആദികാല ഗുരു തലവടി തെക്കേക്കരില്‍ ചുടുകാട്ടില്‍ വീട്ടില്‍ ശ്രീ ഉമ്മനാശാന്‍ തലവടിക്കാരനായിരുന്നു.

ആരാധനാലയങ്ങള്‍

ഒരു നാടിന്റെ സംസ്കാര കേദാരങ്ങളാണ് ആരാധനാലയങ്ങള്‍. പമ്പയാറിന്റെ വടക്കുവശം ആനപ്രാമ്പാല്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം മുതല്‍ കിഴക്കോട്ട് നീരേറ്റുപുറം ശ്രീ വ്യാസ ക്ഷേത്രം വരെ ഏഴ് ക്ഷേത്രങ്ങളും തെക്കേക്കര മാണത്താറ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം മുതല്‍ പടിഞ്ഞാട്ട് പുതുപ്പറമ്പില്‍ ശ്രീ ഭവഗതി ക്ഷേത്രം വരെ മൂന്നു ക്ഷേത്രങ്ങളുമുണ്ട്. കൂടാതെ പഴയകാല സംസ്കാരത്തിന്റെ തനിമ വിളിച്ചറിയിക്കുന്ന നിരവധി കാവും കുളവും നാട്ടിലുണ്ട്. ചക്കുളത്തുകാവു ശ്രീ ഭവഗതി ക്ഷേത്രം ഇന്ന് സാര്‍വ്വത്രിക പ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുകയാണ്.

ആരോഗ്യം

1972 വരെ ഈ പഞ്ചായത്തിലെ ജനങ്ങള്‍ ആശ്രയിച്ചിരുന്ന ഏക ചികിത്സാ കേന്ദ്രം സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പന്‍സറി മാത്രമായിരുന്നു. കുട്ടനാട് പ്രദേശത്തിന്റെ ഭാഗമായ തലവടി പഞ്ചായത്തില്‍ പ്രാചീന കാലത്ത് ജലഗതാഗതമായിരുന്നു ഏക ആശ്രയം. തിരുവല്ലായില്‍ നിന്നും ആരംഭിച്ച റോഡു ഗതാഗതം നീരേറ്റുപുറത്ത് നെടുമ്പ്രം പഞ്ചായത്തിനെയും തലവടി പഞ്ചായത്തിനെയും ബന്ധിപ്പിച്ചു കൊണ്ട് 1961-ല്‍ വാഹന ഗതാഗതത്തിന് സൌകര്യപ്രദമായ പാലം നിര്‍മ്മിച്ചു. ഈ പാലം ഗതാഗതത്തിന് സ്ഥായിയും ധൃതഗതിയിലുളളതുമായ വളര്‍ച്ച നേടിതന്നിട്ടുണ്ട്. തലവടി പഞ്ചായത്തിന്റെ മദ്ധ്യഭാഗത്തുകൂടി നിര്‍മ്മിച്ച നീരേറ്റുപുറം എടത്വാ റോഡിന് സമാന്തരമായി ഒഴുകുന്ന പമ്പാനദിയുടെ കൈവഴി തലവടിയെ രണ്ടു കരവിഭാഗങ്ങളായി വേര്‍പെടുത്തി.

സാംസ്കാരികം

മലേഷ്യാ രാമകൃഷ്ണ പിള്ള തലവടിയിലെ പ്രശസ്തനായ കവിയായിരുന്നു. തിരുവാതിരക്കളിയില്‍ പ്രശസ്തയായ ആളായിരുന്നു അമ്മുക്കുട്ടിയമ്മ ടീച്ചര്‍. പണ്ഡിതനും പുരാണ സാഹിത്യത്തില്‍ വളരെയധികം അവഗാഹം നേടിയ ആളും വളരെയധികം പുരാണ കൃതികളുടെ ഗ്രന്ഥകര്‍ത്താവും കൂടിയായിരുന്നു നാലാംവേലില്‍ ഗോപാലന്‍. കരകൌശല നിര്‍മ്മാണത്തില്‍ പ്രാഗല്‍ഭ്യം തെളിയിച്ച നെടുംമ്പറമ്പില്‍ സുകുമാരന്‍ നായര്‍ , ഓട്ടന്‍തുള്ളലില്‍ പ്രശസ്തനായ പരേതനായ പുത്തന്‍പറമ്പില്‍ കൊച്ചുരാമ പണിക്കര്‍ , കഥാപ്രസംഗ രംഗത്തെ പ്രശസ്തനായ തലവടി രാമചന്ദ്രന്‍ , ഗാന കോകിലം തലവടി കൃഷ്ണന്‍കുട്ടി, സിനിമാ സംവിധായകന്‍ അനില്‍ , കഥകളിപ്പാട്ടുകാരന്‍ ഗോവിന്ദന്‍ പോറ്റി, കഥാപ്രസംഗ രംഗത്ത് കുതിച്ചുയര്‍ന്ന് വരുന്ന തലവടി വിനോദ് കുമാര്‍ മുതലായവര്‍ ഈ നാടിന്റെ സന്തതികളാണ്.