ശ്രീകൃഷ്ണപുരം

പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കിലാണ് ശ്രീകൃഷ്ണപുരം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെര്‍പ്ളശ്ശേരി, കടമ്പഴിപ്പുറം, കരിമ്പുഴ, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തൃക്കടീരി, വെള്ളിനേഴി എന്നീ ഏഴു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ശ്രീകൃഷ്ണപുരം ബ്ളോക്ക് പഞ്ചായത്ത്. കടമ്പഴിപ്പുറം ഒന്ന്, കടമ്പഴിപ്പുറം രണ്ട്, കരിമ്പുഴ ഒന്ന്, കരിമ്പുഴ രണ്ട്, ചെര്‍പ്പുളശ്ശേരി, തൃക്കടീരി ഒന്ന്, തൃക്കടീരി രണ്ട്, ശ്രീകൃഷ്ണപുരം, വെള്ളിനേഴി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ശ്രീകൃഷ്ണപുരം ബ്ളോക്ക് പഞ്ചായത്തിന് 219.41 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 13 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് മണ്ണാര്‍ക്കാട് ബ്ളോക്കും, കിഴക്കുഭാഗത്ത് പാലക്കാട്, മലമ്പുഴ ബ്ളോക്കുകളും, തെക്കുഭാഗത്ത് പാലക്കാട്, ഒറ്റപ്പാലം ബ്ളോക്കുകളും, പടിഞ്ഞാറുഭാഗത്ത് പട്ടാമ്പി ബ്ളോക്കും, മലപ്പുറം ജില്ലയുമാണ് ശ്രീകൃഷ്ണപുരം ബ്ളോക്ക് പഞ്ചായത്തിന്റെ അതിരുകള്‍. മലനാടിന്റെ പ്രത്യേകതകളുള്ള ഒരു ഭൂപ്രദേശമാണ് ശ്രീകൃഷ്ണപുരം. കുന്നിന്‍ ചെരിവുകളും പാറക്കെട്ടുകള്‍ നിറഞ്ഞ മലനിരകളും ഇവിടുത്തെ പ്രത്യേകതകളാണ്. ഒറ്റപ്പാലം താലൂക്കിലെ തന്നെ ഏറ്റവും ഉയരം കൂടിയ അനങ്ങന്‍മലയുടെ അധികഭാഗവും ഈ ബ്ളോക്കുപ്രദേശത്താണ്. അപൂര്‍വ്വയിനം ഔഷധസസ്യങ്ങളുടെ കലവറയായ ഇവിടെ നിന്ന് വൈദ്യമഠം, കോട്ടക്കല്‍ എന്നിവിടങ്ങളിലെ ആയൂര്‍വ്വേദകേന്ദ്രങ്ങളിലേക്ക് ആവശ്യമായ ഔഷധസസ്യങ്ങള്‍ ശേഖരിക്കാറുണ്ട്. കുന്നിന്‍ ചെരിവുകളോട് ചേര്‍ന്നുകിടക്കുന്ന ഉയര്‍ന്ന സമതലങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും ശരാശരി 150 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണപുരം ബ്ളോക്ക് പൊതുവേ മഴ കുറവുള്ള പ്രദേശമാണ്. ശ്രീകൃഷ്ണപുരം ബ്ളോക്കിന്റെ തെക്കുകിഴക്കുള്ള പൂക്കോട്ടുകാവ്, തൃക്കടീരി ഗ്രമങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളാണ്. ഭാരതപ്പുഴയുടെ പോഷകനദിയായ കുന്തിപ്പുഴയുടെ ജലസമൃദ്ധി പുഴയോര പഞ്ചായത്തുകളായ ചെര്‍പ്ളശ്ശേരി, വെള്ളിനേഴി, ശ്രീകൃഷ്ണപുരം, കരിമ്പുഴ, കടമ്പഴിപ്പുറം എന്നിവിടങ്ങളിലൂടെ ഒഴുകുന്നു. പാറക്കെട്ടുകള്‍ നിറഞ്ഞ മലമ്പ്രദേശങ്ങള്‍ അധികവും നിക്ഷിപ്ത വനമേഖലയാണ്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ കൃഷിക്കാര്‍ വ്യാപകമായി ആരംഭിച്ച ഒരു കൃഷിയാണ് റബ്ബര്‍. ബ്ളോക്ക് പഞ്ചായത്ത് പ്രദേശത്ത് പ്രമുഖ സ്ഥാനം നെല്‍കൃഷിയ്ക്ക് നഷ്ടപ്പെട്ടുകഴിഞ്ഞിട്ടില്ലെന്നു പറയാം. ശ്രീകൃഷ്ണപുരം എന്‍.ഇ.എസ്.ബ്ളോക്ക് 1962-ലാണ് നിലവില്‍ വന്നത്.