ചരിത്രം

ചൈതന്യമത്തായ ഒരു സംസ്കാരത്തിന്റെ ചരിത്ര പാരമ്പര്യം ശൂരനാടിന് ഉണ്ട്. വയലുകളും കരകളും, തോടുകളും ഇടകലര്‍ന്ന് കാണുന്ന പ്രകൃതിരമണീയമായ ഈ ഭൂപ്രദേശം സമ്പന്നമായ ഒരു കാര്‍ഷിക സംസ്കാരത്തിന്റെ വിളഭൂമി ആണ്. ശൂരന്‍മാരുടെ നാട് എന്ന അര്‍ത്ഥത്തിലാണ് “ശൂരനാട്” എന്ന സ്ഥലനാമം ലഭിച്ചതെന്ന് ഐതിഹ്യമുണ്ട്. ശൂരന്‍മാരുടെ നാടും കടമ്പന്‍മാരുടെ നാടും തമ്മില്‍ പോരുവഴിയില്‍ വെച്ച് പോര് നടന്നുവെന്നും അതില്‍ വിജയിച്ച നാടിന് “ശൂരനാട്” എന്ന പേര് വന്നെന്നും പഴമക്കാര്‍ കരുതുന്നു. മഹത്തായ ഒരു ആയോധന പാരമ്പര്യം ഈ ഗ്രാമത്തിനുണ്ട് എന്നുള്ളതിന് ചുറ്റുമുള്ള ചക്കുവള്ളി, നൂറനാട് പടനിലങ്ങള്‍, കളരികള്‍ ഇവ സാക്ഷ്യം വഹിക്കുന്നു. ആനയടിയിലെ പുരാതന ഗുഹകള്‍ പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവ ഈ പ്രദേശത്തിന്റെ പുരാതന ചരിത്ര പാരമ്പര്യം വെളിവാക്കുന്നു. കളരികളുടെയും ആയോധന വിദ്യയുടെയും പിന്‍തലമുറക്കാര്‍ ഇന്നും ഇവിടെ ഉണ്ട്. കായംകുളം രാജാവിന്റെയും പിന്നീട് വേണാടിന്റെയും അതിന് ശേഷം തിരുവിതാംകൂറിന്റെയും ഭരണഭാഗമായി തീര്‍ന്ന ശൂരനാടിന് കേരളത്തിന്റെ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ അതിപ്രധാനമായ സ്ഥാനമാണുള്ളത്. ഉത്തരവാദ ഭരണത്തിന് വേണ്ടിയും സി.പി.യുടെ മര്‍ദ്ദക വാഴ്ചക്കെതിരെയും നടന്ന പോരാട്ടങ്ങളില്‍ ശൂരനാട്ടു കര്‍ഷക ജനതയുടെ പങ്കാളിത്തം ഉണ്ടായിരുന്നു. കളക്കാട്ടുതറ പരമേശ്വരന്‍ നായര്‍, തണ്ടാശ്ശേരി രാഘവന്‍, നെടുതറ കൃഷ്ണന്‍, എന്‍.ജനാര്‍ദ്ദനന്‍ (എന്‍.ജെ കടൂര്‍) എന്നിവരായിരുന്നു ആദ്യകാല സ്റ്റേറ്റ് കോണ്‍ഗ്രസ്സുകാര്‍. പരുത്തി കൃഷിയും, ചര്‍ക്കയില്‍ നൂല്‍നൂല്‍പ്പും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നാട്ടിലും പ്രചരിച്ചിരുന്നു. ഭൂവുടമാ മാര്‍ഗ്ഗത്തിന്റെ ചൂഷണങ്ങള്‍ക്കെതിരായുള്ള പോരാട്ടത്തില്‍ സ്വന്തം ജീവരക്തം കൊണ്ട് ചരിത്രം കുറിച്ച ധീരന്‍മാരുടെ ത്യാഗത്തിന്‍ കഥയാണ് ശൂരനാട് കാര്‍ഷിക കലാപം എന്ന പേരില്‍ പ്രസിദ്ധമായ “ശൂരനാട് സംഭവം”. തോപ്പില്‍ ഭാസിയും, പുതുപ്പണി രാഘവനും, കെ.കേശവന്‍ പോറ്റിയും മദ്ധ്യതിരുവിതാംകൂറിലാകെ നേതൃത്വം നല്‍കിയ കര്‍ഷക പ്രസ്ഥാനത്തിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായി തീര്‍ന്നു ശൂരനാട്. പനത്താഴ രാഘവന്‍, മേലക്കാട്ടേത്ത് കുഞ്ഞിരാമന്‍, ചേരൂര്‍ മാധവന്‍പിള്ള എന്നിവര്‍ ശൂരനാട് കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം വളര്‍ത്തിക്കൊണ്ടു വരാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. ശൂരനാട് കര്‍ഷക ജനത കൈവിലങ്ങ് പൊട്ടിച്ചെറിഞ്ഞ 1949 ഡിസംബര്‍ കര്‍ഷക കലാപം കേരളത്തിലെ കര്‍ഷക കലാപങ്ങളുടെ ചരിത്രത്തിലെ തിളക്കമുള്ള അദ്ധ്യായങ്ങളിലൊന്നാണ്. മഹത്തായ ഒരു സാംസ്കാരിക പാരമ്പര്യം ശൂരനാടിന് ഉണ്ട്. ക്ഷേത്രകലകള്‍, ക്ഷേത്രശില്‍പങ്ങള്‍, കൊത്തുപണികള്‍, നാടന്‍ കലാരൂപങ്ങള്‍ എന്നിവ നിദര്‍ശനമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആനയടി നരസിംഹ സ്വാമി ക്ഷേത്രം, വീട്ടിനാല്‍ ദേവീക്ഷേത്രം, അഴകിയ കാവ് ദേവീക്ഷേത്രം, മങ്ങാട്ട് ക്ഷേത്രം, കൊല്ലശ്ശേരി ക്ഷേത്രം, ആലുവിള ക്ഷേത്രം, പീടികയ്ക്കല്‍ ക്ഷേത്രം, കളരിവാതുക്കല്‍ ക്ഷേത്രം, കുണിരാടത്ത് മലനട ദുശള ക്ഷേത്രം, കയ്പ്പള്ളി ക്ഷേത്രം, ശ്രീനാരായണപുരം ക്ഷേത്രം, എണ്ണശ്ശേരി (ദുശാസ്സന ക്ഷേത്രം) എന്നിവിടങ്ങളില്‍ നിലനിന്ന ആചാരനുഷ്ഠാനങ്ങളും അനുഷ്ഠാനകലാരൂപങ്ങളും നാടിന്റെ സാംസ്കാരിക പുരോഗതിക്ക് കാര്യമായ പുരോഗതി നല്‍കി. മലനട ക്ഷേത്രങ്ങളില്‍ പുരാതനകാലം മുതല്‍ക്കേ അയിത്തം ഇല്ലാതിരുന്നതും പുറങ്ങാടികള്‍, കുറവര്‍, വേലര്‍ തുടങ്ങിയ ബ്രാഹ്മണേതര പൂജാരികള്‍, പൂജാദി കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്. പുതിയടത്ത് ക്ഷേത്രത്തിലെ വൃത്താകൃതിയിലുള്ള ശ്രീകോവിലും വീട്ടിനാല്‍ ക്ഷേത്രത്തിലെ ദാരുശില്‍പങ്ങളും, ആനടയടി തേവര്‍നട, പുതിയിടം പീടികയ്ക്കല്‍ ക്ഷേത്രങ്ങളിലെ ശില്‍പങ്ങളും നാടിന്റെ സാംസ്കാരിക താല്‍പര്യത്തെ വിളിച്ചറിയിക്കുന്നു. ആശാന്‍ കളരി സമ്പ്രാദായത്തിലുള്ള എഴുത്ത് പള്ളിക്കൂടങ്ങളും തുള്ളല്‍ കലാകേന്ദ്രങ്ങളും, കാക്കാരശി നാടകം, പരിചമുട്ടുകളി എന്നിവ പഠിപ്പിക്കുന്ന കേന്ദ്രങ്ങളും നാട്ടില്‍ ഉണ്ടായിരുന്നു. കൊല്ലക ആശാന്‍മാര്‍ കൊല്ലശ്ശേരി ക്ഷേത്രത്തില്‍ വച്ച് കാക്കാരശി നാടകം പഠിപ്പിച്ചിരുന്നു. ദേവീക്ഷേത്രങ്ങളില്‍ കളമെഴുത്തും, പാട്ടും നടത്തുന്ന സമ്പ്രദായം ഇപ്പോഴും ഉണ്ട്. പടയണി, ഗരുഡന്‍ തൂക്കം, കാക്കാരശി നാടകം, തുള്ളല്‍, വേലന്‍ തുള്ളല്‍, പാണന്‍പാട്ട്, പുള്ളുവന്‍ പാട്ട്, ശാസ്താം പാട്ട്, കുഴിവേലിക്കട എന്നീ കലാരൂപങ്ങള്‍ ക്ഷേത്രങ്ങളില്‍ അവതരിപ്പിച്ചിരുന്നു. ദിവാന്‍ സി.പി.യില്‍ നിന്നും ബഹുമതി നേടിയ വാസ്തുവിദ്യ വിദഗ്ദന്‍ കൊച്ചുവീട്ടില്‍ കിട്ടുപിള്ള ശൂരനാട് നിവാസികളായിരുന്നു. ഗോവിന്ദപിള്ള ആശാന്‍(മൃദംഗ വിദ്വാന്‍), കഥകളി വിദ്വാന്‍ പായിക്കാട്ട് നാണുആശാന്‍ എന്നിവര്‍ അക്കാലത്ത് പ്രസിദ്ധരായിരുന്നു. നാദസ്വര വിദ്വാന്‍മാരായ പരമുപണിക്കര്‍, പരമു ആചാരി, രാമകൃഷ്ണ ഭാഗവതര്‍, തകില്‍ വിദ്വാന്‍ ഗോപാലന്‍ ആചാരി എന്നിവരും പ്രസിദ്ധരായിരുന്നു. ചിത്രകലയിലും ശില്‍പകലയിലും നൂതനമാനങ്ങള്‍ സൃഷ്ടിച്ച ശ്രീ.ഉപേന്ദ്രകൃഷ്ണ ശൂരനാടിന്റെ അഭിമാനമാണ്. ലളിതകലാ അക്കാഡമി അംഗമായിരുന്ന ഇദ്ദേഹം കലാശോഭയുള്ള അമൂല്യചിത്രങ്ങള്‍ രചിച്ചിട്ടുണ്ട്. പശ്ചിമ ബംഗാള്‍, ശാന്തി നികേതനിലെ ചിത്രകലാ അദ്ധ്യാപകനായ ശൂരനാട് ആര്‍.ശിവകുമാര്‍ പ്രസിദ്ധനാണ്. അറിയപ്പെടുന്ന സംഗീതജ്ഞന്മാര്‍ വയ്യാങ്കര മധുസൂധനന്‍, ആനയടി പ്രസാദ് എന്നിവര്‍ ഈ നാട്ടുകാര്‍ എന്നുള്ളത് അഭിമാനകരമാണ്. മുഖ്യചികിത്സാ സമ്പ്രദായം ആയൂര്‍വേദമായിരുന്നു. വിഷചികിത്സാ വിദഗ്ദന്‍മാരുടെ സേവനം ഇതര ദേശങ്ങളില്‍ ഉള്ളവര്‍ പോലും പ്രയോജനപ്പെടുത്തിയിരുന്നു. ആയൂര്‍വേദ ചികിത്സയിലും മൃഗ ചികിത്സയിലും നാടിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന ശ്രീ. മക്ഷിവിളയില്‍ നാരായണന്‍ നായരുടെ സേവനം വൈദ്യശാസ്ത്ര വിഷയങ്ങള്‍ പ്രതിപാദിക്കുന്ന നിരവധി താളിയോല ഗ്രന്ഥങ്ങള്‍ ഇന്നും ലഭ്യമാണ്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ഗണനീയ സംഭാവനകള്‍ നല്‍കിയ അഭിവന്ദ്യനായ ശ്രീ. ശൂരനാട് കുഞ്ഞന്‍ പിള്ളയുടെ ജനനം കൊണ്ട് പവിത്രവും ധന്യവും ആണ് ഈ നാട്. സരസ പണ്ഡിതന്‍ അഡ്വക്കേറ്റ് കണ്ണമത്ത് ഗോപാലന്‍ നായര്‍, പ്രസിദ്ധനായ കവിയായിരുന്നു. കെ.സി ആനൂരം കവിയെന്ന നിലയില്‍ പ്രസിദ്ധനായി. ശ്രീ. എ.പി. കളക്കാടിന്റെ പോര്‍ക്കലി എന്ന പ്രസിദ്ധമായ നോവലില്‍ ശൂരനാട്ടെ കര്‍ഷക ജനത സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ നടത്തിയ ഐതിഹാസിക പോരാട്ടങ്ങളുടെയും നേടിയെടുത്ത വിജയങ്ങളുടെയും കഥ പറയുന്നു. തോപ്പില്‍ ഭാസിയുടെ ഒളിവിലെ ഓര്‍മ്മകള്‍ ശൂരനാടിന്റെ ചരിത്രപശ്ചാത്തലം വെളിവാക്കുന്നു. തോപ്പില്‍ ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിന്റെ പ്രമേയവും പശ്ചാത്തലവും ശൂരനാടിന്റെ ഗ്രാമപ്രദേശവുമായി ബന്ധപ്പെട്ടതാണ്.