പഞ്ചായത്തിലൂടെ

അറബിക്കടലിനു 15 കി.മീ കിഴക്കായി വടക്ക് ആലപ്പുഴ ജില്ലയും, കിഴക്ക് പത്തനംതിട്ട ജില്ല അതിര്‍ത്തിയായും സ്ഥിതി ചെയ്യുന്ന വിശാലമായ താഴ്വാരങ്ങളോടു കൂടിയ ഒരു ഭൂപ്രദേശമാണ് ശൂരനാട് വടക്ക് പഞ്ചായത്ത്. കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കില്‍ ശാസ്താംകോട്ട ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ആറ് പഞ്ചായത്തുകളില്‍ ഒന്നായ ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിന് 22.67 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്ത് ആഫീസ് സ്ഥിതി ചെയ്യുന്നത് പത്താ വാര്‍ഡിലെ പടിഞ്ഞാറ്റം മുറിയിലാണ്. ദേശീയപാത 47 ല്‍ നിന്നും 10 കിലോമീറ്ററും, കരുനാഗപ്പള്ളിയില്‍ നിന്നും 15 കിലോമീറ്ററും ശാസ്താംകോട്ടയില്‍ നിന്നും 9 കിലോ മീറ്ററും ദൂരത്തിലാണ് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ വടക്ക് ആലപ്പുഴ ജില്ലയിലെ താമരക്കുളം പഞ്ചായത്തും, കിഴക്ക് പത്തനംതിട്ട ജില്ലയിലെ പള്ളിക്കല്‍ പഞ്ചായത്തും, കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തും, തെക്ക് ശൂരനാട് തെക്ക് പഞ്ചായത്തും, പടിഞ്ഞാറ് കരുനാഗപ്പള്ളി താലൂക്കിലെ തഴവ, തൊടിയൂര്‍ പഞ്ചായത്തുകളുമാണ് അതിര്‍ത്തി. പഞ്ചായത്തിന്റെ മുക്കാല്‍ ഭാഗത്തോളം പ്രദേശങ്ങളും 20 മീറ്ററിനു താഴെയുള്ളവയാണ്. ഉയരം കൂടിയ പ്രദേശങ്ങള്‍ ഏറിയവയും കിഴക്ക് ഭാഗത്താണ് കാണപ്പെടുന്നത്. പഞ്ചായത്തിന്റെ കിഴക്കേ മദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്ന കൊക്കിനാമുകള്‍ എന്ന സ്ഥലമാണ് ഏറ്റവും ഉയരം കൂടിയ പ്രദേശം. ഇത് അഞ്ചാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. ഇതുകൂടാതെ എണ്ണശ്ശേരി, പീടിയയ്ക്കല്‍, പുതിയകാവ് ക്ഷേത്രത്തിനു സമീപം, വയ്യാങ്കര ജംഗ്ഷനു സമീപം എന്നിവയാണ് മറ്റ് ഉയര്‍ന്ന പ്രദേശങ്ങള്‍. തെക്കന്‍ ഇടനാട് കാര്‍ഷിക കാലാവസ്ഥ മേഖലയിലാണ് ശൂരനാട് വടക്ക് പഞ്ചായത്ത് ഉള്‍പ്പെടുന്നത്. പള്ളിക്കല്‍ ആറും അതുമായി ബന്ധപ്പെട്ട പോഷകതോടുകളുമാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്നത്. പള്ളിക്കല്‍ തോട് ഈ പഞ്ചായത്തില്‍ ചാത്താകുളത്തു നിന്നും ആരംഭിച്ച് തൊടിയൂര്‍ പാലത്തിലവസാനിക്കുന്നു. ഇത് 11 കിലോമീറ്റര്‍ നീളത്തില്‍ ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു. കിഴകിട തോട് കൈമകുളങ്ങര ചിറയില്‍ നിന്നാരംഭിച്ച് കരിങ്ങാട്ടില്‍ മാടന്‍നട ഭാഗത്തവസാനിക്കുന്നു. ഇതിന്റെ നീളം 5.56 കി.മീറ്ററാണ്. നെടിയപാടം തോട് 4.44 കി.മീറ്റര്‍ സഞ്ചരിച്ച് തൊടിയൂര്‍ പാലത്തിനു വടക്കുവശം അവസാനിക്കുന്നു. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് ഒരു കര്‍ഷക ഗ്രാമമാണ്. വില്ലേജ് ആഫീസിലെ സെറ്റില്‍മെന്റ് രജിസ്റ്റര്‍ പ്രകാരം അവിഭക്ത ശൂരനാട് പഞ്ചായത്തില്‍ 1928 ല്‍ 200 ല്‍ താഴെയുള്ള ഭൂവടുമകളാണ് ഉണ്ടായിരുന്നത്. കൂടുതല്‍ ഭൂമിയും ദേവസ്വങ്ങളുടെ പേരില്‍ ആയിരുന്നു. തണ്ടപ്പേര്‍ രജിസ്റ്ററിലെ ഒന്നാം നമ്പര്‍ തണ്ടപ്പേര്‍ തന്നെ അഴകിയകാവ് ശ്രീ.കുറുമ്പകാളിയുടെ പേരില്‍ ആയിരുന്നു. 1957 മുതല്‍ സംസ്ഥാനത്ത് നടപ്പാക്കിയ ഭൂപരിഷ്ക്കരണ നടപടികളുടെ ഭാഗമായി കുടികിടപ്പ്, മിച്ചഭൂമി, പാട്ടവാരം എന്നിവയുടെ കൈവശക്കാര്‍ ഉടമസ്ഥരായി മാറി. ശൂരനാട് വടക്ക് പഞ്ചായത്തിന്റെ ഹൃദയഭാഗത്തു കൂടി ഏകദേശം 5 കിലോമീറ്റര്‍ നീളത്തില്‍ പള്ളിക്കലാറ് കടന്നുപോകുന്നു. 7 ഏക്കറോളം വരുന്ന മണലിക്കല്‍ ചാല്‍ 100 ഏക്കറോളം വരുന്ന വയ്യാങ്കര ചിറ തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന ജലാശയങ്ങള്‍. സാക്ഷരതയിലും പ്രബുദ്ധതയിലും മുന്നിട്ടു നില്‍ക്കുന്ന ജില്ലയാണു കൊല്ലം. കല, സാഹിത്യം, സംസ്കാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെല്ലാം മഹനീയ പാരമ്പര്യം ഈ ജില്ലയ്ക്ക് അവകാശപ്പെടാന്‍ കഴിയും. കൊല്ലം ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിലൊന്നാണ് ശൂരനാട് വടക്ക് പഞ്ചായത്ത്. ശ്രീ തെന്നല അയ്യപ്പന്‍ പിള്ളയുടെ ഉടമസ്ഥതയില്‍ ഏതാണ്ടു 90 വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ച തെന്നല പ്രൈമറി സ്കൂളാണ് പഞ്ചായത്തിലെ ആദ്യത്തെ അംഗീകൃത വിദ്യാലയം. തുടര്‍ന്ന് കുന്നില്‍ എം.കെ.കൃഷ്ണനുണ്ണിത്താന്റെ ഉടമസ്ഥതയില്‍ അഴകിയകാവ് പ്രൈമറി സ്കൂളും രൂപം കൊണ്ടു. 1945-46 കാലത്ത് ദിവാന്‍ സര്‍.സി.പി.രാമസ്വാമി അയ്യരുടെ ഒരു ഭരണനടപടിയാണ് പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് തിരുവിതാംകൂറില്‍ ദൂരവ്യാപകമായ മാറ്റത്തിനിട നല്‍കിയത്. വിദ്യാഭ്യാസസൌകര്യം ഇല്ലാതിരുന്ന പല താലൂക്കുകളെയും നിര്‍ബന്ധിത വിദ്യാഭ്യാസ മേഖലകളായി (കംപല്‍സറി എഡ്യുക്കേഷന്‍ ഏരിയ) പ്രഖ്യാപിക്കുകയും ആ പട്ടികയില്‍ വരുന്ന താലൂക്കിലെ ഓരോ കരയിലും ഒരു പ്രൈമറി സ്കൂള്‍ എന്ന പദ്ധതി നടപ്പില്‍ വരുത്തുകയും ചെയ്തു. കുന്നത്തൂര്‍ താലൂക്കും ഈ പട്ടികയിലായിരുന്നു. 1953 ല്‍ ശൂരനാട് പ്രൈമറി ഹെല്‍ത്തു സെന്റര്‍ സര്‍ക്കാര്‍ തലത്തില്‍ സ്ഥാപിതമായതോടെ പൊതുജനാരോഗ്യരംഗത്ത് പുതിയ ഉണര്‍വ്വും പ്രതീക്ഷയും ഉണ്ടായി. കൂടാതെ ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രി നിലവില്‍ വന്നു. കൂടാതെ സ്വകാര്യമേഖലയില്‍ രണ്ടാശുപത്രികളും രണ്ടു ക്ളിനിക്കുകളും രണ്ട് ഹോമിയോ ഡിസ്പെന്‍സറികളും പ്രവര്‍ത്തിക്കുന്നു. കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കിന്റെ വടക്കേയറ്റം ആലപ്പുഴ, പത്തനംതിട്ട ജില്ലകളോടു ചേര്‍ന്നു കിടക്കുന്ന ഒരു ഗ്രാമമാണ് ശൂരനാട് വടക്ക്. ബഹുഭൂരിപക്ഷം കര്‍ഷകത്തൊഴിലാളികളും കൂലിപ്പണിയെടുത്ത് ജീവിക്കുന്നു. പഞ്ചായത്തില്‍ 17 അംഗന്‍വാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തെന്നല എല്‍.പി.എസ്, അഴകിയകാവ് എല്‍.പി.എസ് എന്നിവയാണ് നാട്ടിലെ ആദ്യ സരസ്വതി ക്ഷേത്രങ്ങള്‍. 1152 ല്‍ സ്ഥാപിതമായ ശൂരനാട് ഹൈസ്ക്കൂള്‍ കൂടാതെ 3 യു.പി. സ്കൂളുകളും 3 എല്‍.പി സ്കൂളുകളും പൊതു വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തനം നടത്തുന്നു. നഴ്സറി തലം മുതല്‍ ഹൈസ്കൂള്‍ തലം വരെയുള്ള പതിനെട്ടോളം വിദ്യാകേന്ദ്രങ്ങള്‍ ഇന്നിവിടെയുണ്ട്. അനൌപചാരിത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ കൂട്ടത്തില്‍ ആദ്യകാലത്തുണ്ടായിട്ടുള്ളവ ശൂരനാട് പബ്ളിക് ലൈബ്രറിയും പടിഞ്ഞാറ്റം മുറിയില്‍ സ്ഥാപിച്ച ചങ്ങമ്പുഴ സ്മാരക ശാലയും പിന്നീട് പഞ്ചായത്ത് വകയായി പരിണമിക്കുകയും ചെയ്തു. ശൂരനാട് പഞ്ചായത്താഫീസ് കോമ്പൌണ്ടില്‍ ചങ്ങമ്പുഴ വായനശാലയും സാംസ്കാരിക നിലയവും സ്ഥിതി ചെയ്യുന്നു. ശൂരനാട്ടെ ആദ്യത്തെ സഹകരണ പ്രസ്ഥാനമാണ് “ശൂരനാട് പരസ്പര സഹകരണ സംഘം”. ഇത് 1101-ധനു 12 നു രജിസ്റ്റര്‍ ചെയ്തു. കുംഭം 10-നു പ്രവര്‍ത്തനം ആരംഭിച്ചു(1926 ഡിസംബറില്‍). ഇതിന്റെ സ്ഥാപക പ്രസിഡന്റും പനമ്പിലാവില്‍ ശ്രീനാരായണപിള്ള അവര്‍കള്‍ ആയിരുന്നു. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തില്‍ നിരവധി പട്ടികജാതി കുടുംബങ്ങള്‍ പാര്‍ക്കുന്നുണ്ട്. ഇവര്‍ പ്രധാനമായും 25 കോളനികളിലായും മറ്റുള്ളവര്‍ ഇടകലര്‍ന്നുമാണ് താമസിക്കുന്നത്.