ശൂരനാട് നോര്‍ത്ത്

ശ്രീ.തോപ്പില്‍ ഭാസിയുടെ ഭാഷയില്‍ ‘കൂന്താലിക്കരുടെ നാട്’ ആണ് ശൂരനാട്. അദ്ധ്വാനശീലരായ സാധാരണ കൃഷിക്കാരുടെ നാട് എന്നര്‍ത്ഥം. അറബിക്കടലിനു 15 കി.മീ കിഴക്കായി വടക്ക് ആലപ്പുഴ ജില്ലയും, കിഴക്ക് പത്തനംതിട്ട ജില്ല അതിര്‍ത്തിയായും സ്ഥിതി ചെയ്യുന്ന വിശാലമായ താഴ്വാരങ്ങളോടു കൂടിയ ഒരു ഭൂപ്രദേശമാണ് ശൂരനാട് വടക്ക് പഞ്ചായത്ത്. കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കില്‍ ശാസ്താംകോട്ട ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ആറ് പഞ്ചായത്തുകളില്‍ ഒന്നാണ് ഈ ഗ്രാമപഞ്ചായത്ത്. പഴയ ശൂരനാട് ഇന്ന് രണ്ട് പഞ്ചായത്തുകളാണ് - ശുരനാട് നോര്‍ത്ത്, ശൂരനാട് സൌത്ത്. 22.67 ചതുരശ്ര കിലോമീറ്ററാണ്  ഈ പഞ്ചായത്തിന്‍റെ വിസ്തീര്‍ണ്ണം. ജന്മി-നാടുവാഴിത്ത വ്യവസ്ഥക്കെതിരായി കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും സംഘടിതമായി നടത്തിയ മുന്നേറ്റങ്ങളില്‍ മഹത്തായ ഒരു പങ്കു വഹിച്ച നാടാണ് ശൂരനാട്. അതിലൂടെ ഈ നാടിന്റെ പ്രിയപ്പെട്ട വീരപുത്രന്മാര്‍ രക്ഷസാക്ഷിത്വം വരിച്ചു. തണ്ടാശ്ശേരി രാഘവന്‍ കളയ്ക്കാട്ടു തറ പരമേശ്വരന്‍ നായര്‍ വായിക്കാലില്‍ ഗോപാലപിള്ള കാഞ്ഞിരപള്ളി വടക്ക് പുരുഷോത്തമക്കുറുപ്പ് മഠത്തില്‍ ഭാസ്ക്കരന്‍ നായര്‍ എന്നിവര്‍ ഈ നാടിന്റെ അഭിമാനബോധത്തിന്റെയും ഉയര്‍ന്ന രാഷ്ട്രീയ ബോധത്തിന്റെയും ജ്വലിക്കുന്ന പ്രതീകങ്ങളാണ്. മലയാളസാഹിത്യ തറവാട്ടിലെ കുലപതിയും, ബഹുഭാഷാ പണ്ഡിതനുമായിരുന്ന ശ്രീ.ശൂരനാട്ടു കുഞ്ഞപിള്ളയുടെ ജനനം കൊണ്ട് പവിത്രവും ധന്യവുമാണ് നാട്. ഈ നാടിന്റെ ചരിത്രം തന്നെ 1949 ഡിസംബര്‍ 31 നു മുമ്പും പിമ്പും എന്നു തിരിക്കാവുന്ന നിലയിലാണ്. ആദ്യകാലത്ത് ഈ നാട്ടിലെ കനകം വിളയുന്ന മണ്ണില്‍ അദ്ധ്വാനിക്കുന്നവര്‍ക്ക് ഉടമവാകാശം ഉണ്ടായിരുന്നില്ല. വിരലിലെണ്ണാവുന്ന ഭൂവുടമകള്‍ ഇവിടുത്തെ വിളഭൂമികള്‍ കയ്യടക്കി വച്ചു. ഇവിടെ വിദ്യാഭ്യാസ സൌകര്യങ്ങളുണ്ടായിരുന്നില്ല. പഞ്ചായത്തിലെ അറിയപ്പെടുന്ന പ്രധാന നിരത്തുകളൊക്ക അന്ന് പറങ്കിമാവിന്‍ കൂട്ടങ്ങളുടെയും മരച്ചീനി വിളകളുടെയും കുറ്റിക്കാടുകളുടെയും ഇടയിലൂടെയുള്ള ഊടുവഴികളായിരുന്നു. അല്ലെങ്കില്‍ പാടശേഖരങ്ങളെ കീറിമുറിയ്ക്കുന്ന നടവരുമ്പുകളായിരുന്നു. പഞ്ചായത്തിലെ കാര്‍ഷികമേഖലയെ സംബന്ധിച്ചിടത്തോളം ഒരു ‘അമൃതവാഹിനി’യാണ് പള്ളിക്കലാറ്. പള്ളിക്കലാറിനു കുറുകെ നിര്‍മ്മിച്ചിട്ടുള്ള രണ്ടു തടയണകളും പള്ളിക്കല്‍ ഡാമും ഏഴ് ലിഫ്റ്റ് ഇറിഗേഷന്‍ പമ്പു സ്റ്റേഷനുകളും പഞ്ചായത്തിലെ ജലസേചന സൌകര്യം വളരെയേറെ മെച്ചപ്പെടുത്തിയിട്ടുണ്ട്. നാലഞ്ച് കുന്നിന്‍പുറങ്ങളും വിസ്തൃതമായ പാടശേഖരങ്ങളുമായാണ് നാടിന്റെ കിടപ്പ്. കുന്നത്തൂര്‍ താലൂക്കിന്റെ തന്നെ നെല്ലറയാണ് ശൂരനാട്, നെടിയപാടം ഏലാ, കിഴകിട ഏലാ, കുരിക്കുഴി ഏലാ, വിളക്കുപാടം എന്നിവ.