ശാസ്താംകോട്ട

കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കിലാണ് ശാസ്താംകോട്ട ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ശാസ്താംകോട്ട, വെസ്റ്റ് കല്ലട, ശൂരനാട് സൌത്ത്, പോരുവഴി, കുന്നത്തൂര്‍, ശൂരനാട് നോര്‍ത്ത് എന്നീ ഗ്രാമപഞ്ചായത്തുകള്‍ ശാസ്താംകോട്ട ബ്ളോക്കിലുള്‍പ്പെടുന്നു. ശാസ്താംകോട്ട, വെസ്റ്റ് കല്ലട, ശൂരനാട് സൌത്ത്, പോരുവഴി, കുന്നത്തൂര്‍, ശൂരനാട് വടക്ക് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ശാസ്താംകോട്ട ബ്ളോക്ക് പഞ്ചായത്തിന് 118.41 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ ബ്ളോക്കില്‍ സ്ഥിതി ചെയ്യുന്ന ഈ ബ്ളോക്കിന്റെ പേരില്‍ തന്നെ അറിയപ്പെടുന്ന കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ് ശാസ്താംകോട്ട കായല്‍. ഇടനാട് മേഖലയില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശത്തെ ഭൂപ്രകൃതിയനുസരിച്ച് താഴ്വരകള്‍, ചെറു ചരിവുകള്‍, വലിയ ചരിവുകള്‍, കുന്നിന്‍പുറങ്ങള്‍, ഉയര്‍ന്ന സമതലം, കായല്‍ പ്രദേശം, നിലം, വിശാലമായ താഴ്വരകളും കുന്നിന്‍ പ്രദേശങ്ങളും, മിതമായി ചരിഞ്ഞ പ്രദേശങ്ങള്‍ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. നിമ്നോന്നതിയനുസരിച്ച് ഈ പഞ്ചായത്തിന്റെ കൂടുതല്‍ ഭാഗവും ഇരുപതു മീറ്ററില്‍ താഴെയുള്ള പ്രദേശങ്ങളാണ്. ഭാരതത്തില്‍ തന്നെ ദുര്യോധനപ്രതിഷ്ഠയുള്ള അപൂര്‍വ്വക്ഷേത്രമാണ് ഈ ബ്ളോക്കില്‍ സ്ഥിതി ചെയ്യുന്ന പോരുവഴി മലനട ദുര്യോധനക്ഷേത്രം. ഈ പ്രദേശത്തെ 800 വര്‍ഷത്തോളം പഴക്കമുള്ള അതിപുരാതനമായ ദേവാലയം എന്ന നിലയില്‍ പ്രസിദ്ധമാണ് കടപ്പുഴ വലിയപള്ളി.