ചരിത്രം

സാമൂഹിക സാംസ്കാരിക ചരിത്രം

പൌരാണിക കാലഘട്ടത്തില്‍ പ്രതാപത്തിന്റെ പെരുമ പേറി നിന്ന നാടാണ് പെരുനാട്.  രാമന്‍ ലക്ഷ്മണനൊത്ത് സീതയെത്തേടിയലയവെ ശബര്യാശ്രമത്തില്‍ എത്തിയതായും തപസ്വനിയായ ശബരിയുടെ സല്‍ക്കാരം സ്വീകരിച്ച് മോക്ഷം നല്‍കിയശേഷം പമ്പാ തീരത്തുകൂടെ പടിഞ്ഞാറോട്ട് പോയി കിഷ്കിന്ധയിലെത്തി സുഗ്രീവനെ കണ്ടതായും പുരാണം പറയുന്നു. വസന്തം പൂത്തുലഞ്ഞ പമ്പാതീരം രാമനെ വിരഹാര്‍ത്തനാക്കി. പിന്നീട് ബാലി വധം സീതയുള്‍പ്പെടെ കിഷ്കിന്ധയില്‍ ഇറങ്ങിയതായും പുരാണകഥ ഘോഷിക്കുന്നു.  ഈ വിസ്തൃത ഭൂപ്രദേശം കണ്ട്, സീത, “പെരുത്തനാട്” എന്ന് അദ്ഭൂതം കൂറിയെന്നും പിന്നീട് ഈ സ്ഥലം പെരുത്തനാട് എന്ന് അറിയപ്പെടാനും തുടങ്ങി എന്നതാണ് സ്ഥലനാമത്തിന്റെ ഐതിഹ്യം. രാമായണത്തില്‍ പറയുന്ന കിഷ്കിന്ധയാണ് പഞ്ചായത്തിന്റെ പത്താം വാര്‍ഡിലുള്ള ”കിസുമം” എന്നും പറയുന്നു. സംഘകാലഘട്ടത്തില്‍ കേരളത്തിന്റെ കിഴക്കന്‍ മലയോരങ്ങള്‍ പൊതുവെ ജനപാര്‍പ്പുള്ള “പാലൈ നിലങ്ങള്‍” ആയിരുന്നു. ആധുനിക ശിലായുഗ-ആയോയുഗകാലത്ത് അവശിഷ്ടങ്ങള്‍ അഞ്ചല്‍ അടക്കമുള്ള കിഴക്കന്‍ വനമേഖലകളില്‍നിന്നും കണ്ടെടുത്തിട്ടുള്ളതും ഇതിന്റെ സൂചനയാണ്. ശബരിമല അടക്കമുള്ള ശാസ്താ ക്ഷേത്രങ്ങള്‍ പണ്ടു ബുദ്ധ വിഹാരങ്ങളും ആ വിഗ്രഹങ്ങള്‍ ബുദ്ധമത പ്രതിമകളും ആയിരുന്നു എന്നുമാണ് ചരിത്രകാരന്‍മാരുടെ മതം. ‘പള്ളി’ എന്നു പേര്‍ ചേര്‍ത്തിട്ടുള്ള സ്ഥലനാമങ്ങള്‍ ഇതിനു തെളിവാകുന്നു. റാന്നി-പെരുനാടു പഞ്ചായത്തിന്റെ മണിക്കിരീടമായി ശോഭിക്കുന്ന ശബരിമല  ഇന്നു ലോകമാകെ അറിയപ്പെടുന്ന തീര്‍ത്ഥാടന കേന്ദ്രമാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പു പന്തളത്തുരാജാവു ശബരിമല ക്ഷേത്രം പണികഴിപ്പിക്കാന്‍ വേണ്ടി വന്നു താമസിച്ചതു പെരുന്നാട്ടിലാണെന്നു ചരിത്രം പറയുന്നു. കടുത്ത കാടായിരുന്ന കാക്കാട്ടായിരുന്നു വാസം. അന്ന് ആരാധനക്കായി പണിത കക്കാട്ടു കോയിക്കല്‍ ക്ഷേത്രവും പ്രസിദ്ധമാണ്. ശബരിമലയില്‍ നിന്നും മടങ്ങും വഴി തിരുവാഭരണം ഇവിടുത്തെ വിഗ്രഹത്തില്‍ ചാര്‍ത്തുന്നു. അന്ന് രാജാക്കന്മാര്‍ കൂട്ടിനു കൊണ്ടുവന്ന രായസം പിള്ളമാര്‍ കോയിക്കമണ്ണില്‍ താമസമാക്കി. കൂടെ കാവലിനു വന്നവര്‍ ‘കൂടക്കാവില്‍’ക്കാരായി. ഇവരാണിവിടുത്തെ പുതിയ കാലത്തെ കുടിയേറ്റക്കാര്‍. വനമേഖലകളില്‍ താമസിച്ചിരുന്ന തദ്ദേശീയരും നാടോടികളുമായ ആദിവാസികള്‍ പണ്ടു പണ്ടേ ഉള്ളവരാണെങ്കിലും ഇവര്‍ ഇന്നും ന്യൂനപക്ഷമാണ്.ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ബ്രീട്ടിഷ് തോട്ടം മുതലാളിമാര്‍ ഈ നാടിനെ വിഴുങ്ങി. ളാഹ, കുറുങ്ങാല്‍, കാവനാല്‍, കണ്ടന്‍കുളം തുടങ്ങിയ പ്രദേശങ്ങള്‍ അവര്‍ കൈയ്യടക്കി. റബറും തേയിലയും കൃഷിചെയ്യാനായി നാട്ടിലുള്ളവരെ ഭയപ്പെടുത്തി കുടിയിറക്കി. ബ്രിട്ടീഷുകാരുടെ ഈ കിരാത നടപടികള്‍ക്കെതിരെ എതിര്‍പ്പുണ്ടായി. ശക്തനായ ബ്രാണ്ടന്‍ സായ്പിനെ വെടിവച്ചു കൊല്ലുന്നതില്‍ വരെയെത്തി കാര്യങ്ങള്‍. കണ്ടംകുളം തോട്ടത്തിന്റെ അതിര്‍ത്തിയില്‍ കുടികിടപ്പുകാരനായ വെളുത്താലിക്കുടി ശങ്കരന്‍, തന്റെ തന്നെ ബന്ധുക്കളെ കത്തികൊണ്ടു വരഞ്ഞ് ചോരയൊലിപ്പിച്ചു. ഇതുകണ്ടു ഭയന്ന സായ്പു പിന്‍മാറുമെന്നാണ് ശങ്കരന്‍ ധരിച്ചത്. എന്നാല്‍ സായ്പ് പിന്തിരിയുന്നില്ല എന്നുകണ്ട ശങ്കരന്‍ വീടിനുള്ളില്‍ കയറി ഭിത്തിയുടെ ദ്വാരത്തില്‍ കൂടി വെടിവയ്ക്കുകയാണുണ്ടായത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്നാട്ടിലെ ജനങ്ങള്‍ നടത്തിയ വിമോചനത്തിന്റെ തുടക്കമായിരുന്നു ഇത്. കുടിയൊഴിപ്പിക്കലിനെതിരെ നടന്ന ധീരസമരം. ഈ ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം 1083-ല്‍ ആരംഭിച്ച സര്‍ക്കാര്‍ പ്രൈമറി സ്കൂളായിരുന്നു. ഫ്യൂഡല്‍ ജന്മി സമ്പ്രദായം ഇവിടെ നിലനിന്നിരുന്നില്ല. തേയില, റബര്‍ തോട്ടങ്ങളില്‍ പണിയെടുത്തവരുടെ മേല്‍ അടിമത്തം അടിച്ചേല്‍പ്പിച്ചിരുന്നു.  ഗതാഗത സൌകര്യങ്ങള്‍ കുറവായിരുന്ന കാലത്ത് ഉത്പന്നങ്ങളുമായി വിപണനത്തിനു പോകുന്നവരുടെ മാര്‍ഗ്ഗം കാല്‍നടയാത്രയും വള്ളവും ആയിരുന്നു. പെരുന്നാടിനെ രണ്ടായി വിഭജിച്ചിരുന്ന കക്കാട്ടാറ്റില്‍ കുറുകെ ഒരു പാലം നിര്‍മ്മിച്ചതോടെ യാത്ര കൂടുതല്‍ സുഗമമായി. പന്തളത്തു രാജാവ് മാതൃ പൂജക്കായി പണികഴിപ്പിച്ച കക്കാട്ടു കോയിക്കല്‍ ക്ഷേത്രത്തില്‍ മകരം 8-ാം തീയതി ശബരിമലയില്‍ നിന്നുള്ള മടക്കയാത്രയില്‍ തിരുവാഭരണം ശാസ്താവിഗ്രഹത്തില്‍ ചാര്‍ത്തുന്നു. ശബരിമലയിലെത്തി ദര്‍ശനം നടത്തുന്നതിനുള്ള അവകാശം നിഷേധിക്കപ്പെട്ട ബഹുസഹസ്രം സ്ത്രീകള്‍ക്ക് അതൊരനുഗ്രഹമാണ്.