പഞ്ചായത്തിലൂടെ

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കില്‍ റാന്നി ബ്ളോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത്. കേരളത്തിന്റെ കിഴക്കേ അതിരായ സഹ്യപര്‍വ്വതത്തിന്റെ പടിഞ്ഞാറെ ചെരിവില്‍ സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് പെരുനാട്. പത്തനംതിട്ട ജില്ലയുടെ വടക്കുകിഴക്കേ മൂലയിലാണ് ഈ ഗ്രാമത്തിന്റെ  സ്ഥാനം. വീസ്തീര്‍ണ്ണത്തില്‍ പത്തനംതിട്ട ജില്ലയിലെ 54 പഞ്ചായത്തുകളില്‍ 4-ാം സ്ഥാനമാണ് പഞ്ചായത്തിനുള്ളത്. ഇതിന്റെ വീസ്തീര്‍ണ്ണം 82.05 ചതുരശ്ര കിലോമീറ്റര്‍ ആണ്. ഇതില്‍ മൂന്നിലൊന്നു ഭാഗവും റിസര്‍വ്വ് വനമാണ്. മറ്റു ഭാഗങ്ങള്‍ കുന്നുകളും താഴ്വരകളും നിറഞ്ഞതാണ്. പഞ്ചായത്തിലെ പത്തു വാര്‍ഡുകളും നദീതീരത്താണ്. പെരുനാട്, മുക്കം, മാരമണ്‍, അറയാഞ്ഞിലിമണ്‍, തുലപ്പള്ളി നാറാണംനാട്-അട്ടത്തോട് എന്നീ വാര്‍ഡുകള്‍ പമ്പയാറിന്റെ തീരത്തും, കക്കാട്, മഠത്തുംമൂഴി, നെടുമണ്‍, ളാഹ വാര്‍ഡുകള്‍ പമ്പയാറിന്റെ പ്രധാന പോഷകനദിയായ കക്കാട്ടാറിന്റെ തീരത്തുമാണ് സ്ഥിതി ചെയ്യുന്നത് . പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് സീതത്തോട് പഞ്ചായത്ത്, തമിഴ്നാട് അതിര്‍ത്തി, തെക്ക് ചിറ്റാര്‍, വടശ്ശേരിക്കര പഞ്ചായത്തുകള്‍, പടിഞ്ഞാറ് വടശ്ശേരിക്കര, നാറാണംമൂഴി പഞ്ചായത്തുകള്‍, വടക്ക് നാറാണംമൂഴി, കോട്ടയം ജില്ലയിലെ എരുമേലി, ഇടുക്കി ജില്ലയിലെ കുമളി പഞ്ചായത്തുകള്‍ എന്നിവയാണ്. വനങ്ങളാല്‍ ചുറ്റപ്പെട്ട് തികച്ചും കാര്‍ഷിക മേഖലയായ ഈ ഗ്രാമത്തില്‍ ഇന്നുള്ള ഭൂരിപക്ഷ ജനത പലപ്പോഴായി മറ്റിടങ്ങളില്‍ നിന്നും കുടിയേറിവരാണ്. മുഖ്യമായും വെള്ളക്കാരാണിവിടെ തോട്ടങ്ങള്‍ ഉണ്ടാക്കിയത്. കര്‍ഷകരായും തോട്ടം തൊഴിലാളികളുമായാണ് മറ്റുള്ളവര്‍ കുടിയേറിട്ടുള്ളത്. ബഥനി സന്യാസ സമൂഹത്തിന്റെ ആരംഭം പെരുനാട്ടില്‍ നിന്നാണ്. ആത്മീയാചാര്യനായിത്തീര്‍ന്ന മാര്‍ ഈവാന്യോസ് തിരുമേനിയുടെ പൂര്‍വ്വാശ്രമം ഇവിടെയാണ്. ആത്മീയതയുടെയും ഐശ്വര്യതയുടേയും പ്രതീകമായി ബഥനി ആശ്രമം ഇവിടെ നിലകൊള്ളുന്നു. ക്രിസ്തു ശിഷ്യനായ സെന്റ് തോമസ് തന്റെ സന്ദേശ പ്രചരണ വേളയില്‍ ഈ പഞ്ചായത്തിന്റെ അധീനതയിലുള്ള നിലക്കല്‍ എത്തിയിരുന്നതായി പറയപ്പെടുന്നു. ശബരിഗിരി ജല വൈദ്യുതപദ്ധതിയുടെ നിര്‍മ്മാണം പെരുനാടന്റെ വികസനത്തില്‍ ഏറെ സഹായകമായി. ഒപ്പം ശബരിമലയുടെയും. 1959-ല്‍ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലം കാക്കാട്ടാറില്‍ പണികഴിപ്പിച്ചത് കേരളാ ഇലക്ട്രിസിറ്റി ബോര്‍ഡാണ്.