പഞ്ചായത്തിലൂടെ

1963-ല്‍ പഞ്ചായത്ത് ഭരണം നിലവില്‍ വരുന്നതിനുമുമ്പ് വില്ലേജ് യൂണിയന്‍ എന്ന പേരിലാണ് ഭരണസമിതി അറിയപ്പെട്ടിരുന്നത്. അന്ന് നോമിനേഷന്‍ സമ്പ്രദായമാണു നിലവിലിരുന്നത്. അങ്ങാടിയെ സംബന്ധിച്ചിടത്തോളം വില്ലേജ് യൂണിയന്‍ ഭരണസമിതി 1948-ല്‍ (1124 മീനം 23-ന്) നിലവില്‍ വന്നു. ദിവംഗതനായ മലയില്‍ (ഈട്ടിച്ചിവട്ടില്‍) എം.പി.തോമസ്സ് കദീശ്ശാ പ്രസിഡന്റും, ഫാദര്‍ സി.പി.കുരിയാക്കോസ് വൈസ്‌ പ്രസിഡന്റും, പി.സി.ജോണ്‍ (കെ.ഇന്‍സ്പെക്ടര്‍) പി.ഐ. ചാക്കോ, കെ.എസ്. ഏബ്രഹാം, ഗോവിന്ദന്‍ നായര്‍, റ്റി.കെ.കൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ ഒരു ഏഴംഗ കമ്മിറ്റിയായിരുന്നു അത്. ഇവിടുത്തെ ജനങ്ങള്‍ വിദ്യാസമ്പന്നരും അദ്ധ്വാനശീലരുമാണ്. ബഹുഭൂരിപക്ഷവും കര്‍ഷകരാണ്. ഹിന്ദുക്കളും, മുസ്ളിങ്ങളും, ക്രിസ്താനികളും, നാമമാത്രമായി സിക്കുമതക്കാരും, പട്ടാണികളും ഇവിടെയുണ്ട്. ഇവര്‍ ഏകോദരസഹോദരങ്ങളെപ്പോലെ സ്നേഹിച്ചും, സഹകരിച്ചും കഴിയുന്നു. ഏതാണ്ട് 500 വര്‍ഷങ്ങള്‍ക്കു മുമ്പ് പടിഞ്ഞാറു ഭാഗങ്ങളില്‍ നിന്നും, കാടുവെട്ടി തെളിച്ച് കുടിയേറി താമസിച്ച ആളുകളുടെ പിന്‍ഗാമികളാണ് ഇപ്പോള്‍ അങ്ങാടി പഞ്ചായത്തില്‍ താമസിക്കുന്നത്. അങ്ങാടി പഞ്ചായത്തില്‍ 2073.94 ഹെക്ടര്‍ ഭൂഭാഗം ഉണ്ട്. ഇതില്‍ ഭൂരിഭാഗം സ്ഥലങ്ങളും കുന്നിന്‍ ചരിവുകളും, ബാക്കിയുള്ള ഭാഗം താഴ്വരപ്രദേശങ്ങളുമാണ്. ഈ പ്രദേശങ്ങളില്‍ 4 തോടുകള്‍ പലതരം ചെറിയ തോടുകള്‍ ആയി ചേര്‍ന്ന് പമ്പാനദിയില്‍ പതിക്കുന്നു. 2073.94 ഹെക്ടര്‍ ഭൂമിയുണ്ടെങ്കിലും 1830.42 ഹെക്ടര്‍ സ്ഥലത്തു മാത്രമേ കൃഷി ചെയ്യുന്നുള്ളൂ.