ചരിത്രം

സാമൂഹ്യചരിത്രം

ചരിത്രപ്രസിദ്ധവും തന്ത്രപ്രധാനവുമായ ഏഴിമല പ്രദേശം സ്ഥിതിചെയ്യുന്ന പഞ്ചായത്താണ് രാമന്തളി. ചേര, ചോള, മൂഷിക, ചാലൂക്യരാജവംശങ്ങളിലൂടെ ഒടുവില്‍ കോലത്തിരിയിലെത്തുന്നതാണ് ഏഴിമലയിലെ ആധിപത്യങ്ങളുടെ ചരിത്രം. സംഘകാല കൃതികളിലാണ് ഏഴിമലയുടെ പഴയ ചരിത്രം അനാവരണം ചെയ്തുകാണുന്നത്. പാഴിയുദ്ധത്തില്‍ ചേരസേനാ നായകനെ പ്രസിദ്ധ വില്ലാളിവീരനും രാജാവുമായ നന്ദന്‍ പരാജയപ്പെടുത്തിയതോടെ ഏഴിമലയുടെ പ്രതാപൈശ്വര്യങ്ങള്‍ ലോകമറിഞ്ഞുതുടങ്ങി. നന്ദഭരണകാലത്തെ സവിശേഷതകള്‍ പല കവികളും പാടിപുകഴ്ത്തുന്നുണ്ട്. പ്രസിദ്ധമായ വാകൈ-പെരുന്തുറൈ യുദ്ധത്തോടുകൂടിയാണ് നന്ദനെ തോല്‍പിച്ച് ഏഴിമലയും പൂഴിനാടും ചേരര്‍ വീണ്ടും കൈയടക്കിയത്. ഏഴിമലയുടെ ചരിത്രത്തിനു പിന്നീട് ജീവന്‍ വെക്കുന്നത് മൂഷികരാജവംശം ഭരണം കൈയേല്‍ക്കുന്നതോടുകൂടിയാണ്. പതിമൂന്നാം നൂറ്റാണ്ടില്‍ മാര്‍ക്കോപോളോ എഴുതിയ സഞ്ചാരക്കുറിപ്പുകളില്‍ നിന്നും ഏഴിമലയുടെ പുരാതനചിത്രം വ്യക്തമാകുന്നുണ്ട്. പണ്ടുകാലത്ത് അറബിക്കടലിലൂടെ കടന്നുപോയ ചരക്കുമഞ്ചുകളും പായക്കപ്പലുകളും ചരക്കുകയറ്റുന്നതിനായും മറ്റും വലിയ കടപ്പുറം, ഏട്ടിക്കുളം എന്നിവിടങ്ങളില്‍ എത്തിച്ചേരുമായിരുന്നു. മഞ്ചുകളും പായക്കപ്പലുകളും സ്വന്തമായിട്ടുള്ള മുതലാളിമാരും വിദഗ്ധതൊഴിലാളികളും പഴയകാലത്ത് ഇവിടെ ഉണ്ടായിട്ടുണ്ട്. പോര്‍ച്ചുഗീസുകാര്‍ ഏഴിമലയില്‍ ഒരു കോട്ട പണിതതിനു തെളിവുകളുണ്ട്. രാമന്തളി പഞ്ചായത്തിന്റെ ചില ഭാഗങ്ങളില്‍ കാണുന്ന ശിലാലിഖിതങ്ങളും പഴയക്ഷേത്രങ്ങളും ഗതകാലചരിത്രത്തിന്റെ ശേഷിപ്പുകളാണ്. പുരാതനകാലം മുതല്‍ അറബിക്കടലിന്റെ പുറംഭാഗങ്ങളിലൂടെ പാഞ്ഞുപോകുന്ന കപ്പലുകള്‍ക്കു ദിക്കറിയുവാന്‍ ഏഴിമലയുടെ ശിഖരങ്ങള്‍ ഉപകരിച്ചിരുന്നുവെന്നതിനു ചരിത്രസൂചനകളുണ്ട്. ഏട്ടിക്കുളത്തിന്റെ നാവികപ്രാധാന്യവും കപ്പല്‍സഞ്ചാരികള്‍ തിരിച്ചറിഞ്ഞു. പയ്യന്നൂര്‍പാട്ടിന്റെ വെളിച്ചത്തില്‍ കച്ചില്‍പട്ടണവും ചെട്ടിക്കുളവും മികച്ച വാണിജ്യ കേന്ദ്രങ്ങളായിരുന്നുവെന്നു കണക്കുകൂട്ടാം. ഏഴിമലയുടെ അറബിക്കടലിലേക്കു ചാഞ്ഞുള്ള കിടപ്പും അതേസമയം സമുദ്രനിരപ്പില്‍നിന്നുള്ള ഉയരവും ഈ പ്രദേശത്തിന്റെ തന്ത്രപ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഏഷ്യയിലെ ഏറ്റവും വലിയ നാവികത്താവളം ഇവിടെ പണിയുന്നതിനായി ഭാരതസര്‍ക്കാര്‍ തുടക്കമിട്ടു. ദേശീയപ്രസ്ഥാനം കേരളത്തിലുടനീളം ശക്തിപ്രാപിച്ചു വന്നപ്പോള്‍ തദനുസാരിയായി രാമന്തളി പഞ്ചായത്തിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. പൂച്ചാല്‍ കടപ്പുറത്തു നടന്ന ഉപ്പു സത്യാഗ്രഹത്തില്‍ പയ്യന്നൂരില്‍ നിന്നത്തിയ സമരവാളണ്ടിയര്‍മാരോടൊത്ത് രാമന്തളിയിലെ പരങ്ങന്‍ ഗോപാലന്‍, കോടിയത്ത് കിഴക്കേവീട്ടില്‍ കൃഷ്ണപൊതുവാള്‍, പി.ടി.കുഞ്ഞിക്കണ്ണപൊതുവാള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കള്ളുഷാപ്പ് പിക്കറ്റിംഗും നടന്നു. ഉത്തരകേരളത്തിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച സി.എച്ച്.ഗോവിന്ദന്‍ നമ്പ്യാര്‍ തന്നെയായിരുന്നു രാമന്തളിയിലെ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത്. രണ്ടാംലോകമഹായുദ്ധത്തിന്റെ അവസാനത്തില്‍ അജ്ഞാതരായ രണ്ടു വിദേശികള്‍ കടല്‍മാര്‍ഗ്ഗം രാമന്തളി കടപ്പുറത്തെത്തുകയുണ്ടായി. പിന്നീടവരെ ഒലവക്കോട് റെയില്‍വെ സ്റ്റേഷനില്‍ വെച്ച് അറസ്റ്റു ചെയ്തതോടുകൂടിയാണ് ജപ്പാന്‍ ചാരന്മാരായിരുന്നുവെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. 1942-ല്‍ നടന്ന ക്വിറ്റിന്ത്യാസമരത്തില്‍ വളമ്പത്ത് വളപ്പില്‍ കൃഷ്ണന്‍, പി.എം.ഈശ്വരന്‍നമ്പീശന്‍, ഒ.കെ.കുഞ്ഞിക്കണ്ണന്‍, പി.കെ.കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ നേതൃനിരയില്‍ നിന്നു പ്രവര്‍ത്തിക്കുകയുണ്ടായി. ദേശീയരാഷ്ട്രീയത്തിലുണ്ടായ മാറ്റത്തിനനുസരിച്ച് ഇവിടേയും രാഷ്ട്രീയ ചേരിതിരിവുകള്‍ ദൃശ്യമായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്നു തന്നെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുണ്ടായി. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും, സോഷ്യലിസ്റ്റ് പാര്‍ട്ടിയും രൂപംകൊണ്ടു. തുടര്‍ന്നാണ് ഇവിടെ കര്‍ഷകപ്രസ്ഥാനങ്ങള്‍ക്കു വേരോട്ടമുണ്ടാകുന്നത്. ജന്മിമാരില്‍ നിന്നുള്ള അക്രമപ്പിരിവ് അവസാനിപ്പിക്കുന്നതിനു വേണ്ടി കര്‍ഷകരുടെ ഒരു കൂട്ടായ്മ ഉടലെടുത്തു. അങ്ങനെയാണ് കര്‍ഷക സംഘമുണ്ടാവുന്നത്. കര്‍ഷകരുടെ ദൈനംദിന പ്രശ്നങ്ങളില്‍ ഇടപെടാനും സാമൂഹ്യ-രാഷ്ട്രീയ സ്ഥിതിഗതികള്‍ പഠിക്കുവാനും കര്‍ഷകസംഘം അവസരമൊരുക്കി. പുരമേയാനുള്ള പുല്ല് പറിക്കുന്നതിനും പച്ചിലകള്‍ വളത്തിനുവേണ്ടി അരിഞ്ഞെടുക്കുന്നതിനുമെതിരെ ജന്മിമാര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെയാണ് കര്‍ഷകസംഘം ആദ്യമായി പോരാട്ടത്തിന്റെ പാതയിലേക്കിറങ്ങിയത്. പുല്ല് പറിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി കുന്നരുവിലെ കൃഷിക്കാര്‍ നടത്തിയ സമരത്തെ കമ്മ്യൂണിസ്റ്റാക്രമണമെന്ന് മുദ്രകുത്തി എം.എസ്.പി.ക്കാരെ കൊണ്ട് അറസ്റ്റു ചെയ്യിക്കുകയുണ്ടായി. കിസാന്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പുനവാരം നികുതിയിരട്ടി മാത്രമായിരിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് പ്രക്ഷോഭം സംഘടിപ്പിക്കുകയുണ്ടായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, പ്രജാപാര്‍ട്ടി, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി, സോഷ്യലിസ്റ്റ് പാര്‍ട്ടി, ജനസംഘം, മുസ്ളീംലീഗ് തുടങ്ങിയ രാഷട്രീയ പ്രസ്ഥാനങ്ങള്‍ രാമന്തളിയില്‍ സജീവമായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി.

സാംസ്കാരികചരിത്രം

ഉത്തരകേരളത്തിന്റെ സാംസ്കാരികത്തനിമ കാത്തുസൂക്ഷിക്കുന്നതില്‍ രാമന്തളി പഞ്ചായത്ത് എന്നും മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. കോല്‍ക്കളി, പൂരക്കളി, ഓട്ടന്‍തുള്ളല്‍, സംഗീതനാടകങ്ങള്‍ തുടങ്ങിയ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്ന വ്യക്തികളും, ട്രൂപ്പുകളും ഇവിടെയുണ്ടായിരുന്നു. ഇവിടത്തെ പഴയചരിത്രത്തില്‍ ലോകരെ കളരിക്ക് നിര്‍ണായകമായ സ്ഥാനമുണ്ട്. നാരായണമംഗലത്തെ കഥകളി സംഘവും പാലക്കോട്, രാമന്തളി എന്നിവിടങ്ങളിലെ ദഫുസംഘവും ഇവിടെ സജീവമായി നിലനിന്നിരുന്നു. ഏറെ ക്ഷേത്രങ്ങളും അമ്പലങ്ങളുമുള്ള ഈ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് ശങ്കരനാരായണ ക്ഷേത്രം. ശിവന്റേയും വിഷ്ണുവിന്റേയും നാമം സമന്വയിപ്പിച്ചുകൊണ്ടുള്ള ആരാധനാകേന്ദ്രങ്ങള്‍ കേരളത്തില്‍ വിരളമാണ്. പുരാതനമായൊരു സംസ്കാരചരിത്രത്തിന്റെ അടിവേരുകള്‍ കണ്ടെത്തുവാനുള്ള സൂചകങ്ങളായിപോലും ഇവയെ ഗണിക്കാവുന്നതാണ്. ഈ ക്ഷേത്രത്തിനോട് തൊട്ടു സ്ഥിതിചെയ്യുന്ന മൂലസ്ഥാനമാണത്രെ ശങ്കരനാരായണ ക്ഷേത്രത്തിന്റെ ആരൂഢം. ആരാധനാ സൌകര്യത്തിനുവേണ്ടിയോ മറ്റോ ഇന്നു കാണുന്നയിടത്തേക്ക് മാറിയതാകാനും സാധ്യതയുണ്ട്. ഏഴിമലയുടെ പഴയ ചരിത്രവുമായി കുഴഞ്ഞുകിടക്കുന്ന മറ്റൊരു ക്ഷേത്രമാണ് നരയന്‍കണ്ണൂര്‍. ഇതിന്റെ നിര്‍മ്മിതി വ്യത്താകൃതിയിലാണ്. പഴയകാലത്ത് ഇതൊരു ബുദ്ധവിഹാരമായിരുന്നുവെന്ന് സൂചനകളുണ്ട്. ഇതിന്റെ മുറ്റത്തും സമീപപ്രദേശങ്ങളിലും കാണുന്ന ശിലാലിഖിതങ്ങള്‍ ബുദ്ധമതവുമായി ബന്ധപ്പെട്ടതാണെന്നു കരുതപ്പെടുന്നു. കുറുവന്തട്ട, താവുരിയാട്, മുച്ചിലോട്, കണ്ണങ്ങാട്, ദുര്‍ഗ്ഗാക്ഷേത്രം, മൂകാംബിക ക്ഷേത്രം, പ്രമാഞ്ചരിക്കാവ്, കന്നിക്കരക്കാവ്, ഏട്ടിക്കുളം ഭഗവതിക്ഷേത്രം, ശാസ്താംകോട്ടം, തിരുവില്വാംകുന്ന്, വീരചാമുണ്ഡി ക്ഷേത്രം, പാറോക്കാവ്, കുഞ്ഞണീക്കര, പഴുത്തേടസ്ഥാനം, പന്നിയാംകാവ്, ഹരിജന്‍ കോട്ടം തുടങ്ങിയവയാണ് രാമന്തളിയിലെ പ്രധാനപ്പെട്ട ഹൈന്ദവ ആരാധനാ കേന്ദ്രങ്ങള്‍. വടക്കുമ്പാട് ജമാഅത്ത് പളളിയും കുറുവന്തട്ട ക്ഷേത്രവും തൊട്ടുതൊട്ടാണ് സ്ഥിതി ചെയ്യുന്നത്. പഴയകാലത്ത് പളളിക്കര അമ്പലവും പള്ളിക്കരപളളിയും ഇതേപോലെതന്നെയായിരുന്നു. ഹിന്ദുക്കളും മുസ്ളീങ്ങളും രണ്ട് ആരാധനാലയങ്ങളിലേക്കും കാണിക്കകള്‍ നേര്‍ച്ചയായി കൊടുത്തുവന്നിരുന്നു. ഒരു പരിധിവരെ ഇന്നും തുടരുന്ന ഈ പ്രക്രിയ മതസൌഹാര്‍ദ്ദത്തിനു ഉത്തമോദാഹരണമാണ്. വടക്കുമ്പാട് ജമാഅത്ത് പള്ളി, കോട്ടയില്‍ പളളി, ഓലക്കാല്‍ പള്ളി മഖാം, പാലക്കോട് ജുമാമസ്ജിദ് മഖാം, ഏഴുപള്ളി, തെക്കുമ്പാട് പളളി, തലക്കാല്‍ പള്ളി, പള്ളിക്കര പള്ളി, ഏട്ടിക്കുളം ജമാഅത്ത് പള്ളി എന്നിവയാണ് രാമന്തളിയിലെ പ്രധാനപ്പെട്ട മുസ്ളീം ആരാധനാ കേന്ദ്രങ്ങള്‍. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഏഴിമലയില്‍ മതപ്രചരണത്തിനെത്തിയ റവ.ഫാദര്‍ മന്തനാരി എസ്.ജെ.യാണ് ഒരു ക്രിസ്ത്യന്‍ പള്ളിക്ക് രാമന്തളിയില്‍ രൂപം കൊടുക്കുന്നത്. അദ്ദേഹത്തിന്റെ അധ്വാനത്തിന്റെയും ശില്പവൈദഗ്ദ്ധ്യത്തിന്റെയും സമന്വയമാണ് ഈ പള്ളിയുടെ നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കിയത്. ഈ പള്ളി ഏഴിമലയുടെ വടക്കേ ശിഖരത്തില്‍ സ്ഥിതിചെയ്യുന്നു. ആയിരത്തി തൊള്ളായിരത്തി അറുപതുകളില്‍ രാമന്തളിയിലെത്തിയ സ്വാമി നടരാജഗുരുവിന്റെ ഒരു ശിഷ്യയാണ് പൂച്ചാല്‍ഭാഗത്ത് ഒരു ഗുരുകുലം (ആശ്രമം) സ്ഥാപിച്ചത്. വിദേശിയായ ആ വനിത ഈ സ്ഥാപനം പിന്നീട് നടരാജഗുരുവിനു സമര്‍പ്പിച്ചു. ഭൂമിശാസ്ത്രപരമായ സവിശേഷത കൊണ്ട് മറ്റ് പ്രദേശങ്ങളില്‍ നിന്ന് ഈ നാട് വേറിട്ടുനില്‍ക്കുന്നു. അതിനാല്‍ പുരാതനകാലം മുതല്‍ തനതും, സ്വതസിദ്ധവുമായ ഒരു സാംസ്കാരികാടിത്തറ ഈ ഗ്രാമത്തിനു സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വിദേശീയവും തദ്ദേശീയവുമായ സംസ്കാരങ്ങളെ അടുത്തറിയാന്‍ അവസരം കിട്ടിയതിനാല്‍ അന്യസംസ്കാരങ്ങളെ സ്വാംശീകരിക്കാനും ഇവിടുത്തുകാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഉയര്‍ന്ന മതസൌഹാര്‍ദ്ദം പണ്ടുമുതലേ വെച്ചുപുലര്‍ത്തുന്നതിന്റെ മികച്ച ഉദാഹരണങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. അതില്‍ എടുത്തുപറയത്തക്കതാണ് വടക്കുമ്പാടുള്ള 17 ശുഹദാക്കളുടെ മഖാമും തൊട്ടടുത്ത കുറുവന്തട്ട ഭഗവതിക്ഷേത്രവും. പാലക്കോട്, ഏട്ടിക്കുളം, വടക്കുമ്പാട്, പുതിയ പുഴക്കര, ഓലക്കാല്‍ മഖാം എന്നിവിടങ്ങളിലും മുസ്ളീം ദേവാലയങ്ങളുണ്ട്. അതുപോലെ ഫാദര്‍ ജെയിംസ് മന്തനാരി സ്ഥാപിച്ച ലൂര്‍ദ്ദ്മാതാ ക്രിസ്ത്യന്‍ പള്ളിക്ക് അധികം കാലപ്പഴക്കം ഇല്ലെങ്കിലും അവിടം നല്ലൊരു തീര്‍ത്ഥാടന കേന്ദ്രമാണ്. സ്വാമി നടരാജഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടെ പൂച്ചാല്‍ പ്രദേശത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന ഗുരുകുലം എന്ന സന്യാസിമഠം ദേശീയ അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ആത്മീയകേന്ദ്രമായിരുന്നു. വര്‍ഷം തോറും പത്തുദിവസം നീണ്ടുനില്‍ക്കുന്ന ലോകസമാധാന സമ്മേളനങ്ങള്‍ വിവിധ കലാസാംസ്കാരിക പരിപാടികളോടെ ഈ ആശ്രമത്തിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചിരുന്നു. വിദേശസന്യാസിമാരുള്‍പ്പെടെ നിരവധി വ്യക്തികളെ ഇവിടം ആകര്‍ഷിച്ചിരുന്നു. കലാസാംസ്കാരിക സംഘടനകള്‍ക്കു നല്ല വേരോട്ടമുണ്ടായിട്ടുള്ള മണ്ണാണിത്. രാമന്തളി ഗ്രാമോദയ കലാസമിതി, കൈരളി കലാസമിതി, നവയുഗകലാസമിതി, കുന്നരുവിലെ അരുണോദയം കലാസമിതി എന്നിവ ഈ പഞ്ചായത്തിലെ പ്രധാന കലാസാംസ്കാരികകേന്ദ്രങ്ങളാണ്. നൈഷധം, രുഗ്മാംഗദചരിതം, ദേവയാനി ചരിതം തുടങ്ങിയ പുരാണ സംഗീതനാടകങ്ങള്‍ അവതരിപ്പിച്ചിരുന്ന ഒരു സ്ഥിരം നാടകവേദി മുന്‍കാലത്ത് ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ പൂരക്കളി, കോല്‍ക്കളി, ദഫ്മുട്ട്, കോതാന്മൂരിയാട്ടം, കഥകളിയോഗം, കളരിപയറ്റ് തുടങ്ങിയ നാടന്‍ കലകളുടെ ഈറ്റില്ലമായിരുന്നു ഈ പ്രദേശം. തെയ്യംകല ഈ പ്രദേശത്തെ ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട അനുഷ്ഠാനകലയാണ്. പ്രഗല്‍ഭരായ തെയ്യം കലാകാരന്മാരെ സംഭാവന ചെയ്യാന്‍ ഈ പ്രദേശത്തിനു കഴിഞ്ഞിട്ടുണ്ട്.