രാമന്തളി

കണ്ണൂര്‍ ജില്ലയില്‍, തളിപ്പറമ്പ് താലൂക്കില്‍, പയ്യന്നൂര്‍ ബ്ളോക്കിലാണ് രാമന്തളി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. രാമന്തളി വില്ലേജുപരിധിയിലുള്‍പ്പെടുന്ന രാമന്തളി ഗ്രാമപഞ്ചായത്തിനു 29.99 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 15 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കവ്വായി പുഴയും, പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് പുതിയ പുഴയും, പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയും, കുഞ്ഞിമംഗലം, ചെറുതാഴം, മാടായി പഞ്ചായത്തുകളും, തെക്കും, പടിഞ്ഞാറും ഭാഗങ്ങളില്‍ അറബിക്കടലുമാണ്. 1935-1936 കാലത്താണ് രാമന്തളി പഞ്ചായത്ത് രൂപംകൊണ്ടത്. ഉത്തര മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വനിരയിലുണ്ടായിരുന്ന സി.എച്ച്.ഗോവിന്ദനായിരുന്നു രാമന്തളി പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റ്. ചരിത്രപ്രസിദ്ധവും തന്ത്രപ്രധാനവുമായ ഏഴിമല പ്രദേശം സ്ഥിതിചെയ്യുന്ന പഞ്ചായത്താണ് രാമന്തളി. ചേര, ചോള, മൂഷിക, ചാലൂക്യരാജവംശങ്ങളിലൂടെ ഒടുവില്‍ കോലത്തിരിയിലെത്തുന്നതാണ് ഏഴിമലയിലെ ആധിപത്യങ്ങളുടെ ചരിത്രം. സംഘകാല കൃതികളിലാണ് ഏഴിമലയുടെ പഴയ ചരിത്രം അനാവരണം ചെയ്തുകാണുന്നത്. പാഴിയുദ്ധത്തില്‍ ചേരസേനാ നായകനെ പ്രസിദ്ധ വില്ലാളിവീരനും രാജാവുമായ നന്ദന്‍ പരാജയപ്പെടുത്തിയതോടെ ഏഴിമലയുടെ പ്രതാപൈശ്വര്യങ്ങള്‍ ലോകമറിഞ്ഞുതുടങ്ങി. നന്ദഭരണകാലത്തെ സവിശേഷതകള്‍ പല കവികളും പാടിപുകഴ്ത്തുന്നുണ്ട്. ഏഴിമലയുടെ ചരിത്രത്തിനു പിന്നീട് ജീവന്‍ വെക്കുന്നത് മൂഷികരാജവംശം ഭരണം കൈയേല്‍ക്കുന്നതോടുകൂടിയാണ്. പതിമൂന്നാം നൂറ്റാണ്ടില്‍ മാര്‍ക്കോപോളോ എഴുതിയ സഞ്ചാരക്കുറിപ്പുകളില്‍ നിന്നും ഏഴിമലയുടെ പുരാതനചിത്രം വ്യക്തമാകുന്നുണ്ട്. പണ്ടുകാലത്ത് അറബിക്കടലിലൂടെ കടന്നുപോയ ചരക്കുമഞ്ചുകളും പായക്കപ്പലുകളും ചരക്കുകയറ്റുന്നതിനായും മറ്റും വലിയ കടപ്പുറം, ഏട്ടിക്കുളം എന്നിവിടങ്ങളില്‍ എത്തിച്ചേരുമായിരുന്നു. മഞ്ചുകളും പായക്കപ്പലുകളും സ്വന്തമായിട്ടുള്ള മുതലാളിമാരും വിദഗ്ധതൊഴിലാളികളും പഴയകാലത്ത് ഇവിടെ ഉണ്ടായിട്ടുണ്ട്. പോര്‍ച്ചുഗീസുകാര്‍ ഏഴിമലയില്‍ ഒരു കോട്ട പണിതതിനു തെളിവുകളുണ്ട്. രാമന്തളി പഞ്ചായത്തിന്റെ ചില ഭാഗങ്ങളില്‍ കാണുന്ന ശിലാലിഖിതങ്ങളും പഴയക്ഷേത്രങ്ങളും ഗതകാലചരിത്രത്തിന്റെ ശേഷിപ്പുകളാണ്.