ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം

ഈ പഞ്ചായത്തിലെ ഭൂരിഭാഗം ഭൂമിയും ചിറക്കല്‍ കോവിലകം, അറക്കല്‍ രാജകുടുംബം, മൂത്തേടത്ത് കുടുംബം എന്നീ നാടുവാഴികളുടെ അധീനതയിലായിരുന്നു. ഈ പ്രദേശത്ത് പറയത്തക്ക സവര്‍ണ്ണമേധാവിത്വം ഉണ്ടായിരുന്നില്ല. 1947-ല്‍ കണ്ണൂര്‍ സ്പിന്നിങ്ങ് മില്‍ ഇവിടെ സ്ഥാപിതമായതു മുതല്‍ ഈ പഞ്ചായത്ത് വ്യാവസായികഭൂപടത്തിലും കേന്ദ്ര കരിമ്പു ഗവേഷണകേന്ദ്രത്തിന്റെ സ്ഥാപനത്തോടെ കാര്‍ഷികഭൂപടത്തിലും സ്ഥാനം പിടിച്ചു. 1959-ല്‍ കാട്ടാമ്പള്ളി അണക്കെട്ട് വരുന്നതുവരെ കക്കാട് പുഴയില്‍ നിന്നും ധാരാളം മത്സ്യം ലഭിച്ചിരുന്നു. അന്നു പുഴയില്‍ നിന്നും കിട്ടുന്ന ചെമ്മീന്‍ ഉണക്കി അയല്‍നാടുകളിലേക്ക് കയറ്റി അയച്ചിരുന്നു. മുന്‍പ് കക്കാട് ബോട്ടുജെട്ടിയില്‍ നിന്നും സമീപഗ്രാമങ്ങളായിരുന്ന മയ്യില്‍, മാണിയൂര്‍, മുണ്ടേരി, ചേലോറ, നാറാത്ത്, കണ്ണാടിപ്പറമ്പ്, നൂഞ്ഞേരി, ചിറക്കല്‍, ചേലേരി, കാട്ടാമ്പള്ളി വഴി പറശ്ശിനി, വളപട്ടണം, ശ്രീകണ്ഠപുരം എന്നിവിടങ്ങളിലേക്കു ജലഗതാഗതം നിലവിലുണ്ടായിരുന്നു. പ്രശസ്ത നാടകരചയിതാവും നിരൂപകനും ആധികാരിക ഗ്രന്ഥങ്ങളുടെ അവതാരകനുമായിരുന്ന ഡോ.ടി.പി.സുകുമാരന്‍, പ്രശസ്ത ചെറുകഥാകൃത്ത് ടി.പത്മനാഭന്‍, സുപ്രസിദ്ധ ചലച്ചിത്ര സംഗീതസംവിധായകനായിരുന്ന കണ്ണൂര്‍ രാജന്‍, മച്ചാട്ട് കൃഷ്ണന്‍, മാസ്മരിക ശബ്ദത്തിനുടമയും, ഗായികയും, അഭിനേത്രിയുമായ മച്ചാട്ട് വാസന്തി, ആകാശവാണിയിലും അമച്വര്‍, പ്രൊഫഷണല്‍ നാടകവേദിയിലും തിളങ്ങിനിന്ന ടി.സാവിത്രി, പി.ശോഭന കൂടാതെ, ദമ്പതികളും നൃത്താധ്യാപകരുമായ സി.എച്ച്.ബാലകൃഷ്ണന്‍, മനോരമാ ബാലകൃഷ്ണന്‍, സംഗീതസംവിധായകരായിരുന്ന കന്‍മനത്ത് രാഘവന്‍, വി.ബാലന്‍, ചോറന്‍ ദാമോദരന്‍, എ.മാനുവല്‍, നാടകാദികളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സി.പി.ചന്തു, ചേമ്പന്‍ നാരായണന്‍, കെ.പി.കെ.റാം, എഴുത്തുകാരും കലാപ്രവര്‍ത്തകരുമായ എ.പി.ചന്ദ്രന്‍, കോയ കേച്ചേരി, ചട്ടപ്രഭ, കണിയാങ്കണ്ടി അബൂബക്കര്‍, എ.പി.അബൂബക്കര്‍, അനുഷ്ഠാന കലകളായ തെയ്യം-തിറ രംഗത്തെ ആധികാരികകലാകാരന്മാരായിരുന്ന സി.വട്ട്യന്‍ ഗുരുക്കള്‍, കരക്കാടന്‍ കാരി ഗുരുക്കള്‍, കോല്‍ക്കളി എന്ന കലാരൂപത്തിന്റെ വടക്കന്‍ രീതിയിലുള്ള അവതാരകനായ ആരംഭന്‍ പൊക്കന്‍, തെക്കന്‍ രീതിയിലുള്ള അവതാരകനായ ചിമ്മിണിയന്‍ കോരന്‍ ഗുരുക്കള്‍, തെയ്യം കലാകാരനായ പനിയന്‍ കരുണന്‍, ആരംഭന്‍ പത്മനാഭന്‍ എന്നിവരൊക്കെ ഈ പഞ്ചായത്ത് ജന്മം നല്‍കിയ മഹത് വ്യക്തികളാണ്. അതുപോലെ തന്നെ കായിക രംഗത്തും നിരവധി പ്രശസ്ത വ്യക്തികള്‍ക്കു ജന്മം നല്‍കിയ ഗ്രാമമാണിത്. കേരളാ പോലീസിലെ കായികതാരമായ എ.ശ്രീനിവാസന്‍ കേരളാ വനിതാ ഫുട്ബോള്‍ ടീമംഗങ്ങളായ കെ.ഉഷാകുമാരി, കെ.ബേബി തുടങ്ങിയവര്‍ അക്കൂട്ടത്തില്‍ ചിലര്‍ മാത്രം. കൂടാതെ ഇടച്ചേരി എം.ജി.എസ് കളരിസ്ഥാപകനായ ഈരായി മുകുന്ദന്‍ ഗുരുക്കള്‍, പഴയകാലത്ത് ഗുസ്തി രംഗത്ത് നിറഞ്ഞുനിന്നിരുന്ന ആക്കാമല്‍ ദാമു ഗുരുക്കള്‍ എന്നിവരും ഈ നാട്ടുകാരാണ്. നിരവധി വര്‍ഷങ്ങളായി സ്തുത്യര്‍ഹമാം വിധം പ്രവര്‍ത്തിച്ചുവരുന്ന കൊറ്റാളിയിലെ ദേശാഭിവര്‍ദ്ധിനി വായനശാല, അത്താഴക്കുന്നിലെ ദേശോദ്ധാരണ ഭജനസംഘം & ഗ്രന്ഥാലയം, അത്താഴക്കുന്നിലെ തന്നെ ബാഫക്കി തങ്ങള്‍ മെമ്മോറിയല്‍ വായനശാല & ഗ്രന്ഥാലയം, ശാദുലിപ്പള്ളിയിലെ ബാഫക്കി തങ്ങള്‍ വായനശാല, പൊടിക്കുണ്ടിലെ എടക്കണ്ടി കുഞ്ഞമ്പു സ്മാരക വായനശാല, പള്ളിക്കുന്നിലെ റീഡിങ്ങ് ക്ളബ്ബ് & ഗ്രന്ഥാലയം, കക്കാടുള്ള സേവാസമാജം ഗ്രന്ഥാലയം എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ലൈബ്രറികള്‍. ഒന്നാംലോക മഹായുദ്ധത്തില്‍ (1914-1919) പുഴാതി ഗ്രാമത്തില്‍ നിന്നും 49 പേര്‍ പങ്കെടുത്തിരുന്നു. അതില്‍ ഒമ്പതുപേര്‍ വീരമൃത്യു വരിച്ചു. ഇത് കണ്ണൂര്‍ താലൂക്കിന്റെ ഭിത്തിയില്‍ മാര്‍ബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1932-48 കാലഘട്ടത്തില്‍ ഗ്രാമപഞ്ചായത്തില്‍ ധാരാളം ദേശോദ്ധാരണ യുവജനസംഘങ്ങള്‍ ഉണ്ടായിരുന്നു. 1943-ല്‍ ചിറക്കല്‍ താലൂക്കില്‍ കോളറ പടര്‍ന്നുപിടിച്ചപ്പോള്‍, ഈ സംഘടനകള്‍ അതു നിയന്ത്രിക്കാന്‍ വേണ്ടി നടത്തിയ പ്രവര്‍ത്തനം ശ്ളാഘനീയമാണ്. ദേശീയ-കര്‍ഷക ബഹുജന ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളിലും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും മറ്റും പുഴാതി ഗ്രാമത്തില്‍ നിന്നും ധാരാളമാളുകള്‍ പങ്കെടുത്തിട്ടുണ്ട്.