പഞ്ചായത്തിലൂടെ

പുഴാതി - 2010

കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ താലൂക്കില്‍ കണ്ണൂര്‍ ബ്ളോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് പുഴാതി. 1960-ലാണ് പഞ്ചായത്ത് ഔദ്യോഗികമായി നിലവില്‍ വന്നത്. 9.17 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ വടക്ക് ചിറക്കല്‍, നാറാത്ത് പഞ്ചായത്തുകള്‍, തെക്ക് കണ്ണൂര്‍ മുനിസിപ്പാലിറ്റി, കിഴക്ക് എളയാവൂര്‍, ചേലോറ പഞ്ചായത്തുകള്‍, പടിഞ്ഞാറ് പള്ളിക്കുന്ന് പഞ്ചായത്ത് എന്നിവയാണ്. സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായ പുഴാതിയിലെ ജനസംഖ്യ 35968 ആണ്. ഇതില്‍ 17872 സ്ത്രീകളും 18096 പുരുഷന്‍മാരും ഉള്‍പ്പെടുന്നു. മൊത്തം ജനതയുടെ സാക്ഷരത 90 ശതമാനമാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന പുഴാതി പഞ്ചായത്ത് ഉയര്‍ന്ന പ്രദേശങ്ങളും താഴ്ന്ന പ്രദേശങ്ങളും വയലുകളും ഇടകലര്‍ന്നുള്ള പ്രദേശമാണ്. തെങ്ങും നെല്ലുമാണ് പഞ്ചായത്തില്‍ പ്രധാനമായി കൃഷി ചെയ്തു വരുന്നത്. കവുങ്ങ്, കുരുമുളക്, കശുമാവ് എന്നിവയാണ് മറ്റു കൃഷികള്‍. കക്കാട് പുഴയും പുല്ലൂപ്പി പുഴയുമാണ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകള്‍. 11 കുളങ്ങളും ജലസ്രോതസ്സായുണ്ട്. പഞ്ചായത്തില മുഖ്യകുടിനീര്‍ സ്രോതസ്സ് കിണറുകളാണ്. 7 പൊതുകിണറുകളും 119 പൊതുകുടിവെള്ള ടാപ്പുകളും ജനങ്ങള്‍ ശുദ്ധജലത്തിനായി ഉപയോഗിക്കുന്നു. വിവിധ വാര്‍ഡുകളിലായി സ്ഥാപിച്ചിരിക്കുന്ന 212 തെരുവുവിളക്കുകള്‍ പഞ്ചായത്തു വീഥികള്‍ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. പഞ്ചായത്തിനോട് അടുത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളങ്ങള്‍ കരിപ്പൂരും മംഗലാപുരവുമാണ്. ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനാണ്. കണ്ണൂര്‍ ബസ്സ്റ്റാന്റിലാണ് പുഴാതി പഞ്ചായത്തിലെ ബസ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത്. റോഡുസൌകര്യം ലഭ്യമല്ലാതിരുന്ന ആദ്യകാലഘട്ടങ്ങളില്‍ കക്കാട് പുഴ കേന്ദ്രീകരിച്ച് ജലഗതാഗത സംവിധാനം മാത്രമായിരുന്നു ഉണ്ടായിരുന്നത്. പഞ്ചായത്തിലൂടെ കടന്ന് പോകുന്ന പ്രധാന റോഡാണ് കണ്ണൂര്‍-തളിപ്പറമ്പ് ഹൈവേ. കക്കാട്-താണ-കുഞ്ഞിപ്പള്ളി റോഡ്, പൊടിക്കുണ്ട്-കൊറ്റാളി റോഡ്, ഒതയന്‍കുന്ന്-എടച്ചേരി റോഡ് എന്നിവയാണ് പഞ്ചായത്തിലെ മറ്റ് പ്രധാന റോഡുകള്‍. പള്ളിക്കുന്ന്, കക്കാട്, പള്ളിക്കുളം എന്നിവിടങ്ങളില്‍ പെട്രോള്‍ ബങ്കുകള്‍ പ്രവര്‍ത്തിക്കുന്നു. കക്കാട്, പള്ളിക്കുന്ന് എന്നിവിടങ്ങളിലാണ് ഗ്യാസ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 6 റേഷന്‍കടകളും 2 മാവേലിസ്റ്റോറുകളും 2 നീതി സ്റ്റോറും പ്രവര്‍ത്തിക്കുന്നുണ്ട്. ‘സൌഭാഗ്യ’, ‘പ്ളാസ മരീന’ എന്നീ പേരുകളില്‍ രണ്ട് ഷോപ്പിങ്ങ് കോംപ്ളക്സുകള്‍ പഞ്ചായത്തിലുണ്ട്. കൊറ്റാളി, കക്കാട്, പള്ളിക്കുന്ന് എന്നിവിടങ്ങളില്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഹിന്ദുമുസ്ളീം വിഭാഗത്തില്‍പെടുന്നവരാണ് പഞ്ചായത്തില്‍ അധിവസിക്കുന്നവരിലേറെയും. ഇവരുടെ വിവിധ ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. ശാദുലി പള്ളി, കക്കാട് ജുമാ അത്ത് പള്ളി, കുഞ്ഞിപ്പള്ളി, താണ പള്ളി എന്നിവയാണ് പ്രധാന മുസ്ളീം ആരാധനാലയങ്ങള്‍. കൊറ്റാളി കുറുമ്പ ക്ഷേത്രം, മുത്തപ്പന്‍ ക്ഷേത്രം, തായക്കാവ് ഭഗവതി ക്ഷേത്രം, തുടങ്ങിയ ഹൈന്ദവ ആരാധനാലയങ്ങളും പഞ്ചായത്തില്‍ ഉണ്ട്. കൊറ്റാളിക്കാവ് ഉല്‍സവം, ഇടച്ചേരി മുത്തപ്പന്‍ ക്ഷേത്ര ഉല്‍സവം, കുറുമ്പക്കാവ് ഉല്‍സവം എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ആഘോഷങ്ങള്‍. കഥയുടെ കാലഭൈരവന്‍ എന്നറിയപ്പെടുന്ന ചെറുകഥാകൃത്ത് ടി.പത്മനാഭന്‍ പുഴാതി പഞ്ചായത്തിന്റെ അഭിമാനമാണ്. മുന്‍ പാര്‍ലമെന്റംഗമായ പന്ന്യന്‍ രവീന്ദ്രന്‍ പുഴാതി സ്വദേശിയാണ്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന പഞ്ചായത്തിലെ പ്രധാന സമിതികളാണ് അത്താഴക്കുന്ന് സൌപര്‍ണിക കലാകേന്ദ്രവും, രചന കലാകേന്ദ്രവും. ആരോഗ്യപരിപാലനരംഗത്ത് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന, ആരോഗ്യ കേന്ദ്രങ്ങളാണ് എ.കെ.ജി.ആശുപത്രിയും, പുഴാതി പ്രാഥമികാരോഗ്യകേന്ദവും. കൊറ്റാളി, രാമതെരു, കക്കാട് എന്നിവിടങ്ങളില്‍ പി.എച്ച്.സി.യുടെ ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. എ.കെ.ജി ആശുപത്രിയില്‍ നിന്നാണ് പഞ്ചായത്തില്‍ ആംബുലന്‍സ് സേവനം ലഭ്യമാകുന്നത്. മൃഗസംരക്ഷണവകുപ്പിന്റെ കീഴില്‍ പുഴാതിയില്‍ ഒരു മൃഗാശുപത്രിയും പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തില്‍ സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളാണ് പുഴാതി എച്ച്.എസ്.എസ്, കക്കാട് യു.പി.സ്കൂള്‍, കുഞ്ഞിപ്പള്ളി യു.പി.സ്കൂള്‍ എന്നിവ. ഇതിനു പുറമെ ഭാരതീയ വിദ്യാഭവന്‍ ഇംഗ്ളീഷ് മീഡിയം സ്കൂളുള്‍പ്പെടെ 5 വിദ്യാലയങ്ങളും പഞ്ചായത്തിലുണ്ട്. ഉന്നതവിദ്യാഭ്യാസരംഗത്ത് പള്ളിക്കുന്നില്‍ ഗവ:വനിതാ കോളേജ് പ്രവര്‍ത്തിക്കുന്നു. നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ ശാഖകള്‍ കുഞ്ഞിപ്പള്ളി, ചെട്ടിപീടിക എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. പുഴാതി സര്‍വ്വീസ് സഹകരണ ബാങ്ക്, സഹകരണ അര്‍ബന്‍ ബാങ്ക് എന്നിവ സഹകരണമേഖലയില്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. പള്ളിക്കുന്ന് റീഡിങ്ങ് റൂം & ഗ്രന്ഥാലയം, എടക്കണ്ടി കുഞ്ഞമ്പു സ്മാരക റീഡിങ്ങ് റൂം & ഗ്രന്ഥാലയം, ദേശീയോദ്ഗ്രഥന വായനശാല & ഗ്രന്ഥാലയം എന്നിവ പഞ്ചായത്തിലെ പ്രധാന സാംസ്കാരിക സ്ഥാപനങ്ങളാണ്. പുഴാതി ഗ്രാമപഞ്ചായത്ത് വക കമ്മ്യൂണിറ്റി ഹാളും ഇവിടെയുണ്ട്. വൈദ്യുതി ബോര്‍ഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് പള്ളിക്കുന്നിലാണ്. പഞ്ചായത്തിലുള്ള പ്രധാന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് തളാപ്പില്‍ സ്ഥിതിചെയ്യുന്ന കേന്ദ്ര കരിമ്പു ഗവേഷണ കേന്ദ്രം. പള്ളിക്കുന്നില്‍ ഗവ:പ്രസ്സ് പ്രവര്‍ത്തിക്കുന്നു. ചെട്ടിപ്പീടികയിലാണ് വാട്ടര്‍ അതോറിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. വില്ലേജ് ഓഫീസ് പള്ളിക്കുന്നില്‍ സ്ഥിതിചെയ്യുന്നു. കാര്‍ഷികരംഗത്തെ സേവനങ്ങള്‍ക്കായി പഞ്ചായത്തിലുള്ള കൃഷിഭവന്‍ പ്രവര്‍ത്തിക്കുന്നത് പുഴാതിയിലാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സ്ഥിതി ചെയ്യുന്നത് പള്ളിക്കുന്നിലാണ്. കണ്ണൂര്‍ ആകാശവാണി നിലയം, ദൂരദര്‍ശന്‍ റിലേ കേന്ദ്രം എന്നിവ പള്ളിക്കുന്നില്‍ പ്രവര്‍ത്തിക്കുന്നു. പള്ളിക്കുന്ന്, കക്കാട്, കൊറ്റാളി എന്നിവിടങ്ങളില്‍ തപാല്‍ ഓഫീസുകളും പൊടിക്കുണ്ടില്‍ ടെലിഫോണ്‍ എക്സ്ചേഞ്ചും പ്രവര്‍ത്തിക്കുന്നു.