പുഴാതി

കണ്ണൂര്‍ ജില്ലയില്‍, കണ്ണൂര്‍ താലൂക്കില്‍, കണ്ണൂര്‍ ബ്ളോക്കിലാണ് പുഴാതി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പുഴാതി വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന പുഴാതി ഗ്രാമപഞ്ചായത്തിനു 9.17 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 20 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍, വടക്കുഭാഗത്ത് ചിറക്കല്‍, നാറാത്ത് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് എളയാവൂര്‍, ചേലോറ പഞ്ചായത്തുകളും, തെക്കുഭാഗത്ത് കണ്ണൂര്‍ മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് കണ്ണൂര്‍ മുനിസിപ്പാലിറ്റിയും, ചിറക്കല്‍, പള്ളിക്കുന്ന് പഞ്ചായത്തുകളുമാണ്. പുഴാതി ഗ്രാമം, പഴയ ചിറക്കല്‍ താലൂക്കിലെ ഏറ്റവും വലിയ ഗ്രാമമായിരുന്നു. ഇന്നത്തെ കണ്ണൂര്‍ മുനിസിപ്പാലിറ്റിയും, പള്ളിക്കുന്ന് പഞ്ചായത്തും ചേര്‍ന്നതായിരുന്നു പുഴാതി ഗ്രാമം. 1953 മുതലാണ് പള്ളിക്കുന്നും പുഴാതിയും ചേര്‍ന്ന്, പുഴാതി പഞ്ചായത്ത് നിലവില്‍ വന്നത്. അന്ന് പഞ്ചായത്ത് ഓഫീസ് പന്നേന്‍ പാറയിലുള്ള ലിബര്‍ട്ടി ലോഡ്ജ് എന്ന കെട്ടിടത്തിലായിരുന്നു. ആദ്യപ്രസിഡന്റ് എം.കെ.കിട്ടുണ്ണി ആയിരുന്നു. അക്കാലത്തു എല്ലാ വ്യാഴാഴ്ചയും പഞ്ചായത്തുപ്രസിഡന്റ് ആളുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ കേട്ട് വിധി കല്‍പ്പിച്ചിരുന്നു. അതിനാല്‍ പില്‍ക്കാലത്ത് അദ്ദേഹം കിട്ടുണ്ണി മജിസ്ട്രേറ്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അന്നത്തെ മെമ്പര്‍മാര്‍ക്ക് അലവന്‍സോ, വേതനമോ ഉണ്ടായിരുന്നില്ല. പഞ്ചായത്തിന്റെ വരുമാനം തുച്ഛമായിരുന്നു. തിരഞ്ഞെടുപ്പ് നടത്തിയിരുന്നതാകട്ടെ, ബാലറ്റ് അടിസ്ഥാനത്തിലായിരുന്നില്ല; മറിച്ചു കൈപൊക്കി അംഗങ്ങളെ തെരഞ്ഞെടുക്കുന്ന രീതിയായിരുന്നു നിലവിലിരുന്നത്. പുഴാതി പഞ്ചായത്ത് ഉയര്‍ന്ന പ്രദേശങ്ങളും താഴ്ന്ന പ്രദേശങ്ങളും വയലുകളും ഇടകലര്‍ന്നുള്ള ഭൂപ്രകൃതിയാണ്. പല വാര്‍ഡുകളും വയലിനോടു തൊട്ട് ചെരിഞ്ഞ പ്രദേശങ്ങളും, പിന്നീട് സമതലങ്ങളും, തുടര്‍ന്ന് ഉയര്‍ന്ന ചെരിവുകളോടു കൂടിയതുമാണ്. ഭൂരിഭാഗം പ്രദേശങ്ങളും മൊത്തത്തില്‍, വടക്കുപടിഞ്ഞാറു നിന്ന് കിഴക്കുതെക്കു ഭാഗത്തേക്ക് ചെരിഞ്ഞാണ് കിടപ്പ്. പഞ്ചായത്തിലെ ഭൂപ്രകൃതിയെ, പുഴയോടു ചേര്‍ന്ന ചതുപ്പുനിലം, ചെളിമണ്ണുള്ള വയല്‍, വയലിനോടു ചേര്‍ന്നുള്ള ചെരിവുകള്‍, സമതലങ്ങള്‍, മേല്‍ത്തട്ടില്‍ പാറയും ചെങ്കല്ലുമുള്ള പ്രദേശം എന്നിങ്ങനെ അഞ്ചായി തരംതിരിക്കാം.