പുത്തന്‍വേലിക്കര

എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കില്‍ പാറക്കടവ് ബ്ളോക്കില്‍ പുത്തന്‍വേലിക്കര വില്ലേജ് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്ത്. 19.87 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് തൃശ്ശൂര്‍ ജില്ലയിലെ പൊയ്യ, മേത്തല പഞ്ചായത്തുകളും, തെക്ക് കരുമാല്ലൂര്‍, കുന്നുകര പഞ്ചായത്തുകളും, കിഴക്ക് പാറക്കടവ്, കുന്നുകര, കുഴൂര്‍ (തൃശ്ശൂര്‍) പഞ്ചായത്തുകളും, പടിഞ്ഞാറ് ചേന്ദമംഗലം, വടക്കേക്കര, മേത്തല (തൃശ്ശൂര്‍) പഞ്ചായത്തുകളുമാണ്. തുരുത്തിപ്പുറം, തുരുത്തൂര്‍, വെള്ളോട്ടുപുറം, കല്ലേപറമ്പ്, പുത്തന്‍വേലിക്കര, പഞ്ഞിപ്പളള, മാനംചാരിക്കുന്ന്, വട്ടേക്കാട്ടുകുന്ന്, കൊടിക്കുത്തുകുന്ന്, ഇളന്തിക്കര, കീഴുപ്പാടം, കോഴിത്തുരുത്ത്, തേലത്തുരുത്ത്, ചെറുകടപ്പുറം എന്നീ പ്രധാന പ്രദേശങ്ങളും ഏതാനും തുരുത്തുകളും ചേര്‍ന്നതാണ് പുത്തന്‍വേലിക്കര പഞ്ചായത്ത്. വേലിയേറ്റംമൂലം പുതിയതായുണ്ടായ കരയാണ് പുത്തന്‍വേലിക്കര എന്നാണ് പഴമൊഴി. ഈ ഭൂഭാഗത്ത് കുഴിച്ചു നോക്കുമ്പോള്‍ കാണപ്പെടുന്ന കടല്‍ ജീവികളുടെ അവശിഷ്ടങ്ങള്‍ ഈ ചൊല്ലിന്റെ സാക്ഷികളാണ്. പണ്ട്  ഉപ്പളങ്ങളായിരുന്ന ഈ പ്രദേശത്തിന് മുസിരിസു(കൊടുങ്ങല്ലൂര്‍)മായി വാണിജ്യ ബന്ധമുണ്ടായിരുന്നെന്നും അങ്ങനെ വിപണത്തിനു വന്ന് ഇവിടെ താമസം തുടങ്ങിയവരാണ് ദിവാന്‍ പേഷ്കാര്‍ ശങ്കുണ്ണിമേനോന്റെ കുടുംബക്കാര്‍ എന്നും പറയപ്പെടുന്നു. തുരുത്തായ ഊര് തുരുത്തൂരൂം, അതിനപ്പുറമുള്ള കര തുരുത്തിപ്പുറവും, വെള്ളമൊട്ടുമില്ലാത്ത പുറം വെള്ളോട്ടുപുറവും, പഞ്ഞി വളര്‍ന്നു നില്‍ക്കുന്ന കുന്നിന്‍ ചെരിവ് പഞ്ഞിപ്പള്ളയും, മാനം മുട്ടി നില്‍ക്കുന്ന മാനംചാരിക്കുന്നും, ടിപ്പുസുല്‍ത്താന്‍ കൊടികുത്തിയ കൊടികുത്തുകുന്നും, ഇളന്തിയുടെകരയായ ഇളന്തിക്കരയും, ചുറ്റും കാടുണ്ടായിരുന്ന വട്ടേക്കാട്ടുകുന്നും, കീഴൂര്‍ മനയുടെ സ്വത്തായ കീഴുപ്പാടവും, പണ്ടു ചെറിയ കടലുപോലെയിരുന്ന കൊടുങ്ങല്ലൂര്‍ കായലിന്റെ പുറമായിരുന്ന ചെറുകടപ്പുറവും എല്ലാം ചേര്‍ന്ന്  പഞ്ചായത്തിന്റെ ഭൂപടം തീര്‍ത്തിരിക്കുന്നു. കൊച്ചി രാജ്യത്തിന്റേയും തിരുവിതാംകൂറിന്റേയും സാംസ്കാരിക പൈതൃകം ഉള്‍ക്കൊണ്ട പഞ്ചായത്താണ് പുത്തന്‍വേലിക്കര പഞ്ചായത്ത്. കൊച്ചിതമ്പുരാന്‍ തിരുവിതാംകൂറിനു കൈമാറിയ പറവൂര്‍ താലൂക്കിലാണ് പുത്തന്‍വേലിക്കര കിടക്കുന്നത്. ചുങ്കം പിരിവിന് തിരുവിതാംകൂര്‍ ഏര്‍പ്പെടുത്തിയിരുന്ന ചൌക്ക ഇളന്തിക്കരയിലായിരുന്നു. കാലം മാറിയിട്ടും ഇപ്പോഴും ചൌക്കക്കടവ് എന്നു തന്നെയാണ് ഈ കടവ് അറിയപ്പെടുന്നത്.