ചരിത്രം

സംഘകാല ദ്രാവിഡരെ ഓര്‍മ്മിപ്പിക്കുന്ന നന്നങ്ങാടികള്‍ ഇളന്തിക്കര ഹൈസ്കൂള്‍ ഗ്രൌണ്ട് നിര്‍മ്മിക്കുമ്പോള്‍ കണ്ടുകിട്ടിയതില്‍ നിന്ന് ഈ പ്രദേശത്ത് വളരെ മുമ്പേ തന്നെ ജനവാസം ഉണ്ടായിരുന്നുവെന്നും ദ്രാവിഡരായിരുന്നു ആദ്യകാല നിവാസികളെന്നും ബോധ്യമാവുന്നു. മുസിരിസുമായുണ്ടായിരുന്ന വ്യാപാരബന്ധം മറ്റു വര്‍ഗ്ഗക്കാരുടെ കുടിയേറ്റത്തിനു വഴി വയ്ക്കുകയും ഇന്നത്തെ ജനസമ്പത്ത് പഞ്ചായത്തില്‍ ഉണ്ടാവുകയും ചെയ്തിരിക്കാം. ഈ വ്യാപാരബന്ധം തന്നെയായിരിക്കാം ക്രിസ്തുമതത്തിന്റെ കടന്നുവരവിനും വഴിവച്ചത്. മദ്ധ്യകാലഘട്ടത്തില്‍ മറ്റെല്ലായിടത്തും സംഭവിച്ചതുപോലെ ഭൂമി മുഴുവന്‍ ദേവസ്വങ്ങളും, ബ്രഹ്മസ്വങ്ങളും ആയിരുന്നു. പാലിയം, കീഴൂര്‍ മന, പാനയ്ക്കാട്ടുമന, പനമന, കാഞ്ഞിരക്കാട്ട് തുടങ്ങിയ ജന്മിമാരുടെ കീഴിലമര്‍ന്നിരുന്ന ഗ്രാമഭൂമി യഥാര്‍ത്ഥ കര്‍ഷകരിലേക്ക് എത്തിയത് ഭൂപരിഷ്കരണനിയമങ്ങള്‍ക്കു ശേഷമാണ്. ഭൂപരിഷ്കരണ നിയമം ഗ്രാമത്തിന്റെ സാമൂഹ്യ സാമ്പത്തിക മാറ്റങ്ങള്‍ക്ക് തീ കൊളുത്തി. പാട്ടക്കാരും വാരക്കാരുമായി അധഃപതിച്ചു കിടന്നിരുന്ന കര്‍ഷകര്‍ നവോന്മേഷത്തോടെ ഉണര്‍ന്നഴുന്നല്‍ക്കുകയും കാര്‍ഷിക മേഖലയില്‍ അഭൂതപൂര്‍വ്വമായ ഉല്‍പ്പാദനത്തിനു ഹേതുവായിത്തീരുകയുമുണ്ടായി. തിരുക്കൊച്ചി സംസ്കാരങ്ങളുടെ സമ്മേളനമായ ഈ നാട്ടില്‍ വിദ്യാഭ്യാസ വ്യാപനം വളരെ മുമ്പേ തന്നെ തുടങ്ങിക്കഴിഞ്ഞിരുന്നു. തുടക്കത്തില്‍ ഏതാനും എഴുത്തുപളളിക്കൂടങ്ങളായിരുന്നു വിദ്യാലയങ്ങള്‍. എന്നാല്‍ 1918-ല്‍ എ.ജി.മേനോന്‍ തന്റെ പൂര്‍വ്വികനായിരുന്ന ദിവാന്‍ പേഷ്കാര്‍ ശങ്കുണ്ണിമേനോന്റെ സ്മരണയ്ക്കായി ഒരു പ്രൈമറി വിദ്യാലയം പുത്തന്‍വേലിക്കരയില്‍ ആരംഭിച്ചതോടെ സ്ഥാപനവല്‍കൃത വിദ്യാഭ്യാസം ആരംഭിച്ചു. തുടര്‍ന്ന് ഇളന്തിക്കരയില്‍ സെന്റ് ജോര്‍ജ്ജ് പള്ളിയുടെ കീഴില്‍ 1926-ല്‍ എസ്.എച്ച്.ജെ.എല്‍.പി.എസ് ആരംഭിച്ചു. 1948-ല്‍ ഡോ.സി.കെ.ശങ്കരന്‍ പഞ്ചായത്തിലെ ആദ്യ ഹൈസ്കൂളായ ഇളന്തിക്കര ഹൈസ്കൂള്‍  സ്ഥാപിച്ചു. പരമ്പരാഗത വ്യവസായങ്ങളില്‍ പഞ്ചായത്തില്‍ മുഖ്യമായിട്ടുള്ളത് കയര്‍ വ്യവസായമായിരുന്നു. ഒരു കാലത്ത് നാടിന്റെ മുഖ്യ വരുമാനമാര്‍ഗ്ഗമായിരുന്ന കൈത്തറി വ്യവസായം ഇന്ന് വളരെ ശോചനീയമായ അവസ്ഥയിലാണ്. അഖിലേന്ത്യാ കസ്തൂര്‍ബാ ട്രസ്റ്റിന്റെ കീഴില്‍ ഒരു കസ്തൂര്‍ബാ കേന്ദ്രം 1948 മുതല്‍ ഇളന്തിക്കര എല്‍.പി സ്കൂളിന് സമീപം പ്രവര്‍ത്തിച്ചിരുന്നു. തൊഴില്‍ ലഭ്യതയുമായി ബന്ധപ്പെട്ട് വിശകലനം ചെയ്യുമ്പോള്‍ പഞ്ചായത്തിലെ പ്രമുഖ വ്യവസായം ഇഷ്ടിക വ്യവസായമാണ്. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഏതാണ്ട് ഒപ്പത്തിനൊപ്പമുള്ള പഞ്ചായത്താണ് പുത്തന്‍വേലിക്കര. 7 പ്രധാന ഹൈന്ദവ ദേവാലയങ്ങളും ഒട്ടനവധി കുടുംബ പ്രാദേശിക കോവിലുകളും ഉണ്ട്. ഏറ്റവും പഴക്കമേറിയ മാളവന ശിവക്ഷേത്രവും തൃക്കയില്‍ വിഷ്ണുക്ഷേത്രവും ഏതാണ്ട് ഒരേ കാലത്ത് പ്രൌഢിയോടെ നിലനിന്നിരുന്നതായും ഉത്സവങ്ങള്‍ നടന്നിരുന്നതായും പറയപ്പെടുന്നതില്‍ നിന്ന് പഞ്ചായത്തില്‍  ശൈവ വൈഷ്ണവ സമന്വയം നിലനിന്നിരുന്നുവെന്ന് തെളിയുന്നു. ഒമ്പതു പ്രധാന ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. തുരുത്തൂര്‍ പള്ളിപെരുന്നാള്‍ ജില്ലയിലെ തന്നെ ഏറ്റവും വലിയ ഉത്സവങ്ങളില്‍ ഒന്നാണ്.