വടവുകോട് പുത്തന്‍കുരിശ്

എറണാകുളം ജില്ലയില്‍ കുന്നത്തുനാട് താലൂക്കില്‍ വടവുകോട് ബ്ളോക്കില്‍ പുത്തന്‍കുരിശ്, വടവുകോട് വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്. പുത്തന്‍ കുരിശ്, വടവുകോട് എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിനു 36.89 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. ഒരു സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്ത് ആയ വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് പ്രകൃതിയാല്‍ അനുഗ്രഹീതമാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കുന്നത്തുനാട്, ഐക്കരനാട്, തൃക്കാക്കര പഞ്ചായത്തുകള്‍, തെക്കുഭാഗത്ത് തിരുവാണിയൂര്‍, ചോറ്റാനിക്കര പഞ്ചായത്തുകള്‍, കിഴക്കുഭാഗത്ത് പൂത്തൃക്ക, ഐക്കരനാട്, തിരുവാണിയൂര്‍ പഞ്ചായത്തുകള്‍, പടിഞ്ഞാറുഭാഗത്ത് തിരുവാങ്കുളം, തൃക്കാക്കര പഞ്ചയാത്തുകള്‍ എന്നിവയാണ്. 1953 ആഗസ്റ്റ് 15-ന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വടവുകോട് പഞ്ചായത്തും പുത്തന്‍കുരിശ് പഞ്ചായത്തും സംയോജിപ്പിച്ച് വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്ത് രൂപം കൊണ്ടു.

വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് വര്‍ഗീസ് പറമ്പാനും വൈസ് പ്രസിഡന്റ് എന്‍.കെ.കുര്യനും ആയിരുന്നു. തുടര്‍ന്ന് ഗവണ്‍മെന്റ് ഉത്തരവു പ്രകാരം വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിനെ വിഭജിച്ച് തിരുവാണീയൂര്‍ പഞ്ചായത്തുണ്ടാക്കി.1953-ല്‍ നടന്ന ആദ്യത്തെ പഞ്ചായത്ത് പൊതുതെരഞ്ഞടുപ്പില്‍ ആകെ 7 വാര്‍ഡില്‍ നിന്നും 7 മെമ്പര്‍മാരെ തെരഞ്ഞെടുത്തു. അന്നത്തെ കമ്മറ്റിയുടെ ശ്രമഫലമായി പുത്തന്‍കുരിശ് ടൌണില്‍ 460/11-ല്‍ 76 സെന്റ് റവന്യു പുറമ്പോക്ക് പതിച്ച് എടുക്കുകയും ആ സ്ഥലത്ത് 1958-ല്‍ ആഫീസ് കെട്ടിടം പണിത് ആഫീസ് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. പുരാതനകാലം മുതല്‍ സാംസ്കാരികമായി വളരെ മുന്‍പന്തിയില്‍ നിന്നിട്ടുള്ള ഒരു പഞ്ചായത്താണ് വടവുകോട് പുത്തന്‍കുരിശ്. ഗുസ്തി മുറകളും മറ്റും അഭ്യസിപ്പിക്കുന്നതിനുള്ള ഒരു കളരി കുഴിക്കാടു പ്രദേശത്ത് ആദ്യകാലത്ത് പ്രവര്‍ത്തിച്ചിരുന്നു. ഈ ഗ്രാമത്തിലെ കുഴിക്കാട്ടില്ലം അറിയപ്പെടുന്ന ഒരു പ്രധാന വേദപഠനകേന്ദ്രമായിരുന്നു. വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിന് ഒരു വലിയ പ്രത്യേകതയാണുള്ളത്. ഇതിലുള്‍പ്പെടുന്ന വടവുകോടുപ്രദേശം കൊച്ചി രാജ്യത്തിന്റെ ഭാഗവും ബാക്കി പ്രദേശങ്ങള്‍ തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗവുമായിരുന്നു. ഇവയോജിപ്പിച്ച് നിലവിലുള്ള പഞ്ചായത്താക്കിയത്  ജനകീയ ഭരണം വന്നതിനുശേഷമാണ്.1953-ല്‍ പണ്ടത്തെ അതിര്‍ത്തി പ്രദേശങ്ങളില്‍ കൊ-തി എന്ന് രേഖപ്പെടുത്തിയ വലിയകല്ലുകള്‍ സ്ഥാപിച്ചിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ രാജ്യം വികസിപ്പിച്ചുവന്നപ്പോള്‍ കൊച്ചി മഹാറാണിയുടെ അപേക്ഷപ്രകാരം വടവുകോടു പ്രദേശത്തിന്റെ ഭരണം തൃണാശ്ശേരി മനയെ ഏല്‍പിച്ചു. അടിമ ഉടമ വ്യവസ്ഥ നിലനിന്ന കാലം മുതല്‍ ഈ പഞ്ചായത്തില്‍ ഗ്രന്ഥശാലകളും കാലാകായിക സംഘടനകളും ഉണ്ടായിരുന്നു. പഴയകാലത്ത് നാടന്‍ പന്തുകളിയും കോല്‍കളിയും പരിചമുട്ടുകളിയും പുള്ളുവന്‍ പാട്ടും സര്‍പ്പം തുള്ളലും ഇവിടെ നിലനിന്നിരുന്നു.