പുത്തന്‍ചിറ

തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ വെള്ളാങ്ങല്ലൂര്‍ ബ്ളോക്കിലാണ് പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 22.29 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പുത്തന്‍ചിറ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് വെള്ളാങ്ങല്ലൂര്‍, വേളൂക്കര പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് വേളൂക്കര, മാള പഞ്ചായത്തുകളും അരീക്കത്തോടും, തെക്കുഭാഗത്ത് പൊയ്യ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തും കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയുമാണ്. 140 വാര്‍ഡുകളാണ് പുത്തന്‍ചിറ പഞ്ചായത്തിലുള്ളത്. തിരു-കൊച്ചി സംയോജനംവരെ(1949) കൊച്ചിരാജ്യത്താല്‍ ചുറ്റപ്പെട്ടുകിടന്നിരുന്ന ഏക തിരുവിതാംകൂര്‍ വില്ലേജായിരുന്നു പുത്തന്‍ചിറ. പിന്നീട് തിരു-കൊച്ചി സംയോജനത്തെ തുടര്‍ന്ന് തൃശ്ശൂര്‍ ജില്ലയില്‍ മുകുന്ദപുരം താലൂക്കില്‍പെടുന്ന ഒരു വില്ലേജായി പുത്തന്‍ചിറ തുടര്‍ന്നു. തിരുകുടുംബസഭാ സ്ഥാപകയായ ദൈവവാസി മദര്‍ മറിയംത്രേസ്യ ജനിച്ചത് പുത്തന്‍ചിറയിലാണ്. എ.ഡി.2-ാം നൂറ്റാണ്ടിലോ, 3-ാം നൂറ്റാണ്ടിലോ പെരുമാക്കന്‍മാര്‍ കൃഷിയുടെ സൌകര്യത്തിനായി വിശേഷരീതിയില്‍ ഇവിടെ ഒരു ചിറ പണികഴിപ്പിച്ചു. അന്നു മുതല്‍ക്ക് മഹാദേവര്‍ പട്ടണമെന്ന സാമാന്യമായ പേരുമാറി ഈ പ്രദേശത്തിന് പുത്തന്‍ചിറ എന്ന പേരുണ്ടായി. ചേരമാന്‍ പെരുമാള്‍ പുത്തന്‍ (പഴയകാലത്തെ നാണയം) വിതറി ചിറകെട്ടേണ്ട സ്ഥലം കാണിച്ചുകൊടുത്തുവെന്നും അന്നു മുതല്‍ ആ ചിറയുടെ അടുത്തുള്ള പ്രദേശങ്ങള്‍ക്ക് പുത്തന്‍ചിറ എന്ന പേര്‍ സിദ്ധിച്ചുവെന്നും പറയപ്പെടുന്നു.