ചരിത്രം

സാമൂഹ്യചരിത്രം

നീണ്ട കടപ്പുറവും, തെക്കന്‍ പ്രദേശങ്ങളിലുടെ ഒഴുകി അഴിമുഖത്തു ചേരുന്ന ഭാരതപ്പുഴയും, അതിന്റെ കൈവഴിയായ തിരൂര്‍-പൊന്നാനി പുഴയുമൊക്കെ ഇവിടുത്തെ ഗ്രാമീണ സംസ്ക്കാരത്തെ ഒരു പരിധി വരെ സ്വാധീനിച്ചിട്ടുണ്ട്. ഒന്നിലും പെടാതെ, ആര്‍ക്കും പ്രത്യേകിച്ച് മേല്‍ക്കോയ്മതാല്‍പ്പര്യങ്ങളൊന്നുമില്ലാതിരുന്ന, ആരുടേയും ഭരണനിയന്ത്രണങ്ങളും ഇല്ലാതിരുന്ന, വിഭവ സമൃദ്ധമല്ലായിരുന്ന ഈ ദരിദ്രഗ്രാമം അതുകൊണ്ടുതന്നെ, “പുറത്തുള്ള ഒരു ഊര്” എന്ന നിലയ്ക്കാണ് അറിയപ്പെട്ടിരുന്നത്. ഈ പ്രയോഗം ലോപിച്ച് ഒടുവില്‍ “പുറത്തൂര്‍” ആയിമാറി. കാവിലക്കാട്, മുട്ടനൂര്‍, എടക്കനാട്, തൃത്തല്ലൂര്‍ എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെട്ട പ്രദേശം മാര്‍ത്തുംകാട് എന്നാണ് അടുത്തകാലം വരെ അറിയപ്പെട്ടിരുന്നത്. ഓലപ്പുരകളെ അക്കാലത്ത് മാടങ്ങള്‍ എന്നാണ് വിളിച്ചു പോന്നിരുന്നത്. മാടങ്ങളുടെ കൂട്ടം എന്ന അര്‍ത്ഥത്തിലാണ് ഈ പ്രദേശം മാടത്തുംകാട് എന്നറിയപ്പെട്ടിരുന്നതും പിന്നീട് ലോപിച്ച് മാര്‍ത്തുംകാട് ആയതും. രാജഭരണത്തിന്റെ അവസാനകാലഘട്ടത്തില്‍ സാമൂതിരിക്ക് കീഴില്‍ തന്നെ പ്രാദേശികഭരണം നടത്തുന്ന നാട്ടുരാജാക്കന്മാരുണ്ടായിരുന്നു. പുറത്തൂരും, കൂടാതെ എട്ട് പ്രദേശങ്ങളും (എട്ട് ദേശങ്ങള്‍) വെട്ടത്തുരാജാവിന്റെ കീഴിലായിരുന്നു. വെട്ടത്തുരാജാവ് പൊതുവെ നല്ല ഭരണാധികാരി ആയിരുന്നുവെന്ന് പറയപ്പെടുന്നു. ഇദ്ദേഹത്തിന്റെ അന്ത്യനാളുകള്‍ക്ക് അല്‍പ്പം മുമ്പ്, കേരളാധീശ്വരപുരം ദേശത്തെ ഒരു യുവരാജാവിന് തന്റെ മകളെ വിവാഹം ചെയ്തുകൊടുത്തുവെന്നും, അതില്‍ പിന്നെ മകളുടെ ഭര്‍ത്താവായ യുവരാജാവായിരുന്നു വെട്ടത്തുനാട് ഭരിച്ചെതെന്നുമാണ് ചരിത്രം. പുറത്തൂര്‍ പ്രദേശത്തിന്റെ നാടുവഴികളായി മാറിയ മാടത്തുംകീഴില്‍ മൂപ്പില്‍നായര്‍ ഭയങ്കാവ് ക്ഷേത്രത്തിന്റെയും അധിപനായി. ക്ഷേത്രത്തോട് ബന്ധപ്പെട്ട ചടങ്ങുകള്‍ക്കും ഭരണപരമായ കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നതിനുമായി കൂടുതല്‍ സവര്‍ണ്ണരെ പ്രത്യേകിച്ച് നായന്‍മാരെ പുറത്തൂര്‍ പ്രദേശത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ സ്ഥാനി മൂപ്പില്‍നായര്‍ കൈകൊണ്ടു. അതിന്‍പ്രകാരം കൊടുങ്ങല്ലൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന അഭ്യാസികളും പോരാളികളുമായ ചില നായര്‍കുടുംബത്തെ പുറത്തൂരിലേക്ക് കൊണ്ടുവന്നു. ഇവരെ ജലഗതാഗത മാര്‍ഗ്ഗമായിരുന്നു ക്ഷേത്രപരിസരത്ത് എത്തിച്ചതത്രെ. പോര്‍ക്കളത്ത് കുറുപ്പന്‍മാര്‍ എന്നറിയപ്പെട്ട ഇവര്‍ക്ക്, പുറത്തൂര്‍ ക്ഷേത്രപരിസരത്ത് എത്തുവാനും തിരിച്ചുപോകുവാനുമായി പ്രത്യേക സൌകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഈ യാത്രാസൌകര്യത്തിനും വിസ്തൃതമായ നെല്‍ക്കൃഷി പ്രദേശത്തിന്റെ സൌകര്യത്തിനുമായി, മൂപ്പില്‍നായര്‍ നിര്‍മ്മിച്ച തോടാണ് വീതികൂടിയ ഇന്നത്തെ നായര്‍തോട്. നായര്‍ നിര്‍മ്മിച്ചതുകാരണം ഇതിന് നായര്‍തോട് എന്ന പേരുവന്നു. ദേശീയപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട് സ്വാതന്ത്ര്യസമരത്തിലേക്കെടുത്തു ചാടിയ നിരവധിയാളുകള്‍ ഈ പ്രദേശത്തുമുണ്ടായിരുന്നു. ചെമ്പ്ര ചോയുണ്ണി, പണ്ടാറവളപ്പില്‍ ചോയി എന്നിവര്‍ ഇവിടെനിന്നുള്ള ആദ്യകാല കോണ്‍ഗ്രസ്സുകാരായിരുന്നു. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ആശയവും ആദര്‍ശങ്ങളുമുള്‍ക്കൊണ്ട ഒരു തലമുറയായിരുന്നു പുറത്തൂരിലെ മുന്‍കാല രാഷ്ട്രീയരംഗങ്ങളിലെ സാരഥികള്‍. ക്ഷേത്രപ്രവേശന വിളമ്പരത്തിനു ശേഷവും ഒരുവിഭാഗം ഹിന്ദുക്കളെ ഈ പ്രദേശത്ത് തൊട്ടുകൂടായ്മയുടെ പേരില്‍ അയിത്തം കല്‍പിച്ച് അമ്പലത്തില്‍ കയറാനനുവദിക്കാതെ അകറ്റിനിറുത്തിയിരുന്നു. അവര്‍ണ്ണരായ ഹിന്ദുക്കള്‍ക്ക് ക്ഷേത്രക്കുളത്തില്‍ കുളിക്കുവാനുള്ള അവകാശം പോലും നിഷേധിച്ചിരുന്നു. ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചുകൊണ്ട്, അവര്‍ണ്ണഹിന്ദുക്കളെ അണിനിരത്തി ഭയങ്കാവ് ക്ഷേത്രകുളത്തില്‍ കുളിക്കാനും, ക്ഷേത്രത്തിനകത്ത് കടന്ന് ദര്‍ശനം നടത്താനും അവസരമൊരുക്കിക്കൊണ്ട്, എം.സി.ബാലകൃഷ്ണനുണ്ണിനായര്‍, പി.വേലായുധക്കുറുപ്പ്, എ.പി.കുഞ്ഞുണ്ണി, ടി.മാധവന്‍ വൈദ്യര്‍, കലത്തേത്ത് അയ്യപ്പുട്ടി, എം.ടി.കുഞ്ഞുണ്ണിനായര്‍ മുതലായ ഇവിടുത്തെ ഉല്‍പതിഷ്ണുക്കള്‍ അയിത്തത്തിനെതിരായുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കി. 1930-കളില്‍ ചുരുക്കം ചില പ്രൈമറി വിദ്യാലയങ്ങള്‍ ഇവിടെ നിലവില്‍ വന്നതോടെ, പഞ്ചായത്തിന്റെ ആധുനിക വിദ്യാഭ്യാസചരിത്രത്തിനു ആരംഭം കുറിച്ചു. പുറത്തൂര്‍ ദേവിവിലാസം എല്‍.പി.സ്ക്കൂള്‍, എടക്കനാട് ജി.എം.യുപി.സ്ക്കുള്‍, പടിഞ്ഞാറെക്കര ജി.യു.പി.സ്ക്കുള്‍, മുട്ടനൂര്‍ ജി.എല്‍.പി.സ്ക്കൂള്‍, പുതുപ്പള്ളി ശാസ്ത്രഎല്‍.പി.സ്ക്കൂള്‍ തുടങ്ങിയ വിദ്യാലയങ്ങള്‍ മേല്‍പറഞ്ഞ കാലഘട്ടത്തില്‍ രൂപംകൊണ്ടവയും ഇന്നും പ്രവര്‍ത്തിക്കുന്നവയുമാണ്. വിദ്യാഭ്യാസം തൊഴിലധിഷ്ഠിതമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നൂല്‍നൂല്‍പ്പ് മുതലായ കൈവേലകള്‍ അക്കാലത്ത് ചില വിദ്യാലയങ്ങളില്‍ അഭ്യസിപ്പിച്ചിരുന്നു.

സാസ്കാരികചരിത്രം

എഴുന്നൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് വെട്ടത്തുരാജാക്കന്മാരുടെ ഭരണകാലത്ത് നിര്‍മ്മിച്ച ഭയങ്കാവ് ക്ഷേത്രത്തിനും അവിടെ വര്‍ഷത്തില്‍ മൂന്നു തവണ നടക്കുന്ന ഉത്സവങ്ങള്‍ക്കും പുറത്തൂരിന്റെ സാംസ്ക്കാരിക ചരിത്രത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. തുലാം മാസം ഒന്നാം തിയതിയും മകരമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച ദിവസവുമാണ് “വേല” എന്ന പേരിലറിയപ്പെടുന്ന ഇവിടുത്തെ ഉത്സവം നടക്കാറുള്ളത്. കുംഭമാസത്തില്‍ ഏഴ് ദിവസമെങ്കിലും നീണ്ടുനില്‍ക്കുന്ന കൂത്താണ് മറ്റൊരുത്സവം. പാവക്കൂത്തിലൂടെ രാമായണ കഥയാണ് അവതരിപ്പിക്കുക. ഇവിടെ ആദ്യകാലങ്ങളില്‍ ഹിന്ദുക്കളായിരുന്നു ജനസംഖ്യയിലേറെയും. മുസ്ളീം ജനസംഖ്യ കുറവായിരുന്നു. ഹിന്ദുക്കളില്‍ തന്നെ ഭൂരിഭാഗവും അവര്‍ണ്ണരായിരുന്നു. മുസ്ളീങ്ങളുടെ ഏറെ പഴക്കമുള്ള ആരാധനാലയങ്ങളാണ് പടിഞ്ഞാറെക്കരയിലെ കാട്ടിലപ്പള്ളിയും മുട്ടന്നൂരിലെ ജുമാമസ്ജിദും. പുറത്തൂര്‍ പ്രദേശത്തിന്റെ ആദ്യകാല തലസ്ഥാനം മുട്ടന്നൂരാണെന്ന് അനുമാനിക്കുന്നു. ഹിന്ദുക്കളും മുസ്ളീങ്ങളും ഒത്തൊരുമയോടെ കഴിഞ്ഞ ചരിത്രമാണ് പുറത്തൂരിനുള്ളത്. ഭയങ്കാവ് ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ ഉത്സവത്തിന് ആഘോഷത്തിമിര്‍പ്പോടെ മുസ്ളീം വിഭാഗം പങ്കെടുക്കുന്നത് കാണാം. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് ആചാര്യന്റെ ജന്മം കൊണ്ട് അനുഗ്രഹീതമായ തിരൂരില്‍ നിന്നും ഏതാണ്ട് 12 കിലോമീറ്റര്‍ മാത്രം തെക്കുപടിഞ്ഞാറു ഭാഗത്ത്, മഹാകവി വള്ളത്തോളിന്റെയും, കുറ്റിപ്പുറത്ത് കേശവന്‍ നായരുടെയും ജന്മം കൊണ്ട് പവിത്രമായ ചേന്നരയുടെ അയല്പക്കത്തായാണ് പുറത്തൂര്‍ ഗ്രാമം സ്ഥിതി ചെയ്യുന്നത്. നിളയുടെ സാമീപ്യം മറ്റൊരു സാംസ്കാരികോര്‍ജ്ജം ഈ ഗ്രാമത്തിനു നല്‍കുന്നുണ്ട്. അറബിക്കടലിനും തിരൂര്‍-പൊന്നാനി പുഴയ്ക്കുമിടയിലായി പടിഞ്ഞാറെക്കര ഭാഗത്ത് 200-ല്‍ പരം വര്‍ഷം പഴക്കമുള്ള കാട്ടിലപ്പള്ളി ജുമാമസ്ജിദ് സ്ഥിതിചെയ്യുന്നു. മുട്ടന്നൂര്‍ ജുമാമസ്ജിദ് ആണ് ഏറ്റവും പഴക്കം ചെന്ന മുസ്ളീംപള്ളി എന്ന് പറയപ്പെടുന്നു.