പഞ്ചായത്തിലൂടെ

പുറത്തൂര്‍  - 2010

1964 ഡിസംബറിലാണ് പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് രുപീകരിക്കുന്നത്. 19.15 ച.കി.മീ. വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ വടക്ക് മംഗലം, തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തുകള്‍, തെക്ക് പൊന്നാനി മുനിസിപ്പാലിറ്റി, കിഴക്ക് തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത്, പൊന്നാനി മുനിസിപ്പാലിറ്റി, പടിഞ്ഞാറ് അറബിക്കടല്‍ എന്നിവയാണ്. 29757 വരുന്ന ജനസംഖ്യയില്‍ 15621 പേര്‍ സ്ത്രീകളും 14136 പേര്‍ പുരുഷന്‍മാരുമാണ്. ഭൂപ്രകൃതിയനുസരിച്ച്  തീരദേശ മേഖലയില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് പുറത്തൂര്‍. പുഴയോരത്തും കടലോരത്തും മണലുകലര്‍ന്ന മണ്ണും പൂഴിമണ്ണുമാണ് കാണപ്പെടുന്നത്. മറ്റു പ്രദേശങ്ങളില്‍ പശിമരാശിയുള്ള മണല്‍ മണ്ണും മണല്‍ ചേര്‍ന്ന കളിമണ്ണും കാണപ്പെടുന്നു. തെങ്ങാണ് പഞ്ചായത്തിലെ പ്രധാന കൃഷി. നെല്ല്, വാഴ, കവുങ്ങ്, പച്ചക്കറികള്‍ എന്നിവയും കൃഷിചെയ്തു വരുന്നു. മധുരക്കിഴങ്ങ്, കുരുമുളക്, പയര്‍, എള്ള്, എന്നിവയും പഞ്ചായത്തില്‍ കൃഷി ചെയ്തുവരുന്ന പ്രധാന വിളകളാണ്. പഞ്ചായത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലുടെ ഒഴുകി അഴിമുഖത്ത് ചേരുന്ന ഭാരതപ്പുഴയും അതിന്റെ കൈവഴിയായ തിരൂര്‍-പൊന്നാനി പുഴയുമാണ് പഞ്ചായത്തിലുള്ള പ്രധാന പുഴകള്‍. കുളങ്ങളും കിണറുകളുമാണ് പഞ്ചായത്തിലെ മറ്റു പ്രധാന ജലസ്രോതസ്സുകള്‍. ഗോമുഖം കുളം, പുത്തന്‍കുളം, ചിറയ്ക്കല്‍ കുളം, കളത്തില്‍ കുളം തുടങ്ങി 16 കുളങ്ങള്‍ പഞ്ചായത്തില്‍ ജലസ്രോതസ്സുകളായിട്ടുണ്ട്. 95 പൊതുകുടി വെള്ള ടാപ്പുകളാണ് ജനങ്ങള്‍ ശുദ്ധജലത്തിനായി ഉപയോഗിക്കുന്നത്. രാത്രികാല യാത്ര സുഗമമാക്കുന്നതിന് പഞ്ചായത്ത് റോഡുകളില്‍ തെരുവു വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഭാരതപ്പുഴയും തിരൂര്‍-പൊന്നാനിപുഴയും അറബിക്കടലില്‍ സംഗമിക്കുന്ന കൂട്ടായി അഴിമുഖം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന സ്ഥലമാണ്. വിദേശയാത്രക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്ന ഏറ്റവും അടുത്ത വിമാനത്താവളം കരിപ്പൂരാണ്. തിരൂര്‍ റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന റെയില്‍വേസ്റ്റേഷന്‍. തുറമുഖമെന്ന നിലയില്‍ ബേപ്പൂര്‍ തുറമുഖം പഞ്ചായത്തിന് അടുത്ത് സ്ഥിതിചെയ്യുന്നു. പുറത്തൂര്‍ പള്ളിക്കടവിനു സമീപമുള്ള ബസ് സ്റ്റാന്റിലാണ് പഞ്ചായത്തിലെ ബസ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത്.കുറ്റിക്കാട്ടില്‍കടവ്, നായര്‍തോട് കടവ്, ഗോമുഖം കടവ്, വാടിക്കടവ്, തിരൂര്‍ പൊന്നാനിപുഴ, പൊന്നാനി അഴിമുഖം എന്നിവയാണ് പ്രധാന ജലഗതാഗത കേന്ദ്രങ്ങള്‍. ആലത്തിയൂര്‍ പള്ളിക്കടവ് റോഡ്, ടിപ്പുസുല്‍ത്താന്‍ റോഡ്, ചമ്രവട്ടം കാവിലക്കാട് റോഡ് എന്നിവയാണ് പഞ്ചായത്തിലൂടെ കടന്നു പോകുന്ന പ്രധാന റോഡുകള്‍. ആശാരിപ്പടി പള്ളിപ്പടി റോഡ്, കാവിലക്കാട് നായര്‍തോട് റോഡ് തുടങ്ങിയ പഞ്ചായത്ത് റോഡുകളും പ്രധാന ഗതാഗതമാര്‍ഗ്ഗങ്ങളാണ്. എടക്കനാട് ചെട്ടയാന്‍ പടി നടപ്പാലവും, നായര്‍തോട് കടവ് പാലവുമാണ് പഞ്ചായത്തിലുള്ളത്. പരമ്പരാഗത വ്യവസായമായ കയര്‍ നിര്‍മ്മാണമാണ് പഞ്ചായത്തിലുള്ളത്. തെങ്ങ് പ്രധാന കൃഷിയായ പഞ്ചായത്തില്‍ കയര്‍ നിര്‍മ്മാണത്തിനുള്ള ചകിരി സുലഭമാണ്. ഒട്ടേറെ കയര്‍ നിര്‍മ്മാണ യൂണിറ്റുകള്‍ പഞ്ചായത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. പുറത്തൂര്‍ പഞ്ചായത്തിലെ പൊതുവിവരണ മേഖലയില്‍ റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. കാവിലക്കാട് പ്രവര്‍ത്തിക്കുന്ന ഒരു മാവേലിസ്റ്റോറും നീതിസ്റ്റോറും പൊതുവിതരണരംഗത്തെ മറ്റു സംവിധാനങ്ങളാണ്. കാവിലക്കാട്, പുറത്തൂര്‍, ആസ്പത്രിപ്പടി, അത്താണി, തൃത്തല്ലൂര്‍ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങള്‍. കാവിലക്കാട് മത്സ്യമാര്‍ക്കറ്റ് ആണ് പുറത്തൂര്‍ പഞ്ചായത്തിലുള്ള പ്രധാന മാര്‍ക്കറ്റ്. ഹിന്ദു മുസ്ളീം മതവിഭാഗത്തില്‍ പെട്ടവരാണ് പഞ്ചായത്തില്‍ അധിവസിക്കുന്നവരില്‍ ഭൂരിപക്ഷവും. അവരുടെ വിവിധ ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. 700 വര്‍ഷങ്ങള്‍ക്കു മുമ്പ് വെട്ടത്തു രാജാക്കന്‍മാരുടെ ഭരണകാലത്ത് നിര്‍മ്മിച്ച ഭയങ്കാവ് ഭഗവതി ക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഇടക്കാട് ജുമാഅത്ത് പള്ളി, പടിഞ്ഞാറേക്കര ഭാഗത്തുള്ള കാട്ടിലപ്പള്ളി ജുമാ മസ്ജിദ്, മുട്ടന്നൂര്‍ ജുമാ മസ്ജിദ് എന്നിവയാണ് പ്രധാന മുസ്ളീം ആരാധനാലയങ്ങള്‍. ഭയങ്കാവ് ക്ഷേത്രത്തിലെ മകര ചൊവ്വയും, തുലാം ഒന്നിലെ പകല്‍പ്പൂരവും പ്രധാന ഉത്സവങ്ങളാണ്. കുംഭമാസത്തില്‍ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന കൂത്ത് ഉത്സവം നടന്നു വരുന്നു. രാമായണം കഥ പാവയെക്കൊണ്ട് പറയിപ്പിക്കുന്ന രീതിയാണ് കൂത്ത് അവതരിപ്പിക്കുന്നത്. മഹാകവി വള്ളത്തോളിന്റെയും കുറ്റിപ്പുറത്ത് കേശവന്‍ നായരുടെയും ജന്മം കൊണ്ട് അനുഗ്രഹീതമായ പഞ്ചയത്താണ് പുറത്തൂര്‍ പഞ്ചായത്ത്. സ്വാതന്ത്ര്യസമര സേനാനികളായ ചെമ്പ്ര ചോയുണ്ണി, ഇ.പി.ഖാദര്‍ എന്നിവരും ഈ പഞ്ചായത്തിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളായിരുന്നു. കലാകായിക സാംസ്കാരിക രംഗങ്ങളില്‍ പ്രോല്‍സാഹനം നല്‍കുന്ന വിവിധ സംഘടനകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. തൃത്തല്ലൂര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്ബ്, കാവിലക്കാട് സുപ്രഭാത് കലാസംഘം, മുട്ടന്നൂര്‍ ഇസ്ളാമിക് കള്‍ച്ചറല്‍ സെന്റര്‍ തുടങ്ങി 14 സമിതികള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. പുറത്തൂര്‍ പഞ്ചായത്തിലെ ആരോഗ്യപരിപാലന രംഗത്ത് വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പുറത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെയാണ് ജനങ്ങള്‍ അലോപ്പതി ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. ചേന്നരയില്‍ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി പ്രവര്‍ത്തിക്കുന്നു. കാവിലക്കാട് ആയുര്‍വ്വേദ ആശുപത്രി സ്ഥിതിചെയ്യുന്നു. കൂടാതെ മൂന്നു സ്വകാര്യ ആയുര്‍വേദ ക്ളിനിക്കുകളും ഒരു ഹോമിയോ ആശുപത്രിയും പഞ്ചായത്തിലെ ആരോഗ്യപരിപാലനരംഗത്തുണ്ട്. സി.എച്ച്.സി. യില്‍ നിന്നള്ള ആംബുലന്‍സ് സേവനം പഞ്ചായത്തില്‍ ലഭ്യമാണ്.പുറത്തൂര്‍ പള്ളിക്കൂടത്തിനു സമീപം മൃഗസംരക്ഷണ ഗവേഷണ വകുപ്പിന്റെ കീഴിലുള്ള ഒരു മൃഗാശുപത്രി പ്രവര്‍ത്തിക്കുന്നു.1930 കളില്‍ നിലവില്‍ വന്ന പ്രൈമറി വിദ്യാലയങ്ങളില്‍ നിന്നാണ് പുറത്തൂര്‍ പഞ്ചായത്തില്‍ ആധുനിക വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുന്നത്. ഇന്ന് വിദ്യാഭ്യാസരംഗത്ത് 10 വിദ്യാലയങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. പുറത്തൂര്‍ ജി.എച്ച്.എസ്, ജി.യു.പി.എസ്, ജി.ഡബ്ളിയു. എല്‍.പി.എസ്, എടക്കനാട് ജി.എം.യു.പി.എസ്, മുട്ടന്നൂര്‍ ജി.എം.എല്‍.പി.എസ് എന്നിവയാണ് സര്‍ക്കാര്‍ മേഖലയുലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. സ്വകാര്യ മേഖലയില്‍ 4 എല്‍.പി. സ്ക്കൂളുകളും, ഒരു യു.പി.സ്ക്കൂളും പ്രവര്‍ത്തിക്കുന്നു. ശിശുക്ഷേമരംഗത്ത് ഈ പഞ്ചായത്തില്‍ 30 അംഗന്‍വാടികള്‍ പ്രവര്‍ത്തിക്കുന്നു.ചേന്നര യുവജന സാംസ്കാരിക വേദി ഗ്രന്ഥാലയം, പുതുപ്പള്ളി വായനശാല & ഗ്രന്ഥാലയം, പുറത്തൂര്‍ ഗ്രന്ഥാലയം, എന്നിവയാണ് പഞ്ചായത്തിലുള്ള പ്രധാന ഗ്രന്ഥാലയങ്ങള്‍. തൃത്തല്ലൂര്‍ ഗ്രാമീണ വായനശാല, പുറത്തൂര്‍ പഞ്ചായത്ത് ഗ്രാമീണ വായനശാല, നളന്ദ വായനശാല, സര്‍ഗാലയം വായനശാല, സനാതനം വായനശാല എന്നിവയും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു.ഭയങ്കാവ്  ഭഗവതിക്ഷേത്രം വക ഒരു കല്ല്യാണമണ്ഡപവും പുറത്തൂര്‍ പഞ്ചായത്തിലുണ്ട്. ആലത്തിയൂരാണ് വൈദ്യൂതി ബോര്‍ഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. വാട്ടര്‍ അതോറിറ്റി ഓഫീസ് തിരൂര്‍ സ്ഥിതിചെയ്യുന്നു. കാവിലക്കാടാണ് പഞ്ചായത്തിലെ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കാര്‍ഷികരംഗത്തെ സേവനങ്ങള്‍ക്കായി കാവിലക്കാട് ഒരു കൃഷിഭവന്‍ പ്രവര്‍ത്തിക്കുന്നു. പടിഞ്ഞാറേക്കരയാണ് മത്സ്യഭവന്‍ പ്രവര്‍ത്തിക്കുന്നത്. തിരൂരിലാണ് പോലീസ് സ്റ്റ്റേഷന്‍ ഉള്ളത്. കാവിലക്കാട്, മുട്ടന്നൂര്‍, തൃത്തല്ലൂര്‍, പടിഞ്ഞാറേക്കര എന്നിവിടങ്ങളില്‍ തപാല്‍ ഓഫീസുകള്‍ സ്ഥിതിചെയ്യുന്നു. കാവിലക്കാടാണ് ടെലഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നത്. 168 കുടുംബശ്രീ യൂണിറ്റുകളും പുതുപ്പറമ്പ്, കാവിലക്കാട് എന്നിവിടങ്ങളില്‍ അക്ഷയകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു.സഹകരണമേഖലയില്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനമാണ് പുറത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്. പഞ്ചായത്തിലെ വ്യവസായ, ക്ഷീര, വനിത, മത്സ്യമേഖലകളില്‍ സഹകരണസംഘങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.