പുറത്തൂര്‍

മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍, തിരൂര്‍ ബ്ളോക്കിലാണ് പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മംഗലം, പുറത്തൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പുറത്തൂര്‍ ഗ്രാമപഞ്ചായത്തിനു 19.15 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് മംഗലം, തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തുകള്‍, തെക്ക് പൊന്നാനി മുനിസിപ്പാലിറ്റി, കിഴക്ക് തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത്, പൊന്നാനി മുനിസിപ്പാലിറ്റി, പടിഞ്ഞാറ് അറബിക്കടല്‍ എന്നിവയാണ്. അറബിക്കടലിന്റെയും, ഭാരതപ്പുഴയുടെയും തലോടലേറ്റ് സ്ഥിതി ചെയ്യുന്ന പുറത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗത്ത് തിരൂര്‍-പൊന്നാനി പുഴയും ഒഴുകുന്നു. നീണ്ട കടപ്പുറവും, തെക്കന്‍ പ്രദേശങ്ങളിലുടെ ഒഴുകി അഴിമുഖത്തു ചേരുന്ന ഭാരതപ്പുഴയും, അതിന്റെ കൈവഴിയായ തിരൂര്‍-പൊന്നാനി പുഴയുമൊക്കെ ഇവിടുത്തെ ഗ്രാമീണ സംസ്ക്കാരത്തെ ഒരു പരിധി വരെ സ്വാധീനിച്ചിട്ടുണ്ട്. ഒന്നിലും പെടാതെ, ആര്‍ക്കും പ്രത്യേകിച്ച് മേല്‍ക്കോയ്മതാല്‍പ്പര്യങ്ങളൊന്നുമില്ലാതിരുന്ന, ആരുടേയും ഭരണനിയന്ത്രണങ്ങളും ഇല്ലാതിരുന്ന, വിഭവ സമൃദ്ധമല്ലായിരുന്ന ഈ ദരിദ്രഗ്രാമം അതുകൊണ്ടുതന്നെ, “പുറത്തുള്ള ഒരു ഊര്” എന്ന നിലയ്ക്കാണ് അറിയപ്പെട്ടിരുന്നത്. ഈ പ്രയോഗം ലോപിച്ച് ഒടുവില്‍ “പുറത്തൂര്‍” ആയിമാറി. പഞ്ചായത്തിന്റെ മൊത്തം വിസ്തീര്‍ണ്ണം 6128 ഏക്കറും 20 സെന്റുമാണെന്നു കണക്കാക്കിയിരിക്കുന്നു. തിരൂര്‍-പൊന്നാനി പുഴയില്‍ ഈ പഞ്ചായത്തിന്റെ ഭാഗമായ 20 ഏക്കറോളം വിസ്തീര്‍ണ്ണമുള്ള മുരിക്കിന്‍മാടു ദ്വീപു സ്ഥിതിചെയ്യുന്നു. അറബിക്കടലിന്റേയും പുഴകളുടേയും സാമീപ്യം കൊണ്ടും, പച്ചപ്പട്ട് പുതച്ച വയലേലകളും, തെങ്ങിന്‍തോപ്പുകളും നിറഞ്ഞും രമണീയമായ ഭൂപ്രകൃതിയാണ് പുറത്തൂര്‍ പഞ്ചായത്തിന്റേത്. ഈ തീരദേശം സംസ്കാരികമായും സാമ്പത്തികമായും വളരെ പിന്നിലാണ്. എഴുന്നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് വെട്ടത്തുരാജാക്കന്മാരുടെ ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ് ഭയങ്കാവ് ഭഗവതി ക്ഷേത്രം. അറബിക്കടലിനും തിരൂര്‍-പൊന്നാനിപ്പുഴയ്ക്കുമിടയിലായി പടിഞ്ഞാറെക്കര ഭാഗത്ത് 200-ല്‍ പരം വര്‍ഷം പഴക്കമുള്ള കാട്ടിലപ്പള്ളി ജുമാമസ്ജിദ് സ്ഥിതിചെയ്യുന്നു. മുട്ടന്നൂര്‍ ജുമാമസ്ജിദ് ആണ് ഏറ്റവും പഴക്കം ചെന്ന മുസ്ളീംപള്ളി എന്ന് പറയപ്പെടുന്നു.