പുറമേരി

കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കില്‍ തൂണേരി ബ്ളോക്ക് പരിധിയില്‍ പുറമേരി വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് പുറമേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 20.27 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് നാദാപുരം, കുന്നുമ്മല്‍, തൂണേരി ഗ്രാമപഞ്ചായത്തുകള്‍, കിഴക്ക് കുറ്റ്യാടി, വേളം ഗ്രാമപഞ്ചായത്തുകള്‍, തെക്ക് വേളം, ആയഞ്ചരി ഗ്രാമപഞ്ചായത്തുകള്‍, പടിഞ്ഞാറ് എടച്ചേരി, ഏറാമല ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ്. ഇന്നത്തെ പുറമേരി ഗ്രമപഞ്ചായത്തിന്റെ പുറമേരി ഭാഗം വെള്ളൂര്‍ പഞ്ചായത്തില്‍ പെട്ടതായിരുന്നു. 1953-ല്‍ നടന്ന കൈപൊക്കി വോട്ടിംഗിലൂടെ പ്രസിഡന്റായി ടി.സി.രൈരുക്കുറുപ്പ് തെരഞ്ഞെടുക്കപ്പെട്ടു. 1963-ലെ പുനസംഘടനയിലൂടെ പുറംമേരി, വിലാതപുരം, കുനിങ്ങാട്, മുതുവടത്തൂര്‍, എളയടം, പെരുമുണ്ടച്ചേരി, അരൂര്‍ എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുറമേരി പഞ്ചായത്ത് രൂപീകൃതമായി. ബാലറ്റ് പേപ്പര്‍ അടിസ്ഥാനത്തില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ പി.കുഞ്ഞിക്കേളു അടിയോടി പുറമേരി പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തച്ചോളി ഒതേനനെയും ഉണ്ണിയാര്‍ച്ചയേയും പുകഴ്ത്തുന്ന വടക്കന്‍ വീരഗാഥയോടൊപ്പം ഉദയവര്‍മ്മത്തമ്പുരാനിലൂടെ ദേശീയ പ്രസ്ഥാനത്തിന്റെ അലയൊലികളും ഇവിടെ കേട്ടുതുടങ്ങി. നാദാപുരത്തെ മുന്‍ എം.എല്‍.എ ഇ.കെ.ശങ്കരവര്‍മ്മരാജയായിരുന്നു വടകര വെച്ച് നടന്ന കേരള സംസ്ഥാന കോണ്‍ഗ്രസ് സമ്മേളനത്തിന്റെ സെക്രട്ടറി. അദ്ദേഹത്തിന്റെ മകള്‍ കൌമുദി തമ്പുരാട്ടി തന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ മുഴുവന്‍ 1924-ല്‍ ഗാന്ധിജി വടകര സന്ദര്‍ശിച്ചപ്പോള്‍ അഴിച്ചുകൊടുത്ത സംഭവചരിത്രം എന്നും കേരളം ഓര്‍ക്കുന്ന സംഭവമാണ്.. രാഷ്ട്രീയ അധികാരമല്ല സംസ്ക്കാരിക പ്രഭാവമായിരുന്നു കടത്തനാട് രാജവംശത്തിന്റെ മുഖമുദ്ര. അവര്‍ പൊതുവെ വിദ്വാന്‍മാരായിരുന്നു. രവിവര്‍മ്മ, ലക്ഷ്മി രാജ്ഞി, ഉദയവര്‍മ്മ, ശങ്കരവര്‍മ്മ, തുടങ്ങിയ പേരുകള്‍ ഇക്കൂട്ടത്തില്‍ തിളങ്ങി നില്‍ക്കുന്നു. തായമ്പകയുടേയും കഥകളിയുടെയും ഭരതനാട്യത്തിന്റേയും സാന്ദ്രമധുരമായ അനുഭൂതികളോടൊപ്പം ചെണ്ടമേളത്തിന്റെയും, തിറയാട്ടത്തിന്റെയും സംഗീതത്തിന്റെയും താള വീചികളും പുറമേരിയുടെ ധന്യപാരമ്പര്യത്തിന് ഇഴയിടുന്നു. കുറ്റിപ്പുറം കോവിലകം ആസ്ഥാനമായി പ്രവര്‍ത്തിച്ച കേരളത്തിലെ ഏറ്റവും വലിയ കഥകളി സംഘത്തിന്റെ ഒരു സ്ഥിരം ശാഖ പുറമേരിയില്‍ ഉണ്ടായിരുന്നു. പ്രസിദ്ധരായ കഥകളി ആചാര്യന്മാരായിരുന്നു വെളളത്താടി കടത്തനാട് ശങ്കരന്‍ നായര്‍, കടത്തനാട് രാമുണ്ണി നായര്‍, സ്ത്രീവേഷ വിദഗ്ദ്ധന്‍ മൊളേരി നാരായണന്‍ നമ്പൂതിരി, ആശാന്‍ കൊച്ചു ഗോവിന്ദന്‍ എന്നിവര്‍. പുറമേരിയിലും, കുറ്റിപ്പുറത്തും പ്രവര്‍ത്തിച്ചിരുന്ന കഥകളി സംഘങ്ങളാണ് മഹാകവി വള്ളത്തോളിന് കലാമണ്ഡലം സ്ഥാപിക്കാന്‍ പ്രചോദനം നല്‍കിയതെന്ന് പറയപ്പെടുന്നു.