ചരിത്രം

പ്രാദേശിക ചരിത്രം

പഴയ മലബാര്‍ ജില്ലയില്‍ കുറമ്പ്രനാട് താലൂക്കില്‍ ചരിത്രപ്രസിദ്ധമായ കടത്തനാട് രാജവംശത്തിന്റെ ഭരണമേഖലയില്‍ പെട്ടതായിരുന്നു ഇന്നത്തെ പുറമേരി ഗ്രാമപഞ്ചായത്തിന്റെ മുഴുവന്‍ ഭാഗവും. കടത്തനാട് പണ്ട് കോലത്തുനാടിന്റെ ഭാഗമായിരുന്നു 458 വര്‍ഷം നീണ്ടു നിന്ന യുദ്ധത്തിലൂടെ സാമൂതിരി പോളനാട് കീഴടക്കിയപ്പോള്‍ പോളത്തിരിക്കും കുടുംബത്തിനും കോലത്തിരി അഭയം നല്‍കി. ഒരു കോലത്തിരി രാജകുമാരന്‍ ഒരു പോളത്തിരി രാജകുമാരിയെ വിവാഹം കഴിക്കുകയും ചെയ്തു. ആ ദമ്പതികള്‍ക്ക് കോലത്തിരി രാജാവ് നല്‍കിയതാണ് ഈ പുറമേരി ഉള്‍പ്പെട്ട കടത്തനാട് എന്നു പറയപ്പെടുന്നു. പുറം എന്ന വിശേഷ വാചിയും ഏരി എന്ന സാമാന്യ വാചിയും ചേര്‍ന്ന് പുറമേരി എന്ന പേര് ഉണ്ടായതാവാമെന്ന് അനുമാനിക്കുന്നു. മലയോട് ചേര്‍ന്ന കരനിലമെന്നാ ജലസേചന സൌകര്യമുള്ള വലിയ ചിറയോട് കൂടിയ കൃഷിസ്ഥലമെന്നാ ആവാം ഇതിന്റെ അര്‍ത്ഥം. 1896-ല്‍ കടത്തനാട് ഉദയവര്‍മ്മ രാജ, പുറമേരിയുടെ ഹൃദയഭാഗത്ത് ഒരു സ്ക്കൂള്‍ സ്ഥാപിച്ചതോടെയാണ് പുറമേരിയുടെ ആധുനിക ചരിത്രം ആരംഭിക്കുന്നത്. തന്റെ ആവാസ സ്ഥാനമായ ആറോത്ത് മഠത്തില്‍ എളിയ നിലയില്‍ ആരംഭിച്ച പാഠശാലയില്‍ നിന്നാണ് ഈ സ്ഥാപനത്തിന്റെ തുടക്കം. അയിത്തക്കാരായി അവഗണിക്കപ്പെട്ടിരിക്കുന്നവര്‍ക്കുകൂടി ഉപയോഗപ്പെടണം എന്ന ഉദ്ദേശ്യത്തോടെയാണ് ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റിയത്. അരൂരിലെ പ്രസിദ്ധ സ്വാതന്ത്ര്യസമരസേനാനി കിഴക്കേടത്ത് കൃഷ്ണന്‍ അടിയോടി ശക്തിമന്ദിരം എന്ന പേരില്‍ വലിയൊരു ഓലഷെഡ് കെട്ടി മലബാറിലെ അറിയപ്പെടുന്ന സ്വാതന്ത്ര്യ സമരസേനാനികളെയും നൂറ് കണക്കിന് ഹരിജനങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട് മിശ്രഭോജനം നടത്തിയത് അക്കാലത്തെ പ്രധാന സംഭവമായിരുന്നു. പുറമേരിയിലെ അറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനിയായിരുന്ന നടുക്കണ്ടിയില്‍ അപ്പു അടിയോടി. സുഭാഷ്ചന്ദ്രബോസിന്റെ ഐ.എന്‍.എ.യിലെ അംഗമായിരുന്നു. ബര്‍മ്മയിലേക്ക് നാട് കടത്തപ്പെട്ട അദ്ദേഹത്തിന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമേ തിരിച്ചുവരാന്‍ സാധിച്ചുള്ളൂ.

കാര്‍ഷിക ചരിത്രം

അറിയപ്പെടുന്ന ചരിത്ര വസ്തുതകള്‍ അനുസരിച്ച് പതിനാലാം നൂറ്റാണ്ടിന് ശേഷമാണ് വ്യാപകമായ തോതില്‍ കൃഷി ആരംഭിച്ചത്. കടത്തനാട്ട് രാജാക്കന്മാരുടെ അധീനതയിലായിരുന്നു അധിക ഭൂമിയും. ഭൂമി ഇഷ്ടക്കാര്‍ക്കും സ്വന്തക്കാര്‍ക്കും വിട്ടു കൊടുത്ത് ഭരണകര്‍ത്താക്കള്‍ കൃഷി വ്യാപകമാക്കി. പിന്നീട് ഘട്ടംഘട്ടമായി മറ്റുള്ളവരിലേക്ക് ഭൂമി കൈമാറ്റം ചെയ്യുന്ന സമ്പ്രദായം നിലവില്‍ വന്നു. അക്കാലത്ത് പ്രധാനമായും നെല്‍കൃഷിയാണ് ഉണ്ടായിരുന്നത്.ജന്മിത്വത്തിന്റെ ക്രൂരത അനുഭവിച്ചിരുന്ന കര്‍ഷകര്‍ അന്നീ പഞ്ചായത്തിലുണ്ടായിരുന്നു. അതുകൊണ്ടാണ് ഭൂമിയില്‍ അധ്വാനിച്ചിരുന്നവര്‍ക്ക് അതിന്റെ ഫലം അനുഭവിക്കാന്‍ കഴിയാതെ പോയത്. ആ സാമൂഹ്യ മാനസിക ചരിത്രം മനസ്സില്‍ കണ്ടു കൊണ്ടാണ് ചങ്ങമ്പുഴ വാഴക്കുല എന്ന കൃതി എഴുതിയത്. പില്‍ക്കാലത്ത് ഉടമവ്യവസ്ഥിതിയില്‍ മാറ്റമുണ്ടാവുകയും ഇടക്കാലത്ത് വാരം പാട്ടം സമ്പ്രദായത്തിലേക്ക് മാറുകയും ചെയ്തു. ഭൂപരിഷ്കരണ നിയമം നടപ്പിലായതോടു കൂടി കൃഷിഭൂമി കൃഷിക്കാര്‍ക്ക് സ്വന്തമായി ലഭിച്ചു. കാര്‍ഷിക മേഖലയില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ക്കത് കാരണമായി.കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് തയ്യാറാക്കിയ ലാന്‍ഡ് റിസോഴ്സ് ഓഫ് കേരള എന്ന പുസ്തകത്തിലെ രേഖകള്‍ പ്രകാരം ഈ പഞ്ചായത്ത് വടക്കന്‍ മധ്യമേഖലയില്‍ ഉള്‍പ്പെടുന്നതായി കാണുന്നു.

വിദ്യാഭ്യാസ ചരിത്രം

കടത്തനാട്ട് ഉദയവര്‍മ്മരാജയുടെ ദീര്‍ഘവീക്ഷണവും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന പ്രവര്‍ത്തനവും ശ്രീനാരായണഗുരു, വാഗ്ഭടാനന്ദ സ്വാമികള്‍ എന്നിവരുടെ ശ്രമഫലമായി നടന്ന സാമൂഹിക പരിഷ്കരണ പ്രവര്‍ത്തനവും പുറമേരിയിലെ വിദ്യാഭ്യാസ രംഗത്തെ സമ്പുഷ്ടമാക്കി. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന ഹിന്ദി പ്രചാരസഭയുടെ പ്രവര്‍ത്തനവും ഇവിടുത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തെ സഹായിച്ചിട്ടുണ്ട്. പഴയകാലത്തെ ഗ്രന്ഥാലയങ്ങളും, വായനശാലകളും, ആറോത്ത് മഠത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കവനോദയം പ്രസ്സും മലബാറിലെ അദ്ധ്യാപക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനവും വിദ്യാഭ്യാസ മേഖലയ്ക്ക് ഉത്തേജനം നല്‍കി. ഇതിന്റെയെല്ലാം ഫലമായി സ്വാതന്ത്ര്യം ലഭിക്കും മുമ്പ് തന്നെ പല പ്രാഥമിക വിദ്യാലയങ്ങളും ഓത്ത് പുരകളും പുറമേരി പഞ്ചായത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിക്കപ്പെട്ടിരുന്നു. വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നിലായ മുസ്ളീം സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്ക് വേണ്ടി സ്ഥാപിച്ച ഓത്ത് പുരകളോട് അനുബന്ധിച്ച് വിദ്യാഭ്യാസ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. ഇത്തരം ഓത്ത് പുരകള്‍ പില്‍ക്കാലത്ത് മാപ്പിള സ്ക്കൂളുകള്‍ എന്ന പേരില്‍ അറിയപ്പെടാനും തുടങ്ങി. തുടര്‍ന്ന് ഗവണ്‍മെന്റ് നിര്‍ദ്ദേശപ്രകാരം ഓത്ത് പുരകള്‍ മദ്രസ്സ എന്ന പേരില്‍ അറിയപ്പെടാനും തുടങ്ങി. കടത്തനാട്ട് ഉദയവര്‍മ്മരാജയാണ് 1896-ല്‍ പുറമേരിയില്‍ ആദ്യമായി പ്രാഥമിക സ്ക്കൂള്‍ സ്ഥാപിച്ചത്. യാഥാസ്ഥിതികരുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് ഈഴവ സമുദായക്കാരനായ ശേഖരനെ പ്രധാന അദ്ധ്യാപകനായി നിയമിച്ചത് അവിസ്മരണീയമാണ്. പടിപടിയായി ഉയര്‍ന്ന പ്രസ്തുത സ്ഥാപനം 1936-ല്‍ ഹൈസ്ക്കൂളായി. സ്ക്കൂളിന്റെ വളര്‍ച്ചയില്‍ ദീര്‍ഘകാലം ഹെഡ്മാസ്റ്റര്‍ ആയിരുന്ന കെ.കെ.നമ്പ്യാര്‍ വഹിച്ച പങ്ക് വിലപ്പെട്ടതാണ്. ഈ വിദ്യാലയത്തിന്റെ ഭാഗമായുള്ള വിശാലമായ മൈതാനം നിരവധി കായികതാരങ്ങളെ വളര്‍ത്തിയിട്ടുണ്ട്. ഒളിമ്പ്യന്‍ അബ്ദുറഹിമാനേയും, ഇരിങ്ങല്‍ പപ്പന്‍ തുടങ്ങിയവരെ വാര്‍ത്തെടുത്തതും, പി.ടി. ഉഷയെ കണ്ടെത്തിയതും ഇവിടെ വച്ചായിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സാന്നിദ്ധ്യം പുറമേരിയില്‍ ഉണ്ടാവാന്‍ അവസരം ഒരുക്കിയതും ഈ മൈതാനിയാണ്. ഗാന്ധി ശിഷ്യനായ വിനോബാജിയും, ജയപ്രകാശും, ഭൂദാന യജ്ഞയാത്രക്കിടയില്‍ ഈ വിദ്യാലയത്തില്‍ ക്യാമ്പ് ചെയ്തിട്ടുണ്ട്.

സാംസ്ക്കാരിക ചരിത്രം

ദീര്‍ഘകാലത്തെ സാംസ്ക്കാരിക പാരമ്പര്യമുള്ളതാണ് പുറമേരി. പഞ്ചായത്ത്. കടത്തനാട് രാജാഹൈസ്ക്കൂള്‍ സ്ഥാപിച്ചതോടെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനും ആക്കം കൂടി. ഈ വിദ്യാലയ സ്ഥാപകനും, പ്രശസ്ത സാഹിത്യകാരനുമായ ഉദയവര്‍മ്മ ഇളയരാജയുടെ കാലഘട്ടം പുറമേരിയെ സംബന്ധിച്ചിടത്തോളം കല, സാഹിത്യം, സംസ്കാരം എന്നിവയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. മലയാള സാഹിത്യത്തിന്റെയും കഥകളിയുടെയും വളര്‍ത്തില്ലമായിരുന്നു പുറമേരി. പുറമേരിയില്‍ ദേശീയ പ്രസ്ഥാനം ശക്തമായതോടെ അനൌപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും വളര്‍ന്നു തുടങ്ങി. ഉദയവര്‍മ്മരാജയുടെ കവിസദസ്സിലെ പ്രസിദ്ധരായിരുന്നു കെ.സി.നാരായണന്‍ നമ്പ്യാര്‍. കടത്തനാട്ട് കൃഷ്ണന്‍ വാര്യര്‍, കടത്തനാട്ട് ശങ്കര വാര്യര്‍ തുടങ്ങിയവര്‍. കേരളത്തിന്റെ യുദ്ധമുറ അഭ്യസിപ്പിക്കാന്‍ ഉദയപുരം ക്ഷേത്രത്തിനുസമീപം പ്രസിദ്ധമായ ഒരു കളരി ഉണ്ടായിരുന്നു. തച്ചോളി ഒതേനന്റെ കുടുംബാംഗങ്ങള്‍ അവിടെ പരിശീലനം നല്‍കിയിരുന്നു. പുറമേരി കാരാട്ട് ക്ഷേത്രത്തില്‍ അക്ഷരശ്ളോക സദസ്സ് നടത്തപ്പെട്ടിരുന്നു. കൊല്ലത്തിലൊരിക്കല്‍ ഉത്സവത്തോട് അനുബന്ധിച്ച് അക്ഷരശ്ളോക സദസ്സ് നടത്തപ്പെടുകയും അതില്‍ ഒന്നാം സമ്മാനം ലഭിക്കുന്ന ആള്‍ക്ക് സ്വര്‍ണ്ണമോതിരവും, രണ്ടാം സമ്മാനം ലഭിക്കുന്ന ആള്‍ക്ക് വെള്ളി മോതിരവും ഉദയവര്‍മ്മരാജ സമ്മാനിച്ചിരുന്നു. വടക്കേ മലബാറിലെ ആദ്യത്തെ മാസിക പുറമേരിയില്‍ നിന്നാണ് പ്രസിദ്ധീകരിച്ചത്. ആറോത്ത് മഠത്തിലെ കവനോദയം പ്രസ്സില്‍ നിന്ന് അച്ചടിച്ച് പുറത്തിറക്കിയ ജനരഞ്ജിനി എന്ന മാസികയുടെ പത്രാധിപര്‍ അന്ന് വെറും പതിനെട്ട് വയസ്സു മാത്രമുള്ള കവി കെ.സി.നാരായണന്‍ നമ്പ്യാരായിരുന്നു. പ്രസിദ്ധ സംസ്കൃത പണ്ഡിതന്‍ വെള്ളാനിശ്ശേരി മൂസതിന്റെ മലയാള നാടകം ജനരഞ്ജിനി വിജയം പ്രസിദ്ധീകരിച്ചതും ഇവിടെ തന്നെ. മഹാകവി വള്ളത്തോളിന്റെ കവിതാ സമാഹാരമായ ഋതുവിലാസം വെളിച്ചം കണ്ടതും പുറമേരിയിലാണ്. കവനോദയം എന്ന പേരില്‍ മറ്റൊരു മാസികയും സാരോദയം എന്ന പേരില്‍ ദിനപത്രവും ഇവിടെ നിന്ന് പ്രസിദ്ധീകരിച്ചിരുന്നു.