പുന്നയൂര്‍ക്കുളം

തൃശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍ ചാവക്കാട് ബ്ളോക്കിലാണ് പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.പുന്നയൂര്‍ക്കുളം വില്ലേജിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിന് 18.71 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 19 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് പഞ്ചായത്തും, കിഴക്കുഭാഗത്ത് കാട്ടകാമ്പാല്‍, വടക്കേക്കാട് പഞ്ചായത്തുകളും, തെക്കുഭാഗത്ത് പുന്നയൂര്‍, വടക്കേക്കാട് പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമാണ്. പഴയ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ ഉള്‍പ്പെട്ടിരുന്ന പ്രദേശമായിരുന്ന പുന്നയൂര്‍ക്കുളം പിന്നീട് ആറ്റുപുറം, അണ്ടത്തോട് എന്നീ രണ്ടു പഞ്ചായത്തുകളായി വിഭജിച്ചുകിടക്കുകയായിരുന്നു. 1962-ലാണ് ഇന്ന് നിലവിലുള്ള ഏകീകൃത പുന്നയൂര്‍ക്കുളം പഞ്ചായത്തായി മാറിയത്.ആദ്യം കോഴിക്കോട് ജില്ലയിലും പിന്നീട് 1956-നു ശേഷം പാലക്കാട് ജില്ലയിലും ഉള്‍പ്പെട്ടിരുന്ന പുന്നയൂര്‍ക്കുളം പഞ്ചായത്ത് 1970-കള്‍ക്കുശേഷമാണ് തൃശൂര്‍ ജില്ലയിലായത്. മലയാളസാഹിത്യമണ്ഡലത്തിന്റെ തറവാടാണ് പുന്നയൂര്‍ക്കുളം നാലാപ്പാട് എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. പുന്നയൂര്‍ക്കുളത്തിന്റെ മണ്ണില്‍ ജനിച്ചുവളര്‍ന്ന് സാഹിത്യ-സാംസ്കാരിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കിയ നാലപ്പാട്ട് നാരായണമേനോന്‍,ബാലാമണിയമ്മ,കമലാസുരയ്യ(മാധവിക്കുട്ടി) എന്നിവര്‍ ഈ ഗ്രാമത്തിന്റെ പ്രശസ്തി ലോകം മുഴുവന്‍ എത്തിച്ചവരാണ്.വിക്ടര്‍ഹ്യൂഗോയുടെ പാവങ്ങള്‍ എന്ന വിശ്വവിഖ്യാതമായ നോവല്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത് നാലാപ്പാട്ട് നാരായണമേനോനാണ്. മലയാളത്തിന്റെ അമ്മയായ ബാലാമണിയമ്മ എന്ന കവയിത്രിയെ രാഷ്ട്രം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. മകളാകട്ടെ മാധവിക്കുട്ടി, കമലാദാസ് എന്നീ പേരുകളില്‍ കഥയും കവിതകളുമെഴുതി ലോകപ്രശസ്തയായി പുന്നയൂര്‍ക്കുളത്തിന്റെയും മലയാളമണ്ണിന്റെയും ഖ്യാതി ലോകമെങ്ങുമെത്തിച്ചു. തെക്കേമലബാറിലെ വളരെ പ്രശസ്തമായ കളരിത്തറവാടായ ചെറായി കളരി ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.ചെറായി പണിക്കന്മാര്‍ നടത്തിയിരുന്ന ഈ കളരിയില്‍ സാക്ഷാല്‍ ഒതേനന്‍ ആയുധവിദ്യ അഭ്യസിക്കാന്‍ എത്തിയിരുന്നതായി ചരിത്രസൂചനയുണ്ട്. നാട്ടില്‍ നിന്ന് പഠനം കഴിഞ്ഞ ഒതേനന്‍ ഉപരിപഠനാര്‍ത്ഥം രണ്ടുവര്‍ഷം കൊല്ലം ചെറായി കളരിയില്‍ ആയുധവിദ്യ അഭ്യസിച്ചിട്ടുണ്ട്. ചില അപൂര്‍വ്വ വിദ്യകള്‍ പഠിക്കാനായിരുന്നു ഒതേനന്‍ ഇവിടെ വന്നത്. ഇതില്‍ നിന്നും മനസിലാവുന്ന വസ്തുത, ചെറായി കളരിയുടെ പ്രശസ്തി വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ വടക്കേമലബാറിലും എത്തിയിരുന്നു എന്നാണ്. കേരളത്തില്‍ ഏറ്റവുമധികം രാമച്ചം കൃഷി ചെയ്ത് അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റിയയ്ക്കുന്ന ഗ്രാമങ്ങളിലൊന്നാണ് പുന്നയൂര്‍ക്കുളം. ഉപ്പുങ്ങല്‍ പ്രദേശം വര്‍ണമനോഹരമായ നിരവധി ഇനം പക്ഷികളുടെ വിഹാരകേന്ദ്രമാണ്. ആയിരക്കണക്കിനു ദേശാടനപക്ഷികളുടെ സംഗമഭൂമിയാണ് പ്രസ്തുത പ്രദേശം.