ചരിത്രം

സാമൂഹ്യചരിത്രം

പുന്നപ്ര നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ബുദ്ധമത വിശ്വാസികളുടെ കേന്ദ്രമായിരുന്നു. പുരാതന ആരാധനാലയമായ അറവുകാട് ക്ഷേത്രത്തിന്റെ മൂലക്ഷേത്രമായ മറുതാച്ചിക്കല്‍ ക്ഷേത്രം ബുദ്ധമത വിശ്വാസികളുടേതായിരുന്നു എന്നത് ഈ വാമൊഴിയ്ക്ക് പിന്‍ബലമേകുന്നു. ശ്രീനാരായണ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴ കിട്ടുവാശാന്‍ വൈദ്യനാണ് പ്രസിദ്ധമായ ആയുര്‍വേദ നിഘണ്ടുവിന്റെ കര്‍ത്താവ്. ആത്മീയ നവോത്ഥാന നായകന്‍ വാഗ്ഭടാനന്ദ സ്വാമികളുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ആത്മവിദ്യാ സംഘത്തിന്റെ പ്രവര്‍ത്തനം 1093-ല്‍ ഇവിടെ ആരംഭിച്ചു. മിശ്രഭോജനം, ഹരിജനോദ്ധാരണം തുടങ്ങിയവയായിരുന്നു സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. 1113-ല്‍ ആത്മവിദ്യാ സംഘത്തിന്റെ വളരെ ചരിത്രപ്രാധാന്യമുള്ള ഒരു സമ്മേളനത്തിന് പുന്നപ്ര സാക്ഷ്യം വഹിച്ചു. 1859-ല്‍ ലണ്ടന്‍ മിഷന്‍ സൊസൈറ്റി സ്ഥാപിച്ച വിദ്യാലയമാണ് ഇന്നത്തെ പറവൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍. ഈ വിദ്യാലയമായിരുന്നു സാഹിത്യ പഞ്ചാനന്ദന്‍ പി.കെ.നാരായണപിള്ളയുടെ ആദ്യ പഠനകളരി. ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെ അമ്മയായ മഹാറാണി സേതുപാര്‍വ്വതീ ഭായി തമ്പുരാട്ടിയുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച ശുദ്ധജല വിതരണപദ്ധതി പഞ്ചായത്തിലെ ആദ്യജലസേചന പദ്ധതിയായിരുന്നു. ആലപ്പുഴയിലെ വന്‍കിട കയര്‍ ഫാക്ടറികളില്‍ ഒന്നായിരുന്ന ഡാറാ-ഇസ്മയില്‍ കമ്പനിയുടെ സ്ഥാപകനും ആലപ്പുഴ മാര്‍ക്കറ്റിന്റെ ശില്‍പ്പിയും അമേരിക്കക്കാരനുമായ ഡാറാ സായിപ്പാണ് പുന്നപ്രയില്‍ ശാസ്ത്രീയ തെങ്ങുകൃഷി പ്രചരിപ്പിച്ചത്. ആലപ്പുഴ-അമ്പലപ്പുഴ രാജപാത (ദേശീയപാത)യുടെ പ്രാരംഭ സര്‍വേ നടത്തിയതും ഗ്രാമത്തില്‍ ആദ്യത്തെ മോട്ടോര്‍കാര്‍ കൊണ്ടുവന്നതും പറവൂരില്‍ താമസിച്ചിരുന്ന ഇദ്ദേഹമാണ്. ശാസ്ത്രീയ തെങ്ങുകൃഷി നടപ്പാക്കുന്നതിന് അദ്ദേഹം തിരഞ്ഞെടുത്ത വളപ്പു (കൃഷിയിടം)കളാണ് ഇന്ന് ആയിരം തൈവളപ്പ്, ലളിതവളപ്പ്, കുന്നവളപ്പ് എന്നീ പേരുകളിലറിയപ്പെടുന്നത്. രാജപാതയുടെ ഇരുവശങ്ങളിലും തണല്‍മരമായി കാറ്റാടി വച്ചുപിടിച്ചതും ഡാറാ സായിപ്പാണ്. ഇതിനായി കാറ്റാടി തൈകള്‍ പാകി മുളപ്പിച്ച സ്ഥലമാണ് ഇന്ന് കാറ്റാടി വളപ്പാടി എന്നറിയപ്പെടുന്നത്. പഞ്ചായത്തിന്റെ പ്രാരംഭ രൂപമായിരുന്ന പുന്നപ്ര വില്ലേജു യൂണിയന്‍ 17-02-1949-ല്‍ നിലവില്‍ വന്നു. കൊ.വ.1116-ലെ വില്ലേജു യൂണിയന്‍ ആക്ട് അനുസരിച്ച് നോമിമേറ്റ് ചെയ്യപ്പെട്ട ഭരണസമിതിയായിരുന്നു. 1950-ലെ തിരുവിതാംകൂര്‍ കൊച്ചി പഞ്ചായത്ത് ആക്ട് 1951-ലെ സ്വാതന്ത്ര്യ ദിനത്തില്‍ നിലവില്‍ വന്നു. ഇതനുസരിച്ച് പഞ്ചായത്തിന്റെ പത്തു വാര്‍ഡുകളിലേക്ക് ആദ്യത്തെ തിരഞ്ഞെടുപ്പ് 1953 ജൂണ്‍ മാസം 25-ാം തീയതി നടന്നു. 29-07-1953-ല്‍ ഭരണസമിതി ചാര്‍ജ്ജെടുത്തു. വി.കെ.കരുണാകരന്‍ ആദ്യപ്രസിഡന്റായി ഐക്യകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. 2001-ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പോടെയാണ് പുന്നപ്ര പഞ്ചായത്ത് വിഭജിച്ച് പുന്നപ്ര തെക്ക്,പുന്നപ്ര വടക്ക് എന്നിങ്ങനെ രണ്ട് പഞ്ചായത്തുകള്‍ രൂപീകരിക്കുന്നത്.